*പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 4 | വ്യാഴം

◾ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന വാദവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജരിവാളിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അന്വേഷണമില്ലാതെയാണ് അറസ്റ്റെന്നും ഭാവിയില്‍ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളതെന്നും നിലവിലെ നടപടികളില്‍ പലതും സംശയകരമാണെന്നും കെജ്രിവാള്‍ വാദിച്ചു.

◾ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായി. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും ജയില്‍ പരിസത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകരോട് സഞ്ജയ് സിങ് പറഞ്ഞു. ജയിലിന്റെ താഴുകള്‍ പൊട്ടിച്ചെറിഞ്ഞ് മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും പുറത്തെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു. ദില്ലിയുടെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനാണ് കെജരിവാള്‍ അടക്കമുള്ള നേതാക്കളെ ജയിലടിച്ചതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും ഇ ഡി വേട്ടയാടുകയാണെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

◾ വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവര്‍ത്തകരെ കുടുംബാംഗങ്ങള്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു വയനാട്ടില്‍ എത്തിയ രാഹുലിന്റെ പ്രസംഗം. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

◾ കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രരുള്ളതെന്നും ഇടതു ഭരണമാണ് അതിന് കാരണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 2025ല്‍ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.

◾ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ അര മീറ്റര്‍ മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 സെ.മീ നും 40 സെ.മീ നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മല്‍സ്യബന്ധന യാനങ്ങളുടേയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്. 

◾ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ഏപ്രില്‍ 26 ന് ശേഷം ഹാജരാകാമെന്ന ആവശ്യം തള്ളി ഇഡി. ഏപ്രില്‍ 5 ന് ഹാജരാകാന്‍ എം എം വര്‍ഗീസിന് വീണ്ടും നോട്ടീസ് നല്‍കി. എം എം വര്‍ഗീസ് സ്ഥാനാര്‍ത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചത്.

◾ തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു, നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു.

◾ ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഡോ ശശി തരൂര്‍. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാന്‍ തന്നെയാണ് ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും വര്‍ഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ത്രികോണമത്സരമല്ല നടക്കുന്നതെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് ടിടിഇ കെ.വിനോദ് ദാരുണമായി കൊല്ലപ്പെട്ടതെന്നും, കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പൊലീസിനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ വീഴ്ചയില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകള്‍ അറ്റുപോയതും മരണകാരണമായി എന്ന് ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശ്ശൂര്‍ വെളപ്പായയില്‍ ഇന്നലെയാണ് അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിടിഇ വിനോദ് ടിക്കറ്റ് ചോദിച്ചതിനുള്ള പക കൊണ്ടാണ്, ഒഡിഷ സ്വദേശി രജനീകാന്ത അദ്ദേഹത്തെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്.  

◾ ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

◾ ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.  

◾ കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആനന്ദമാണെന്ന് തോമസ് ഐസക്. കേരളം ദ്രോഹിക്കപ്പെടുമ്പോള്‍ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാന്‍ എന്താണ് കാരണമെന്നും തോമസ് ഐസക് ചോദിച്ചു.

◾ എസ്ഡിപിഐ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് കെ.സുരേന്ദ്രന്‍. വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റെ താത്പര്യങ്ങള്‍ കോണ്‍ഗ്രസ് ബലി കഴിക്കുകയാണ്. ഇത് ആത്മഹത്യപരമാണെന്ന് രാഹുല്‍ മനസിലാക്കണമെന്നും, കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നിലപാട് നാടിനെതിരെയുള്ളതാണെന്നും അപക്വമായ ഈ നിലപാടില്‍ നിന്നും രാഹുല്‍ഗാന്ധി പിന്‍മാറണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ കോണ്‍ഗ്രസിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടര്‍മാരും ഞെട്ടലോടെയാണ് കാണുന്നതെന്ന് പ്രകാശ് ജാവദേക്കര്‍. നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരന്‍. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങുമെന്നും, എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും, പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ നിയമന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കും.

◾ കോട്ടയം വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് രണ്ടാം പാപ്പാന്‍ ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനെ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

◾ സുഗന്ധഗിരി മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി ശരി വെച്ചു. വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരങ്ങള്‍ മുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.

