◾ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് രൂപീകരിച്ച് 100 വര്‍ഷം തികയുമ്പോള്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് അത് നടപ്പിലാക്കാന്‍ സഹായിക്കുന്നു. ഭരണഘടനക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരായി കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മാറി എന്നും അദ്ദേഹം ആരോപിച്ചു.
◾ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യ ഏറെ ദൂരം മുന്നേറി കഴിഞ്ഞു, ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണ്. കോണ്‍ഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.
◾ സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രകടനപത്രികയില്‍ പൊതു ജനാഭിപ്രായം തേടാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെയോ ഇമെയില്‍ വഴിയോ കോണ്‍ഗ്രസിനെ അറിയിക്കണമെന്നും, വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 108.22 കോടി യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചത്. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തു ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിര്‍ദേശം.
◾ സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടുഡിഗ്രി മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്നും പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളില്‍ തൃശ്ശൂരില്‍ ഉയര്‍ന്ന താപനില 39 ആവും. കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിവരെ ആയേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37 വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ 36 വരെയും ഉയരും.
◾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുകയും ചെയ്യുകയെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്.
◾ ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. റംസാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി 3,200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനു പുറമേ ഇനിയും നാലുമാസത്തെ പെന്‍ഷന്‍ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായ് ഈ മാസം 15ന് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് എത്തും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
◾ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി.
◾ പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടന്നു. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
◾ പാനൂരില്‍ ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്‍കാന്‍ പാടില്ലായിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീര്‍, ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍ എന്നിവരാണ് ഷെറിലിന്റെ വീട്ടിലെത്തിയത്. ഷെറിലിന്റെ സംസ്‌കാര ചടങ്ങില്‍ കെ പി മോഹനന്‍ എംഎല്‍എയും പങ്കെടുത്തിരുന്നു.
◾ പാനൂരില്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സിപിഎം തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്നും, പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പാനൂര്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അമല്‍ എന്നയാളാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നയിക്കുന്നതെന്ന്, മാര്‍ച്ചിന്റെ വീഡിയോ സഹിതം പങ്കുവച്ചു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. സിപിഎമ്മിന് പങ്കില്ലെന്ന പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെയാണ് പ്രകാശ്ബാബുവിന്റെ കുറിപ്പ്.
◾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും, അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ശബരിമല ക്ഷേത്ര നട ഏപ്രില്‍ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
◾ തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധരന്‍ ജയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
◾ ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമപരമായി നീങ്ങുമെന്നും കൂടുതല്‍ നടപടികള്‍ വരുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനിത പറഞ്ഞു..
◾ ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തെങ്കിലും തെളിവുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് കാണിച്ച് യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
◾ യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ ആണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നും ജോസ് കെ മാണി. ജില്ലയിലെ പാര്‍ട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്നും അതൊരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
◾ കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാതെ സജിമഞ്ഞക്കടമ്പില്‍. ഇതേസമയം കോട്ടയം ജില്ലാ യു.ഡി.എഫിന്റെ താത്കാലിക ചെയര്‍മാനായി ഇ.ജെ. ആഗസ്തിയെ തിരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആഗസ്തിയുടെ പേര് നിര്‍ദ്ദേശിച്ചു. സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതിനേത്തുടര്‍ന്നാണ് പുതിയ യു.ഡി.എഫ് ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്.
◾ സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇ.ഡിയും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
◾ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇത് ദുരൂഹമാണെന്നും തിരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നു അനില്‍ അക്കര വ്യക്തമാക്കി.
◾ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. 47 കോടിയുടെ തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾ ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ മൂന്ന് മരണം. പുറക്കാട് സ്വദേശി സുദേവ്, ഭാര്യ വിനീത, മകന്‍ ആദി ദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പുറക്കാട് ജംഗ്ഷന് സമീപം അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതോടെയാണ് വിനീതയുടെ മരണം സംഭവിച്ചത്.
