*പ്രഭാത വാർത്തകൾ*_`2024 | ഏപ്രിൽ 1 | തിങ്കൾ |

◾ സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കുടിലില്‍ ബിജു (52) മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ കണ്ടെത്തിയത്. പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവമെന്ന് സമീപവാസികള്‍ പറഞ്ഞു.

◾ മോദി സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം. ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ലോകതന്ത്ര് ബചാവോ മഹാറാലിയില്‍ അണി നിരന്ന് 28 പ്രതിപക്ഷ പാര്‍ട്ടികള്‍. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന ഖര്‍ഗെ, സിതാറാം യെച്ചൂരി, ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായി.  

◾ ക്രിക്കറ്റിലെ 'മാച്ച് ഫിക്‌സിങ്' ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടത്താന്‍ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഇന്ത്യ സഖ്യ റാലിയില്‍ രാഹുല്‍ ഗാന്ധി. അമ്പയര്‍മാരെ മോദി വശത്താക്കിക്കഴിഞ്ഞു. രണ്ട് കളിക്കാരെ ഇതിനകം ജയിലഴിയ്ക്കുള്ളിലാക്കി. വോട്ടിങ് മെഷീനും മാച്ച് ഫിക്‌സിങ്ങും സാമൂഹിക മാധ്യമങ്ങളും ഇല്ലാതേയോ മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കാതേയോ ബിജെപിക്ക് 180-ല്‍ അധികം സീറ്റ് നേടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.

◾ കെജ്രിവാള്‍ സിംഹമാണെന്നും ബിജെപിക്ക് ദീര്‍ഘകാലം അദ്ദേഹത്തെ ജയിലില്‍ വയ്ക്കാന്‍ സാധിക്കില്ലെന്നും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അദ്ദേഹമുള്ളതെന്നും ഇന്ത്യ സഖ്യ റാലിയില്‍ കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപത്യം ഇഷ്ടപ്പെടുന്നയാളാണെന്നും ബിജെപിയും ആര്‍എസ്എസും വിഷം പോലെയാണെന്നും ഇന്ത്യാ സഖ്യ റാലിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും സ്വേഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

◾ ഭഗവാന്‍ രാമന്‍ സത്യത്തിനു വേണ്ടി പോരാടുമ്പോള്‍ അദ്ദേഹത്തിനു പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നുവെന്നും ഇന്ത്യാ സഖ്യ റാലിയില്‍ പ്രിയങ്ക ഗാന്ധി. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാന്‍ രാമനുണ്ടായിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

◾ അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചുവെന്നും മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കുമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും മോദി ആവര്‍ത്തിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കമെന്നും അഴിമതിക്കാരുടെ ഇന്ത്യ സഖ്യത്തെ ഭയമില്ലെന്നും മോദി വ്യക്തമാക്കി.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണിന്റ പാസ്വേര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ കെജ്രിവാള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. എന്നാല്‍, പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇഡിയുടെ ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

◾ പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു. നിരന്തമായി കോളേജില്‍ എത്തിയിരുന്ന അര്‍ഷോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാര്‍ഥനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും എം.എം.മണിയുടെ ചിറകിനകത്തിരിക്കുന്ന അക്ഷയിനെ അറസ്റ്റ് ചെയ്യണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.

◾ ന്യുനപക്ഷ വിഷയങ്ങള്‍ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല, ജനാധിപത്യ വിഷയമാണെന്നും വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോണ്‍ഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.

◾ സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം.

◾ സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' പ്രതിഭാസമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്. രണ്ടുദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

◾ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ ഇന്ന് മുതല്‍ പുതിയ നിരക്ക്. കുതിരാന്‍ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെ ആണ് നിരക്ക് വര്‍ദ്ധന.

◾ റിയാസ് മൗലവി കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും അപ്പീലില്‍ പൂര്‍ണ്ണമായും നീതി ലഭിക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത്. അതേസമയം വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടര്‍ നിയമനടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നല്‍കിയ നിര്‍ദ്ദേശം.

◾ കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ ചിത്രങ്ങള്‍ വന്നതില്‍ വിശദീകരണവുമായി കേരളത്തിലെ ഇടതുമുന്നണിയിലുള്ള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും. പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് ഇരുവരും പറഞ്ഞു. എന്‍ഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണെന്നും വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.

