◾ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു.
◾ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുതെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
◾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കട്ടേയെന്നും കെജ്രിവാള്‍ ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു.
◾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. സിപിഎം തൃശ്ശൂര്‍ ജില്ലാസെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവര്‍ ഇഡി ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം.
◾ യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണെന്നും, കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പതാക വിവാദത്തില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ട. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാന്‍ പറ്റാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാന്‍ ആകു. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
◾ കൊടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം തിരിച്ചടിച്ചു.
◾ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന്‍ ജയപ്രകാശ് ഹൈക്കോടതിയില്‍. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.
◾ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് . മോന്‍സന്‍ മാവുങ്കല്‍ പരാതിക്കാരില്‍ നിന്ന് തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.
◾ എലത്തൂരില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. യുവാവും പെണ്‍കുട്ടിയും വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് സൂചന. രേഖകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
◾ റിയാസ് മൗലവി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണ്. ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പ്രതികളെ വെറുതെ വിട്ടു. വിചാരണ കോടതി വിധി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ശാസ്ത്രീയ തെളിവുകള്‍ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.
◾ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പരിശോധനകളില്‍ 33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
◾ സിപിഎം ലോക്സഭാ പ്രകടനപത്രിക പുറത്തിറക്കി. ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.. കേന്ദ്ര നികുതിയില്‍ 50% സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ അതത് മുഖ്യമന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
◾ സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ഇന്ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും.
◾ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് നഴ്സിങ് ഓഫീസര്‍ പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഉപവാസം നാലാം ദിവസം പിന്നിട്ടു. ഡിഎംഇ ഉത്തരവിറക്കാതെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മെഡിക്കല്‍ കോളേജ്. കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ആശുപത്രി തീരുമാനം മാറ്റുന്നത് വരെ ഉപവാസം തുടരുമെന്ന് അനിത അറിയിച്ചു.
◾ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ദില്ലി പൊലീസില്‍ പരാതി നല്‍കി. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തെന്നാണ് പരാതി.
◾ റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും ഇവരെ കടത്തിയ ഏജന്റുമാര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ റഷ്യയിലെ അംബാസിഡര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
◾ പ്രഥമ ഇന്നസെന്റ് പുരസ്‌കാരം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്. കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മന്ത്രി ആര്‍.ബിന്ദു പുരസ്‌കാരം കൈമാറി.
◾ തൃശ്ശൂര്‍ അത്താണി പെരിങ്ങണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ അതിവേഗം കാറില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുന്നംകുളം സ്വദേശി കോലഴിപറമ്പില്‍ വീട്ടില്‍ അഖില്‍ (34) ഓടിച്ചിരുന്ന കാറില്‍ നിന്നും പെരിങ്ങണ്ടൂരില്‍ എത്തിയതോടെ തീ ഉയരുകയായിരുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. കുട്ടികള്‍ റോഡരികില്‍ നില്‍ക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റം ആകുമെന്ന് ചോദിച്ച കോടതി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ പരാതി നല്‍കുകയോ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മര്‍ദത്തിന് വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.
◾ 20 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരനായ സാത്വികിനെ രക്ഷപ്പെടുത്തി. വിജയപുരയിലെ ലച്ച്യാന്‍ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ ബൂധനാഴ്ച വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം.
◾ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ സന്ദേശ്ഖാലി അക്രമത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ കേസുകളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
◾ അമേഠിയില്‍ റോബര്‍ട്ട് വദ്ര മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താന്‍ പാര്‍ലമെന്റ് അംഗമാകാന്‍ തീരുമാനിച്ചാല്‍ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട്ട് വദ്ര പറഞ്ഞു. വര്‍ഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങള്‍ക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവര്‍ത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാര്‍ലമെന്റ് അംഗത്തില്‍ ജനങ്ങള്‍ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.
◾ കളിക്കുന്നതിനിടെ കണ്ടെത്തിയ കുഴിബോംബ് പൊട്ടിത്തെറിച്ച് അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെരോയിലാണ് സംഭവം. പത്ത് വര്‍ഷത്തോളം പഴക്കമുള്ള കുഴിബോംബാണ് കുട്ടികള്‍ കണ്ടെത്തിയതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കിയത്.
◾ ഐപിഎല്‍ 2024 ലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 48 പന്തില്‍ 89 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ 200 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആവേശ ജയം എത്തിപ്പിടിക്കുകയായിരുന്നു. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61 റണ്‍സുമായി നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ വിജയശില്‍പി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലെയര്‍ അഷുതോഷ് ശര്‍മ്മ 17 പന്തില്‍ 31 നേടിയതും വിജയത്തില്‍ നിര്‍ണായകമായി.
