◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗില്‍ ജനവിധിയെഴുതുക.
◾ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റെ മുദ്രപേറുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിനായിരുന്നു ഖാര്‍ഗേയുടെ മറുപടി. ചിലത് മുസ്ലിംകള്‍ക്ക് മാത്രമാണെന്ന് ഞങ്ങള്‍ എവിടെയാണ് പറയുന്നതെന്നും എല്ലാവര്‍ക്കുമായിട്ടാണ് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. അദ്ദേഹത്തിന് സമൂഹത്തെ ഭിന്നിപ്പിക്കണമെന്നും അതിനാലാണ് നിരന്തരം ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
◾ പ്രകടനപത്രികയിലെ വിവരങ്ങള്‍ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോണ്‍ഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണു പരാതി. സമൂഹത്തില്‍ തുല്യമായ വികസനം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയാണ് ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്തു കോണ്‍ഗ്രസ് വീതിച്ചു കൊടുക്കുമെന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം സിപിഎം സുപ്രീംകോടതിയില്‍ ഉന്നയിക്കും. സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കുമെന്നാന്ന് റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വൃന്ദ കാരാട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും ആ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് സൂചന.
◾ സംസ്ഥാനത്തെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെയും മറ്റു ബിഷപ്പുമാരെയും കാണാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന ഇന്ന് കേരളത്തിലെത്തുന്നു. കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടേലുമായി ഇന്ന് ആദ്യ കൂടിക്കാഴ്ച. പിന്നീട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും അദ്ദേഹം കാണും.
◾ പി വി അന്‍വറിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അന്‍വറിനെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിച്ചത് ഗാന്ധി കുടുംബത്തോടു കാണിക്കുന്ന ക്രൂരതയാണെന്നും കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന്‍ പരിഹസിച്ചു.
◾ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി . കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 നാണ്. അന്നേദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം . കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി. വളരെ ലാഘവത്തോടെയാണ് റെയില്‍ പൊലീസ് പെരുമാറിയതെന്ന് ടിടിഇ ആരോപിച്ചു. ട്രെയിനില്‍ കൂടെ വരാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഇ കുറ്റപ്പെടുത്തി.
◾ ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി കെ കെ ശൈലജ സൈബര്‍ അധിക്ഷേപം ചൂണ്ടിക്കാട്ടി വക്കീല്‍ നോട്ടീസ് അയച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പിന്‍വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കെകെ ശൈലജ പറഞ്ഞു.
◾ കെ.കെ. ശൈലജയ്ക്കും എം.വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യാജ വീഡിയോയുടെ പേരില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.
◾ ഭിന്നിപ്പിന്റെ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
◾ ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരെ ബി ജെ പി യിലെത്തിക്കാന്‍ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു. എന്നാല്‍ നീക്കം പാളിയെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. പോണ്ടിച്ചേരി ലഫ്റ്റ്നെന്റ് ഗവര്‍ണറാകാന്‍ ശോഭ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നും വിവരങ്ങള്‍ എല്ലാം തനിക്കറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു.
◾ ആലപ്പുഴയില്‍ താന്‍ ജയിക്കുമെന്നത് മുന്നില്‍ കണ്ടാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍. പിണറായിയോളം തലപ്പൊക്കമുളള ഒരു സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടി തങ്ങളുടെ ബിജെപി ദേശീയ ഓഫീസില്‍ നിരങ്ങിയവനാണ് ദല്ലാള്‍ നന്ദകുമാറെന്നും, കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാന്‍ ദല്ലാള്‍ ചോദിച്ചതെന്നും ശോഭ പറഞ്ഞു. ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് 10 ലക്ഷം രൂപ താന്‍ വാങ്ങിയതെന്നും ശോഭ വിശദീകരിച്ചു.
◾ ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി ബന്ധപ്പെട്ട് 'പിവി' താനല്ല എന്നാണ് പിണറായി പറഞ്ഞതെന്നും എന്നാല്‍ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ലെന്നും ഷാജി പറഞ്ഞു. വീണയ്ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോയെന്നും ഷാജി ചോദിച്ചു. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യുമെന്നും അപ്പോള്‍ ഞഞ്ഞാപിഞ്ഞാ ന്യായം പറയരുതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
◾ കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പരവൂര്‍ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
◾ കളമശേരി സ്ഫോടന കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമാനിക്കാണ് കേസിലെ ഏക പ്രതി. കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്.
