പ്രഭാത വാർത്തകൾ 2024 | ഏപ്രിൽ 25 | വ്യാഴം |

◾ ആവേശം പകര്‍ന്ന് സംസ്ഥാനത്ത് മുന്നണികളുടെ കലാശപ്പോര്. പുതുചരിത്രമെഴുതുമെന്ന് എല്‍.ഡി.എഫ്. മുഴുവന്‍ സീറ്റിലും ജയമെന്ന് യുഡിഎഫ്. രണ്ടക്ക സീറ്റ് നേടുമെന്ന് എന്‍.ഡി.എ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും, അണികളും ഒരേ സ്ഥലത്ത് കൊട്ടിക്കലാശം നടത്തി ആവേശം നിറച്ചു .

◾ കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘര്‍ഷം. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. ഇന്ന് ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം നാളെ കേരളം പോളിംഗ് ബൂത്തിലെത്തും.

◾ ഇന്ത്യ സഖ്യം ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളി നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുo. 5 വര്‍ഷം 5 പേര്‍ രാജ്യം ഭരിക്കണോ?. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

◾ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുല്‍ ഗാന്ധി. ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതിയെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ വാഗ്ദാനം. ചരിത്രത്തില്‍ ആദ്യമായി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ ലോകത്ത് ഒരു ശക്തിക്കും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും, രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ അമരാവതിയില്‍ വ്യക്തമാക്കി.

◾ രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നും അത് ഇന്ത്യാ മുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

◾ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കടുത്ത മറുപടി. പ്രക്ഷോഭത്തിനിടെ മരിച്ച 600 കര്‍ഷകരുടെ ഭാര്യമാരുടെ താലിമാലകളെക്കുറിച്ച് മോദിക്ക് എന്തുകൊണ്ട് ആശങ്കയില്ലെന്നും മണിപ്പുരില്‍ പീഡനത്തിനിരയായി താലിമാല പോലും നഷ്ടമാകുംവിധം സ്ത്രീകള്‍ ദുരിതമനുഭവിച്ചപ്പോള്‍ എവിടെയായിരുന്നു പ്രധാനമന്ത്രിയെന്നും നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള മോദിയുടെ കരുതല്‍ എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. രാജ്യത്തിനു വേണ്ടി താലിമാല സമര്‍പ്പിച്ച ആളാണു തന്റെ അമ്മയെന്ന് അച്ഛന്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ച് നേരത്തെ പ്രിയങ്ക മോദിയെ വിമര്‍ശിച്ചിരുന്നു.

◾ ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയില്‍ എത്തേണ്ടതെന്നും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 26ന് ജനങ്ങള്‍ അതാണ് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാര്‍ത്ഥികളെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുന്നതിലേക്ക് ബിജെപി മാറി എന്നും അദ്ദേഹം പറഞ്ഞു.

◾ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു. ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് താന്‍ എന്ത് പിഴച്ചു?. എനിക്ക് നല്ലൊരു പട്ടിയുണ്ട്, ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ല എന്ന് അദ്ദേഹം പരിഹസിച്ചു.
 
◾ പരാജയ ഭീതിയില്‍ വോട്ടെടുപ്പിന് മുന്‍പേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റു. നിരവധി കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വി ഡി സതീശന്‍ പറയുന്നത്.

◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭാരത സംസ്‌ക്കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായം ചെയ്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെങ്കിലും പറഞ്ഞതില്‍ നിലപാട് വ്യക്തമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

◾ ബിജെപിയുടെ പ്രതിനിധി ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ കേരളത്തിന് ലഭിക്കില്ലെന്നും അതുകൊണ്ട് ബിജെപി പ്രതിനിധി ജയിക്കണമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവര്‍ക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

◾ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. കാണാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരിപറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

◾ കരുവന്നൂര്‍ കേസില്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 29ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

◾ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരത്ത് മത്സരം എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതിന്റെ മുഖ്യഎതിരാളി ആര്‍എസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

◾ തൃശ്ശൂര്‍ പൂരത്തിനിടയില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അനാവശ്യ ഇടപെടല്‍ കാരണം വെടിക്കെട്ട് വൈകിയെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