◾ ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപം മുന്‍ വര്‍ഷത്തെ 2.02 ലക്ഷം കോടി രൂപയില്‍ നിന്ന് 18.8 ശതമാനം മുന്നേറി മാര്‍ച്ച് 31ന് 2.40 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്റര്‍ബാങ്ക് ഡെപ്പോസിറ്റുകളും സെര്‍ട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റുകളും ഒഴികെയുള്ളതാണ് ഉപഭോക്തൃ നിക്ഷേപങ്ങള്‍. മൊത്തം നിക്ഷേപം 2.13 ലക്ഷം കോടി രൂപയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയുമായി. 18.4 ശതമാനമാണ് വളര്‍ച്ച. മൊത്തം വായ്പകള്‍ 1.77 ലക്ഷം കോടി രൂപയില്‍ നിന്ന് 19.9 ശതമാനം വര്‍ധിച്ച് 2.12 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 4.65 ലക്ഷം കോടി രൂപയായി. ഫെഡറല്‍ ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ 25 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 15 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. കാസ നിക്ഷേപങ്ങള്‍ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപവും വര്‍ധന രേഖപ്പെടുത്തി. 69,741 കോടി രൂപയില്‍ നിന്ന് 6.5 ശതമാനം വര്‍ധനയോടെ 74,249 രൂപയിലെത്തി. ബാങ്കുകളുടെ ഏറ്റവും ചെലവു കുറഞ്ഞ പണസമാഹരണ മാര്‍ഗങ്ങളിലൊന്നാണ് കാസ നിക്ഷേപങ്ങള്‍. ഇത് മെച്ചപ്പെടുന്നത് ബാങ്കിന്റെ ലാഭക്ഷമത ഉയര്‍ത്തും. ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നായ കാസ അനുപാതം 32.68 ശതമാനത്തില്‍ നിന്ന് 29.40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
◾ മലയാള സിനിമയില്‍ ഇനി വരാനിരിക്കുന്നത് ഒരുപിടി വമ്പന്‍ ചിത്രങ്ങളാണ്. അക്കൂട്ടത്തിലെ പ്രധാന സിനിമയാണ് 'കത്തനാര്‍'. എന്നും വ്യത്യസ്തകള്‍ക്ക് പുറകെ പോകുന്ന ജയസൂര്യ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമയാകും ഇതെന്ന് ഏവരും വിധിയഴുതുന്ന സിനിമയിലെ പുത്തന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്ന നടന്‍ പ്രഭുദേവയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ പിറന്നാള്‍ ആയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സൈനികനോ, രാജാവോ, യോദ്ധാവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രഭുദേവ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ശക്തമായൊരു കഥാപാത്രമാകും ഇതെന്ന് പോസ്റ്റര്‍ ഉറപ്പിക്കുന്നുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ ഉറുമി എന്ന ചിത്രത്തിന് ശേഷം പ്രഭുദേവ അവതരിപ്പിക്കുന്ന ശക്തമായ വേഷം ആകും കത്തനാരിലേത്. റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് കത്തനാര്‍. രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് സിനിമ എന്ന ലേബലില്‍ എത്തുന്ന ചിത്രത്തിന്റെ ബജറ്റ് 75കോടിയോളം ആണെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തനാരായി ജയസൂര്യ അഭിനയിക്കുമ്പോള്‍ നായിക വേഷത്തില്‍ എത്തുന്നത് അനുഷ്‌ക ഷെട്ടിയാണ്.