◾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷര്‍ ഓഫീസിന് മുന്നിലെ റോഡിലേക്ക് നീട്ടി. റിപ്പോര്‍ട്ട് കിട്ടും വരെ സമരം തുടരാനാണ് തീരുമാനം. സംഭവത്തില്‍ ഉത്തരമേഖല മേഖല ഐജി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം തേടി. ഗൈനക്കോളജിസ്റ്റ് കെവി പ്രീതിക്കെതിരായ കേസില്‍ അന്വേഷണറിപ്പോര്‍ട്ട് അഞ്ച് മാസത്തിലേറെയായിട്ടും അതിജീവിതയ്ക്ക് കൈമാറാത്തതില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷണര്‍ക്ക് ഐജി നിര്‍ദ്ദേശം നല്‍കിയത്.
◾ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പൊലീസില്‍ പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ആണ് പരാതിക്കാരന്‍. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്നാണ് മോദി രാജസ്ഥാനിലെ റാലിയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകള്‍.
◾ സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മോചന ദ്രവ്യം കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഉത്സവ നടത്തിപ്പില്‍ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തൃശ്ശൂര്‍ പൂരത്തിനിടയെ ഉണ്ടായ പ്രശ്നങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി സിപിഎം കള്ള വോട്ടിനു ശ്രമിക്കുന്നുവെന്ന ആന്റോ ആന്റണിയുടെ ആരോപണം പരാജയ ഭീതി മൂലമെന്ന് ഡോ. തോമസ് ഐസക്. പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ. പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ആന്റോ ആന്റണി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അമ്പത്തിനായിരം വോട്ടിനു പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിന്റെ ക്ഷേമപെന്‍ഷന്‍, സര്‍വീസ് പെന്‍ഷന്‍, ശമ്പള കുടിശ്ശികകള്‍ മുഴുവന്‍ കൊടുത്ത് തീര്‍ക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രം ഇനി പണം അനുവദിക്കുമ്പോള്‍ പെന്‍ഷന്‍, ശമ്പളം തുടങ്ങിയ കുടിശികകള്‍ ആദ്യം കൊടുത്തു തീര്‍ക്കണമെന്ന് നിബന്ധന വയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി.
◾ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റെയില്‍വെ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.
◾ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് കരുവന്നൂര്‍ കേസില്‍ വീണ്ടും ഇഡിയുടെ സമന്‍സ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാണം. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച സമന്‍സുകളില്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. ആറാം തവണയാണ് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
◾ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ നിരോധനം. ഇന്ന് വൈകിട്ട് 6 മണി മുതല്‍ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടുദിവസത്തേക്ക് അടച്ചിട്ടും. ഇന്ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍, 26 ന് വൈകിട്ട് 6 മണിക്ക് ശേഷം മാത്രമേ തുറക്കുകയുള്ളു. ഫലമറിയുന്ന ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.
◾ ലൈംഗിക അതിക്രമ പരാതിയില്‍ ചെന്നൈയിലെ 'കലാക്ഷേത്രയില്‍' മലയാളി അധ്യാപകന്‍ അറസ്റ്റിലായി. കലാക്ഷേത്രയിലെ അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റില്‍ ആയത്. 2007ല്‍ കലാക്ഷേത്രയില്‍ പഠിച്ച വിദേശത്തുള്ള യുവതി ഓണ്‍ലൈന്‍ വഴിയാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.
◾ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
◾ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനിയെ കാണാതായതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുംഭാനിയുടെ തിരോധാനം.
◾ ബസ്സുകളില്‍ സീറ്റുറപ്പിക്കാന്‍ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുല്‍ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. 15 വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് ചെയ്യാന്‍ കഴിയാത്തത് താന്‍ അഞ്ചുവര്‍ഷംകൊണ്ട് ചെയ്തെന്ന് സ്മൃതി ഇറാനി പറഞ്ഞു.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആറ് വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 60 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്കവാദിന്റേയും 27 പന്തില്‍ 66 റണ്‍സെടുത്ത ശിവം ദുബെയുടേയും കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 63 പന്തില്‍ പുറത്താകാതെ 124 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ കരുത്തില്‍ ലക്ഷ്യത്തിലെത്തി.
