◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇ.വി.എമ്മിനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്. വിവിപാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ഇന്ത്യ സഖ്യം നേരത്തെ ആവശ്യം ഉയര്‍ത്തിയെന്നും പക്ഷെ വിഷയത്തില്‍ ഇന്ത്യ സഖ്യത്തെ കാണുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സുപ്രീം കോടതി നോട്ടീസിനു പിന്നാലെ ആരോപിച്ചു.
◾ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്നും മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂവെന്നും സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ചെറിയ കുറ്റകൃത്യങ്ങളെക്കാള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും സുരക്ഷയെയും ബാധിക്കുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടൂ.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ എത്തിച്ചത്. പ്രത്യേക ഡയറ്റിനുള്ള സൗകര്യവും, വായനക്കായി ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിനെതിരെ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
◾ അധിക വായ്പ എടുക്കാനുള്ള സാഹചര്യം ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് വിമര്‍ശനം. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് കോടതിയില്‍ തെളിവ് നല്‍കി ആവശ്യപ്പെടാന്‍ കഴിയാതെ പോയത്. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും കോടതി വിധിയില്‍ പറയുന്നു.
◾ കടമെടുപ്പ് കേസിലെ സുപ്രീം കോടതി വിധിയില്‍ പിണറായി സര്‍ക്കാരിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ . കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യത്തോടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്നും മുരളീധരന്‍ പറഞ്ഞു. കേസില്‍ അവസാനലാഭം കേസ് വാദിച്ച് രണ്ട് കോടി ലഭിച്ച കപില്‍ സിബലിന് മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. കോടതി ഇടക്കാല ഉത്തരവ് നല്‍കാത്ത സ്ഥിതിക്ക് ബാലഗോപാലിന്റെ ''പ്ലാന്‍ ബി'' എന്താണെന്ന് അറിയണമെന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
◾ ഭരണഘടനാ സ്ഥാപനങ്ങള്‍ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാന്‍ അനുവദിക്കാത്ത തരത്തില്‍ ഇടപെടല്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇപ്പോഴത്തെ രീതിയില്‍ വളര്‍ന്നു വരാന്‍ കാരണം കോണ്‍ഗ്രസ് നിലപാടില്‍ അയവു വരുത്തിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസാണ് ബി ജെ പിക്കു ഭരിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമാണെന്നും കോണ്‍ഗ്രസിനെതിരെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. രാഹുലിനെതിരെ ആര്‍എസ്എസ് നല്‍കിയിരിക്കുന്നത് 16 കേസുകളാണെന്നും പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു. മണിപ്പുരില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ആനി രാജയാണ് പോയതെന്നുമുള്ള തരത്തില്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
◾ ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയില്‍ പോകാതെ സിപിഎം സൂക്ഷിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചതെന്നും നുണ പ്രചരണങ്ങളിലൂടെയും കള്ള വാര്‍ത്തകളിലൂടെയും തന്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
◾ യുഡിഎഫ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അവരുമായി ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവണ്‍മെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
◾ കരുവന്നൂര്‍ ബാങ്ക് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജറാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുവെന്ന് എം എം വര്‍ഗീസ് പറഞ്ഞു.
◾ സിപിഎം രഹസ്യ അക്കൗണ്ടുകള്‍ എന്തിനാണ് സൂക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് ഇടപാട് സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍ സിപിഎം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാന പൊലീസിന്റെ ആവശ്യം തള്ളി ധനവകുപ്പ്. കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവിയാണ് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്‍ക്ക് മാത്രം 200 കോടി രൂപ നല്‍കാനുണ്ട്. അതേസമയം ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ ഇനി അനുവദിക്കില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.
◾ കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണന്‍ രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണന്‍ രാജിവെച്ചത്.
◾ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയും നാളെ ഉണ്ടാകും.
◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഉണ്ടായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം - ക്വലാലമ്പൂര്‍ സര്‍വീസ് ആഴ്ചയില്‍ നാല് ആക്കി വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◾ സുരേഷ് ഗോപിക്ക് വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനാണ് പരാതി നല്‍കിയത്. മാര്‍ച്ച് 30ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി.
◾ കേരളത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന്. ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് നിര്‍ദ്ദേശം നല്‍കിയതായി സമാജവാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സജി പോത്തന്‍ തോമസ് അറിയിച്ചു.