◾ വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ചിത്രമാണ് ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗില്ലി'. പ്രകാശ് രാജ്, തൃഷ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. ഇപ്പോഴിതാ ' ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് വിജയ് ആരാധകര്‍. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോള്‍ റീ റീലീസ് നടത്തുന്നത്. 4കെ ക്വാളിറ്റിയില്‍ റീമാസ്റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. റീ റിലീസ് പ്രമാണിച്ച് ചിത്രത്തിന്റെ പ്രത്യേക ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
◾ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ്, പള്‍സര്‍ ശ്രേണിയില്‍ ഈ മാസം 10ന് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കും. പള്‍സര്‍ എന്‍250ന്റെ പരിഷ്‌കരിച്ച 2024 പതിപ്പ് ആണ് പുതുതായി വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. ഇതിന് പുറമേ പള്‍സര്‍ ശ്രേണിയില്‍ തന്നെ വരും മാസങ്ങളില്‍ മറ്റൊരു മോഡല്‍ കൂടി പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്. നിലവിലെ എന്‍250ന്റെ സ്റ്റൈലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും പുതിയ മോഡല്‍ അവതരിപ്പിക്കുക എന്നാണ് സൂചന. ചെന്നായ കണ്ണുള്ള മുഖത്തിന് സമാനമായ രൂപമായിരിക്കും ബൈക്കിന്റെ മുന്‍വശം നോക്കിയാല്‍ തോന്നുക. പകല്‍ സമയത്തും കത്തുന്ന ഇരട്ട എല്‍ഇഡി വശങ്ങളില്‍ ക്രമീകരിച്ച് ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ് ഫീച്ചറോട് കൂടിയായിരിക്കാം ബൈക്ക് അവതരിപ്പിക്കുക. പള്‍സര്‍ എന്‍ 150, പള്‍സര്‍ എന്‍ 160 എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ അടക്കം നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്. മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായിരിക്കും. സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ബജാജ് നോക്കുന്നത്. സ്വിച്ചബിള്‍ റിയര്‍ എബിഎസോടു കൂടിയ ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് മറ്റൊരു ഫീച്ചര്‍. ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ പെറ്റല്‍ ടൈപ്പ് ഡിസ്‌ക് ബ്രേക്ക് ആണ് ഇതില്‍ ക്രമീകരിക്കുക. 249 സിസി എയര്‍/ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറോട് കൂടി വരുന്ന ബൈക്ക് 24.1 ബിഎച്ച്പിയും 21.5 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് ബൈക്ക് വിപണിയില്‍ എത്തുക.
◾ ഒരു കഥയെ അമ്മട്ടില്‍ ദൃശ്യഭാഷയിലേക്ക് പകര്‍ത്തി വയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്ക്കുമ്പോഴാണ് അത് സര്‍ഗ്ഗാത്മകമായി എന്ന് പറയുവാനാവുക. അതില്‍ വിളക്കിച്ചേര്‍ക്കലുകളും വെട്ടിക്കളയലുകളുമുണ്ട്. ആടുജീവിതം എന്ന നോവലില്‍ നിന്ന് ആടുജീവിതം എന്ന തിരക്കഥ ഇങ്ങനെയാണ് വേറിട്ടതാവുന്നത്. ഒരു കഥയെ ഉജ്ജ്വലമായ തിരക്കഥയായി മാറ്റുന്നത് എങ്ങനെയെന്നതിന്റെ പാഠമായി ഇത് മാറുന്നു. കഥ എന്ന പ്രാഥമിക രൂപത്തിനും സിനിമ എന്ന അന്തിമരൂപത്തിനുമിടയിലെ ശക്തമായ പടവ് എന്ന നിലയില്‍ രണ്ടും ഇഷ്ടപ്പെടുന്നവര്‍ നിശ്ചയമായും വായിക്കേണ്ടതാണ് ബ്ലെസിയുടെ ഈ ഈടുറ്റ തിരക്കഥ. 'ആടുജീവിതം' - ബ്ലെസി. ഡിസി ബുക്സ്. വില 233 രൂപ.