◾ പെന്‍ഷന്‍ വാങ്ങാന്‍ ഇനി പൊന്നമ്മയില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം.

◾ തിരുവല്ല ചാത്തങ്കരയിലുള്ള ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെ പ്രതിചേര്‍ത്ത് തിരുവല്ല പൊലീസ് കേസെടുത്തു. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍.

◾ മാര്‍ച്ച് 12ന് മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ആണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സമ്മര്‍ദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.

◾ പിതാവിനെ കാണാന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിയ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. സിംനയുടെ കഴുത്തിലും പുറത്തും കത്തി ഉപയോഗിച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്.

◾ വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ശനിയാഴ്ച രാത്രി ദില്ലിയില്‍ തിരിച്ചെത്തി. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

◾ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കച്ചത്തീവിനെ കോണ്‍ഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം. തമിഴ്നാട്ടില്‍ ബിജെപി തകരുമെന്നുള്ള സര്‍വേ ഫലത്തില്‍ ഭയപ്പെട്ടാണ് മോദി പുതിയ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

◾ കച്ചത്തീവ് വിഷയത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയഅധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 1974-ല്‍ ശ്രീലങ്കയുമായി ഉണ്ടാക്കിയ ഒരു സൗഹൃദ കരാര്‍ പ്രകാരമാണ് കച്ചത്തീവ് ഇന്ത്യ വിട്ടുനല്‍കിയതെന്നും 2015ല്‍ ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും അതിര്‍ത്തി സംബന്ധിച്ചുള്ള ഭൂമിയുടെ പുനഃക്രമീകരണവേളയില്‍ താങ്കളതിനെ അഭിനന്ദിച്ചിരുന്നുവെന്നും ഖാര്‍ഗെ മോദിയെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ ദുര്‍ഭരണത്തിനൊടുവില്‍ താങ്കള്‍ പെട്ടെന്നുണര്‍ന്നെഴുന്നേറ്റ് ഇന്ത്യയുടെ അഖണ്ഡതയെ കുറിച്ചും രാജ്യസുരക്ഷയെ കുറിച്ചും പറയുന്നത് ഒരുപക്ഷേ തിരഞ്ഞെടുപ്പു കാരണമായിരിക്കാമെന്നും ഖാര്‍ഗെ പരിഹസിച്ചു.

◾ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ഭാരതരത്ന എല്‍ കെ അദ്വാനിക്ക് സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു എല്‍ കെ അദ്വാനിയുടെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

◾ ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ് കമ്പനികള്‍ എത്ര പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയെന്ന് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ പണത്തിന്റെ ഉറവിടം അറിയാനാകുമെന്നും മോദി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വിധി തനിക്ക് എങ്ങനെയാണ് തിരിച്ചടിയാകുന്നതെന്നും മോദി ചോദിച്ചു.

◾ വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ 17 കാരിയായ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവര്‍ തന്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരാതിപ്പെടാന്‍ കഴിയില്ലെന്നും സഹോദരിക്ക് സന്ദേശമയച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.

◾ ഇന്ത്യന്‍ നാവികസേന സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയ 23 പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്ക് നന്ദി പറയുകയും ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. മാര്‍ച്ച് 29 ന് അറബിക്കടലില്‍ നടന്ന ഓപ്പറേഷനിലൂടെയാണ് പാക് പൗരന്മാരെ മോചിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ സ്പെഷ്യലിസ്റ്റ് ടീമാണ് ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് പാക് പൗരന്മാരെ മോചിപ്പിച്ചത്.

◾ വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഇന്നലെയുണ്ടായ കൊടുങ്കാറ്റില്‍ നാലുപേര്‍ മരിച്ചു. നൂറിലധികംപേര്‍ക്ക് പരിക്കേറ്റു.

◾ വടക്കന്‍ സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തിട്ടില്ല.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സ് 43 റണ്‍സെടുത്ത പ്രിഥ്വി ഷായുടേയും 51 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 16 പന്തില്‍ പുറത്താവാതെ 37 റണ്‍സെടുത്ത എം എസ് ധോണി കാണികളെ ത്രസിപ്പിച്ചെങ്കിലും ചെന്നൈയിനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ധോനിക്കുമായില്ല.