◾ അരുണാചലില്‍ മരിച്ച മൂന്ന് മലയാളികളുടെ മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്. കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും, കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും അരുണാചല്‍ പ്രദേശ് എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

◾ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 106.88 ദശലക്ഷം യൂണിറ്റായി. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായ ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ വൈദ്യുതി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

◾ തൃശ്ശൂര്‍ പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി . വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ വെടിക്കെട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

◾ ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഇരിങ്ങാലക്കുട മുര്‍ഖനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ അരിമ്പൂര്‍ സ്വദേശി ചുള്ളിപറമ്പില്‍ അക്ഷയ് (25) ആണ് മരിച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഏഴു പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍നിന്ന് വിരമിച്ചു. 33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്.

◾ 2019 ല്‍ തന്നെ സഹായിച്ച ബിജെപിയെ 2023ല്‍ താന്‍ തിരികെ സഹായിച്ചുവെന്നും, ഇനിയും മോദിക്ക് പിന്തുണയുണ്ടാകുമെന്നും ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണയെന്നും നടിയും എംപിയുമായ സുമലത. മാണ്ഡ്യയില്‍ അനുയായികളുടെ യോഗത്തില്‍ ആണ് സുമലതയുടെ പ്രഖ്യാപനം.മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.

◾ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ കൊളംബോയിലേക്ക് തിരിച്ചുപോയി. ആറുപേരെ 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ജയില്‍ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പില്‍ നിന്ന് മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

◾ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം.

◾ കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ അധികലാഭം 5800 കോടി രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതോടെയാണ് അധിക ലാഭം ലഭിച്ചത്. കൊവിഡ് കാലത്താണ് റെയില്‍വേ മന്ത്രാലയം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലെ ഇളവുകള്‍ പിന്‍വലിച്ചത്.

◾ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മുംബൈ എന്‍.ഐ.എ കോടതി. 2008 മാലേഗാവ് സ്‌ഫോടനക്കേസിലെ വിചാരണ നടപടികളില്‍ നിന്നും തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം എന്‍.ഐ.എയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
  
◾ ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജേന്ദര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലിയില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.

◾ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തയ്യല്‍ക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കടക്ക് മുകളില്‍ താമസക്കാരായിരുന്ന ഏഴുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് ഈസ്റ്റ് ബംഗാള്‍. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണെങ്കിലും താരതമ്യേന ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനോടേറ്റ തോല്‍വി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. രണ്ട് ചുവപ്പ് കാര്‍ഡ് മേടിച്ച ബ്ലാസ്റ്റേഴ്സ് ഒന്‍പത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

◾ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റണ്‍സിന്റെ വമ്പന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്റേയും 27 പന്തില്‍ 54 റണ്‍സെടുത്ത ആംഗ്കൃഷ് രഘുവന്‍ഷിയുടേയും 19 പന്തില്‍ 41 റണ്‍സെടുത്ത ആന്ദ്രേ റസ്സലിന്റേയും 8 പന്തില്‍ 26 റണ്‍സെടുത്ത റിങ്കു സിംഗിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി.

◾ ലോകബാങ്ക് ഇന്ത്യയുടെ 2024 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം തിരുത്തി. നേരത്തെ 2024ല്‍ 6.3 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചാണ് അനുമാനം തിരുത്തിയത്. ഇന്ത്യയില്‍ ഉല്‍പ്പന്ന, സേവന മേഖലയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് ജിഡിപി അനുമാനത്തില്‍ മാറ്റം വരുത്താന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഇന്ത്യ 8.4 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജനുവരി- മാര്‍ച്ച് പാദത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ടു ശതമാനം വളര്‍ച്ച നേടുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതീക്ഷ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് 2024 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പരിഷ്‌കരിച്ചത്. അതേസമയം 2025ലെ വളര്‍ച്ചാനിരക്ക് കുറവായിരിക്കുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. 6.6 ശതമാനം വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്.നിലവില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ 2025ല്‍ നിക്ഷേപത്തില്‍ ഇടിവ് സംഭവിക്കുമെന്ന കണക്കുകൂട്ടലാണ് സാമ്പത്തിക വളര്‍ച്ചാ തോത് കുറയ്ക്കാന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

◾ മോളിവുഡില്‍ ഹൊറര്‍ ചിത്രമായ 'ഭ്രമയുഗം' ഹിറ്റ് അടിച്ചപ്പോള്‍ ബോളിവുഡില്‍ 'ശെയ്ത്താന്‍' ആണ് തരംഗം. കുറഞ്ഞ ബജറ്റില്‍ എത്തി തിയേറ്ററില്‍ ഹിറ്റ് അടിച്ച് അജയ് ദേവ്ഗണ്‍-ജ്യോതിക ചിത്രം ശെയ്ത്താന്‍. ബോളിവുഡിലെ 100 കോടി ബജറ്റ് ചിത്രങ്ങള്‍ പരാജയമാകുന്നിടത്താണ് 65 കോടി ബജറ്റില്‍ എത്തിയ ശെയ്ത്താന്‍ ബോക്സ് ഓഫീസ് കീഴടക്കിയിരിക്കുന്നത്. മാധവനും പ്രധാന കഥപാത്രമായ ചിത്രം ആഗോളതലത്തില്‍ മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്. മാര്‍ച്ച് 8ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 201.73 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. തിയേറ്ററില്‍ നേട്ടം കൊയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മെയ് 3ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക് മാജിക് വിഷയമാകുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് അജയ് ദേവ്ഗണും വേഷമിട്ടത്. വില്ലന്‍ കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താന്‍. ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്.

