◾ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോദി യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
◾ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഡല്‍ഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് മന്ത്രി പദവിയും പാര്‍ട്ടി അംഗത്വവും രാജിവച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളായതിനാല്‍ ഇനിയും തുടരാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
◾ എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുതിയ പുസ്തകത്തില്‍ കശ്മീര്‍ പുനഃസംഘടന പഠന വിഷയമാകും. ഇന്ത്യ ചൈന ബന്ധം ശക്തമാകാത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സൈനിക സംഘര്‍ഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്. 2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന വിശദീകരണം.
◾ തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജീവ്ചന്ദ്രശേഖര്‍, ശശി തരൂരിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഒരു അഭിമുഖത്തില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.
◾ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കുന്നയാളാണ് പിണറായി വിജയനെന്നും അങ്ങനെയാണ് കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു
◾ ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാര്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്കണം, എത്ര നല്‍കണം, ആര്‍ക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങള്‍ക്ക് കിട്ടുമ്പോള്‍ വാങ്ങാം. കിട്ടിയില്ലെങ്കില്‍ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരമെന്നും അദ്ദേഹം പറഞ്ഞു.
◾ ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനോട് പ്രതികരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.
◾ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറായാന്‍ കഴിയാത്ത തരത്തില്‍ പരമദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ സംഘപരിവാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.
◾ സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിലും, ജില്ലകളില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്ന ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്.
◾ സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത. യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 45 ഡിഗ്രിവരെയാണ് ചൂട്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് അറിയിപ്പ്.
◾ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയുടെ ആരോപണം തള്ളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി, ആന്റോ ആന്റണി ഗൂഢാലോചന നടത്തി തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞത്. അനില്‍ ആന്റണി വിവരദോഷം പറയുകയാണെന്നും ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്റോ ആന്റണി പറഞ്ഞു. സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കട്ടേയെന്നും അതിന് വെല്ലുവിളിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
◾ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു ബാലനെന്ന് അനുശോചന കുറിപ്പില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
◾ ഗവര്‍ണറെ അവഗണിച്ചുകൊണ്ട് ഡോ എപിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി. സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പെടുത്തും.
◾ കേരളാ സ്റ്റോറി നടന്ന കഥയാണെന്നും അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നും കെ സുരേന്ദ്രന്‍. വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും, മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്ളാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
◾ സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ലോട്ടറി തട്ടിപ്പ് കേസില്‍ എറണാകുളം പിഎംഎല്‍എ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.
◾ അങ്കമാലി കുറുമശ്ശേരിയില്‍ ഗുണ്ടാ നേതാവ് തിരുത്തിശ്ശേരി വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിധിന്‍, ദീപക് എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണ്, ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണം. 2019 ല്‍ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു.
◾ അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ ഭരണകാലത്തില്‍ ഇന്ത്യയുടെ വികസനം 5ജിയില്‍ എത്തി. എന്നാല്‍ ഡിഎംകെ 2 ജിയില്‍ അഴിമതി നടത്തിയവരാണ്, വെറുപ്പിന്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ് നാട്ടിലെത്തിയ പ്രധാനമന്ത്രി രൂക്ഷമായ വിമര്‍ശനമാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ഉന്നയിച്ചത്.
◾ ഒരു പ്രത്യേക സീസണില്‍ ദേശാടനപ്പക്ഷികള്‍ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്‌നാട്ടിലേക്ക് വരുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മോദിയുടെ ഉറപ്പുകളെല്ലാം കള്ളന്മാരെ കാവിമുക്കുന്നതുപോലെയുള്ള സ്ഥിരം ബി.ജെ.പി. പരിപാടി ആയിപ്പോകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾ പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാര്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. സ്വകാര്യത സംരക്ഷിക്കാന്‍ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
◾ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ്. ഡല്‍ഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്റെ രാജിക്ക് പിന്നാലെയാണ് ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ ഇഡി അടക്കമുള്ള ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
◾ ഏകാധിപത്യ സര്‍ക്കാരിന്റെ എന്തു പീഡനവും സഹിക്കാന്‍ തയ്യാറാണെന്ന് തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയെ സന്ദര്‍ശിച്ച ശേഷം ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് കെജ്രിവാള്‍ നല്‍കിയ സന്ദേശം മാധ്യമങ്ങളെ അറിയിച്ചത്.
