◾ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഇ.പി.ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടതെന്നും, ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചതെന്ന് സി.പി.എം നേതൃത്വം പറയണമെന്നും ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാന്‍ കഴിയുമെന്ന് സംശയമുണ്ടെന്നും എല്ലാം പിണറായിക്ക് അറിയാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ ഇപി ജയരാജന്‍ നടത്തിയ തുറന്നു പറച്ചില്‍ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിര്‍ന്ന നേതാവുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത് നിസാരമായി കാണാനാവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേരുന്നത് പാര്‍ട്ടി ആയുധമാക്കുമ്പോള്‍ ഈ ചര്‍ച്ച വന്‍ തിരിച്ചടിയായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
◾ പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. വടകരയില്‍ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ പറഞ്ഞു.
◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സിപിഎം ആണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നത്. യുഡിഎഫിന് വിജയസാധ്യതയുള്ള മേഖലകളില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തണം. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾ പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. വോട്ടിങ്ങില്‍ ബി.ജെ.പി-സി.പി.എം. ഡീല്‍ നടന്നിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ - ബി.ജെ.പി. ചര്‍ച്ചയുടെ ഭാഗമായി സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. ബി.ജെ.പി. നേതൃത്വത്തില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ട് നടന്നുവെന്നും ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
◾ വോട്ടിംഗില്‍ കാലതാമസമുണ്ടായെന്ന് ജോസ് കെ മാണി. ഒരു മിനിറ്റില്‍ മൂന്നു വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായതെന്നും മൂന്നും നാലും മണിക്കൂര്‍ ക്യൂ നിന്ന ശേഷം ആളുകള്‍ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
◾ ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്നും അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
◾ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നല്‍കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ തയാറായില്ലെന്നും നോട്ടീസില്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
◾ വയനാട് പുല്‍പ്പള്ളിയില്‍ കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍. കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെ കടുവ പിടിച്ചു എന്ന് സംശയം. ഒന്നരമാസം പ്രായമുള്ള പശുക്കിടാങ്ങളെ മേയാന്‍ വിട്ടപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കര്‍ണാടക കാടുകളില്‍ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
◾ സംസ്ഥാനത്ത് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാന്‍ ഈ സമയത്ത് സാധ്യത കൂടുതലാണെന്നും അതിനാല്‍ പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.
◾ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാര്‍ മാറി, ബിജെപി സര്‍ക്കാര്‍ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്നാണ് പ്രയോഗം. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു.
◾ കര്‍ണാടകയിലെ ചാമരാജനഗര്‍ മണ്ഡലത്തിലെ സംഘര്‍ഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് നാളെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. വോട്ട് ബഹിഷ്‌കരണത്തെ തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ നാട്ടുകാര്‍ പോളിങ് ബൂത്തുകള്‍ ആക്രമിക്കുകയും, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റീപോളിംഗ് നടക്കുന്ന ദിവസം കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
◾ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് അരവിന്ദ് കെജ്രിവാള്‍. ഇ ഡിയുടെ വാദങ്ങള്‍ തള്ളി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഗോവ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്നത് ഇഡി യുടെ ആരോപണം മാത്രമാണ് . ആം ആദ്മിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുപ്രിംകോടതിയില്‍ കെജ്രിവാള്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തു. മദ്യനയ കേസിലെ ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഈസ്റ്റ് ഡല്‍ഹിയില്‍ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത കെജ്രിവാള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
◾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍ തട്ടി വീണു. ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീഴ്ചയില്‍ മമതയ്ക്ക് നേരിയ പരുക്ക് മാത്രമേ പറ്റിയിട്ടുള്ളൂ.
