_*പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 6 | ശനി |

◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും ചോദ്യംചെയ്തു. ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. തൃശ്ശൂര്‍ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടില്‍നിന്ന് എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നും അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്. കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ രാവിലെ പത്തുമണിയോടെയെത്തിയ തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. ഷാജനെ ഏഴുമണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇ.ഡി. വിട്ടയച്ചു. എന്നാല്‍, എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ നീണ്ടുപോയി. ഇതിനിടെ പൊതുമേഖലാ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു.

◾ ഹിറ്റ്‌ലര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഗീബല്‍സിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീര്‍. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നും ചോര നക്കിക്കുടിക്കാന്‍ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നതെന്നും മുനീര്‍ പറഞ്ഞു. മണിപ്പൂരില്‍ പോയി അവരുടെ കണ്ണീരൊപ്പി ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിയെ മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാന്‍ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീര്‍ കൂട്ടിച്ചേര്‍ത്തു.

◾ ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നീ കമ്പനികള്‍ കൂടാതെ കിറ്റെക്സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.

◾ വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

◾ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമാണ്. ബോംബുകള്‍ നിര്‍മ്മിച്ച് ആളെ കൊല്ലാന്‍ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

◾ കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണെന്ന് വടകര എംഎല്‍എയായ കെ.കെ രമ. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്നും, ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്നും രമ ആരോപിച്ചു. കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ കെ രമ.

◾ പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഒരു തെരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നതെന്നും എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഷാഫി. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്നും ആരെയാണ് ലക്ഷ്യം വെച്ചതെന്ന് സി പി എം വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍.

◾ പാനൂരില്‍ സ്ഫോടനമുണ്ടായ ബോംബ് നിര്‍മാണ സംഘവുമായി പാര്‍ട്ടിക്കും തനിക്കും ബന്ധമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രത്തെകുറിച്ച് , പല പരിപാടികള്‍ക്ക് പോകുമ്പോള്‍ പലരും ഫോട്ടോ എടുക്കാറുണ്ടെന്നാണ് ശൈലജ പ്രതികരിച്ചത്.

◾ സൈനിക സ്‌കൂളുകളുടെ രാഷ്ട്രീയവത്കരണത്തില്‍ ആശങ്ക അറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തില്‍ നീതി ഉറപ്പാക്കുന്നതിനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്നും രാഷ്ട്രീയ ബന്ധമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല നല്‍കുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും എന്നും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. പുതുതായി അനുവദിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകള്‍ക്കും ബിജെപി-സഖ്യകക്ഷി നേതാക്കള്‍ക്കുമാണെന്ന വാര്‍ത്തകളുടെ പശ്ചാതലത്തിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.

◾ മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. ഇ .ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഉപഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി ഇഡിയോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

◾ ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ് ഇ ഡിയെന്നും മുന്‍ ധനമന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്ക്. മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ഐസകിന്റെ പ്രതികരണം. ഇ ഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇ ഡി യോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്.

◾ 643 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണിന്റെ വിറ്റുവരവെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് റെക്കോര്‍ഡിന് പിന്നില്‍. നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി രാജീവ് അറിയിച്ചു.

◾ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികളായ തോമസ് ഐസക്കിന്റേയും ആന്റോ ആന്റണിയുടെയും പത്രികകള്‍ അംഗീകരിച്ചുവെങ്കിലും സത്യവാങ്മൂലത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. അതോടൊപ്പം ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.

◾ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രചാരണത്തിനായി വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചു, റോഡ് ഷോ നടത്തി, പടക്കം പൊട്ടിച്ചു, മൃഗത്തെ പ്രദര്‍ശിപ്പിച്ചു, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

◾ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാന്‍. സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം ജീവനക്കാര്‍ സ്വീകരിക്കണം, യാത്രക്കാരാണ് യജമാനന്‍മാര്‍ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍ .

◾ സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

◾ തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.

◾ കാണാതായ യുവതിയേയും പുരുഷനേയും തൃശ്ശൂര്‍ മണിയന്‍ കിണര്‍ വനമേഖലയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.

◾ മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമയും മുങ്ങിപോയ പേരകുട്ടികളില്‍ ഒരാളും മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമയുമാണ് മരിച്ചത്.  

◾ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസം രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ അശോക്ദാസിനെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.