◾ ബലാത്സംഗ കേസില്‍ വ്യാജ രേഖ ഹാജരാക്കി മുന്‍കൂര്‍ ജാമ്യം നേടിയ മലയന്‍കീഴ് മുന്‍ എസ് എച്ച് ഒ എവി സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹര്‍ജിയിലാണ് നടപടി.
◾ റാന്നിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യും.10 ലക്ഷം രൂപ ഇന്നലെ തന്നെ നല്‍കാന്‍ തീരുമാനമായിരുന്നു. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടന്‍ നല്‍കും. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാര്‍ശ ചെയ്തു.
◾ വയനാട് സുഗന്ധിഗിരിയില്‍ നിന്ന് 20 മരങ്ങള്‍ക്ക് പകരം 71 മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. വീടുകള്‍ക്കും റോഡിനും ഭീഷണിയായ മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവില്‍ തടികള്‍ കടത്തിയത് ഉദ്യോഗസ്ഥരുടെ മൌനാനുവാദത്തോടെയെന്നാണ് ആരോപണം.
◾ സംസ്ഥാനത്ത് 12 ജില്ലകലില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം സെന്റ് ആന്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റര്‍ മര്‍ദിച്ചുവെന്നാണ് പരാതി.
◾ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എഎപി നേതാക്കളും മന്ത്രിമാരുമായ അതിഷി മര്‍ലേനയുടേയും സൗരഭ് ഭരദ്വാജിന്റേയും പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മന്ത്രിമാരായ ഇവര്‍ക്ക് കേസില്‍ ബന്ധമുള്ളതായിട്ടാണ് കെജ്രിവാള്‍ പറഞ്ഞതെന്നാണ് ഇ.ഡി.കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
◾ ഗ്യാന്‍വാപിയിലെ തെക്കന്‍ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
◾ വൈദ്യുതി നിരക്കില്‍ കുറവ് വരുത്തി കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍. നിരക്ക് മാറ്റം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 1 രൂപ 10 പൈസയാണ് കുറച്ചത് . 15 വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കുറയുന്നത്.
◾ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത് ആത്മഹത്യ ചെയ്തതിന് തുല്യമെന്ന് സിപിഎം ബീഹാര്‍ സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി. നിതീഷിന് വിശ്വാസ്യത നഷ്ടമായി കഴിഞ്ഞു. ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ബിജെപിക്ക് എതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ 30 സ്ഥലങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ചൈന പേര് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചലിലെ സ്ഥലപ്പേരുകള്‍ ചൈന മാറ്റിയതിനെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും അരുണാചല്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ചൈന സ്ഥലപ്പേരുകള്‍ മാറ്റിയതോടെ യാഥാര്‍ഥ്യം അല്ലാതാകുന്നില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍.
◾ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ അവരുടെ ഭാര്യമാരുടെ കൈവശമുള്ള ഇന്ത്യന്‍ സാരികള്‍ എന്തുകൊണ്ടാണ് ഉപേക്ഷിക്കാത്തത് എന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്‍ശിച്ചു.
◾ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്ററടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചു.
◾ ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയും കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ പി.രവിയച്ചന്‍ (96) അന്തരിച്ചു.