◾ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്ന് പ്രധാനമന്ത്രിക്കും മറ്റ് ബി.ജെ.പി. നേതാക്കള്‍ക്കും പുറമേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ പിന്നില്‍ വൈദേശികശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
◾ ബി.ജെ.പിയുടെ 400 സീറ്റില്‍ വിജയിക്കുമെന്ന മുദ്രാവാക്യം ഇപ്പോള്‍ 400 സീറ്റില്‍ പരാജയപ്പെടും എന്നായി മാറിയിട്ടുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയുമായ അഖിലേഷ് യാദവ്. ഇപ്പോളവര്‍ ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് പറയുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
◾ യെമന്‍ തീരത്തിന് സമീപം ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറടക്കം ലക്ഷ്യമിട്ട് ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി യാത്ര തുടരുകയാണ്.
◾ ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 10 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 27 പന്തില്‍ 84 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 25 പന്തില്‍ 48 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും 17 പന്തില്‍ 41 റണ്‍സെടുത്ത ഷായ് ഹോപിന്റേയും കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ മൂംബൈ 32 പന്തില്‍ 63 റണ്‍സെടുത്ത തിലക് വര്‍മയുടേയും 24 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെയും കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ ഐപിഎഎല്ലിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 48 പന്തില്‍ 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റേയും 31 പന്തില്‍ 50 റണ്‍സെടുത്ത ദീപക് ഹൂഡയുടേയും കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 33 പന്തില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേയും 34 പന്തില്‍ 52 റണ്‍സെടുത്ത ധ്രുവ് ജുറലിന്റേയും മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ 9 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ലഖ്‌നൗ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.
◾ പ്രമുഖ സ്വകാര്യബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 123 ശതമാനം വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ലാഭം. വായ്പകള്‍ 13.8 ശതമാനം വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയിലും നിക്ഷേപങ്ങള്‍ 22.5 ശതമാനം ഉയര്‍ന്ന് 2.6 ലക്ഷം കോടി രൂപയിലുമെത്തി. അതേസമയം, അറ്റ പലിശ വരുമാനത്തില്‍ രണ്ടു ശതമാനമേ വളര്‍ച്ചയുള്ളൂ. 2,105 കോടി രൂപയില്‍ നിന്ന് 2,153 കോടി രൂപയായാണ് വളര്‍ച്ച. കാസ റേഷ്യോ 30.8 ശതമാനത്തില്‍ നിന്ന് നേരിയ വളര്‍ച്ചയോടെ 30.9 ശതമാനത്തിലെത്തി. അറ്റ പലിശ മാര്‍ജിന്‍ പക്ഷേ, 2.8 ശതമാനത്തില്‍ നിന്ന് 2.4 ശതമാനത്തിലേക്ക് താഴുകയും ചെയ്തത് തിരിച്ചടിയായി. കഴിഞ്ഞപാദത്തില്‍ കിട്ടാക്കടം കുറഞ്ഞത് ബാങ്കിന് ആശ്വാസമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.2 ശതമാനത്തില്‍ നിന്ന് 1.7 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.8 ശതമാനത്തില്‍ നിന്ന് 0.6 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. 0.73 ശതമാനം നേട്ടവുമായി 26.15 രൂപയിലാണ് വ്യാപാരാന്ത്യത്തില്‍ യെസ് ബാങ്കിന്റെ ഓഹരിവിലയുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 68 ശതമാനം നേട്ടമാണ്. 15.40 രൂപയില്‍ നിന്ന് 32.85 രൂപവരെയാണ് ഇക്കാലയളവില്‍ ഓഹരിവില ഉയര്‍ന്നത്. 75,200 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.
◾ മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററില്‍ എത്തിയത്. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നാകെ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഇതോടെ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ ഗുണ കേവില്‍ കുടുങ്ങുന്ന യുവാവിന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം. സര്‍വൈവര്‍ ത്രില്ലറില്‍ സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി തുടങ്ങിയ വന്‍ താരനിരയാണ് ഒന്നിച്ചത്.