◾ യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നാഗ്പുര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഷോമാസെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണില്‍ അറസ്റ്റിലായ ഷോമാസെന്‍ അന്ന് മുതല്‍ തടവിലാണ്. വിവിധ രോഗങ്ങള്‍ കാരണമുള്ള അവശതകള്‍ അനുഭവിക്കുന്ന ഷോമാസെന്നിന് വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

◾ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ സായ് പ്രസാദ് എന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.

◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 5 വിക്കറ്റിന് 165 ലൊതുക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 12 ബോളില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 31 റണ്‍സെടുത്ത ട്രാവിസ് ഹെഡും 50 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും സണ്‍റൈസേഴ്സിന് വിജയത്തിലേക്ക് നയിച്ചു.

◾ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പുമായി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ആപ്പ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. യാതൊരുവിധ ഇടപെടലും ഇല്ലാതെ തന്നെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ യഥേഷ്ടം വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ്. ഇടനിലക്കാരുടെ സഹായമില്ലാതെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് 2020ലാണ് റീട്ടെയില്‍ ഡയറക്ട് പദ്ധതി റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി പോര്‍ട്ടലിന് രൂപം നല്‍കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മൊബൈല്‍ ആപ്പ് കൂടി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന് രൂപം നല്‍കിയത്. മറ്റു നിക്ഷേപ ആപ്പുകള്‍ പോലെ വേഗത്തില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന വിധമാണ് ഇതില്‍ ക്രമീകരണം. കൂടാതെ പോര്‍ട്ട്‌ഫോളിയോ ട്രാക്ക് ചെയ്യാനും വിപണി വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയുന്ന വിധമാണ് സംവിധാനം.നിലവില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. റീട്ടെയില്‍ ഡയറക്ട് പദ്ധതി അനുസരിച്ച് റിസര്‍വ് ബാങ്കില്‍ റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് ഇടപാട് നടത്തേണ്ടത്.

◾ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ലിറ്റില്‍ ഹാര്‍ട്സ് ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന്‍ ബാബുരാജും രമ്യ സുവിയും ചേര്‍ന്നുള്ള പ്രണയഗാനമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവരുന്നത്. ബാബുരാജിന്റെ സിനിമ കരിയറില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രണയഗാനം. നാം ചേര്‍ന്ന വഴികളില്‍... എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍. പാടിയത് വിജയ് യേശുദാസ്, ജൂഡിത്ത് ആന്‍. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്സില്‍നായക കഥാപാത്രമായ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവഹമായ രീതിയില്‍ ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, അനു മോഹന്‍, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലിറ്റില്‍ ഹാര്‍ട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍.

◾ ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'നടികര്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഭാവനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറിലൂടെ ലഭിക്കുന്ന സൂചന. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, നിഷാന്ത് സാഗര്‍, ചന്ദു സലിംകുമാര്‍, ദിവ്യ പിള്ള, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്.

◾ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ രണ്‍ബീര്‍ കപൂര്‍ തികഞ്ഞൊരു വാഹന പ്രേമിയാണ്. റേഞ്ച് റോവറുകള്‍ ഉള്‍പ്പെടയുള്ള നിരവധി ആഡംബര കാറുകള്‍ രണ്‍ബീറിന്റെ ഗാരിജിലുണ്ട്. അക്കൂട്ടത്തിലേക്കു പുതിയൊരെണ്ണം കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ആറു കോടി രൂപ വരുന്ന ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി ആണ് രണ്‍ബീര്‍ ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത്. മുംബൈ നിരത്തിലൂടെ പുതുവാഹനം ഡ്രൈവ് ചെയ്തു പോകുന്ന രണ്‍ബീറിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെര്‍ഫോമന്‍സിലും സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന രണ്ടു ഡോര്‍ മാത്രമുള്ള വാഹനമാണ് ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി ലക്ഷ്വറി കൂപ്പെ. ഈ ജിടി വി 8 വേര്‍ഷനു വിപണിയില്‍ വില വരുന്നത് 5.22 കോടി രൂപയാണ്. കസ്റ്റമൈസഷന്‍ ഓപ്ഷനുകള്‍ ഉള്ള ഈ വാഹനം താല്‍പര്യമനുസരിച്ചു കസ്റ്റമൈസ് ചെയ്യുമ്പോള്‍ വിലയിലും വര്‍ധനവുണ്ടാകും. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എന്‍ജിനുള്ള വാഹനം 542 ബി എച്ച് പി കരുത്തും 770 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണ്. 4.0 ലീറ്റര്‍ വി8 എന്‍ജിന്‍ കൂടാതെ 6.0 ലീറ്റര്‍ ഡബ്ള്യു 12 എന്‍ജിന്‍ ഓപ്ഷനും കോണ്ടിനെന്റല്‍ ജിടിയിലുണ്ട്. ഈ വേര്‍ഷനു ജിടി സ്പീഡ് എന്നാണ് പേര്. ഈ ഡബ്ള്യു 12 എന്‍ജിനു 650 പി എസ് കരുത്തും 900 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

◾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം. 'വൈക്കം സത്യഗ്രഹ ചരിത്രം'. എം.ജയരാജ്. മാതൃഭൂമി. വില 212 രൂപ.

