*പ്രഭാത വാർത്തകൾ*2024 | ഏപ്രിൽ 23 | ചൊവ്വ |

◾ രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാല്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷന്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

◾ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗമധ്യേയുള്ള ആരോപണം.

◾ രാജസ്ഥാന്‍ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം ഡല്‍ഹി പൊലീസിന് പരാതി നല്‍കി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ദില്ലി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദര്‍ സിങ് ഗ്രെവാളുമാണ് പരാതി നല്‍കിയത്. ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി അയച്ചുകൊടുത്തെന്ന് സിപിഎം അറിയിച്ചു.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം തീര്‍ത്തും രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും, പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾ തൃശൂര്‍ പൂരം നടത്തിപ്പില്‍ പൊലീസ് ഇടപെടാത്ത വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും പൊലീസ് സുരക്ഷ മാത്രം നോക്കിയാല്‍ മതിയെന്നും തിരുവമ്പാടി ദേവസ്വം. പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങള്‍ക്കാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ ഉദ്യോഗസ്ഥ താല്‍പ്പര്യത്തിനു മാറ്റാന്‍ അനുവദിക്കില്ലെന്നും വേറെ ആരും അതില്‍ കൈകടത്തേണ്ടതില്ലെന്നും ദേവസ്വം അധികൃതര്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയെ ആരും വിളിച്ചുവരുത്തിയതല്ലെന്നും അദ്ദേഹത്തിന്റെ പി.എ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും പറഞ്ഞ ദേവസ്വം അധികൃതര്‍ പൂരത്തില്‍ രാഷ്ട്രീയം കൊണ്ടു വരരുതെന്നും അഭിപ്രായപ്പെട്ടു.

*വാർത്തകൾ വേഗത്തിൽ അറിയാൻ👇*
 https://chat.whatsapp.com/ChgMRGWAN7y4GhdbpHg2S0


◾ പോണ്‍ വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചര്‍ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.

◾ തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഇടതുപക്ഷം വലിയ തെറ്റുചെയ്തുവെന്ന് നടന്‍ പ്രകാശ് രാജ്. രണ്ട് മതേതര മുന്നണികളെ തമ്മിലടിപ്പിച്ച് വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിച്ച് ആനുകൂല്യം നേടുകയെന്ന ബി.ജെ.പിയുടെ കെണിയില്‍ എല്‍.ഡി.എഫ്. വീഴരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

◾ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാ നേതൃത്വം അറിയിച്ചു. സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ അനിലിന് സ്വീകരണം നല്‍കി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപി ക്ക് പരസ്യ പിന്തുണ നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഭകള്‍ പിന്തുണയുമായി വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു അറിയിച്ചു.

◾ കേരളത്തിലെ കുറച്ച് കോണ്‍ഗ്രസ് നേതാക്കള്‍, എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ സഹകരണം എന്ന രീതിയിലാണ് ചര്‍ച്ചനടത്തിയതെന്നും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണില്‍ ബന്ധപെടാന്‍ കഴിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

◾ തനിക്ക് കൂടുതല്‍ പിന്തുണ തന്നത് ഇടത് സര്‍ക്കാരാണെന്നും നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയനാണെന്നും പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എവി ഗോപിനാഥ്. ഒരു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്താതിരുന്നിട്ടും തന്നെ കോണ്‍ഗ്രസ് പുറത്താക്കി. പിണറായി വിജയനൊപ്പമുള്ള ഫ്ലക്സ് ബോര്‍ഡ് ഉയര്‍ത്തിയ അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
◾ പൊന്നാനി സമസ്ത കൂട്ടായ്മയെന്ന പേരില്‍  മുസ്ലിം ലീഗ് നേതൃത്വത്തെ പരിഹസിക്കുന്ന ചോദ്യാവലിയുമായി സമസ്തയിലെ ഒരു വിഭാഗം. ചോദ്യാവലി ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്.ഹംസയെ പിന്തുണച്ചും ലീഗ് നേതൃത്വത്തെ ആക്ഷേപിച്ചുമുള്ളതാണ്. സമസ്ത ഉള്‍പ്പടെ ലീഗിന് വോട്ട് ചെയ്തിരുന്നവര്‍ ഇത്തവണ മാറിചിന്തിക്കുമെന്ന് കെ.എസ്.ഹംസ  പറഞ്ഞു.

◾ പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാന്‍ മൂന്നംഗ സമിതി. രാഷ്ട്രീയ  ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കും. ബിഎല്‍ഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന  കേസ് അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയത് ജില്ലാ കളക്ടര്‍ ആണ് . ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മയുടെ പേരില്‍ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ്  പരാതിക്ക് ഇടയാക്കിയത്.

◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. അതേസമയം കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

◾ ദിവസങ്ങളോളം   മില്‍മ പാല്‍  കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.

◾ കെഎസ്ആര്‍ടിസി ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചു. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്  അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

◾ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി  നല്‍കേണ്ട പണത്തില്‍ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കോടതി 12 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലും ഹെല്‍ത്ത് വിഭാഗത്തിലും ഉദ്യോഗസ്ഥരായിരുന്ന  തിരുവനന്തപുരം കോര്‍പറേഷനിലെ  രണ്ട് പേര്‍ക്ക്  ആണ് ശിക്ഷ വിധിച്ചത്.

◾ ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെന്റിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്. സ്റ്റെന്റില്ലാത്തതിനാല്‍ ഒരു ആശുപത്രിയിലും ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ല. ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കുറവുണ്ടായാല്‍ സ്റ്റെന്റുകള്‍ ആശുപത്രികളില്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

◾ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ  മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന. മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്‍പന കേന്ദ്രങ്ങളിലുമാണ്  സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധനകള്‍ നടത്തിയത്. മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 102 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

◾ തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ സംവിധാനമൊരുക്കി. വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.

◾ കോട്ടയത്ത് ബിഡിജെഎസിനെ വിമര്‍ശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിന്റേത് മാരീച രാഷ്ട്രീയമെന്നും മണ്ഡലത്തില്‍ പണമൊഴുക്കി വോട്ടു പിടിക്കാന്‍ ബിഡിജെഎസ് ശ്രമിക്കുകയാണെന്നും മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയില്‍ ഓര്‍മ്മപ്പെടുത്തുന്നു. തുഷാര്‍ വെള്ളാപ്പള്ളിയാണ് കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

◾ കോഴിക്കോട് മാവൂരില്‍ വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് 65 കാരനായ മാവൂര്‍ പനങ്ങോട് കുളങ്ങര ഹസൈനാര്‍ മരിച്ചു. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ കുത്തുകയായിരുന്നു. അതേസമയം വാല്‍പ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

◾ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് 60കാരിയെ കൊന്ന് സഹോദരന്‍ വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.  

◾ മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവ പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന് (8) ദാരുണാന്ത്യം. വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. സൈക്കിളില്‍ ഇരിക്കവെ പെട്ടെന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത് പതിക്കുകയുമായിരുന്നു.

◾ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എംഡിഎച്ച്, എവറസ്റ്റ് എന്നീ ഇന്ത്യന്‍ ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം. എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ കറി പൗഡര്‍, മിക്‌സഡ് മസാല പൊടി, സാമ്പാര്‍ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു. സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു

◾ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി വിചാരണക്കോടതി തള്ളി. പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ അദ്ദേഹത്തിനാവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

◾ രാജസ്ഥാനില്‍ പ്രസംഗമധ്യേയുള്ള മുസ്ലീം പരാമര്‍ശം വിവാദമായതോടെ അലിഗഡില്‍ മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് മോദിയുടെ പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും, മുസ്ലിം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെണ്‍കുട്ടികളുടെ കണ്ണീര്‍ താന്‍ തുടച്ചുവെന്നും, തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചുവെന്നും മുസ്ലീം സഹോദരിമാര്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിര്‍വാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.

◾ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കി. ശിവമൊഗ്ഗയില്‍ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാന്‍ തീരുമാനിച്ചത്.

◾ ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളില്‍ 100 ശതമാനത്തില്‍ അധികം വോട്ടുരേഖപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍. ഇതേതുടര്‍ന്ന് ത്രിപുര വെസ്റ്റ് മണ്ഡലത്തിലും രാംനഗര്‍ നിയമസഭാ സീറ്റിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. രണ്ടു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ സാധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിടെ പൂര്‍ണ പരാജയമായിരുന്നുവെന്നും ഇടതു മുന്നണി കണ്‍വീനര്‍ നാരായണ്‍ ഘര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ത്രിപുര റിട്ടേണിങ് ഓഫീസര്‍ വിശാല്‍ കുമാര്‍ ആരോപണത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.  

◾ ഗുജറാത്തില്‍ വോട്ടെടുപ്പിന് മുന്‍പ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ മുകേഷ് ദലാല്‍ വിജയിച്ചത്.