◾ സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

◾ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് വി ഡി സതീശന്‍. പാചകവാതകം പെട്രോള്‍ എന്നിവയുടെ വില കുറക്കും, 15 ലക്ഷം അക്കൗണ്ടില്‍ ലഭിക്കും, കര്‍ഷകന്റെ വരുമാനം കൂട്ടും എന്നീ ഗ്യാരണ്ടികള്‍ ഒന്നും ഇതുവരെ പാലിച്ചിട്ടില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്റെ വില പോലുമില്ല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്നും ഏതെങ്കിലും മണ്ഡലങ്ങളില്‍ പരാജയം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

◾ ശശി തരൂരിനെതിരെ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്. താങ്കള്‍ക്കുള്ള മറുപടി ജനങ്ങള്‍ തരുമെന്നും കടകംപള്ളി പറഞ്ഞു.

◾ പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി അധികൃതര്‍ . മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ, ഹരിതകര്‍മ്മസേനയ്‌ക്കോ കൈമാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

◾ കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം അവസാനിപ്പിച്ചു. ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവത്തില്‍ ഉത്തരമേഖല ഐജി അന്വേഷണം ആരംഭിച്ചത്.

◾ വനിതകള്‍ക്കും, അംഗപരിമിതര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, അന്ധര്‍ക്കും ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇവര്‍ക്കായി നല്‍കിയിരിക്കുന്ന നമ്പറുകളിലെ സീറ്റുകളിലും ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിംഗും ഒഴിവാക്കിയിട്ടുണ്ട്.

◾ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍. പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ അവധിക്കായി നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനുശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ളവരെ ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

◾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത തേടിയിരുന്നു. വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ എന്താണ് ചെയ്യുന്നതെന്നതടക്കമുള്ള കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

◾ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നതെന്നും ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

◾ മട്ടന്നൂരില്‍ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പോളിംഗ് ദിനത്തില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് യു ഡി എഫ്. ഇതിനാല്‍ കണ്ണൂരിലെ മുഴുവന്‍ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് യു ഡി എഫ് കത്ത് നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് മട്ടന്നൂര്‍ കോളാരിയില്‍ സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.

◾ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിദര്‍ഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗഡ്കരിക്ക് ഉടന്‍ വൈദ്യ സഹായം നല്‍കി. ചൂട് താങ്ങാന്‍ കഴിയാതെയാണ് വീണുപോയത്. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത പര്യടന കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്നും ഗഡ്കരി സമൂഹമാധ്യമത്തില്‍ കുറിച്ചു.

◾ ലഖ്നൗവിലെ കനൗജില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കും. ഇന്ന് അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു. കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ മാറ്റിയിട്ടാണ് അഖിലേഷ് യാദവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

◾ കോണ്‍ഗ്രസിനെതിരായ താലിമാല പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എംപിയും സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ്. പുല്‍വാമയിലെ ജവാന്‍മാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാരെന്നും ജവാന്‍മാര്‍ക്ക് വിമാനം നല്‍കാതെ റോഡുമാര്‍ഗം കൊണ്ടുപോയത് എന്തിനാണെന്നും ഡിംപിള്‍ യാദവ് ചോദിച്ചു.

◾ ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് റണ്‍സിന് പൊരുതി തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സ് 43 പന്തില്‍ 88 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 43 പന്തില്‍ 66 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റയും കരുത്തില്‍ 224 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീണു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും 14 റണ്‍സെടുക്കാനേ ഗുജറാത്തിനായുള്ളൂ.

