തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടും. നാളെ വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക.