പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 3 | ബുധൻ

◾ കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. പി.കെ. ബിജു വ്യാഴാഴ്ചയും എം.ആര്‍. ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. തൃശ്ശൂര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിട്ടുള്ളത്.

◾ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനും നല്‍കിയിട്ടുണ്ട്. ചിലര്‍ നടത്തുന്ന പ്രചാരവേലകള്‍ വസ്തുതാവിരുദ്ധമാണ്. ജനങ്ങള്‍ ഇത് തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

◾ മദ്യനയ കേസില്‍ അറസ്റ്റിലായി ആറ് മാസത്തോളം ജയിലായിരുന്ന എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാന്‍ സഹായമായത്. ഇഡി ആരോപിച്ച നിലയില്‍ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താന്‍ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി.

◾ തൃശ്ശൂര്‍ വെള്ളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയില്‍വേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയായ രജനീകാന്ത മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവമാണ്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളിലെ ചെറിയ വേഷങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ വാ തുറക്കുന്നത് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാനാണെന്നും നരേന്ദ്ര മോദിയെ പേരെടുത്തു വിമര്‍ശിക്കുന്നതു നിങ്ങള്‍ എവിടെയെങ്കിലും കേട്ടോയെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പൗരത്വ നിയമത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചില്ലെന്നതിനു പുറമെ രാഹുല്‍ ഗാന്ധി മണിപ്പുര്‍ സന്ദര്‍ശിച്ചില്ലെന്ന തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

◾ കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി ബ്രിജേഷിനെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

◾ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ. മസാല ബോണ്ട് ഇറക്കിയതിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ ഹൈക്കോടതിയെ അറിയിച്ചു.

◾ റിയാസ് മൗലവി വധക്കേസ് ഉന്നതപോലീസ് സംഘം പുനഃരന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ . ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്. അതു സര്‍ക്കാരിന്റെ നയമല്ലെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. 2004 ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേര്‍ന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് കേസ്.

◾ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്നും എംവിഡി വ്യക്തമാക്കി.

◾ അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. മരണാനന്തര ജീവിതത്തില്‍ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും, ഇവരുടെ മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു.

◾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതില്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നും, ഇനിയും ഇക്കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തില്‍ മന്ത്രി റിയാസ് പറഞ്ഞത്.

◾ വിസ്താരയുടെ ദില്ലി - കൊച്ചി വിമാന സര്‍വീസ് ഉള്‍പ്പടെ കഴിഞ്ഞ ഒരാഴ്ച കമ്പനി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ഡിജിസിഎ വിശദീകരണം തേടി. പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്.

◾ എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസില്‍ എന്ന യുവാവ് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

◾ തൃശൂര്‍ തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ എസ്എസ്എല്‍സി, ടി ച്ച് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളും, ഹയര്‍ സെക്കന്‍ഡറിയില്‍ 77 ഉം, ടി ച്ച് എസ് എല്‍ സിയ്ക്കായി രണ്ടും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 8 ക്യാമ്പുകളിലും ആയാണ് മൂല്യനിര്‍ണയം നടക്കുക.

◾ കോണ്‍ഗ്രസ് ഇന്ത്യയുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ വിമര്‍ശനം.

◾ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീര്‍ത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നും കങ്കണ പറഞ്ഞു..

◾ ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിക്കണമെന്നു ലോകമെമ്പാടും ഒരു തോന്നല്‍ ഉള്ളതിനാല്‍ രാജ്യം അതിനായി ഇത്തവണ കൂടുതല്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍.

◾ ഇസ്താംബൂളിലെ ബെസിക്താസ് ജില്ലയിലെ ഗെയ്‌റെറ്റെപ്പില്‍ 16 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഫ്ലോറിന്റെ താഴെയുള്ള ഒന്നും രണ്ടും നിലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്.

◾ സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 11 ആയി. ആക്രമണത്തില്‍ ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള വ്യക്തമാക്കി.

◾ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 28 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റിംഗിനെത്തിയ ലഖ്‌നൗ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും 40 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും മികവില്‍ 182 റണ്‍സ് നേടി. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.

◾ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 2.40 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. ചരക്കുകടത്തില്‍ അടക്കം റെക്കോര്‍ഡ് ഇട്ടത്താണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,59 കോടി ടണ്‍ ചരക്കാണ് കടത്തിയത്. 2022-23ല്‍ ഇത് 151 കോടി ടണ്‍ മാത്രമായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുന്‍ സാമ്പത്തികവര്‍ഷം 5300 കിലോമീറ്റര്‍ ദൂരമാണ് പുതുതായി ട്രാക്ക് സ്ഥാപിച്ചത്. 551 ഡിജിറ്റല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. ഇടക്കാലബജറ്റില്‍ നടപ്പുസാമ്പത്തികവര്‍ഷത്തേയ്ക്കുള്ള റെയില്‍വേയുടെ മൂലധന ചെലവിനായി 2.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ വര്‍ധന ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

◾ മലയാളത്തില്‍ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് മൂഹ്‌സിന്‍ പരാരിയും സംഘവും. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം ഒന്നിച്ച് വിവിധ ഴോണറുകളിലായി ഇറക്കുന്ന ആല്‍ബം വോള്യത്തില്‍ ആദ്യ ഗാനം പുറത്തിറങ്ങി. 'ജിലേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. മലയാളത്തില്‍ ആദ്യമായിട്ടാണ് സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തില്‍ ഒരു കൂട്ടായ്മ ഉണ്ടാവുന്നത്. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന മുറിജിനല്‍സ് വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങളാണ് ഉണ്ടാവുക. മു.രി എന്ന ചുരുക്കപേരില്‍ ഗാനങ്ങള്‍ ഒരുക്കുന്ന മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കൂട്ടായ്മ ഉണ്ടായിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സിതാര കൃഷ്ണകുമാര്‍, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജാഹാന്‍, ഡി ജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍,6091, ദാബ്‌സി തുടങ്ങിയ കലാകാരന്മാര്‍ മൂറിജിനല്‍സിനായി ഒന്നിക്കുന്നുണ്ട്. ഗാനങ്ങളില്‍ ചിലത് വിഡിയോ രൂപത്തിലും പുറത്തിറങ്ങും. യുട്യുബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാവും.

◾ ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഐഡന്റിറ്റിയുടെ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നിരവധി അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തില്‍ ഉണ്ടാകുക. അവയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയേക്കിയെന്നാണ് ചിത്രത്തിലെ നായകന്‍ വെളിപ്പടുത്തിയിരിക്കുകയാണ്. യാനിക്ക് ബെന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. അനസ് ഖാനും അഖില്‍ പോളുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഐഡന്റിറ്റിയില്‍ തൃഷ നായികയായി എത്തുന്നു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് ഒരുക്കിയ സംവിധായകരാണ് അനസ് ഖാനും അഖില്‍ പോളും. ഫോറന്‍സിക് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ വിജയം നേടാനായിരുന്നു. മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ ചിത്രത്തില്‍ രണ്‍ജി പണിക്കറും പ്രധാന കഥാപാത്രമായപ്പോള്‍ പ്രതാപ് പോത്തനും വേഷമിട്ടു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ ടൊവിനോ നായകനായി പ്രദര്‍ശനത്തിന് എത്തിയത്.

◾ ഇന്ത്യയിലും മറ്റ് വിപണികളിലുമായി മാര്‍ച്ചില്‍ 50,297 കാറുകള്‍ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഇതോടെ കമ്പനി വില്‍പ്പനയില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ ഇലക്ട്രിക് കാറുകളില്‍ നിന്നും സിഎന്‍ജി വാഹനങ്ങളില്‍ നിന്നുമുള്ള വില്‍പ്പന ടാറ്റയ്ക്ക് വലിയ സംഭാവന നല്‍കി. ടാറ്റ മോട്ടോഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത് യാത്രാ വാഹന വിഭാഗത്തില്‍ ഏകദേശം 5.74 ലക്ഷം കാറുകളുടെ വില്‍പ്പനയോടെയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിറ്റ 5.41 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധന. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റാ മോട്ടോഴ്സ് ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്തുന്നത്. പഞ്ച്, നെക്‌സോണ്‍ എസ്യുവികള്‍ പോലുള്ള എസ്യുവികള്‍ 2024 മാര്‍ച്ചില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പനയിലേക്ക് സംഭാവന ചെയ്യുന്നത് തുടരുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് മാര്‍ച്ചില്‍ 6,738 യൂണിറ്റ് വില്‍പ്പന കൈവരിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് 20,640 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ വിറ്റു. 73,833 ഇവി യൂണിറ്റുകളോടെയാണ് കാര്‍ നിര്‍മ്മാതാവ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 50 ശതമാനം കൂടുതലാണ്. ഇവി, സിഎന്‍ജി വാഹനങ്ങളുടെ വിജയം കയറ്റുമതി ഉള്‍പ്പെടെ 1.55 യൂണിറ്റുകളുടെ കാര്‍ വില്‍പ്പനയോടെ 2023-24 സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാന്‍ ടാറ്റയെ സഹായിച്ചു. 24 സാമ്പത്തിക വര്‍ഷത്തിലെ 1,04,922 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പന 23 വര്‍ഷത്തെ നാലാം പാദത്തിലെ 1,12,145 യൂണിറ്റിനേക്കാള്‍ അല്പം കുറവാണ്.

◾ മലയാളകവിതയില്‍ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ച ഡി വിനയചന്ദ്രന്റെ കവിതകള്‍ പ്രണയത്തിന്റെയും പ്രകൃതിയുടെയും ഒരു വിസ്തൃതലോകം നമ്മുക്കു മുന്നില്‍ തുറന്നിടുന്നു. ഈ സമാഹാരത്തിലെ പ്രണയകവിതകള്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നില്‍ക്കുന്നവയാണ് . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിക്കുന്നു. 'പത്താമുദയം'. ഡി വിനയചന്ദ്രന്‍. എച്ആന്‍ഡ്സി ബുക്സ്. വില 80 രൂപ.

◾ പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് സഹായിക്കും. കിവിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ കിവി ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്. ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം കൂട്ടും. ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ ചെറുപ്പഴത്തില്‍ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. സാല്‍മണ്‍ ഫിഷ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. ഓട്സ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മെലാറ്റോനിന്‍ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മറ്റൊരു നല്ല ഉറവിടമാണ് വാള്‍നട്സ്. കൂടാതെ, ഇവയില്‍ മെലാറ്റോനിന്‍, ട്രിപ്റ്റോഫാന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവയും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ വലിയ കഠിനാധ്വാനിയായിരുന്നു. പക്ഷേ, സ്വയം ഒരു വിശ്വാസക്കുറവ് എപ്പോഴും അയാള്‍ക്കുണ്ടായിരുന്നു. താന്‍ എന്ത് ചെയ്യുമ്പോഴും ഇത് വിജയിക്കുമോ എന്ന സന്ദേഹത്തില്‍ പല കാര്യങ്ങളിലും അയാള്‍ പിന്നോട്ട് നില്‍ക്കുമായിരുന്നു. തന്റെ വിശ്വാസക്കുറവിന് ഒരു രക്ഷയെഴുതിക്കാന്‍ അയാള്‍ ആ ആശ്രമത്തിലെത്തി. അവിടെത്തെ ഋഷിവര്യന്‍ അയാളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു തകിട് പൂജിച്ച് നല്‍കുകയും അത് ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഈ തകിട് ധരിച്ച് ഒറ്റക്ക് സെമിത്തേരിയില്‍ അന്ന് രാത്രി ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കതിന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ തകിടുളളത് കൊണ്ട് ഒന്നിനേയും പേടിക്കേണ്ടെന്ന് ഋഷി പറഞ്ഞതോടെ അയാള്‍ക്ക് വിശ്വാസമായി. അന്ന് രാത്രി അയാള്‍ സെമിത്തേരിയില്‍ കഴിഞ്ഞു. പിന്നീട് ഒരു കാര്യത്തിനും അദ്ദേഹം പുറകോട്ട് പോയിട്ടേയില്ല. തന്റെ വിജയങ്ങള്‍ക്ക് കാരണക്കാരനായ ഋഷിയെകാണാന്‍ അയാള്‍ എത്തി. അദ്ദേഹം അയാളുടെ കയ്യില്‍ നിന്ന് തകിട് വാങ്ങി കാണിച്ചിട്ട് പറഞ്ഞു: ഇതില്‍ ഒന്നും എഴുതിയിട്ടില്ല. നീ നിന്നില്‍ വിശ്വസിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ മാറ്റങ്ങളും ഉണ്ടായത്. താന്‍ ചെയ്യുന്ന കര്‍മ്മത്തില്‍ വിശ്വാസമില്ലാത്ത ഒരാളും അതു പൂര്‍ത്തിയാക്കില്ല. അതുകൊണ്ട് തന്നെ ചെറിയചെറിയ പ്രശ്‌നങ്ങളില്‍ തട്ടിവീഴാന്‍ ഇതൊരു കാരണമാകും. ഫലമുണ്ടാകുന്നതുവരെ പ്രയത്‌നിക്കാനുള്ള തീരുമാനമാണ് പ്രധാനം. നമ്മുടെ എല്ലാവിശ്വാസങ്ങളും അവനവന്റെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാകണം. എന്തുകൊണ്ടെന്നാല്‍ ആത്മവിശ്വാസത്തോളം വലിയ വിശ്വാസമില്ല. - *ശുഭദിനം.*