◾ ഗാസയും സുഡാനും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷവും വിശപ്പും അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതരായവര്‍ക്കുമൊപ്പമാണ് തന്റെ മനസ്സെന്ന്
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ യുദ്ധം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യം ചെയ്യുന്ന രീതി തെറ്റാണെന്നും നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.
◾ പാരീസ് ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 50,000 ഡോളര്‍ അഥവാ അഥവാ 41.6 ലക്ഷം രൂപ സമ്മാനത്തുക നല്‍കുമെന്ന് പ്രഖ്യാപിച്ച് ലോക അത്ലറ്റിക്‌സ് സംഘടന. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ജേതാക്കള്‍ക്ക് സമ്മാനത്തുക ലഭിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിലെ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വര്‍ണം നേടുന്നവര്‍ക്ക് ലോക അത്ലറ്റിക്‌സ് സംഘടന ഈ തുക സമ്മാനമായി നല്‍കും.
◾ ഐപിഎല്ലിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 76 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 68 റണ്‍സെടുത്ത സഞ്ജു സാസംസണിന്റേയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 72 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുല്‍ തെവാട്ടിയ- റാഷിദ് ഖാന്‍ സഖ്യത്തിന്റേയും കരുത്തില്‍ വിജയലക്ഷ്യത്തിലെത്തി.
◾ കേരളത്തില്‍ നിന്നുള്ള പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1,426.5 കോടി രൂപ വരുമാനം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1,220.4 കോടി രൂപയേക്കാള്‍ 16.9 ശതമാനം വര്‍ധനയുണ്ട്. ഇക്കാലയളവില്‍ ലാഭം 15.9 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തിലിത് 10.6 കോടി രൂപയായിരുന്നു. നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലിത് 52.3 കോടി രൂപയായിരുന്നു. അതേസമയം, 2023 സെപ്റ്റംബര്‍ പാദവുമായി നോക്കുമ്പോള്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ട്. 1,638.08 കോടിയായിരുന്നു സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം. ലാഭം 32.3 കോടി രൂപയും. 202ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസക്കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തെക്കാള്‍ 19.4 ശതമാനമാണ് വര്‍ധന. ലാഭം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയുമായി. ഇക്കാലയളവില്‍ നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയായി. 2022 ഡിസംബറിലിത് 176.1 കോടി രൂപയായിരുന്നു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്, മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റ മോട്ടോഴ്‌സ്, ഡയംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ ഏഴ് പ്രമുഖ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പ് ശൃംഖല പോപ്പുലറിനുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 61 ഷോറൂമുകളുണ്ട്. 133 സെയില്‍സ് ഔട്ട്‌ലെറ്റ് ആന്‍ഡ് ബുക്കിംഗ് ഓഫീസുകളും 139 സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. യൂസ്ഡ് വാഹനങ്ങളുടെ 39 ഔട്ട്‌ലെറ്റുകളുമുണ്ട്.
◾ ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം നിര്‍മിക്കാന്‍ ടൊവിനോ തോമസ്. 'മരണമാസ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. നവാഗതനായ ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയുടെ കഥയില്‍ ശിവപ്രസാദും സിജുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുല്‍നാഥ്.