◾ ഗുജറാത്തില്‍ വോട്ടെടുപ്പിന് മുന്‍പ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ശനിയാഴ്ച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറുകയായിരുന്നു. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയില്‍ ഉള്‍പ്പെടുത്തി എന്ന് സത്യവാങ്മൂലം നല്‍കിയായിരുന്നു പിന്മാറ്റം. ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖം വീണ്ടും തുറന്ന് കാണിക്കപ്പെട്ടുവെന്നും, ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം കവര്‍ന്നെടുത്തുവെന്നും ഇത് അംബേദ്ക്കറുടെ ഭരണഘടനയെ തകര്‍ക്കാനുള്ള മറ്റൊരു ശ്രമമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

◾ പശ്ചിമബംഗാളില്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ  25,753 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമിക്കപ്പെട്ടവരില്‍ ഒരാളായ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന സോമദാസിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാനും കോടതി ഉത്തരവിട്ടു.

◾ ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്  മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ രാജകീയ ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 65 റണ്‍സെടുത്ത തിലക് വര്‍മയുടേയും 49 റണ്‍സെടുത്ത നെഹാള്‍ വധേരയുടേയും കരുത്തില്‍ 179 റണ്‍സെടുത്തു. നാലോവറില്‍ 18 റണ്‍സ് മാത്രം നല്‍കി 5 വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് മികച്ച ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ നിന്നും മുംബൈയെ തടയിട്ടത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 35 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍  18.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 60 പന്തില്‍ 104 റണ്‍സെടുത്ത് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

◾ വിവിധ ലോഹങ്ങള്‍ ഉത്പാദിപ്പിക്കുന്ന വേദാന്ത ഗ്രൂപ്പില്‍പ്പെട്ട ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ലോകത്തെ മൂന്നാമത്തെ വലിയ വെള്ളി ഉത്പാദക കമ്പനിയായി മാറി. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വേള്‍ഡ് സില്‍വര്‍ സര്‍വേ 2024ലാണ് പ്രഖ്യാപനം. 2023ല്‍ 746 മെട്രിക്ക് ടണ്‍ ഉത്പാദിപ്പിച്ചു കൊണ്ടാണ് ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിക്ക് ലോക അംഗീകാരം നേടാന്‍ സാധിച്ചത്. ഹിന്ദുസ്ഥാന്‍ സിങ്ക് ഉടമസ്ഥതയിലുള്ള രാജസ്ഥാനിലെ സിന്ദേശ്വര്‍ ഖുര്‍ദ് ഖനിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വെള്ളി ഉത്പാദക ഖനിയായി മാറിയത്. 2023ലെ മൊത്തം ഉത്പാദനം 538.64 ടണ്‍. ഹിന്ദുസ്ഥാന്‍ സിങ്ക് വെള്ളി ഉത്പാദനത്തില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അടുത്തിടെ സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും കുതിച്ചുയര്‍ന്നത് കമ്പനിക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി വില ഏപ്രില്‍ 12ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 437.80 രൂപയില്‍ എത്തി. കഴിഞ്ഞ 6 മാസത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി 30 ശതമാനം വര്‍ധിച്ചിരുന്നു. 2024-25ല്‍ വെള്ളി ഉത്പാദനം 750-775 മെട്രിക് ടണ്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 നാലാം പാദത്തില്‍ സിങ്ക് വില്‍പ്പന വര്‍ധിച്ചത് കൊണ്ട് ഈയം, വെള്ളി വില്‍പ്പനയില്‍ ഉണ്ടായ കുറവ് മൂലം കമ്പനിയുടെ വരുമാനത്തിലുണ്ടായ വലിയ ഇടിവ് തടയാന്‍ സഹായിച്ചു. നാലാം പാദത്തില്‍ വരുമാനം 21 ശതമാനം ഇടിവ് രേഖപ്പെടുത്തി -2038 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് നിര്‍മാണ മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു. ഇത് ഹിന്ദുസ്ഥാന്‍ സിങ്കിന് നേട്ടമാകുമെന്ന് കരുതാം.

◾ സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സ്വര്‍ണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ലോകേഷിന്റെ മുന്‍ സിനിമകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്ഷന്‍ അന്‍പറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

