മീഡിയപ്രഭാത വാർത്തകൾ*_```2024 | ഏപ്രി 16 | ചൊവ്വ |

◾ ഇഡി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി. കോടതിയില്‍ നല്‍കുന്ന മൊഴിയാണ് യഥാര്‍ത്ഥ തെളിവ്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി സ്വീകരിക്കാമെങ്കിലും കോടതിയിലെ മൊഴിയാകും അന്തിമമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലെ മണല്‍ ഖനന കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

◾ സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലും കൂടാതെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊള്ള കാരണമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയില്‍ പെട്ടെന്നും, മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ലാ സെക്രട്ടറിയുടെ പേരില്‍ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂര്‍ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു.

◾ അപകീര്‍ത്തിപ്പെടുത്തല്‍ കൊണ്ടൊന്നും ഞങ്ങളെ നാട്ടില്‍ കൊച്ചാക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍. കരുവന്നൂര്‍ ബാങ്ക് ഇപ്പോള്‍ സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും 117 കോടി രൂപയുടെ നിക്ഷേപം തിരിച്ചു കൊടുത്തുവെന്നും പിണറായി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

◾ വിശ്രമമില്ലാതെ ആര്‍.എസ്.എസ്സിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്നയാളാണ് താനെന്നും അതിന്റെ പേരില്‍ അവര്‍ തന്നെ വേട്ടയാടിയതു കൊണ്ടൊന്നും അവര്‍ക്കെതിരെയുള്ള വിമര്‍ശനം താന്‍ നിര്‍ത്തില്ലെന്നും ഇത് ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ആശയത്തിനെതിരെയുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി. ഇത്രത്തോളം തന്നെ ആക്രമിച്ച ബി ജെ പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ബി.ജെ.പിയെ വിമര്‍ശിക്കുന്നില്ലെന്നും എന്നാല്‍ എല്ലായ്പ്പോഴും തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുവെന്നും തനിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പകുതിയെങ്കിലും വിമര്‍ശനം ബി.ജെ.പിക്കെതിരേയും മുഖ്യമന്ത്രി നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ ബിജെപി കുടുംബ പാര്‍ട്ടിയല്ലെന്നും ഭരണത്തുടര്‍ച്ചയില്‍ ഭയം വേണ്ടെന്നും മിഷന്‍ 2047 ആണ് മുന്നിലുള്ളതെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ടീം അതിനായുള്ള പരിശ്രമത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ഗ്യാരണ്ടിയിലാണ് ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

◾ ഇന്ത്യയിലെ 25 പണക്കാര്‍ക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ കേന്ദ്രം എഴുതിത്തള്ളിയെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വര്‍ഷത്തെ തുകയ്ക്ക് തുല്യമാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍ തയാറായില്ലെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, പ്രതിരോധ കരാറുകള്‍, ഊര്‍ജ്ജമേഖല, സൗരോര്‍ജ്ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തുവെന്നും അതിന്റെ അനന്തരഫലമായി 45 വര്‍ഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്നും നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതൊക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്, കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ബി.ജെ.പി പ്രതിനിധി കേരളത്തില്‍ നിന്നും പാര്‍ലമെന്റില്‍ വേണമെന്നാണു പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നും മാരീച വേഷത്തില്‍ വന്നു കേരളത്തെ മോഹിപ്പിച്ചു കളയാമെന്നു മോദി തെറ്റിദ്ധരിക്കരുതെന്നും പിണറായി പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കു മുന്‍പില്‍ ലോഗോ പതിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ വന്നതോടെ കേന്ദ്രം പണം നല്‍കുന്നില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾ ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ തൃശൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫ് (21) എന്ന യുവതിയും. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ അച്ഛന്‍ ബിജു പറഞ്ഞു. അതേസമയം കുറച്ചു നേരത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ സൈന്യം അവസരം കൊടുത്തപ്പോള്‍ ആന്‍ ടെസ്സ ജോസഫ് ഇന്നലെ വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും കപ്പലിലുള്ളവര്‍ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അറിയിച്ചുവെന്നും ആനിന്റെ കുടുംബം അറിയിച്ചു.

