അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ ഇതായിരുന്നു രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടുന്നതിനെ മുൻപ് പ്രഖ്യാപിച്ച പിങ്ക് പ്രോമിസ്. ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിങ്ക് നിറത്തിലുള്ള പ്രത്യേക ജഴ്സി അണിഞ്ഞെത്തിയ രാജസ്ഥാൻ മത്സര ശേഷം 78 വീടുകളിലാണ് സോളാർ പവർ എത്തിച്ചത്. രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണത്തോട് ഐക്യപ്പെട്ടാണ് ടീമിന്റെ പിങ്ക് പ്രോമിസ്.മത്സരത്തിൽ രാജസ്ഥാന്റെ പിങ്ക് പ്രോമിസിന് തുടക്കം കുറിച്ചത് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിയും. ബാംഗ്ലൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി. മൊത്തം 13 സിക്സറുകളാണ് മത്സരത്തിൽ പിറന്നത്. ഇങ്ങനെ 78 വീടുകളിലാണ് സോളാർ എത്തിയത്. റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ കീഴിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്.
പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നൽകും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നൽകും. മത്സരത്തിൽ രാജസ്ഥാൻ ജയിച്ചിരുന്നു. രണ്ട് സെഞ്ച്വറികൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ആറ് വിക്കറ്റിനു റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തിയാണ് രാജസ്ഥാൻ റോയൽസ് ജയം തുടർന്നത്. നാല് തുടർ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്.ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കി നിർത്തി 189 റൺസെടുത്ത് വിജയം തൊട്ടു.