◾ രാജ്യത്തെ അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് സര്‍ക്കാര്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ പൊതു ഓഹരിയുടമകളുടെ കൈവശമായിരിക്കണമെന്ന സെബിയുടെ നിബന്ധന പാലിക്കാത്തതിനാലാണ് ഈ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. ലിസ്റ്റഡ് കമ്പനികളില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന നിബന്ധന പാലിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഓഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍, തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് ഓഹരി കൈമാറല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കാം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 3.62 ശതമാനവും യൂക്കോ ബാങ്കില്‍ 4.61 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 6.92 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 13.54 ശതമാനവും മാത്രമാണ് പൊതു ഓഹരികള്‍. ബാക്കി ഓഹരികള്‍ സര്‍ക്കാരാണ് കൈവശം വച്ചിരിക്കുന്നത്. അതായത് നിലവില്‍ ഈ നാല് ബാങ്കുകളിലും സര്‍ക്കാര്‍ പങ്കാളിത്തം 90 ശതമാനത്തില്‍ കൂടുതലാണ്. 18 മുതല്‍ 23 ശതമാനം വരെ ഓഹരി പങ്കാളിത്തം കുറയ്‌ക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പൊതു ഓഹരി പങ്കാളിത്തം 23.01 ശതമാനത്തില്‍ നിന്ന് 25.24 ശതമാനം ആക്കിയിരുന്നു. 3,000 കോടി രൂപയാണ് ബാങ്ക് സമാഹരിച്ചത്.
◾ വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ' എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളികളുടെ നായകനായി അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തില്‍. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാര്‍ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തെത്തും. അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം നൂറില്‍പ്പരം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' എന്ന സിനിമയുടെ ചിത്രീകരണം അങ്കമാലിയില്‍ പൂര്‍ത്തിയായി. സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിറാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകരുന്നു.
◾ അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ. ഈ എസ്യുവി ക്രാഷ് ടെസ്റ്റ് ഏജന്‍സിയുടെ വണ്‍-സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. സമീപകാലത്ത് മഹീന്ദ്ര എസ്യുവി നേടിയ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. പരീക്ഷിച്ച ബൊലേറോ നിയോ മോഡലിന് രണ്ട് എയര്‍ബാഗുകളാണ് ഉണ്ടായിരുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളില്‍ ഇത് മോശമായി സ്‌കോര്‍ ചെയ്തു. ഏജന്‍സിയുടെ പുതിയ സുരക്ഷാ ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലാണ് ഗ്ലോബല്‍ എന്‍സിഎപി മഹീന്ദ്ര ബൊലേറോ നിയോ പരീക്ഷിച്ചത്. ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് സംരക്ഷണം കുറവാണെന്ന് ക്രാഷ് ടെസ്റ്റ് കാണിച്ചു. എസ്യുവിക്ക് അസ്ഥിരമായ ഘടനയും അസ്ഥിരമായ ഫുട്വെല്‍ ഏരിയയും മോശം പാദ സംരക്ഷണവും മുന്‍ നിരയിലെ യാത്രക്കാര്‍ക്ക് ദുര്‍ബലമായ നെഞ്ച് സംരക്ഷണവും ഉണ്ടെന്ന് ഏജന്‍സി പറഞ്ഞു. എസ്യുവിക്ക് സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ നല്‍കുന്നില്ല, ഇത് മോശം സ്‌കോറിന് കാരണമായി. എല്ലാ വരികളിലും മൂന്ന് പോയിന്റ് ബെല്‍റ്റുകളുടെ അഭാവം മൂലം മഹീന്ദ്ര ബൊലേറോ നിയോയും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ മോശം സ്‌കോര്‍ നേടി. മധ്യനിരയിലെ ബെഞ്ച് സീറ്റുകള്‍ എല്ലാ യാത്രക്കാര്‍ക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.
◾ ജീവിതത്തില്‍ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരല്‍ കൊണ്ടെങ്കിലും കോര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന, തുളുമ്പിപോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണിത്. ഈ പുസ്തകത്തില്‍ തെളിമയില്‍ ജീവിതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പുസ്തകം ഒരു കുമ്പിള്‍ നിറയെ ജീവിതം നീട്ടുന്നു. നിങ്ങള്‍ക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം. 'ഇനി പറയുമോ ജീവിതത്തില്‍ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്'. 15 -ാം പതിപ്പ്. നൗഫല്‍ എന്‍. പ്രൊവ്ഡ ബുക്സ്. വില 171 രൂപ.