◾ 2024 മാര്‍ച്ചില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ടെസ്ലയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 1.13 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.51 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 23.33 ബില്യണ്‍ ഡോളറില്‍ നിന്ന് 9 ശതമാനം ഇടിഞ്ഞ് 21.3 ബില്യണ്‍ ഡോളറായി. പാദഫലത്തില്‍ ഇടിവുണ്ടായിരുന്നെങ്കിലും ടെസ്ല ഓഹരി വില ഉയരുകയാണുണ്ടായത്. ഇലോണ്‍ മസ്‌കിന്റെ ചില പ്രഖ്യാപനങ്ങളാണ് ഓഹരി വില ഉയരാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ പുതിയ മോഡലുകള്‍ 2025ന്റെ തുടക്കത്തോടെ എത്തുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. നിലവിലുള്ള നിര്‍മ്മാണ സൗകര്യങ്ങള്‍ ഉപയോഗിച്ചാകും ഇവ പുറത്തിറക്കുക. 25,000 ഡോളര്‍ വരെ വില കുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. കൂടാതെ യു.എസ്, ചൈന, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളില്‍ വാഹന വില കുറയ്ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. മാത്രമല്ല മനുഷ്യനോട് സാമ്യമുള്ള ഹ്യുമനോയിഡ് റോബോട്ടുകളെയും അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയിലിറക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു. ഒപ്റ്റിമസ് എന്ന പേരില്‍ പുറത്തിറക്കുന്ന ഹ്യുമനോയിഡ് റോബോട്ടിനെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, റീറ്റെയ്‌ലിംഗ്, നിര്‍മാണം തുടങ്ങി പല മേഖലകളിലും ഉപയോഗിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ടെസ്ലയുടെ ഓഹരി വില ഉയര്‍ന്നത്. നിലവില്‍ 1.85 ശതമാനം ഉയര്‍ച്ചയോടെ 144.68 ഡോളറാണ് ടെസ്ല ഓഹരികളുടെ വില. പാദഫല പ്രഖ്യാപനവേളയില്‍ ടെസ്ല ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം പേരെ കൂടി പിരിച്ചുവിടുമെന്നും കമ്പനി അറിയിച്ചു.

◾ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് 'ബറോസ്'. ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ് എന്നതും കൌതുകം. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മട്ടില്‍ സെറ്റില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഒപ്പം ബറോസ് എന്ന കഥാപാത്രമായി മാറുന്ന അഭിനേതാവായ മോഹന്‍ലാലിനെയും. മോഹന്‍ലാലിന് സഹായവുമായി സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമുണ്ട്. 3.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ ബിടിഎസ് വീഡിയോയില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് അവസാനം അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിലെ ഏതാനും സ്റ്റില്ലുകളാണ്. ഇതിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്.

◾ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 16 ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. കോക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സായ് കുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഫാമിലി എന്റര്‍ടെയ്നര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികള്‍.

◾ ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്ളര്‍ 400 എക്സ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒമ്പത് മാസത്തിലേറെയായി. ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400എക്സ് എന്നിവയുടെ വിലയില്‍ 1500 രൂപ വര്‍ധിച്ചു. വിലവര്‍ദ്ധനവിന് ശേഷം മോട്ടോര്‍സൈക്കിളുകളുടെ വില യഥാക്രമം 2,34,497 രൂപയും 2,64,496 രൂപയുമാണ്. ട്രയംഫ് സ്പീഡ് 400 2.33 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയപ്പോള്‍ ആദ്യ 10,000 ബുക്കിംഗുകളുടെ പ്രാരംഭ വില 2.23 ലക്ഷം രൂപയായിരുന്നു. സ്‌ക്രാമ്പ്ളര്‍ 400എക്സ് 2,62,996 രൂപയ്ക്ക് പുറത്തിറക്കി. കെടിഎമ്മിനെ അപേക്ഷിച്ച് ട്രയംഫ് 400 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോഴും താങ്ങാനാവുന്ന വിലയാണ്. ഇത് നിര്‍മ്മിക്കുന്നതും ബജാജാണ്. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 39.5 ബിഎച്പി കരുത്തും 37.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ചുചെയ്യാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയവ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

◾ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭാവനയ്ക്കനുസരിച്ച് ചിത്രികരിക്കുന്ന അനിമേഷന്‍ ചിത്രങ്ങള്‍. നിരവധി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനിമേഷന്‍ മേഖലയിലെ വിവിധ കേഴ്സുകളെക്കുറിച്ചും നിര്‍മ്മാണ പ്രക്രിയയെ ക്കുറിച്ചും ഏവര്‍ക്കും ഉപയോഗപ്രദമാകും വിധം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. 'അനിമേഷന്റെ ഉള്ളറകള്‍'. രാജേഷ് കുമാര്‍ എ.ആര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 119 രൂപ.