◾ ജീത്തുവിന്റെ പുതിയ സിനിമ എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് 'ആവേശം'. ഒപ്പം ഫഹദ് ഫാസില്‍ ചിത്രമെന്ന ലേബലും. ഈ അവസരത്തില്‍ ആവേശത്തിന്റെ സെന്‍സറിംഗ് സംബന്ധിച്ച വിവരം പങ്കുവയ്ക്കുക ആണ് ജിത്തു മാധവന്‍. കുവൈറ്റിലെ സെന്‍സറിംഗ് വിവരമാണിത്. സെക്കന്‍ഡ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തെന്നും അതുകൊണ്ട് ചില കണ്‍ഫ്യൂഷന്‍ വരാന്‍ സാധ്യത ഉണ്ടെന്നും ജിത്തു പറഞ്ഞു. പക്ഷേ അത് ആസ്വാദനത്തെ പൂര്‍ണമായും ബാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഏപ്രില്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രം ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിന്റെ കഥയാണ് പറയുന്നത്. ഫഹദ് ആണ് ഈ വേഷത്തില്‍ എത്തുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
◾ പുതിയ എന്‍ഡവര്‍ ഫുള്‍ സൈസ് എസ്യുവി അവതരിപ്പിച്ചുകൊണ്ട് അമേരിക്കന്‍ ഓട്ടോ ഭീമനായ ഫോര്‍ഡ് ഇന്ത്യയില്‍ വീണ്ടും പ്രവേശിച്ചതായി റിപ്പോര്‍ട്ട്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2024 ഫോര്‍ഡ് എന്‍ഡവര്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് വരുന്നത്. പ്രാരംഭ കാലയളവിലേക്ക് എന്‍ഡവറിനെ നേരിട്ട് ഇറക്കുമതി ചെയ്യുമെന്ന് ഫോര്‍ഡ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, കമ്പനി പിന്നീട് ചെന്നൈ ഫെസിലിറ്റിയില്‍ എന്‍ഡവര്‍ അസംബിള്‍ ചെയ്യും. എന്‍ഡവറിന്റെ പുതിയ തലമുറ പുതിയ തലമുറ എസ്യുവിയുമായി ചില അടിസ്ഥാനങ്ങള്‍ പങ്കിടുന്നതിനാല്‍, പുതിയ തലമുറയുടെ ഉത്പാദനം കഠിനമായിരിക്കില്ല. ഫോര്‍ഡ് എവറസ്റ്റ് എന്നും അറിയപ്പെടുന്ന പുതിയ ഫോര്‍ഡ് എന്‍ഡവറിന് രണ്ട് ഡീസല്‍ എഞ്ചിനുകള്‍ക്ക് ചില വിപണികളില്‍ ഓപ്ഷന്‍ ലഭിക്കുന്നു. 2024 ഫോര്‍ഡ് എന്‍ഡവറിന് 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ അല്ലെങ്കില്‍ 3.0 ലിറ്റര്‍ വി6 ടര്‍ബോ-ഡീസല്‍ ലഭിച്ചേക്കാം. 2.0 ലിറ്റര്‍ എഞ്ചിന്‍ സിംഗിള്‍-ടര്‍ബോ അല്ലെങ്കില്‍ ഇരട്ട-ടര്‍ബോ പതിപ്പുകളില്‍ ലഭ്യമാകും, 3.0-ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പുതിയ റേഞ്ചറിന്റേതിന് തുല്യമായിരിക്കും. ഗിയര്‍ബോക്സിലേക്ക് വരുമ്പോള്‍, എസ്യുവി 6-സ്പീഡ് മാനുവല്‍, 10-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയില്‍ ലഭ്യമാകും. ഫോര്‍ഡ് എന്‍ഡവറില്‍ 2 ഡബ്ളിയുഡി, 4ഡബ്ളിയുഡി എന്നിവ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തലമുറയുടെ അടിസ്ഥാന വേരിയന്റിന് 29.8 ലക്ഷം രൂപയാണ് വില, അതേസമയം ഇത് 38 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ഉയരും.
◾ ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്‍ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്‌നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്‍ അമര്‍ന്ന കാമത്തിന്റെ വിസ്‌ഫോടനമായി ഗായത്രിയും ആര്‍ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. 'മൃത്യുസൂത്രം'. എസ്. മഹാദേവന്‍ തമ്പി. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾ വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍കുടലിനും വൃഷണത്തിനും ഉള്‍പ്പെടെ അര്‍ബുദ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്ക് കാന്‍സര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കുടുംബങ്ങള്‍ക്ക് ഇത്തരം രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാേണായെന്ന് പരിശോധിക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബങ്ങള്‍ക്ക് അസ്ഥി, സന്ധി, സോഫ്റ്റ് ടിഷ്യു, വന്‍കുടല്‍, വൃഷണം എന്നി അര്‍ബുദങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പഠനത്തിനായി ഗവേഷകര്‍ ജനിതകവും പൊതുജനങ്ങളുടെ ആരോഗ്യവുമായ വിവരങ്ങള്‍ അടങ്ങിയ യൂട്ടാ പോപ്പുലേഷന്‍ ഡാറ്റാബേസാണ് ഉപയോഗിച്ചത്. വന്ധ്യത കണ്ടെത്തിയ പുരുഷന്മാരുടെ അമ്മായിമാര്‍, അമ്മാവന്‍മാര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുട്ടികള്‍ എന്നിവരുടെ രോഗ വിവരങ്ങളു സംഘം പരിശോധിച്ചു. കുടുംബാംഗങ്ങള്‍ ജനിതകശാസ്ത്രം, ചുറ്റുപാടുകള്‍, ജീവിതരീതികള്‍ എന്നി വിവരങ്ങള്‍ പങ്കിടുന്നത് കാന്‍സര്‍ വരാനുള്ള ഘടകങ്ങളെ തിരിച്ചറിയുന്നത് എളുപ്പമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ അന്വേഷകനുമായ ജോമി റാംസെ പറഞ്ഞു. 'പുരുഷ വന്ധ്യതയും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, കുടുംബങ്ങളുമായി ഈ സംഭാഷണങ്ങള്‍ നടത്തുകയും ആശങ്കകള്‍ ഡോക്ടര്‍മാരുമായി പങ്കിടേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറഞ്ഞു.
