സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വേനൽമഴയെത്തുന്നു; ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും 10ാം തിയ്യതി ആലപ്പുഴ, കോട്ടയം എറണാംകുളം എന്നീ ജില്ലകളിലും 11ന് ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 12ന് കേരളത്തിലുട നീളം മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ADVERTISEMENT
https://www.aliexpress.com/
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.