◾ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും. നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയുo.

◾ സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

◾ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിന്റെ അനധികൃതമായ പരിശോധനയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് ആവശ്യം. തീര്‍പ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

◾ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കുകയാണെന്നും അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു.

◾ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

◾ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസങ്ങളില്‍ മധ്യ-തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും. വ്യാഴാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വേനല്‍ മഴയ്ക്കും സാധ്യത. അതേസമയം പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് അറിയിപ്പ്.

◾ ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

◾ ഭരണഘടനയോടും ദുര്‍ബലരോടും ഉള്ള മോദിയുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനങ്ങളുടെ അവകാശത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന പുതിയ പ്രധാനമന്ത്രി ഇന്ത്യയില്‍ വരുമെന്ന് ഉറപ്പുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്നും എന്നാല്‍ ധാര്‍മികമായും ആശയപരമായും കടുത്ത ഭിന്നതയുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവെ ഈ മാസം 29 നകം മറുപടി നല്‍കണമെന്ന് ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. ഇഡിയുടെ മറുപടിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.

◾ പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധം ശക്തം. പണം കടത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. രാഹുലിന്റെ ഹെലിക്കോപ്റ്ററിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പ്രചാരണത്തിനായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകള്‍ പരിശോധിക്കുന്ന ഉത്സാഹം മോദിയുടെയും അമിത് ഷയുടെയും ഹെലികോപ്റ്ററുകള്‍ കൂടി പരിശോധിക്കാന്‍ കാട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാനും, സംശയത്തിന്റെ നിഴലിലില്‍ നിര്‍ത്താനുമാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അപലപിച്ചു.

◾ ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പണം എവിടെ നിന്ന് വന്നു, ആര് നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞെന്നും, ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്നും, വാര്‍ത്ത ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

◾ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹര്‍ജി. അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി ബി.ജെ.പി യ്ക്ക് വേണ്ടി വോട്ട് ചോദിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പുകളില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് നരേന്ദ്ര മോദിയെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

◾ ഞങ്ങള്‍ നിങ്ങള്‍ക്ക് ഈ സംഭവത്തിലൂടെ ഒരു ട്രെയിലര്‍ കാണിച്ചുതന്നിരിക്കുകയാണ് ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി നിങ്ങള്‍ മനസ്സിലാക്കുകയും ഞങ്ങളോട് കളിക്കാതെയും ഇരിക്കുക. ഇതാണ് ആദ്യത്തെയും അവസാനത്തെയും താക്കീത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീട്ടിന് നേരെ ഞായറാഴ്ചയുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌നോയിയുടെ ഓണ്‍ലൈന്‍ പോസ്റ്റാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ കാണാതായ 4 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഐഎസ്എല്‍ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായിട്ടുള്ള മുംബൈ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു മോഹന്‍ ബഗാന്റെ നേട്ടം. ഇതാദ്യമായാണ് ബഗാന്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കുന്നത്. ഇതോടെ ബഗാന് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് രണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിച്ചു.

◾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമില്‍ മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും. മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന താരങ്ങളാണ് ഇരുവരും.