◾ ശാന്തമായി ഉറങ്ങുന്നതിനിടയിലുള്ള അപ്രതീക്ഷിത മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറക്കത്തില്‍ മരണപ്പെടുന്നതെന്നറിയാമോ? കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തില്‍ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാഹ്യമായ പല കാരണങ്ങള്‍ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, സമീപകാലങ്ങളിലായി ചെറുപ്പക്കാര്‍ക്കിടയിലും ഹൃദ്രോഗം സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, കൂര്‍ക്കംവലി എന്നിവയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പുകവലി, അമിതമദ്യപാനം, തെറ്റായ ഭക്ഷണരീതികള്‍ എന്നിവയും ഹൃദയത്തിന് ഹാനികരമാണ്. പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വളരെ വൈകിയാണ് പുറത്തറിയുന്നത്. അതിനാല്‍ ചികിത്സയും അതിനനുസരിച്ച് വൈകുന്നു. ചിലപ്പോള്‍ ലക്ഷണങ്ങളൊന്നുമില്ലാത്ത സൈലന്റ് അറ്റാക്ക് ആയും ഹൃദയസ്തംഭനമുണ്ടാകാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ആട്ടിന്‍ പറ്റം മേയുന്നുണ്ടായിരുന്നു. അപ്പോഴാണ് അതുവഴി ഒരു പന്നി കടന്നുവന്നത്. ഇടയന്‍ ആ പന്നിയെ പിടിച്ചു കൈകാലുകള്‍ കെട്ടി തോളത്ത് വെച്ച് വീട്ടിലേക്ക് നടന്നു. പന്നി കുറെ കുതറി നോക്കി, ഉറക്കെ അലറി വിളിച്ചു. അപ്പോള്‍ ആട്ടിന്‍പറ്റം പന്നിയോട് ചോദിച്ചു: എന്തിനാണ് ഇങ്ങനെ അലറിവിളിക്കന്നത്. കുറെച്ചെങ്കിലും മര്യാദ കാണിച്ചുകൂടെ. ഞങ്ങളേയും ഇങ്ങനെ യജമാനന്‍ കൊണ്ടുപോകാറുള്ളതാണ്. അപ്പോള്‍ പന്നി പറഞ്ഞു: നിങ്ങളെ ഇങ്ങനെ കൊണ്ടുപോകുന്നത് നിങ്ങളുടെ രോമം എടുക്കാനാണ്. എന്നെ കൊണ്ടുപോകുന്നത് കൊന്ന് മാംസമെടുക്കാനാണ്. ജീവന് വേണ്ടി ഞാന്‍ ഇത്രയെങ്കിലും പ്രതികരിക്കേണ്ടേ? കാര്യമറിയാതെ പ്രസംഗിക്കുന്നവര്‍ ഇങ്ങനെയാണ്, തങ്ങള്‍ കടന്നുപോയിട്ടുള്ള പരിമിതമായ അനുഭവങ്ങളുടെ വേലിക്കെട്ടിനുള്ളില്‍ നിന്ന് എന്തിനേയും വ്യാഖ്യാനിക്കും. അപരന്റെ തീവ്രവേദനകളെ നിസ്സാരവത്കരിക്കുകയും പരിഹസിക്കുകയും ചെയ്യും. നിസ്സഹായതയില്‍ അകപ്പെടുന്നവനെ കണ്ടില്ലെന്ന് നടിക്കുന്നതിലും വലിയ തെറ്റാണ് അവന്റെ ദയനീയതയെ അവഹേളിക്കുന്നത്. സഹാനുഭൂതിയുള്ളവര്‍ക്ക് മാത്രമേ രക്ഷകരാകാന്‍ കഴിയൂ.. എല്ലാവര്‍ക്കും അവരവരുടെ ദൗര്‍ലബല്യങ്ങളോടൊപ്പം പ്രതീക്ഷയോടെ ജീവിക്കാന്‍ കഴിയണം. രക്ഷയേകുന്ന സഹാനുഭൂതിയുടെ ഉടമകളാകാന്‍ നമുക്ക് സാധിക്കട്ടെ -
*ശുഭദിനം.*