◾ കരീന കപൂര്‍ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ക്രൂ'. കൃതി സനോണും തബും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ കരീന കപൂറിന്റെ ക്രൂ കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രൂ ആഗോളതലത്തില്‍ ആകെ 142 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാന്‍ഞ്ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്മിന്‍ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടുമാണെത്തിയിരിക്കുന്നത്. കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്സാണ്. സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
◾ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ മാര്‍ക് ലംബോര്‍ഗിനി അതിന്റെ ജനപ്രിയ ഉറുസ് എസ്യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പായ ഉറുസ് എസ്ഇ അവതരിപ്പിച്ചു. ഈ മോഡല്‍ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ ഹൈബ്രിഡ് ഓഫറാണ്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ഉറൂസ് എസ് വേരിയന്റിനേക്കാള്‍ ഗണ്യമായ നവീകരണം അവതരിപ്പിക്കുന്നു. അതിന്റെ രൂപകല്പനയെക്കുറിച്ച് പറയുമ്പോള്‍, ഉറുസ് എസ്ഇ അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. ഉറൂസ് എസില്‍ കാണപ്പെടുന്ന 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിന്‍ ഉറൂസ് എസ്ഇ നിലനിര്‍ത്തുന്നു. എന്നാല്‍ ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിന് വിപുലമായി പുനര്‍-എഞ്ചിനിയറിംഗ് ചെയ്തിട്ടുണ്ട്. ഈ സിസ്റ്റത്തില്‍ 25.9കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ സംയോജിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്‍ ആകര്‍ഷണീയമായ 800 ബിഎച്ച്പിയുടെയും 950 എന്‍എം ടോര്‍ക്കും സംയോജിത പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ഉറുസ് എസ്ഇയെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്യുവികളിലൊന്നാക്കി മാറ്റുന്നു. ഉറുസ് എസ്ഇയുടെ ഒരു ശ്രദ്ധേയമായ സവിശേഷത അതിന്റെ 60 കിലോമീറ്റര്‍ റേഞ്ചാണ്. മണിക്കൂറില്‍ പൂജ്യം മുതല്‍ 100 കി.മീ വേഗതയില്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ 312 കി.മീ വേഗതയില്‍ കുതിക്കാന്‍ ഇതിന് കഴിയും.
◾ ഒരു നല്ല കാലത്തിന്റെ സ്നേഹവായ്പുകള്‍ക്ക് കടലോളം സ്നേഹം നല്‍കി നെഞ്ചോട് ചേര്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഈ നാടകം നന്മ നിറഞ്ഞ കാലത്തെ മടക്കിവിളിക്കാനുള്ള ശംഖൊലിയായി മാറുന്നുമുണ്ട്. നിയമലംഘനത്തിലൂടെ നടന്ന ഒരു നിര്‍മ്മിതിയെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ഒരു യുവാവ് തകര്‍ത്തെറിയുന്ന ഒരു ഗംഭീര ചിത്രമാണ് ഈ നാടകം വരച്ചു കാണിക്കുന്നത്. രസകരവും ഹൃദ്യവുമായ ആഖ്യാനശൈലി, ചടുലമായ സംഭാഷണം, ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതള്‍ വിടരുന്ന കഥ, നമ്മെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍, ആസ്വാദ്യമധുരമായ ഗാനങ്ങള്‍ എന്നിവയാണ് ഈ നാടകം വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന പ്രധാന ഘടകങ്ങള്‍. 'ഒലിവുമലയുടെ താഴ്വരയില്‍'. കോന്നിയൂര്‍ എം.എം.പി. ഗ്രീന്‍ ബുക്സ്. വില 119 രൂപ.