◾ നിവിന്‍ പോളി നായകനായെത്തുന്ന 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികില്‍. 'വേള്‍ഡ് മലയാളി ആന്തം' എന്ന പേരിലൊരുക്കിയ പാട്ടിനു വരികള്‍ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവര്‍ ചേര്‍ന്നാണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സും ചേര്‍ന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിലും മുന്‍നിരയിലെത്തി. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ 'കൃഷ്ണ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 'ജനഗണമന' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി സുസുക്കി സ്വിഫ്റ്റ്. ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ സുസുക്കി സ്വിഫ്റ്റിനാണ് ജെ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ ലഭിച്ചത്. അടുത്ത മാസം ആദ്യം പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. വിവിധ ഘട്ടങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന് 197ല്‍ 177.8 പോയിന്റ് നേടി. ജാപ്പനീസ് വിപണിയില്‍ വില്‍ക്കുന്ന എഡിഎഎസ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടണമസ് എമര്‍ജന്‍സി ബ്രേക്കിങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുള്ള ഉയര്‍ന്ന മോഡല്‍ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. പ്രവന്റീവ് സേഫ്റ്റി പെര്‍ഫോമന്‍സ് ഫ്രണ്ട്, ടെസ്റ്റില്‍ 89ല്‍ 88.7 പോയിന്റോടെ സ്വിഫ്റ്റ് 'എ' ഗ്രേഡ് കരസ്ഥമാക്കി. കോളിഷന്‍ ടെസ്റ്റില്‍ 100 ല്‍ 81.1 പോയിന്റോടെ 'ബി' ഗ്രേഡും സ്വിഫ്റ്റിന് ലഭിച്ചു. മുന്‍ ക്രാഷ് ടെസ്റ്റ് (55 കി.മീ വേഗം) ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റ് (64 കി.മീ), സൈഡ് ഇംപാക്റ്റ് ക്രാഷ് ടെസ്റ്റ് (55 കി.മീ), റിയര്‍ എന്‍ഡ് കൊളീഷന്‍ ക്രാഷ് ടെസ്റ്റ് എന്നിവയാണ് ജെ എന്‍സിഎപി നടത്തിയത്. മുന്‍ ക്രാഷ് ടെസ്റ്റില്‍ ഡ്രൈവരുടെ സുരക്ഷയില്‍ 12 ല്‍ 9.82 മാര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരുടെ സുരക്ഷയില്‍ 12 ല്‍ 11.22 മാര്‍ക്കും സ്വിഫ്റ്റിന് ലഭിച്ചു. എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.

◾ ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന ഓര്‍മ്മക്കുറിപ്പും. അംബേദ്കറുടെ ജീവിതദര്‍ശനവും ചിന്തകളും വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം. 'ആത്മകഥാക്കുറിപ്പുകള്‍ - ബി.ആര്‍ അംബേദ്കര്‍'. പരിഭാഷ - പി.എ ഹമീദ്. മാതൃഭൂമി. വില 112 രൂപ.

◾ ഹൃദയസ്തംഭനം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം വാതില്‍ തുറക്കുന്ന ഒരു ശാരീരികാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.പലപ്പോഴും മുതിര്‍ന്നവരുമായി ബന്ധപ്പെട്ടാണ് നാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യതകളുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. പ്രായമായവരെ പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാമെന്ന് സ്വീഡനില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 1948നും 1968നും ഇടയില്‍ ജനിച്ച 1683 പേരുടെ ഡേറ്റ പഠനത്തിനായി ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ കൗമാരകാലം മുതലുള്ള ബോഡി മാസ് ഇന്‍ഡെക്‌സും (ബിഎംഐ) മധ്യവയസ്സുകളിലെ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും നിരീക്ഷിച്ചത്. ഇതില്‍ നിന്ന് കുട്ടിക്കാലത്തെ ശരാശരി ബിഎംഐയില്‍ ഉണ്ടാകുന്ന ഒരു യൂണിറ്റ് വര്‍ധന പുരുഷന്മാരുടെ മധ്യവയസ്സിലെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 1.30 എംഎംഎച്ച്ജിയുടെയും ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 0.75 എംഎംഎച്ച്ജിയുടെയും വര്‍ധനയുണ്ടാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേ പോലെ യൗവനാരംഭത്തിലെ ശരാശരി ബിഎംഐയില്‍ ഉണ്ടാകുന്ന ഒരു യൂണിറ്റ് വര്‍ധന പുരുഷന്മാരുടെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 1.03 എംഎംഎച്ച്ജി വര്‍ധനയും ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 0.53 എംഎംഎച്ച്ജി വര്‍ധനയും ഉണ്ടാക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ ഇത് യഥാക്രമം 0.96 എംഎംഎച്ച്ജിയുടെയും 0.77 എംഎംഎച്ച്ജിയുടെയും വര്‍ധനയാണ് ഉണ്ടാക്കുന്നത്. അതേ സമയം കുട്ടിക്കാലത്തെ ബിഎംഐ വര്‍ധന സ്ത്രീകളുടെ മധ്യവയസ്സുകളിലെ രക്തസമ്മര്‍ദ്ദ വര്‍ധനയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യം പഠനം അടിവരയിടുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍പറയുന്നു. മെയ് മാസത്തില്‍ ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബ്‌സിറ്റി സമ്മേളനത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.