◾ 2021 ല്‍ ആഗോള ജനസംഖ്യയുടെ മരണകാരണങ്ങളില്‍ കോവിഡ് രണ്ടാമത്തെ ഘടകമായി മാറിയതായി ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. ലോകത്ത് ഒരു ലക്ഷം ജനസംഖ്യയില്‍ 94 മരണങ്ങള്‍ കോവിഡ് കാരണമാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. കോവിഡ് ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറച്ചതായും ഗവേഷണം കണ്ടെത്തി. 2019നെ അപേക്ഷിച്ച് 2020ല്‍ ലോകമെമ്പാടുമുള്ള മരണങ്ങള്‍ 10.8 ശതമാനം വര്‍ദ്ധിച്ചു, 2020നെ അപേക്ഷിച്ച് 2021ല്‍ 7.5 ശതമാനം വര്‍ദ്ധിച്ചു. മരണനിരക്കിന്റെ കാര്യത്തില്‍ 2020 ല്‍ 8.1 ശതമാനവും 2021 ല്‍ 5.2 ശതമാനവും കൂടി, പഠനം കണക്കാക്കുന്നു. ആഗോളതലത്തില്‍ കോവിഡും അനുബന്ധ മരണങ്ങളും 2019 നും 2021 നും ഇടയില്‍ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറയ്ക്കുന്നതിന് കാരണമായി, അണുബാധകള്‍, പക്ഷാഘാതം, നവജാതശിശുക്കള്‍ എന്നി വിഭാഗങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ കുറയുന്നത് 1990 നും 2019 നും ഇടയില്‍ ആയുര്‍ദൈര്‍ഘ്യം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. ഇന്ത്യയില്‍ 1990 നും 2021 നും ഇടയില്‍ 7.9 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചപ്പോള്‍ കോവിഡ് കാരണം ഇന്ത്യയില്‍ 1.9 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി പഠനം പറയുന്നു. ആഫ്രിക്കയിലാണ് കോവിഡില്‍ നിന്നുള്ള മരണനിരക്ക് ഏറ്റവും ഉയര്‍ന്നത്. ലാറ്റിനമേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും ഇത് യഥാക്രമം ഒരു ലക്ഷം ജനസംഖ്യയില്‍ 271 ഉം ഒരു ലക്ഷം ജനസംഖ്യയില്‍ 200 മരണങ്ങളും ആണ്. തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 23 പേര്‍ മരിക്കുന്നു, ഗവേഷകര്‍ കണക്കാക്കുന്നു. ആന്‍ഡിയന്‍ ലാറ്റിന്‍ അമേരിക്കയില്‍ 4.9 വര്‍ഷവും തെക്കന്‍ സബ്‌സഹാറന്‍ ആഫ്രിക്കയിലും കിഴക്കന്‍ ഏഷ്യയിലും 3.4 വര്‍ഷവും കുറഞ്ഞു, പഠനത്തില്‍ പറഞ്ഞു.
*ശുഭദിനം*
അവര്‍ രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് പഠിച്ചിറങ്ങിയത്. ഇന്റര്‍വ്യൂവും ഒരേ സ്ഥാപനത്തിലായിരുന്നു. ഇന്റര്‍വ്യൂ തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്ഷണശേഷം അവരെ ഡയറടര്‍ ബോര്‍ഡ്‌റൂമിലേക്ക് വിളിച്ചു. എന്നിട്ട് അവരില്‍ ഒരാളോട് പറഞ്ഞു. നിങ്ങള്‍ക്ക് നാളെമുതല്‍ ഇവിടെ ജോലിക്ക് പ്രവേശിക്കാം. മറ്റേയാളോട് പറഞ്ഞു: നമുക്ക് മറ്റൊരിക്കല്‍ നോക്കാം. ഇത് കേട്ട് അയാള്‍ ഡയറക്ടറോട് ചോദിച്ചു: താങ്കള്‍ എന്നോട് പഠിച്ച വിഷങ്ങളെക്കുറിച്ചോ ഒന്നും ചോദിച്ചതേയില്ലല്ലോ.. പിന്നെ എങ്ങിനെയാണ് എന്നെ ഒഴിവാക്കുകയും സുഹൃത്തിനെ ജോലിക്കെടുക്കുകയും ചെയ്തത്. ഡയറക്ടര്‍ പറഞ്ഞു: ഭക്ഷണം കഴിക്കുന്നതിനിടെ താങ്കള്‍ എന്നോടും വിളമ്പുകാരനോടും സംസാരിച്ചത് രണ്ടുവിധത്തിലായിരുന്നു. എന്നോട് ആദരവോടെയും വിളമ്പുകാരനോട് ധാര്‍ഷ്ട്യത്തോടെയും. അധികാരത്തെ ബഹുമാനിക്കുന്നവരെയല്ല, ആളുകളെ ബഹുമാനിക്കുന്നവരെയാണ് എനിക്കാവശ്യം. ആദരവ് രണ്ടുതരമുണ്ട്. ആളും അര്‍ത്ഥവും നോക്കിയുളള ആദരവും. എല്ലാവരോടുമുള്ള ആദരവും. എല്ലാവരേയും ആദരവോടെ കാണുന്നവരില്‍ പ്രകടമാകുന്നത് ആദരിക്കപ്പെടുന്നവരുടെ അര്‍ഹതയല്ല, ആദരിക്കുന്നവന്റെ മനസ്സാണ്. എന്നാല്‍ ചിലരാകട്ടെ ആളുകളെയല്ല ബഹുമാനിക്കുന്നത്. അവരുടെ പണത്തേയും അധികാരത്തേയുമാണ് പരിഗണിക്കുക. ആര്‍ക്കും എല്ലാവരോടും ഒരുപോലെ ഇടപെടാനാകില്ല, പക്ഷേ, ബഹുമാനിക്കാനാകും.. അതാണ് നമ്മിലെ മനുഷ്യത്വത്തിന്റെ അളവുകോല്‍.. നമുക്ക് എല്ലാവരേയും ആദരിക്കാന്‍ ശീലിക്കാം. - *ശുഭദിനം.*