◾ ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍ കഴിയുന്ന എഐ മോഡല്‍ വികസിപ്പിച്ചെടുത്ത് ലക്സംബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. വാണ്‍ (വാണിങ് ഓഫ് ഏട്രിയല്‍ ഫൈബ്രിലേഷന്‍) എന്നാണ് ഇതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. മോഡല്‍ വികസിപ്പിക്കുന്നതിനായി ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡുകള്‍ ടീം പരീക്ഷിച്ചതായും ജേര്‍ണല്‍ പാറ്റേണ്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നറിയിപ്പ് നല്‍കുന്നത്. ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പല ലയറുകളിലൂടെ കടന്നു പോയതിന് ശേഷമാണ് എഐ മുന്നറിയപ്പ് നല്‍കുന്നത്. ആഴമേറിയ പഠനത്തിന് ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ഘട്ടങ്ങള്‍ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് രോഗികള്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തുക. കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാവുന്നതിനാല്‍ വാണ്‍ നമ്മുക്ക് സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവയുമായി സംയോജിപ്പിക്കാവുന്നതാണ്. ഇവ രോഗികള്‍ ദിവസേന ഉപയോഗിക്കുന്നതിനാല്‍ ഫലങ്ങള്‍ തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പു നല്‍കാനും സാധിക്കും.
*ശുഭദിനം*
അന്ന് രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂളിന് മുന്നിലെ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ഈ സ്‌കൂളില്‍ നിങ്ങളുടെ വളര്‍ച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ മരണമടഞ്ഞിരിക്കുന്നു. മൃതദേഹം ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ശവസംസ്‌കാര ശുശ്രൂഷക്ക് എല്ലാവരേയും ക്ഷണിക്കുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകരിലാരോ ഒരാള്‍ മരിച്ചതിന്റെ ആഘാതം ആദ്യം ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളര്‍ച്ചക്ക് തടസ്സം നിന്ന വ്യക്തി ആരാണെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായി. അവര്‍ ഓരോരുത്തരായി ശവമഞ്ചത്തിലേക്ക് എത്തിനോക്കി. എല്ലാവരും ഞെട്ടി പിന്മാറി. കാരണം അതിനുള്ളില്‍ വെച്ചിരുന്ന എല്ലാ കണ്ണാടികളിലും അവരുടെ പ്രതിബിംബമാണ് പ്രതിഫലിച്ചത്. അപ്പോഴാണ് അവര്‍ കണ്ണാടിക്കരികിലെ ഒരു കുറിപ്പ് കണ്ടത്. നിങ്ങളുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കാന്‍ ഒരാള്‍ക്കേ കഴിയൂ.. ആ വ്യക്തി നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ മാറിയതുകൊണ്ടോ, മേലധികാരികള്‍ മാറിയതുകൊണ്ടോ സ്‌കൂള്‍ മാറിയതുകൊണ്ടോ നിങ്ങളുടെ ജീവിതം മാറുന്നില്ല. നിങ്ങളുടെ ജീവിതത്തിന് മാറ്റം വരണമെങ്കില്‍ അതിന് നീ തന്നെ മാറണം. കുറിപ്പ് വായിച്ചവര്‍ അത് ശരിവെച്ചു.. മാറ്റം അത് നമ്മില്‍ നിന്നു തന്നെ തുടങ്ങണം. മാത്രമല്ല, അത് ഇന്നുതന്നെ ആരംഭിക്കുകയും വേണം. ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിത്തില്‍ മാറ്റങ്ങള്‍ വരുന്നില്ല.. നമ്മുടെ ജീവിതത്തിന്റെ അതിര്‍വരുമ്പുകള്‍ നിശ്ചയിക്കുന്ന വിശ്വാസങ്ങളില്‍ നിന്നും പുറത്ത് കടക്കാന്‍ നമുക്കാകണം. ഒരു കോഴിമുട്ട പുറത്ത് നിന്ന് പൊട്ടുമ്പോള്‍ അതിലെ ജീവന്‍ ഇല്ലാതാകുന്നു... എന്നാല്‍ അത് ഉള്ളില്‍ നിന്നുളള ശക്തിയാല്‍ പൊട്ടുമ്പോള്‍ അവിടെ ഒരു ജീവന്റെ ആരംഭമാണ് സംഭവിക്കുന്നത്. മഹത്തായ കാര്യങ്ങള്‍ പിറവിയെടുക്കുന്നത് നമ്മുടെ ഉളളിലാണ്.. അതെ, മാറ്റം നമ്മളില്‍ നിന്നുമാകട്ടെ.. - *ശുഭദിനം.*