◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലും ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പ്.
◾ എന്‍ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യ ടി വി - സി എന്‍ എക്സ് അഭിപ്രായ സര്‍വെ. ബി ജെ പിക്കു മാത്രം 343 സീറ്റ് കിട്ടുമെന്നും സര്‍വെ പ്രവചിച്ചിട്ടുണ്ട്. ഇന്നലെ ന്യൂസ് എക്സ് സര്‍വെയും എന്‍ ഡി എ മുന്നണിയുടെ തുടര്‍ ഭരണം പ്രവചിച്ചിരുന്നു. 383 സീറ്റ് നേടി എന്‍ ഡി എ അധികാരത്തിലേറുമെന്നാണ് ന്യൂസ് എക്സ് സര്‍വെ പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് 100 ല്‍ താഴെ മാത്രം സീറ്റാകും ലഭിക്കുകയെന്നും പ്രവചനം പറയുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്കു ക്ഷണിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇവിടത്തെ പ്രസാദത്തില്‍ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിതെന്നും ആ വൈവിധ്യം നിലനിര്‍ത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടതെന്നും യച്ചൂരി പറഞ്ഞു. നാടിന്റെ വൈവിധ്യത്തെ തകര്‍ക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ലെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.
◾ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ കുറിച്ച് പറഞ്ഞപ്പോള്‍, വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുല്‍ പരാതി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി സിഎഎ വിഷയത്തില്‍ എന്തുകൊണ്ട് വാ തുറക്കുന്നില്ലെന്നും സംഘപരിവാര്‍ മനസുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂവെന്നും രാഹുല്‍ നിസ്സംഗതയോടെ നില്‍ക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
◾ ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്‍ ഡി എഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങള്‍ ആണെന്ന് രാഹുല്‍ ഗാന്ധി. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയില്‍ കുളിക്കും, ഇടയ്ക്ക് സമുദ്രത്തില്‍ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആര്‍ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
◾ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും എസ്എഫ്ഐഒ, ഇ ഡി അന്വേഷണം റദ്ദാക്കി ഉത്തരവിടണമെന്നും, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്എഫ്ഐഒയ്ക്കും ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. സിഎംആര്‍എല്ലിന്റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
◾ നടിയെ ആക്രമിച്ച കേസില്‍, മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മൊഴിപകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. സാക്ഷി മൊഴികളെക്കുറിച്ച് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമെന്നായിരുന്നു ദീലീപിന്റെ വാദം.
◾ സുഗന്ധഗിരിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മരംമുറിയില്‍ വാച്ചര്‍ മുതല്‍ ഡി.എഫ്.ഒ. വരെയുള്ളവര്‍ക്ക് പങ്കെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് നിയമോപദേശം തേടിയേക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ വിധിയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിനനുസരിച്ച് അപ്പീല്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെങ്കിലും ഒരു തവണ പരിഗണിച്ച വിഷയമായതിനാല്‍ വീണ്ടും തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളതിനാലാണ് നിയമോപദേശം തേടുന്നത്.
◾ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്നും, കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിലുണ്ട്. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
◾ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. കെ കെ ശൈലജയെ മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേജോവധം ചെയ്യുകയാണ്. ഇതിനെ അതിശക്തമായി അപലപിക്കുന്നുവെന്നും വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
◾ അശ്ലീലം പ്രചരിപ്പിച്ച് കെ കെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.. യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നത്. യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റ് കാരണങ്ങളോ ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, വോട്ട് ചെയ്യാതിരിക്കാന്‍ ആയിരം കാരണങ്ങളുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് എല്‍എഡിഎഫിന്റെ വാട്ടര്‍ ലൂ ആണെന്നതില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി മുകേഷിനു വേണ്ടി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. എന്‍കെപി ബ്രിഗേഡ്സ് എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി.
◾ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രദര്‍ശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് അറിയിച്ചിരുന്നു. നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ - റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ മുന്‍കാലങ്ങളില്‍ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്റ്റോറി അത്തരമൊരു പരിധിയില്‍ പെടുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ നിലപാട് അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
◾ കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് വിവിധ യൂണിറ്റുകളില്‍ പരിശോധന നടന്നത്.
◾ ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ എആര്‍ഒ കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
◾ തൃശൂര്‍ പൂരത്തിന് ആനകളെ നിയന്ത്രിക്കാന്‍ 80 അംഗ ആര്‍ആര്‍ടി സംഘം നിര്‍ബന്ധമാണെന്നും വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പുറമെ വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ വീണ്ടും ആനകളെ പരിശോധിക്കുമെന്നും പുതിയ ഉത്തരവ്. വനംവകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകള്‍ വ്യക്തമാക്കി. ഉത്തരവിലെ നിബന്ധനകള്‍ അപ്രായോഗിമെന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്ക് പൂരം പ്രതിസന്ധിയിലാക്കുന്ന ഒരു നടപടികളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വനംവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.