◾ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് 27 പന്തുകള്‍ ശേഷിക്കെ 6 വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മൂന്ന് മുന്‍നിര ബാറ്റര്‍മാരെ പുറത്താക്കിയ ട്രെന്റ് ബോള്‍ട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍ 54 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ കരുത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് കളികളില്‍ മൂന്നും ജയിച്ച രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
◾ ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷവും പണപ്പെരുപ്പവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അലയടിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലുണ്ടായത് മികച്ച വര്‍ധനയെന്ന് കണക്കുകള്‍. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയ നിക്ഷേപം 2.08 ലക്ഷം കോടി രൂപയാണ്. 1.2 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കടപ്പത്രങ്ങളും അവര്‍ വാങ്ങി. മൂലധന വിപണിയിലേക്ക് ആകെ എത്തിയ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപമാകട്ടെ 3.4 ലക്ഷം കോടി രൂപയും. തൊട്ടുമുമ്പത്തെ വര്‍ഷം (2022-23) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 37,632 കോടി രൂപ പിന്‍വലിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിദേശ നിക്ഷേപകര്‍ ഉഷാറോടെ തിരികെവന്നത്. 2021-22ല്‍ അവര്‍ 1.4 ലക്ഷം കോടി രൂപയും പിന്‍വലിച്ചിരുന്നു. 2020-21ല്‍ 2.74 ലക്ഷം കോടി രൂപ നിക്ഷേപമൊഴുക്കിയ ശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചത്. മികച്ച തിരിച്ചുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഓഹരികളിലെ അവരുടെ നിക്ഷേപ പങ്കാളിത്തം പക്ഷേ, ദശാബ്ദത്തിലെ താഴ്ചയിലാണുള്ളത്. ഇന്ത്യന്‍ ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 16.2 ശതമാനമേയുള്ളൂ വിദേശ നിക്ഷേപം. അമേരിക്കയിലെ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരണം സംബന്ധിച്ച ആശങ്കകളും മൂലം ഐ.ടി ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് മൊത്തം നിക്ഷേപ പങ്കാളിത്തത്തെ ബാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ധനകാര്യ ഓഹരികളിലും വിറ്റൊഴിയല്‍ സമ്മര്‍ദ്ദമുണ്ടായി.
◾ സൗബിന്‍ ഷാഹിര്‍, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആര്‍ദ്രതയും, ഹൃദയസ്പര്‍ശിയായും കൊച്ചു കൊച്ചു നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു. സാധാരണക്കാരനായ ബസ് കണ്‍ഡക്ടര്‍ സജീവന്റെയും മെഡിക്കല്‍ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്, ഇതിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ , എന്നിവര്‍ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടില്‍,അല്‍ഫി പഞ്ഞിക്കാരന്‍ സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ജക്സന്‍ ആന്റണിയുടേതാണ് കഥ.
◾ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുണര്‍തം ആര്‍ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച 'മായമ്മ' റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ, തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതില്‍ വേഷമിടുന്നുണ്ട്.
◾ ഹര്‍ഷവര്‍ദ്ധന്‍ റാണെ എന്ന പേര് കേട്ടാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് ഒട്ടും തന്നെയും പരിചയം കാണുകയില്ല. എന്നാല്‍ സനം തേരി കസം എന്ന ചിത്രത്തിലെ നായകനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന റാണെയുടെ സിനിമായാത്രകള്‍ക്കു ഇനി കൂട്ടാകുന്നത് ഇന്നോവ ഹൈക്രോസ് എം പി വിയാണ്. താരം തന്നെയാണ് പുതിയ എം പി വി വാങ്ങിയതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹൈക്രോസിന്റെ ഹൈബ്രിഡ് ടോപ് എന്‍ഡ് വേരിയന്റാണ് റാണെയുടെ ഗാരിജിലെത്തിയ പുതിയ വാഹനം. സൂപ്പര്‍ വൈറ്റ് നിറമാണ് വാഹനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഹൈക്രോസ് ഹൈബ്രിഡിന് എക്സ് ഷോറൂം വിലവരുന്നത് 25.03 ലക്ഷം മുതല്‍ 29.99 ലക്ഷം വരെയാണ്. ഇന്നോവ ഹൈക്രോസ് പെട്രോള്‍, പെട്രോള്‍ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ടോപ് മോഡലിലെ പെട്രോള്‍ എന്‍ജിന്‍ 2 .0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സ്‌ട്രോങ് ഹൈബ്രിഡ് യൂണിറ്റാണ്. 184 ബി എച്ച് പി കരുത്തും 205 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. 23.24 കിലോമീറ്റര്‍ മൈലേജും നല്‍കും.
◾ നിങ്ങളുടെ ശ്രദ്ധ പുനഃസജ്ജമാക്കാനും നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ ഏജന്റാകാനും ജീവിതത്തിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ക്കായി പരിശ്രമിക്കാനും സഹായിക്കുന്ന ലളിതമായ ഏഴ് ചക്രങ്ങള്‍ ദീപക് ചോപ്ര വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥ ശക്തിയുടെയും സമൃദ്ധിയുടെയും ജീവിതത്തിലേക്കുള്ള നിങ്ങളുടെ വഴികാട്ടിയാണ് ഈ പുസ്തകം. 'ധനികരാകാന്‍ ഉള്‍വഴികള്‍'. ദീപക് ചോപ്ര. വിവര്‍ത്തനം: എം. ശശിധരന്‍ നായര്‍. ഡിസി ലൈഫ്. വില 360 രൂപ.