◾ ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സെന്ന വിജയലക്ഷ്യത്തിന് 25 റണ്‍സകലെ ബാറ്റുവെച്ച് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 31 പന്തില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും 10 പന്തില്‍ 37 റണ്‍സെടുത്ത അബ്ദുള്‍ സമദിന്റേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി 20 പന്തില്‍ 42 റണ്‍സെടുത്ത വിരാട് കോഹ്ലിയും 28 പന്തില്‍ 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും 35 പന്തില്‍ 83 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും പൊരുതി നോക്കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് ലാഭം വന്‍തോതില്‍ വാരിക്കൂട്ടി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി. ഏഴ് പ്രമുഖ അദാനി ഗ്രൂപ്പ് കമ്പനികളിലായി 2023 മാര്‍ച്ച് 31 പ്രകാരം എല്‍.ഐ.സിയുടെ നിക്ഷേപം 38,471 കോടി രൂപയായിരുന്നു. ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴക്കേും 59 ശതമാനം വര്‍ധിച്ച് 61,210 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 22,739 കോടി രൂപയുടെ ലാഭം. ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിക്ഷേപകരില്‍ പലരും അദാനി ഗ്രൂപ്പിലെ ഓഹരികളില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും ഒട്ടേറെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. അമേരിക്കയിലെ ജി.ക്യു.ജി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അബുദാബിയിലെ ഐ.എച്ച്.സി., ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്നിവ അതിലുള്‍പ്പെടുന്നു. ഇവയെല്ലാം മികച്ച നേട്ടവും നിക്ഷേപത്തിലൂടെ കൈവരിച്ചിരുന്നു. ഏകദേശം 45,000 കോടിയോളം രൂപയാണ് ഇവയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ സംയുക്ത നിക്ഷേപം. അദാനി എന്റര്‍പ്രൈസസിലെ എല്‍.ഐ.സിയുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 8,495.31 കോടി രൂപയില്‍ നിന്നുയര്‍ന്ന് 14,305.53 കോടി രൂപയിലെത്തി. അദാനി പോര്‍ട്‌സില്‍ എല്‍.ഐ.സി നിക്ഷേപിച്ചത് 12,450.09 കോടി രൂപയായിരുന്നു. ഓഹരിവില കുതിച്ചതോടെ, ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴേക്കും 22,776.89 കോടി രൂപയായി വളര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപം ഇക്കാലയളവില്‍ ഇരട്ടിയിലേറെ വര്‍ധിച്ച് 3,937.62 കോടി രൂപയിലെത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

◾ ഏവരും അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രം 'ദ ഗോട്ടി'ന്റ ഫസ്റ്റ് സിംഗിള്‍ റിലീസ് ചെയ്തു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മല്‍ എന്നിവര്‍ തകര്‍ത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. തിയറ്ററില്‍ വന്‍ ഓളം സൃഷ്ടിക്കാന്‍ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പാണ്. 'വിസില്‍ പോട്' എന്ന ഗാനം ഇതിനോടകം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവന്‍ പേര് 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്നാണ്. ട്രാവല്‍ ഫാന്റസി ആയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം സെപ്തംബര്‍ 5ന് റിലീസാകും എന്നാണ് വിവരം. രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഗോട്ടില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

◾ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് 'ഒരു കട്ടില്‍ ഒരു മുറി'. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകള്‍ക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ, അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറിലെ ഭാഗങ്ങള്‍ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ് എന്നതും പ്രത്യേകതയാണ്. സിനിമയില്‍ കട്ടിലിനുളള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഈ ട്രെയ്ലര്‍. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രഘുനാഥ് പാലേരി, വിജയരാഘവന്‍ തുടങ്ങിയവരാണ് ട്രെയ്ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