◾ തൃശൂര്‍ പൂരത്തോടനുബന്ധിച്ച്, ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
◾ പൗരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച്, സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ജോയിസ്‌ജോര്‍ജിനെതിരെ, ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. തൊടുപുഴ സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
◾ മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യംചെയ്തത് 24 മണിക്കൂര്‍. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ അവസാനിച്ചത് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്. സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്.
◾ ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നും, ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയില്‍ വെച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് സിഎംആര്‍എല്‍ ജീവനക്കാര്‍. വനിത ജീവനക്കാരിയെ 24 മണിക്കൂര്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചു. ഇ മെയില്‍ ഐ ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കാനും രഹസ്യ സ്വഭാവമുള്ള രേഖകള്‍ നല്‍കാനും ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുന്നു. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
◾ സംസ്ഥാനത്ത് ഇന്നും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രി വരെ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ എന്റെ പേര് അരവിന്ദ് കെജ്രിവാള്‍, ഞാന്‍ തീവ്രവാദയല്ല. ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം പങ്കുവെക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും കെജ്രിവാള്‍ ഇതിനെയെല്ലാം മറികടന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിഹാര്‍ ജയിലിലുള്ള കൊടും കുറ്റവാളികള്‍ക്കുവരെ ഭാര്യയെയും അഭിഭാഷകനെയും കാണാനുള്ള അനുമതി കിട്ടാറുണ്ട്. എന്നാല്‍, കെജ്രിവാളിനെ കാണാന്‍പോയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന് ഗ്ലാസ്സ് പാളിയുടെ പിന്നില്‍നിന്ന് സംസാരിക്കേണ്ടി വന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഒരിടത്തും നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇത്തവണ ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.
◾ ബി.ജെ.പി എം.പി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്‌ക്കെതിരേയുള്ളത്.
◾ ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്ന് സുരക്ഷാ സേന വിവരിച്ചു.
◾ ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ ഇന്നും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
◾ അപ്രതീക്ഷ പേമാരിയിലും ഇടിമിന്നലിലും പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 39 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോര്‍ഡ് ഇടിവ് നേരിട്ടു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യന്‍ കറന്‍സികളിലുണ്ടായ സമ്മര്‍ദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്.
◾ ജോസ് ബട്്ലറുടെ സ്വപ്ന സമാനമായ പ്രകടനത്തിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടുവിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 56 പന്തില്‍ 109 റണ്‍സ് നേടിയ സുനില്‍ നരെയന്റെ സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് വിജയത്തിലേക്ക് നയിച്ചത്. ഈ ജയത്തോടെ രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില്‍ നാല് ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.
◾ ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തെ മുന്‍നിരക്കാരായ സെമാറ്റോ ഇനി വലിയ ഓര്‍ഡറുകളും ഏറ്റെടുക്കും. കമ്പനി സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ചെറുതും വലുതുമായ നിരവധി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. സൊമാറ്റോയുടെ പുതിയ നീക്കം വലിയ ഓര്‍ഡറുകള്‍ ചെയ്യുന്നവര്‍ക്ക് പ്രയോജനം ചെയ്യും. 50 പേര്‍ക്ക് വരെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ സൊമാറ്റോ വിതരണം ചെയ്യുക. ഈ ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ പുതിയ വൈദ്യുത വാഹനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഗോയല്‍ ട്വീറ്റ് ചെയ്തു. പുതിയ സര്‍വീസ് എന്നുമുതല്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെയും സൊമാറ്റോ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത ഏജന്റുമാര്‍ വഴിയായിരുന്നു ഈ ഓര്‍ഡറുകള്‍ വിതരണം ചെയ്തിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നില്ല തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് ഗോയല്‍ പറഞ്ഞു. കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനായിട്ടാണ് ഇത്തരത്തില്‍ പുതിയ വാഹനത്തില്‍ വിതരണം ആരംഭിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. പുതിയ വാഹനവും അതിലെ സംവിധാനങ്ങളും പണിപ്പുരയിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന് എത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും സൊമാറ്റോ വ്യക്തമാക്കി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും പുതിയ വാഹനത്തിലുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