◾ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സര്‍ ഉണ്ടാക്കിയേക്കും. ഇവയ്ക്ക് പുറമെ മാനസികമായ വിഷമതകളും വയറിനെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമാകുമത്രേ. വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചു തികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഇവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മറ്റ് ഉദരരോഗങ്ങളുടെ ലക്ഷണങ്ങളും സമാനമായതിനാല്‍ രോഗം നിര്‍ണയിക്കാന്‍ കൃത്യമായ പരിശോധന തേടേണ്ടത് അത്യാവശ്യമാണ്. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.
*ശുഭദിനം*
അവന്‍ ക്ലാസ്സില്‍ എപ്പോഴും മൗനിയായിരുന്നു. ആരോടും കൂട്ടുകൂടാതെ എപ്പോഴും ദുഃഖം കിനിയുന്ന കണ്ണുകളും താഴ്ത്തിപ്പിടിച്ച മുഖവുമായി തനിച്ചിരിക്കുന്നത് കാണാം. പുതുതായി വന്ന അധ്യാപകന്‍ കുറച്ച് ദിവസമായി അവനെ ശ്രദ്ധിക്കുകയാണ്. ഒരു ദിവസം അധ്യാപകന്‍ അവനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വിശേഷങ്ങള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: എനിക്ക് ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എപ്പോഴും അവ ഓര്‍മ്മയില്‍ വരും. അധ്യാപകന്‍ അവന് നാരങ്ങാവെള്ളം കൊടുത്തു. വെള്ളം കുടിച്ചപ്പോള്‍ അവന്റെ മുഖത്തൊരുഭാവവ്യത്യാസം. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഉപ്പ് കൂടുതലാണ്. ആ വെള്ളം വാങ്ങി കളയാനൊരുങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു: അതു കളയേണ്ട. കുറച്ച് മധുരംകൂടി ഇടുകയോ, വെള്ളം ചേര്‍ക്കുകയോ ചെയ്താല്‍ മതി. നാരങ്ങാവെള്ളത്തിന്റെ രുചി കൂട്ടാന്‍ ഉപ്പെടുത്ത് കളയുകയോ, വെള്ളം കളയുകയോ വേണ്ട , മധുരം കൂട്ടുകയോ വെള്ളം കൂട്ടുകയോ മതി എന്ന് നിനക്കറിയാം. ഇതെന്താണ് നീ ജീവിതത്തില്‍ കാണിക്കാത്തത്? അധ്യാപകന്റെ ചോദ്യം അവനെ ചിന്തിപ്പിച്ചു.. ജീവിതം മധുരതരമാക്കാനുളള ശ്രമങ്ങള്‍ അവന്‍ അവിടെനിന്നും ആരംഭിച്ചു. ഒരു ക്ഷതവുമേല്‍ക്കാതെ ആര്‍ക്കും ജീവിക്കാനാകില്ല. ഒന്നും ചെയ്യാത്തവര്‍ക്ക് ഒരു കോട്ടവും സംഭവിക്കുകയുമില്ല. ഒരിക്കല്‍ തകര്‍ന്നു എന്നതിന്റ പേരില്‍ പിന്നീട് തളിര്‍ക്കുകയില്ല എന്നുണ്ടോ? കോട്ടങ്ങളില്‍ മുന്നേറ്റ സാധ്യത കാണുന്നവര്‍ക്ക് ഓരോ നഷ്ടവും ഓരോ പാഠമാണ്. തുന്നിച്ചേര്‍ക്കാമെങ്കില്‍ അതിനെ പിച്ചിചീന്തുന്നത് എന്തിനാണ്? ചിലപ്പോള്‍ ചില മുറിപ്പാടുകള്‍ ശേഷിച്ചേക്കാം. പുനഃരുജ്ജീവനത്തിലേക്കുളള വഴിതുറക്കുമെങ്കില്‍, നമുക്ക് നിശ്ശംശയം പറയാം.. അതെ, ചില മുറിപ്പാടുകള്‍ നല്ലതാണ് എന്ന് . -
*ശുഭദിനം.*