◾ മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയില്‍ മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'ദേവദൂതനെ' കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയില്‍ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതന്‍. ചിത്രത്തിന്റെ 4സ റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നാണ് സിബി മലയില്‍ പറയുന്നത്. എന്നാല്‍ അത് ഒര്‍ജിനല്‍ വേര്‍ഷനില്‍ നിന്നും വ്യത്യസ്തമായി റീ എഡിറ്റഡ് ആയിട്ടാവും ഇറങ്ങുകയെന്നും സിബി മലയില്‍ പറയുന്നു. 2000ത്തിലാണ് അത് ഇറങ്ങുന്നത്.

◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ മോഡല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാരുതിയുമായി സഹകരിച്ച് അവതരിപ്പിച്ച ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭവില 7.74 ലക്ഷം രൂപയാണ്. 13.04 ലക്ഷം രൂപയാണ് പരമാവധി വില (എക്‌സ് ഷോറൂം വില). മാരുതി ഫ്രോങ്ക്‌സിന്റെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനാണ് ടൈസര്‍. അഞ്ചു വേരിയന്റുകളിലാണ് കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. അപ്‌ഡേറ്റഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതുക്കിപ്പണിത ഫ്രണ്ട് ആന്റ് റിയര്‍ ബമ്പറുകള്‍, പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവയായിരിക്കും ഫ്രോങ്ക്‌സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടൈസറില്‍ വരുത്തുന്ന മാറ്റങ്ങള്‍. എന്നാല്‍ കാബിന്‍ ഫ്രോങ്ക്‌സിന് സമാനമാണ്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവയും ടൈസറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയുള്‍പ്പെടെ ഫ്രോങ്ക്‌സിന്റെ അതേ സവിശേഷതകളോടെയാണ് ടൈസറിനെ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ സുരക്ഷാ കിറ്റില്‍ ആറ് എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360ഡിഗ്രി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.

◾ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകള്‍, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ സാമൂഹ്യപാഠത്തില്‍നിന്നും ലഭിച്ച അറിവില്‍ സ്വതന്ത്രമനുഷ്യനായി എന്ന് സ്വയം ബോധ്യപ്പെട്ട എഴുത്തുകാരന്റെ ജീവിതനാള്‍വഴികള്‍. അതില്‍നിന്നും ഉയിര്‍ക്കൊണ്ട സ്വതന്ത്രപതംഗം. കെ.എസ്.എഫിന്റെയും എസ്.എഫ്.ഐ.യുടെയും സമരോജ്ജ്വലമായ തീക്ഷ്ണയൗവ്വനം. അതുള്‍ക്കൊണ്ട് വളര്‍ന്നതിന്റെയും പിന്നെ ചുവന്ന കൊടി നെഞ്ചോട് ചേര്‍ത്ത് ഇന്നും നിര്‍ഭയനായി ജീവിക്കുന്നതിന്റെയും സ്മൃതിശേഖരമാണിത്. ജനനം മുതല്‍ ഇന്നു വരെയുള്ള ഒരു കാലത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അത് അടുത്ത ഓരോ തല മുറയ്ക്കുമുള്ള രേഖയായി മാറുന്നു. ആഖ്യാനത്തിന്റെ സുഗന്ധം സൗമനസ്യത്തിന്റെ അത്തറായിത്തീരുന്നു. 'വാക്കുകള്‍ - ഓര്‍മ്മകളുടെ പുസ്തകം'. സി പി അബൂബക്കര്‍. ഗ്രീന്‍ ബുക്സ്. വില 684 രൂപ.