◾ വിഷു റിലീസായി എത്തിയ 'ആവേശം' പ്രതീക്ഷകള്‍ തെറ്റിക്കാതെ ബോക്‌സ് ഓഫീസില്‍ ഹിറ്റാകുന്നു. ഫഹദ് ഫാസില്‍ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്കു കുതിക്കുന്നു. ചിത്രത്തിന്റെ നിലവിലെ ആഗോള കളക്ഷന്‍ 48 കോടിയാണ്. തുടര്‍ച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തില്‍ നിന്നും 3.5 കോടി വാരി. ആഗോള കളക്ഷന്‍ ദിവസത്തില്‍ പത്ത് കോടിയെന്ന നിലയ്ക്കാണ് കണക്കുകള്‍ പോകുന്നത്. ഞായറാഴ്ച മാത്രം ആഗോള കലക്ഷന്‍ 11 കോടിയായിരുന്നു. തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിച്ചത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
◾ മണി രത്നത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010 ല്‍ പുറത്തെത്തിയ രാവണ്‍/ രാവണന്റെ തമിഴ് പതിപ്പ് റീ റിലീസിന് ഒരുങ്ങുന്നു. ഹിന്ദി പതിപ്പില്‍ ഐശ്വര്യ റായ്യും വിക്രവും അഭിഷേക് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ തമിഴ് പതിപ്പില്‍ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് എന്നിവര്‍ ആയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 കോടി ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പരാജയപ്പെട്ടെങ്കില്‍ തമിഴ് പതിപ്പ് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചു. മണി രത്നം രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ റീ റിലീസ് ഏപ്രില്‍ 17 നാണ്. അതേസമയം ലിമിറ്റഡ് റീ റിലീസ് ആണ് ചിത്രത്തിന്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ചിത്രത്തിന് തിയറ്ററുകളുണ്ട്. അതേസമയം മണി രത്നത്തിന്റെ അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്‍. തഗ് ലൈഫ് എന്നാണ് ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
◾ മുന്‍നിര ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോഴ്‌സ് 2024 ഏപ്രിലില്‍ അതിന്റെ മൂന്ന് മോഡലുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഈ കാറുകള്‍ക്ക് ബമ്പര്‍ എക്സ്ചേഞ്ച് ബോണസും വിപുലീകൃത വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊയോട്ട അതിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാന്‍സയില്‍ ഏപ്രില്‍ മാസത്തില്‍ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് ഗ്ലാന്‍സയില്‍ ഏതെങ്കിലും ക്യാഷ് ഡിസ്‌കൗണ്ടിന്റെ പ്രയോജനം ലഭിക്കില്ല. അതേസമയം, ഈ കാലയളവില്‍ ടൊയോട്ട കാമ്രിയില്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇതുകൂടാതെ, ഈ കാറിന് സൗജന്യ വിപുലീകൃത വാറന്റിയും ലഭ്യമാണ്. അതേസമയം ഈ കാലയളവില്‍ ടൊയോട്ട ഹൈറൈഡറില്‍ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വിപുലീകൃത വാറന്റിയും 27,000 രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും ലഭ്യമാണ്. എങ്കിലും, ഹൈറൈഡറിനും ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല. ടൊയോട്ട കാമ്രി അഞ്ച് സീറ്റുള്ള കാറാണ്. 46.17 ലക്ഷം രൂപയാണ് ടൊയോട്ട കാമ്രിയുടെ വിപണിയിലെ എക്‌സ് ഷോറൂം വില. മേല്‍പ്പറഞ്ഞ ഓഫറുകള്‍ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയും വേരിയന്റിനെയും നിറത്തെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഡീലര്‍ഷിപ്പിനെ സമീപിക്കുക.
◾ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കില്‍ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേര്‍മ്മയോടെ ആവിഷ്‌കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തില്‍ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളില്‍ ഭാവഭേദങ്ങള്‍ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയില്‍ പലതും നമ്മെ എത്തിക്കുന്നത്. ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങള്‍ക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിര്‍ത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോള്‍ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം. 'ഭ്രമരി'. അഥീന ഫാത്തിമ. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.