◾ ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റീറ്റെയ്ല്‍ രംഗത്തിന്റെ വലുപ്പം രണ്ട് ട്രില്യണ്‍ ഡോളറിലെത്താനുള്ള സാഹചര്യമുണ്ടെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 830 ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള റീറ്റെയ്ല്‍ രംഗം അടുത്ത ഒരു ദശാബ്ദത്തില്‍ 9-10 ശതമാനം നിരക്കില്‍ വളരുമെന്നാണ് പ്രതീക്ഷ. നിലവില്‍ റീറ്റെയ്ല്‍ രംഗം, പ്രത്യേകിച്ച് ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗ്രോസറി, എഫ്.എം.സി.ജി, മെഡിക്കല്‍ ഗുഡ്‌സ്, ക്വിക് സര്‍വീസ് റെസ്റ്റൊറന്റ്‌സ് തുടങ്ങിയ മേഖലകളിലെ വില്‍പ്പനയില്‍ വേഗതക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്. നൈറ്റ് ഫ്രാങ്കിന്റെ പഠനം പറയുന്നത്, 2023നും 2028നുമിടയില്‍ ഇന്ത്യയില്‍ 30 മില്യണ്‍ ഡോളറിലേറെ ആസ്തിയുള്ള അതിസമ്പന്നരുടെ എണ്ണത്തില്‍ ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നാണ്. ഇത് റീറ്റെയ്‌ലേഴ്‌സിന് മുന്നില്‍ വലിയൊരു സാധ്യത തുറന്നിടും. ഉയരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ മൂല്യവര്‍ധനയ്ക്കായി അഞ്ച് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ബി.സി.ജി റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നത്. ബിസിനസ് മോഡല്‍ പുനര്‍നിര്‍വചിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവങ്ങള്‍ പകരാന്‍ ഡിജിറ്റല്‍, എ.ഐ സാങ്കേതികവിദ്യകള്‍ അനുയോജ്യമായ വിധത്തില്‍ ഉള്‍ക്കൊള്ളിക്കുക, എ.ഐ ഉപയോഗിച്ച് വാല്യു ചെയ്ന്‍ പരമാവധി ഉപയോഗപ്രദമാക്കുക, തന്ത്രപരമായ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുക, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കാനായി പ്രാദേശികവത്കരണ തന്ത്രങ്ങള്‍ സ്വാംശീകരിക്കുക എന്നിവയാണത്.

◾ 'ആടുജീവിതം' 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോഡാണ് തകര്‍ത്തത്. ഈ വര്‍ഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. ഇതിനു മുന്‍പ് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളും നേട്ടത്തിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പ്' ആണ് ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപര്‍വം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സും ഏഴ് ദിവസത്തിലാണ് അന്‍പത് കോടിയിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 16.7 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍.

◾ തെലുങ്ക് നടന്‍ നാനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 33' എന്നാണ് വിശേഷണപ്പേര്. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദസറ എന്ന വന്‍ ഹിറ്റിന്റെ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ്, ഷൈന്‍ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണന്‍ സംഗീതവും സത്യന്‍ സൂര്യന്‍ ഐഎസ്സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നാനി 33 സിനിമയും നിര്‍മിക്കുന്നത്.

◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2024 ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില വര്‍ദ്ധിപ്പിക്കും. ഒരു ശതമാനത്തോളം വരെ വില വര്‍ദ്ധനവ് ഏര്‍പ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തനച്ചെലവുകളും വിലക്കയറ്റത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം കമ്പനി നടത്തുന്ന രണ്ടാമത്തെ വില വര്‍ദ്ധനയാണിത്. ടൊയോട്ട തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില 2024 ജനുവരിയില്‍ 2.5 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍, രാജ്യത്തെ ടൊയോട്ട നിരയില്‍ ഗ്ലാന്‍സ, റൂമിയോണ്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹിലക്സ്, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, കാമ്രി, വെല്‍ഫയര്‍, ലാന്‍ഡ് ക്രൂയിസര്‍ എന്നിവ ഉള്‍പ്പെടുന്നു. ടൊയോട്ട ടെയ്‌സര്‍ ഏപ്രില്‍ മൂന്നിന് അരങ്ങേറ്റം കുറിക്കും. ടൊയോട്ടയെ കൂടാതെ മറ്റ് വാഹന നിര്‍മ്മാതാക്കളും ഏപ്രില്‍ മാസത്തില്‍ സമാനമായ വില കൂട്ടല്‍ പ്രഖ്യാപനം നടത്തിയേക്കും. എതിരാളികളായ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യയും തങ്ങളുടെ മോഡലുകളായ സോനെറ്റ്, കാരെന്‍സ്, സെല്‍റ്റോസ് എന്നിവയുടെ വില ഏപ്രില്‍ ഒന്നുമുതല്‍ മൂന്നു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാന്‍ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം. പ്രണയത്തിന്റെ അതിസങ്കീര്‍ണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉള്‍ഗ്രാമത്തിലെ ഒരു തെരുവില്‍ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലര്‍ നോവല്‍. 'ജാനേരന്‍'. രണ്ടാം പതിപ്പ്. വിഷ്ണു പി.കെ. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 214 രൂപ.

◾ വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്റെ കുരു. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രക്കാനും ഇവയ്ക്ക് സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഉപകരിക്കും. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ കുരു ബെസ്റ്റാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും ഇത് ഗുണം ചെയ്യും. തണ്ണിമത്തന്റെ കുരു വറുത്ത് കഴിക്കുന്നതാണ് ഉത്തമം. ആവശ്യാനുസരണം കുറച്ച് ഉപ്പ് വിതറി തണ്ണിമത്തന്‍ കുരു നല്ലതുപൊല വറുത്ത് സ്നാക് ആയി കഴിക്കാം.

*ശുഭദിനം*

ഒരിക്കല്‍ കള്ളവും സത്യവും കൂടി കുളക്കടവില്‍ കുളിക്കാന്‍ ഇറങ്ങി. കളളം ആദ്യം കുളി നിര്‍ത്തി കയറി പോന്നു. സത്യം കുളത്തില്‍ തന്റെ കുളി തുടരുകയാണ്. കുളക്കടവിന് മുകളില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കിടക്കുന്നത് കളളം കണ്ടു. തന്റെ വസ്ത്രം എടുത്തണിയാനായി പോയപ്പോഴാണ് അതാകെ നാട്ടുകാരുടെ തല്ല് കൊണ്ട് പിഞ്ഞി, മുഷിഞ്ഞ് കീറിപ്പറഞ്ഞ് കിടക്കുന്നത് കള്ളം കണ്ടത്. തൊട്ടപ്പുറത്താകട്ടെ സത്യത്തിന്റെ വസ്ത്രം കിടക്കുന്നുമുണ്ട്. കള്ളം സത്യത്തിന്റെ വസ്ത്രമണിഞ്ഞ് പുറത്തേക്ക് പോയി. സത്യമാകട്ടെ കുളികഴിഞ്ഞ് വസ്ത്രമെടുക്കാന്‍ വന്നപ്പോള്‍ അവിടെ കള്ളത്തിന്റെ വസ്ത്രം മാത്രമേയുള്ളൂ. അതാണെങ്കില്‍ തനിക്ക് അണിയാനും സാധിക്കില്ല. കളളം തന്റെ വസ്ത്രമെടുത്ത് ധരിച്ചാണ് പോയതെന്ന് സത്യത്തിന് മനസ്സിലായി. സത്യം നഗ്നമായി തന്നെ പുറത്തേക്ക് പോകാന്‍ തീരുമാനിച്ചു. അന്നുമുതല്‍ സത്യം ഉടുപ്പില്ലാതെയാണ് നടക്കുന്നത്. നഗ്നസത്യത്തിന്റെ കഥയുണ്ടായത് ഇങ്ങനെയാണത്രേ.. അതെ, സത്യം ശരിക്കും നഗ്നമാണ്. കള്ളം പലപ്പോഴും സത്യത്തിന്റെ ഉടുപ്പണിഞ്ഞ് നമ്മെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണ്. സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പോലെ സത്യത്തിന്റെ ഉടുപ്പണിഞ്ഞ കളളത്തെയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കട്ടെ -
*ശുഭദിനം.*