◾ വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ് മരിച്ചത്. മക്കളായ നിഖ, നിവേദ എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് ചിക്മഗളൂരു സ്വദേശി സുരേഷ് കീഴടങ്ങി. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കാട്ടില്‍ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും കീഴടങ്ങാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ നേതൃസ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകണമെന്നു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ 10 വര്‍ഷമായി ചെയ്യുന്ന പ്രവൃത്തിയില്‍ വിജയം ഉണ്ടാകുന്നില്ലെങ്കില്‍ ഇടവേളയെടുക്കാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃസ്ഥാനത്ത് നിന്ന് മാറാത്ത പക്ഷം ജനാധിപത്യവിരുദ്ധമാണ് രാഹുലിന്റെ നിലപാടെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസ് പത്രികക്കെതിരെ വിമര്‍ശനമുന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും. വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ശര്‍മ്മ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചാട്ടക്കാരന് മതേതരത്വമെന്തെന്നറിയില്ലെന്ന് ശര്‍മ്മക്ക് കോണ്‍ഗ്രസ് മറുപടി നല്‍കി.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിയുമായി ഉപമിച്ച് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷര്‍ രാഹുല്‍ ഗാന്ധി ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുപോകുന്നതിന് താരതമ്യപെടുത്തിയുള്ള കേന്ദ്ര മന്ത്രിയുടെ പരിഹാസം. അഴിമതിയുമായി കോണ്‍ഗ്രസിന് അഭേദ്യമായ ബന്ധമുണ്ടെന്നും, മിക്ക കോണ്‍ഗ്രസ് സര്‍ക്കാരുകളും അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾ 2024-ല്‍ മോദി വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. മൂന്നാമത്തെ തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറപ്പാക്കണമെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കണമെന്നും തമിഴ്നാട്ടിലെ അരിയലൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ നഡ്ഡ പറഞ്ഞു.
◾ രണ്ട് കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരന്റി തട്ടിപ്പ് മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും, രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും 21 ഐഐഎമ്മുകളിലെ 20 ശതമാനംപേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയതെന്നും, തൊഴിലില്ലായ്മ 2014 നെക്കാള്‍ മൂന്നിരട്ടി കൂടിയിരിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു.
◾ ആരോഗ്യകാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു ബിജെപി അധ്യക്ഷന്‍ ജെ. പി. നദ്ദക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പിന്മാറ്റമെന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണാമെന്നും ഖുശ്ബു കത്തില്‍ പറയുന്നു.
◾ ബിജെപിയുടെ അപകീര്‍ത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതില്‍ ആശങ്കയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.
◾ പശ്ചിമബംഗാളില്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയില്‍ കേസെടുത്ത് മമതാ സര്‍ക്കാര്‍. 2022 ലെ സ്ഫോടനക്കേസില്‍ ടിഎംസി നേതാക്കള്‍ക്കെതിരെ എന്‍ഐഎ നടപടി തുടരുന്നതിനിടെയാണ് തൃണമൂല്‍ പ്രാദേശിക നേതാവിന്റെ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തത്.
◾ വാര്‍ത്ത സമ്മേളനത്തിനിടെ ജീവനുള്ള ഞണ്ടിനെ ഉപയോഗിച്ചതിന് മഹാരാഷ്ട്ര എംഎല്‍എ രോഹിത് പവാറിനെതിരെ നടപടിയെടുക്കണമെന്ന് മൃഗ സംരക്ഷണ സംഘടനയായ പെറ്റ. ഞണ്ടിനെ എത്രയും പെട്ടെന്ന് കണ്ടുകെട്ടണമെന്നും ആവശ്യമെങ്കില്‍ ചികിത്സ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ആറായിരം കോടി രൂപയുടെ ആംബുലന്‍സ് അഴിമതി ആരോപണം ഉന്നയിക്കുന്നതിനാണ് എംഎല്‍എ ജീവനുള്ള ഞണ്ടിനെ നൂലില്‍ കെട്ടി ഉപയോഗിച്ചത്. എംഎല്‍എയുടെ നടപടി മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമാവുന്ന ആരോപണം.
◾ പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടും . മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് എതിരാളി.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. 49 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 45 റണ്‍സെടുത്ത ടിം ഡേവിഡിന്റേയും 42 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും അവസാന ഓവറിലെടുത്ത 32 റണ്‍സടക്കം 10 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായുടേയും 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സിന്റേയും കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 18.5 ഓവറില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റെടുത്ത പേസര്‍ യാഷ് താക്കൂറിനും മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും മുന്നില്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു.
◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34 ശതമാനം സംയോജിത വരുമാന വളര്‍ച്ച നേടി. കഴിഞ്ഞവര്‍ഷത്തെ മൊത്തം വരുമാന വളര്‍ച്ച 2022-23നേക്കാള്‍ 31 ശതമാനവും ഉയര്‍ന്നെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കി. കഴിഞ്ഞപാദത്തില്‍ ഇന്ത്യയിലെ വരുമാനം 38 ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാന വളര്‍ച്ച 36 ശതമാനമാണ്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 10 പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജുവലേഴ്‌സ് തുറന്നു. ഇതില്‍ ഒമ്പതും 'ഫോകോ' ഷോറൂമുകളാണ്. ഷോറൂമിന്റെ മൂലധനം, സ്റ്റോക്ക് എന്നിവ ഫ്രാഞ്ചൈസികളും നടത്തിപ്പ് കല്യാണും നിര്‍വഹിക്കുന്ന ബിസിനസ് മോഡലാണ് ഫോകോ. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാനം കഴിഞ്ഞപാദത്തില്‍ 14 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകെ 11 ശതമാനവും വളര്‍ച്ചയുണ്ടെന്ന് കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കി. കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനം കഴിഞ്ഞപാദത്തില്‍ 12 ശതമാനം ഉയര്‍ന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷത്തെ മൊത്തം പ്രകടനം വിലയിരുത്തുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനം കുറവുണ്ട്. നിക്ഷേപകര്‍ക്ക് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ തുടര്‍ച്ചയായി മികച്ച നേട്ടമാണ് നല്‍കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
◾ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം 'തങ്കലാനി'ല്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗംഗമ്മയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശക്തി, കൃപ, പ്രതിരോധം എന്നിങ്ങനെയാണ് ഗംഗമ്മയെ കുറിച്ച് എഴുതിയിരിക്കുന്നത്. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലന്‍' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ജൂണ്‍-ജൂലായ് മാസം റിലീസ് ചെയ്യുമെന്നാണ് സൂചന.
◾ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ജൂണില്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. 'സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രവി വര്‍മ്മന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
◾ ഇന്ത്യന്‍ വിപണിയില്‍ 450 സിസി ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 പരീക്ഷിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ന്റെ അതേ ചേസിസ് തന്നെയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450-നും. ഇതിനര്‍ത്ഥം മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രോണിക്‌സും എഞ്ചിനും ഉള്‍പ്പെടെയുള്ള പല വശങ്ങളും പുതിയ ഹിമാലയന്‍ പോലെ തന്നെയായിരിക്കും എന്നാണ്. 2024 അവസാനത്തോടെ ഇതിന്റെ ലോഞ്ച് പ്രതീക്ഷിക്കാം. ഹണ്ടര്‍ 350 പോലെ തന്നെ ഒരു നിയോ-റെട്രോ സ്റ്റൈലിംഗ് ഹണ്ടര്‍ 450 വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന് ഏകദേശം 2.50 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. ഹിമാലയന്‍ 450-ന് ലഭിക്കുന്ന അതേ എഞ്ചിന്‍ തന്നെയായിരിക്കും ഹണ്ടര്‍ 450ന്റെയും. പരിചിതമായ 451.65സിസി എഞ്ചിന്‍ 8000ആര്‍പിഎമ്മില്‍ 40എച്പി ഉം 5500ആര്‍പിഎമ്മില്‍ 40എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും. ചക്രത്തിന്റെയും ടയറിന്റെയും അളവുകള്‍ ഹിമാലയത്തേക്കാള്‍ ചെറുതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ജീവിതക്കാഴ്ചകളെ സരളഭാഷയില്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. സ്‌നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങള്‍, ചേക്കേറുന്ന പക്ഷികള്‍, ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭര്‍ത്താവ്, വിടവാങ്ങുന്ന ദുബായ്ക്കാരന്‍ എന്നീ 13 കഥകളുടെ സമാഹാരം. 'ചേക്കേറുന്ന പക്ഷികള്‍'. മാധവിക്കുട്ടി. ഡിസി ബുക്സ്. വില 114 രൂപ.