*ശുഭദിനം*
ആ കാടിന്റെ ഉള്‍ഭാഗത്ത് തലയെടുപ്പോടെ നിന്ന രണ്ടു വന്‍മരങ്ങള്‍ ഉണ്ടായിരുന്നു. ആ മരങ്ങളുടെ അടിയിലാണ് സിഹംങ്ങള്‍ മൃഗങ്ങളെ കൊന്ന് തിന്നാറുണ്ടായിരുന്നത്. മൃഗാവശിഷ്ടങ്ങള്‍ കിടന്ന് അവിടെമാകെ ദുര്‍ഗന്ധമായിരുന്നു. ഒരു തവണ മാംസവുമായി വന്നപ്പോള്‍ മരങ്ങള്‍ കാറ്റിന്റെ സഹായത്തോടെ വലിയ ശബ്ദത്തില്‍ ഉലഞ്ഞ് സിംഹങ്ങളെ പേടിപ്പിച്ച് ഓടിപ്പിച്ചു. പല തവണ ഇതാവര്‍ത്തിച്ചപ്പോള്‍ സിംഹങ്ങള്‍ പിന്നീട് അങ്ങോട്ടേക്ക് വാരാതായി. സിംഹങ്ങള്‍ ഇവിടം വിട്ടുപോയി എന്ന് അടുത്ത ഗ്രാമാവാസികള്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ രണ്ടു മരംവെട്ടുകാര്‍ ആ കാട്ടില്‍ കയറി. ഒരുമിച്ചു വളര്‍ന്നുനില്‍ക്കുന്ന ആ വന്‍മരങ്ങളെ കണ്ട് പിന്നീട് ഒന്നും ആലോചിച്ചില്ല. അവ വെട്ടി താഴെയിട്ടു. ഈ ആവാസവ്യവസ്ഥയുടെ ആധാരശില തങ്ങളാണെന്ന വിശ്വസിക്കുന്നവര്‍ വരുത്തിവെക്കുന്ന വിനകളാണ് ഇത്. ഒരാള്‍ക്ക് വേണ്ടിമാത്രം ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നിനെ ഇല്ലാതാക്കിയാല്‍ ആ സ്ഥാനംകൂടി തനിക്ക് ലഭിക്കുമെന്ന് ചിന്തിക്കുന്നത് മുഢത്വമാണ്. ഉള്ളതുകൂടി ഇല്ലാതാകുകയാകും ഫലം. എല്ലാവരും തനിച്ചുജീവിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ മണ്ണില്‍ ജീവനുണ്ടാകില്ല. തൊട്ടടുത്തുള്ളവന്‍ നശിക്കുന്നതാണ് വംശനാശത്തിന്റെ തുടക്കമെന്ന് തിരിച്ചറിവാണ് ആദ്യം വേണ്ടത്. എല്ലാവര്‍ക്കും അവരവരുടേതായ ദൗത്യങ്ങളുണ്ട്. അത് മറ്റുള്ളവര്‍ക്ക് അജ്ഞാതമോ അപ്രസക്തമോ ആയിരിക്കും. എന്തെങ്കിലൊന്ന് നഷ്ടമാകുമ്പോഴാണ് ജീവിതത്തില്‍ അവയുടെ വേഷം എത്ര അനിഷേധ്യമായിരുന്നുവെന്ന് തിരിച്ചറിയുക. നഷ്ടപ്പെട്ടതിന് ശേഷം വിലതിരിച്ചറിയുന്നതിനേക്കാള്‍ നല്ലതാണ്.. കൂടെയുളളപ്പോള്‍ ആ വിലമനസ്സിലാക്കി സ്‌നേഹിക്കുക എന്നത് - *ശുഭദിനം.*