◾ പ്രമുഖ വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവ്. എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ എസ്1 എക്സിന്റെ എല്ലാ വേരിയന്റുകളിലും വില 5,000 മുതല്‍ 10,000 രൂപ വരെ കുറച്ചു. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്സ് പ്രസ് എന്നി മോഡലുകളുടെ വിലയില്‍ 25000 രൂപ വരെ ഫെബ്രുവരിയില്‍ കുറച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്ന് വേരിയന്റുകളിലായി 79,999 രൂപ മുതല്‍ 1,09,999 രൂപ വരെയാണ് പുതിയ എസ് 1 എക്‌സ് അവരിപ്പിച്ചത്. പുതിയ വില ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡെലിവറികള്‍ അടുത്ത ആഴ്ച ആരംഭിക്കും. പുതിയ വിലകള്‍ പ്രകാരം, 4കെഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്‌സിന് നേരത്തെയുള്ള 1,09,999 രൂപയില്‍ നിന്ന് നിലവിലെ മാറ്റത്തിനനുസരിച്ച് ഇപ്പോള്‍ 99,999രൂപയാകും. അതുപോലെ, 3കെ ഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്‌സിന് നേരത്തെ 89,999 രൂപയ്ക്ക് പകരം 84,999 രൂപയാണ് പുതിയ വില. എസ് 1 എക്‌സ് 2കെഡബ്ല്യുഎച്ച് ബാറ്ററി വേരിയന്റിന് 69,999 രൂപയാകും. നേരത്തെ 79,999 രൂപയായിരുന്നു. എതിരാളിയായ ഏഥര്‍ എനര്‍ജി 1,09,999 ലക്ഷം മുതല്‍ 1,44,999 രൂപ വരെ വിലയുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ 'റിസ്റ്റ' അവതരിപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഒല ഇലക്ട്രിക്കിന്റെ പ്രഖ്യാപനം.

◾ ഗംഗ, ബ്രഹ്‌മപുത്ര, നര്‍മ്മദ, ഗോദാവരി, മഹാനദി, കൃഷ്ണ, കാവേരി, ദാമോദര്‍, ഭക്രാനംഗല്‍, കോനോര്‍, ഹീരാക്കുഡ്, കൊയ്‌നാ, തുംഗഭദ്ര, തെഹ്രി, സര്‍ദാര്‍ സരോവര്‍, ചന്ദ്രഗിരി, മയ്യഴി, വളപട്ടണം, ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ, കബനി, മീനച്ചിലാര്‍, ബേക്കല്‍, കനോലി, വേമ്പനാട്, അഷ്ടമുടി, കായംകുളം... ഭൂമിയുടെ ജീവനാഡികളായ നദികളെയും അണക്കെട്ടുകളെയും കായലുകളെയും പരിചയപ്പെടുത്തുന്ന കൃതി. 'ഇന്ത്യയിലെ നദികളും അണക്കെട്ടുകളും'. ഇ.എ കരുണാകരന്‍ നായര്‍. മാതൃഭൂമി. വില 161 രൂപ.

◾ ഒരേ സമയത്തേക്ക് ഒരേ പോലെയുള്ള വ്യായാമം ചെയ്താലും അതില്‍ നിന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ഗുണഫലത്തില്‍ വ്യത്യാസമുണ്ടെന്ന് പഠനം. പുരുഷന്മാര്‍ അഞ്ച് മണിക്കൂര്‍ ശാരീരിക വ്യായാമം ചെയ്ത് ലഭിക്കുന്ന ഹൃദയാരോഗ്യ ഗുണങ്ങള്‍ സ്വന്തമാക്കാന്‍ സ്ത്രീകള്‍ വെറും രണ്ടര മണിക്കൂര്‍ നേരത്തേക്ക് വ്യായാമം ചെയ്താല്‍ മതിയെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ഥിരം വ്യായാമം ചെയ്യുന്ന സ്ത്രീകളുടെ അകാല മരണസാധ്യത 24 ശതമാനം കുറയുമ്പോള്‍ പുരുഷന്മാരില്‍ ഇത് 15 ശതമാനം മാത്രമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. നിത്യവും എയറോബിക് വ്യായാമത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഹൃദ്രോഗപ്രശ്‌നങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 36 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതേ സമയം പുരുഷന്മാരില്‍ ഇത് 14 ശതമാനം മാത്രമായിരുന്നു. സ്‌ട്രെങ്ത് പരിശീലനത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗുണഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ലഭിക്കണമെങ്കില്‍ പേശി ബലപ്പെടുത്താനുള്ള സെഷനുകള്‍ ആഴ്ചയില്‍ മൂന്നെണ്ണമെങ്കിലും ചെയ്യേണ്ടതാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ആഴ്ചയില്‍ ഒരു സെഷനിലൂടെ തന്നെ ഇതേ ഗുണങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പേശികള്‍ ബലപ്പെടുത്താനുള്ള നിത്യവുമുള്ള വ്യായാമം പുരുഷന്മാരുടെ ഹൃദ്രോഗസാധ്യത 11 ശതമാനം കുറച്ചപ്പോള്‍ സ്ത്രീകളുടെ കാര്യത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി. അമേരിക്കക്കാര്‍ക്ക് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് നല്‍കുന്ന ശുപാര്‍ശ അനുസരിച്ച് മുതിര്‍ന്ന ഒരു വ്യക്തി ആഴ്ചയില്‍ 150 മുതല്‍ 300 മിനിട്ട് വരെ മിതമായ തോതിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടണം. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത തോതിലുള്ള വ്യായാമമോ സമയമോ ഇതില്‍ ശുപാര്‍ശ ചെയ്യുന്നില്ല. പുരുഷന്മാര്‍ക്ക് ശരാശരി വലിയ ഹൃദയങ്ങളും വീതി കൂടിയ ശ്വാസനാളികളും കൂടിയ ലങ് ഡിഫ്യൂഷന്‍ കപ്പാസിറ്റിയും വലിയ പേശീ ഫൈബറുകളും സ്ത്രീകളെ അപേക്ഷിച്ചുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിന്റെ ഇത്തരം വ്യത്യാസങ്ങളാണ് വ്യായാമത്തിന്റെ ഗുണഫലത്തിലെ ഈ വൈജാത്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