◾ ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നതിനും ക്യാന്‍സറിനെ തടയുന്നതിനും ആല്‍ക്കലൈന്‍ ഡയറ്റ് സഹായിക്കുമെന്ന് പഠനം. ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ് നമ്മുടെ ശരീരത്തില്‍ അസിഡിറ്റി അല്ലെങ്കില്‍ ക്ഷാരത്തിന്റെ ഒരു പ്രത്യേക തലത്തില്‍ മാത്രം സംഭവിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇത് നമ്മുടെ ചര്‍മ്മം, ആമാശയം, മൂത്രസഞ്ചി, യോനി പ്രദേശം എന്നിവയെ സംരക്ഷിക്കും. മറ്റ് മിക്ക അവയവങ്ങളും കോശങ്ങളും നന്നാക്കാനും ആല്‍ക്കലൈന്‍ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു. പാശ്ചാത്യ ഭക്ഷണങ്ങള്‍ സാധാരണയായി നമ്മുടെ ശരീരത്തെ ഉയര്‍ന്ന അസിഡിറ്റി ആക്കുന്നു, കാരണം അവയില്‍ കൊഴുപ്പും വളരെയധികം പ്രോട്ടീനും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഫൈബറും ഉണ്ടാവില്ല. നമ്മുടെ ശരീരം ഉയര്‍ന്ന തലത്തില്‍ അസിഡിറ്റി ഉത്പാദിപ്പിക്കുമ്പോള്‍, അത് വീക്കം ഉണ്ടാക്കുകയും മറ്റ് രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ആല്‍ക്കലൈന്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന് ഒപ്റ്റിമല്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ കൂടുതലായി ബാധിക്കുന്ന തലച്ചോറ്, കുടല്‍, ചര്‍മ്മം, പേശികള്‍ എന്നിവയിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണമായ യീസ്റ്റ്, മോശം ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയെ തടയുന്നതിനും ആല്‍ക്കലൈന്‍ ഭക്ഷണക്രമം സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണ്. പച്ച ഇലക്കറികള്‍, പഴങ്ങള്‍, റൂട്ട് പച്ചക്കറികള്‍, ബ്രോക്കോളി, കോളിഫ്‌ളവര്‍, ബ്രസ്സല്‍ നട്‌സ്, വെളുത്തുള്ളി, നാരങ്ങ, കാബേജ്, അവോക്കാഡോ, മുള്ളങ്കി, ഒലിവ് ഓയില്‍, ഗ്രീന്‍ ടീ, വെള്ളരിക്ക എന്നിവയാണ് ആല്‍ക്കലൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നമ്മുടെ ശരീരത്തിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിദഗ്ധര്‍ പറയുന്നത്, പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാത്രം നിങ്ങള്‍ ഒതുങ്ങുന്നതിന് പകരം, എല്ലാ ഭക്ഷണ ഗ്രൂപ്പുകളും മിക്‌സ് ചെയ്ത് കഴിച്ച് മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്.
*ശുഭദിനം*
അയാള്‍ ആ ഗ്രാമത്തിലെ ധനികനായ വ്യാപാരിയായിരുന്നു. തന്റെ മകന് സ്വഭാവമഹിമയുളള ഒരു പെണ്‍കുട്ടിയ്ക്കായുളള അന്വേഷണം അടുത്ത ഗ്രാമത്തിലേക്കും നീണ്ടു. അവിടെ ദരിദ്രയാണെങ്കിലും സ്വഭാവമഹിമയുളള ഒരു പെണ്‍കുട്ടിയെ അയാള്‍ കണ്ടെത്തി. കല്യാണദിവസം വധുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ വരന്റെ വീട്ടുകാരോട് ജ്യോതിഷി പറഞ്ഞു: ഇന്ന് മോശം ദിവസമാണ്. നക്ഷത്രങ്ങളെല്ലാം നമുക്കെതിരാണ്. വീട്ടുകാര്‍ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. പെണ്‍കുട്ടിയെക്കുറിച്ചോ അവരുടെ വീട്ടുകാരുടെ ഒരുക്കങ്ങളെക്കുറിച്ചോ അവര്‍ ചിന്തിച്ചതേയില്ല. പിറ്റേന്ന് നല്ല സമയം നോക്കി വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ അവളുടെ മാതാപിതാക്കള്‍ രോഷാകുലരായി. തലേന്നു മോശം സമയമാണെന്ന് വരന്റെ പിതാവ് വിവരിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: നിങ്ങള്‍ക്ക് പെണ്‍കുട്ടിയേക്കാള്‍ പ്രധാനം നല്ല സമയമായിരുന്നു. എന്റെ മകളെ തേടി ഒരാള്‍ വന്നു. ഞാന്‍ അയാള്‍ക്ക് എന്റെ മകളെ വിവാഹം കഴിച്ചുകൊടുത്തു. മനുഷ്യനും മനുഷ്യത്വവുമാണ് മറ്റെന്തിനേക്കാളും മുഖ്യം. സ്വയം നിര്‍മ്മിക്കുന്ന ആത്മാഭിമാനത്തിലാണ് എല്ലാവരും ജീവിതം കെട്ടിപ്പടുക്കുന്നത്. അതിന് വേണ്ടി ബലഹീനതകളെ ഒളിപ്പിക്കും. പരിമിതികള്‍ക്ക് പരിഹാരം കാണും. എത്ര ഇല്ലയ്മകള്‍ക്കിടയിലും അണിഞ്ഞൊരുങ്ങും. എത്ര വിശന്നാലും വയറുനിറഞ്ഞവനെപ്പോലെ അഭിനയിക്കും. അതെ അഭിമാനത്തിന്റെ വില വലുതാണ്. ജാഗ്രതാപൂര്‍ണ്ണമായ ഇടപഴകല്‍ ഓരോ ബന്ധവും ആവശ്യപ്പെടുന്നുണ്ട്. അവിടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടാതിരിക്കാന്‍ നമുക്ക് ജാഗ്രതപുലര്‍ത്താം - *ശുഭദിനം.*