◾ ആഗോളതലത്തില്‍ വിവിധ ന്യൂറോളജിക്കല്‍ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട്. ലോകത്ത് മൂന്നില്‍ ഒരാള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങളുണ്ടെന്ന് ലാന്‍സെറ്റ് ന്യൂറോളജി പുറത്തുവിട്ട ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്, ഇഞ്ചുറീസ് ആന്‍ഡ് റിസ്‌ക് ഫാക്ടേഴ്‌സ് സ്റ്റഡി എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രോഗികളുടെ നിരക്ക് 18 ശതമാനം വര്‍ധിച്ചു. 2021ല്‍ മൂന്ന് കോടിയിലധികം ആളുകള്‍ക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍ ഉള്ളതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രോക്ക്, നിയോനാറ്റല്‍ എന്‍സെഫലോപ്പതി (മസ്തിഷ്‌ക ക്ഷതം), മൈഗ്രെയ്ന്‍, ഡിമെന്‍ഷ്യ, ഡയബറ്റിക് ന്യൂറോപ്പതി (നാഡി ക്ഷതം), മെനിഞ്ചൈറ്റിസ്, അപസ്മാരം, മാസം തികയാതെയുള്ള ജനനം മൂലമുള്ള ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍, നാഡീവ്യൂഹ സംവിധാനത്തിലെ അര്‍ബുദം എന്നിവയാണ് ആശങ്കപ്പെടുത്തുന്ന പ്രധാന നാഡീവ്യൂഹ രോഗങ്ങള്‍. ഇതില്‍ 80 ശതമാനം മരണവും സാമ്പത്തിക വളര്‍ച്ച കുറഞ്ഞ രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഡയബറ്റിക് ന്യൂറോപ്പതിയുള്ളവരുടെ എണ്ണം 1990 മുതല്‍ ആഗോളതലത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2021ല്‍ രോഗികളുടെ എണ്ണം 206 ദശലക്ഷമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

*ശുഭദിനം*

അന്ന് അയാള്‍ വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു: ഇന്ന് എനിക്ക് വലിയ സന്തോഷത്തിന്റെ ദിവസമാണ്. അതിനാല്‍ നമുക്ക് അയല്‍ക്കാരേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും ഭക്ഷണത്തിന് വിളിക്കാം. മകന്‍ ഫോണിലൂടെയും പുറത്തിറങ്ങിയും ഇങ്ങനെ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ ഒരു ആപത്ഘട്ടത്തിലാണ് ഞങ്ങളെ ഒന്ന സഹായിക്കണേ.. കുറച്ച് പേര്‍മാത്രം അത് കേട്ട് വീട്ടിലേക്കെത്തി. സഹായിക്കാനെത്തിയവരോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. പാതിരാ വരെ നീണ്ട ആ ആഘോഷത്തിനിടയ്ക്ക് അച്ഛന്‍ മകനോട് ചോദിച്ചു: ഇവരൊക്കെ ആരാണ് ? നീ നമ്മുടെ സുഹൃത്തുക്കേളേയും ബന്ധുക്കളേയുമൊന്നും വിളിച്ചില്ലേ? മകന്‍ പറഞ്ഞു: ഒന്നും ചിന്തിക്കാതെ നമ്മെ സഹായിക്കാന്‍ ഓടിയെത്തിയവരാണിവര്‍. ഇവരാണ് യഥാര്‍ത്ഥബന്ധുക്കളേക്കാളും സുഹൃത്തുക്കളേക്കാളും ആതിഥ്യം അര്‍ഹിക്കുന്നവര്‍. വ്യക്തിപരമായ താല്‍പര്യങ്ങളോടെയാണ് പലരും പല കാര്യങ്ങളിലും ഏര്‍പ്പെടുന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി കൂടെ നില്‍ക്കുന്നവരായിരിക്കും പലരും. സന്തോഷത്തില്‍ പങ്കുചേരുക എന്ന ഉദ്ദേശത്തില്‍ വരുന്നവര്‍ കുറവായിരിക്കും. ക്ഷണമില്ലാഞ്ഞിട്ടും അവര്‍ കയറിവന്ന സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍, ക്ഷണിക്കപ്പെടാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ എളുപ്പം സാധിക്കും. സന്തോഷത്തില്‍ പങ്കുചേരാന്‍ മാത്രമേ ആളുകളെ വിളിച്ചുവരുത്താന്‍ സാധിക്കൂ.. സങ്കടങ്ങളില്‍, പ്രതിസന്ധികളില്‍ അവര്‍ കണ്ടറിഞ്ഞു വരണം. ആഘോഷങ്ങളില്‍ നമുക്ക് എല്ലാവരും കാണ്‍കെ സമ്മാനപൊതികളുമായി പ്രത്യക്ഷപ്പെടാം. എന്നാല്‍ ആപത്തുകളില്‍ ആരുമറിയാതെ ആശ്രയമായിത്തീരാം - *ശുഭദിനം.*