◾ ഹൃദയത്തില്‍ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോള്‍ അറ്റാക്കും പിന്നീട് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിന്റെ സംവിധാനത്തില്‍ തകരാറുണ്ടാകുമ്പോള്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവരില്‍ ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമക്കുറവ്, ഉറക്കപ്രശ്‌നം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത കൂട്ടുന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ചിലര്‍ക്ക് നെഞ്ച് വേദന, നെഞ്ചെരിച്ചില്‍, കൈകള്‍ വേദന, ശ്വാസതടസം എന്നിവ ഉണ്ടാകാം. ഹൃദയാഘാതം എന്നു പറയുന്ന അസുഖത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. പ്രധാനമായും ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ മധ്യഭാഗത്താണ് ഉണ്ടാവുക. നെഞ്ചുവേദന കൂടാതെ ശക്തമായ വിയര്‍പ്പും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതു കൂടാതെ തളര്‍ച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ബ്ലോക്കുകള്‍ പ്രധാന രക്തക്കുഴലുകളുടെ ഭാഗത്താണെങ്കില്‍ ബ്ലോക്കുകളുടെ തരവും എണ്ണവും അനുസരിച്ച് ആന്‍ജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് ശസ്ത്രക്രിയ നടത്തേണ്ടി വരും. ദിവസവും ക്യത്യമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുക, നല്ല ഉറക്കം ശീലമാക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക എന്നിവയൊക്കെയാണ് പ്രധാനം. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ആവശ്യമാണ്. പ്രായമനുസരിച്ചും രോഗാവസ്ഥയനുസരിച്ചുമാണ് വ്യായാമത്തിന്റെ സമയവും രീതികളും നിശ്ചയിക്കേണ്ടത്.
*ശുഭദിനം*
രാത്രിയില്‍ ഉറക്കമില്ല. അതായിരുന്നു അയാളുടെ പ്രശ്‌നം. ഉറക്കം കിട്ടാനായി അയാള്‍ കാണാത്ത വൈദ്യന്മാരില്ല. ഒരു ദിവസം വളരെ പ്രശസ്തനായ വൈദ്യന്‍ അയല്‍ നാട്ടില്‍ നിന്നും അവിടെയെത്തി. അയാള്‍ വൈദ്യനെ കാണാനെത്തി. കാര്യങ്ങള്‍ വിശദമായി അയാള്‍ വൈദ്യനോട് പറഞ്ഞു. വൈദ്യന്‍ പറഞ്ഞു: നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നിങ്ങളുടെ മുടന്താണ് എന്നതാണ്. യാതൊരുവിധ ശാരീരിക പ്രശ്‌നവുമില്ലാത്ത തന്നെ മുടന്തനെന്നുവിളിച്ചതില്‍ അയാള്‍ക്ക് ദേഷ്യം തോന്നി. അപ്പോള്‍ വൈദ്യന്‍ തുടര്‍ന്നു. നിങ്ങള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യും? അപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല. വേലക്കാര്‍ എല്ലാം ചെയ്യും. അപ്പോള്‍ വൈദ്യന്‍ പറഞ്ഞു: നിങ്ങള്‍ക്ക് ഉറക്കം കിട്ടാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി. എല്ലാ ദിവസവും എല്ലുമുറിയെ പണിയെടുക്കുക. അയാള്‍ പകലുമുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. അന്നുമുതല്‍ അയാള്‍ക്ക് ഗാഢമായ ഉറക്കം ലഭിച്ചു. അധ്വാനിക്കാത്തവന് എങ്ങനെ രാത്രി ഉറക്കം വരും? വിയര്‍ത്തവര്‍ക്ക് മാത്രമാണ് വിശ്രമത്തിന്റെ വിലയറിയുക. വെയിലില്‍ നിന്നവര്‍ക്കാണ് തണലിന്റെ തണുപ്പ് ഉള്‍ക്കൊള്ളാനാവുക. തളര്‍ന്നുറങ്ങുമ്പോള്‍ മാത്രമേ ഉന്മേഷത്തോടെ ഉണരാനാകൂ. ജോലികള്‍ നമുക്ക് സഹായികളെക്കൊണ്ട് ചെയ്യിക്കാം.. പക്ഷേ, ഉറങ്ങി സഹായിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സമാധാനമായ രാത്രി വേണമെങ്കില്‍ സംതൃപ്തമായ പകല്‍ നാം കണ്ടെത്തിയേ മതിയാകൂ.. അതെ, ശ്രമത്തിന്റെ മറുവശമാണ് വിശ്രമം... - *ശുഭദിനം.*