◾ ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പുകവലി, വ്യായാമക്കുറവ് എന്നിവയ്ക്ക് പുറമെ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഹൃദ്രോഗങ്ങളെ വിളിച്ചു വരുത്താം. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവു അഞ്ച് ഗ്രാമില്‍ കുറവായിരിക്കണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവുകൂടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വാസ്‌കുലര്‍ ഡിമന്‍ഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം. ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് ഉപ്പിന്റെ കുറവുകൊണ്ടുള്ള രുചിയില്ലായ്മ ഇല്ലാതാക്കാന്‍ സഹായിക്കും. ഡയറ്റില്‍ സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട തുടങ്ങിയവ നല്ലതാണ്. പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉപ്പിന്റെ അളവു കൂടുതലായിരിക്കും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പൊട്ടാസ്യം അടങ്ങിയ ഡയറ്റ് ശീലമാക്കുന്നതും നല്ലതാണ്. സോഡിയം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും. വാഴപ്പഴം, ഉരുളക്കിഴങ്ങ്, ചീര, തണ്ണിമത്തന്‍ തുടങ്ങിയവയില്‍ പൊട്ടാസ്യം ധാരാളമുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ജീവിതത്തില്‍ സന്തോഷമില്ല എന്ന പരാതിയുമായി അയാള്‍ തന്റെ ഗുരുവിന്റെ അരികിലെത്തി. ഗുരു അയാള്‍ക്ക് മൂന്ന് പന്ത് നല്‍കി. ഒന്ന് മണ്ണ്‌കൊണ്ടും, മറ്റൊന്ന് ചില്ലുകൊണ്ടും പിന്നെ റബ്ബറുകൊണ്ടും. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ ഈ പന്തുകള്‍ കൊണ്ട് അമ്മാനമാടണം. ഒരു പന്ത് എപ്പോഴും വായുവില്‍ ഉണ്ടാകണം. ഗ്ലാസ്സ് പന്തും റബ്ബര്‍ പന്തും കയ്യിലും മണ്‍പന്ത് വായുവിലുമുള്ളപ്പോള്‍ അയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. മണ്‍പന്ത് താഴെ വീഴും എന്ന് ഉറപ്പായപ്പോള്‍ അയാള്‍ റബ്ബര്‍ പന്ത് താഴെയിട്ട് മണ്‍പന്തിനെ പിടിച്ചു. ഗുരു ചോദിച്ചു: താങ്കളെന്തിനാണ് റബ്ബര്‍ പന്ത് താഴെയിട്ട് മണ്‍പന്ത് പിടിച്ചത്? അയാള്‍ പറഞ്ഞു: രണ്ടുപന്തുമാത്രമേ കയ്യില്‍ നില്‍ക്കൂ എന്ന് മനസ്സിലായപ്പോള്‍ താഴെവീണാലും പൊട്ടാത്ത റബ്ബര്‍ പന്തിനെ ഞാന്‍ കൈവിട്ടു. ഗുരു പറഞ്ഞു: ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഉത്തരമായി. മണ്‍പന്ത് കുടുംബവും, ചില്ലുപന്ത് തൊഴിലും റബ്ബര്‍പന്ത് ആഡംബരവുമാണ്. റബ്ബര്‍ പന്തിന് മൂന്നാം സ്ഥാനം നല്‍കുക പലതരം സാധ്യതകളുടെ ഇടയിലൂടെയാണ് നാം നടന്നുനീങ്ങുന്നത്. എന്തിനെ സ്വീകരിക്കുന്നു. എന്തിനെ തിരസ്‌കരിക്കുന്ന എന്നതാണ് സഞ്ചരിക്കുന്ന ദൂരത്തിന്റെയും എത്തിച്ചേരുന്ന സ്ഥലത്തിന്റെയും ഗുണനിലവാരം തീരുമാനിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പും ഒരേസമയം സ്വീകരണവുമാണ് നിരാകരണവുമാണ്. പലതില്‍ നിന്നും ഒന്നിനെ എടുക്കുന്നത് പോലെയല്ല, ഇഷ്ടമുള്ള പലതില്‍ നിന്നും ഒന്നിനെ സ്വീകരിക്കുന്നത്. സമചിത്തത കൈവെടിയാതെ, നമുക്ക് തിരഞ്ഞെടുക്കാന്‍ പഠിക്കാം -
*ശുഭദിനം.*