*ശുഭദിനം*

അന്ന് നാല് തവളകളും ചേര്‍ന്ന് ഒരു തടിക്കഷ്ണത്തിന് മുകളിലിരുന്ന് നദിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: ഈ തടിക്ക് ജീവനുണ്ട്. അതുകൊണ്ടാണ് ഇത് സഞ്ചരിക്കുന്നത് രണ്ടാമന്‍ അത് തിരുത്തി. തടിക്കല്ല, നദിക്കാണ് ജീവന്‍. നദിയാണ് സഞ്ചരിക്കുന്നത്. മൂന്നാമനും വിട്ടുകൊടുത്തില്ല. തടിയുമല്ല, നദിയുമല്ല, നമ്മുടെ ചിന്തകളാണ് സഞ്ചരിക്കുന്നത്. തര്‍ക്കം അവസാനിക്കാത്തതുകൊണ്ട് അവര്‍ നാലാമനോട് ചോദിച്ചു: നാലാമന്‍ പറഞ്ഞു: എല്ലാവരും പറഞ്ഞത് ശരിയാണ്. തടിയും നദിയും നമ്മുടെ ചിന്തകളും സഞ്ചരിക്കുന്നുണ്ട് പക്ഷേ, മറ്റ് രണ്ട് പേരും പറഞ്ഞഥ് ശരിയാണെന്ന് മൂന്നുപേരും സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അവസാനം ആ മൂന്ന് പേരും കൂടി നാലാമനെ പിടിച്ചു വെള്ളത്തിലിട്ടു. അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവര്‍ അറിവുള്ളവരെ അകറ്റിനിര്‍ത്തും എന്നതാണ്. ഒരേ തൂവല്‍ പക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഒരേ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ട് വിരുദ്ധസ്വഭാവങ്ങള്‍ കടന്നുവരില്ല. തിരുത്തല്‍ വാദികളെ കൊണ്ടുളള അസ്വസ്ഥതയില്ല. ശീലങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും മാത്രം തങ്ങളുടെ തലച്ചോറിനെ കടത്തിവിടുന്നവര്‍ വിവേകമില്ലാത്ത വിധേയര്‍ മാത്രമായിരിക്കും. അവര്‍ ഒരിക്കലും വളരുകയുമില്ല. വ്യതിചലിക്കുകയുമില്ല. അറിവുളളവര്‍ക്കൊപ്പം മുന്നേറാം -
 *ശുഭദിനം.*