എത്ര കഴിച്ചാലും ചോറിനോടുള്ള പ്രിയം മലയാളികൾക്ക് കുറയില്ല. എന്നാൽ ചോറ് പോലെ തന്നെ മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായ ഒരു വിഭവമാണ് ചപ്പാത്തി. കഞ്ഞിയും ചോറും മാത്രം കഴിച്ച് ശീലിച്ച മലയാളി ഇടക്കെപ്പോഴോ ചപ്പാത്തിയിലേക്കും ചുവട് വച്ചു. ഇന്ന് പല വീടുകളിലും രാത്രി ചോറിന് പകരം ചപ്പാത്തിയാണ് കഴിക്കാറ്. കേരളത്തിൽ ആദ്യമായി ചപ്പാത്തി വന്നിട്ട് 100 വർഷം തികയുകയാണ്. ചപ്പാത്തിയുടെ ഈ കടന്ന് വരവിന് വൈക്കം സത്യാഗ്രഹവുമായി ബന്ധമുണ്ടെന്ന് എത്ര പേർക്കറിയാം.കഥ നടക്കുന്നത് 1924 ലാണ്. അന്ന് കേരളത്തിലെ ദളിത് വിഭാഗം വലിയ നീതി നിഷേധത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരുന്നത്. മേൽജാതിക്കാരെല്ലാം സ്വതന്ത്ര്യമായി വിഹരിക്കുമ്പോൾ താഴ്ന്ന ജാതിയിൽപ്പെട്ടവരെല്ലാം വഴിയിൽ നിന്ന് മാറി 16 അടി തള്ളി നിക്കേണ്ട അവസ്ഥ…ഉടുക്കുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വിഭാഗീയതയും വിവേചനവും…ഹൈന്ദവ വിശ്വാസികളാണെങ്കിൽകൂടി ഇഷ്ട ദേവനെയോ ദേവതെയോ തൊഴാനായി ക്ഷേത്രത്തിനകത്ത് കയറാൻ ദളിതർക്ക് സാധിച്ചിരുന്നില്ല.സവർണരല്ലാത്തവർ ക്ഷേത്രത്തിനകത്ത് കടക്കുന്നത് അശുദ്ധമായാണ് കണ്ടിരുന്നത്. ഈ വിലക്ക് ലംഘിക്കുന്നവർക്ക് അതികഠിന ശിക്ഷയാകും ഏറ്റുവാങ്ങേണ്ടിവരിക. വൈക്കം ശിവക്ഷേത്രത്തിലും ഈ സമ്പ്രദായം തന്നെയാണ് നിലനിന്നിരുന്നത്. അങ്ങനെ ഈ സാമൂഹ്യ ദുരാചാരത്തെ മറികടക്കാൻ ജനം സംഘടിച്ചു. വൈക്യം ക്ഷേത്രം കേന്ദ്രീകരിച്ചാണ് സത്യാഗ്രഹം നടന്നത്.യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന പ്രക്ഷോഭം എന്നാൽ കേരളം മുഴുവൻ ആളിക്കത്തി. ദളിതർക്കൊപ്പം ക്രിസ്യൻ-മുസ്ലീം മത വിശ്വാസികളും പുരോഗമന സവർണരും അണിനിരന്നു. അകാലി സിഖ് മതവിശ്വാസികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.1924 ഏപ്രിൽ 29ന് അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ സിംഗിന്റേയും നേതൃത്വത്തിലുള്ള 12 അകാലികൾ വൈക്കത്ത് ധാന്യവുമായി എത്തി. പ്രതിഷേധക്കാരെ സഹായിക്കാനായിരുന്നു ഇത്. 1924 മെയ് 5 മുതൽ 7 വരെ അകാലി അടുക്കളയിൽ പ്രതിഷേധക്കാർക്കായി അഗ്‌നിയെരിഞ്ഞു. 30,000 പ്രതിഷേധക്കാർക്കാണ് അകാലികൾ രുചികരമായ ചപ്പാത്തിയും സബ്ജിയും (പച്ചക്കറി) വിളമ്പിയത്.ചോർ മാത്രം കഴിച്ച് ശീലിച്ച മലയാളികൾ ആദ്യമായി അന്ന് ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി കഴിച്ചു. മറ്റൊരു ദേശത്തെ പ്രതിഷേധത്തിന് വേണ്ടി സ്വയം മറന്ന് കേരളത്തിലെത്തിയ സിഖ് കാരെയും അവർ വിളമ്പിയ പുതു രുചിയും കേരളക്കരയ്ക്ക് ഇഷ്ടപെട്ടു.
ഒടുവിൽ പ്രതിഷേധക്കാർ ആരുടേയും ആശ്രയമില്ലാതെ മുന്നോട്ട് പോകണമെന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം മാനിച്ചാണ് അകാലികൾ കേരളം വിട്ടത്. നൂറ് കണക്കിന് പേരാണ് അകാലികളെ യാത്ര അയക്കാൻ തടിച്ചുകൂടിയത്. 604 ദിവസം നീണ്ടുനിന്ന ഈ സത്യാഗ്രഹത്തിനൊടുവിൽ 1936 ൽ ക്ഷേത്ര വിളമ്പരം നടന്നു.വൈക്കം സത്യാഗ്രഹം അവിടെ അവസാനിച്ചുവെങ്കിലും അകാലികൾ വിളമ്പിയ ചപ്പാത്തിയെ കേരളം നെഞ്ചോട് ചേർത്തു. വർഷങ്ങൾക്കിപ്പുറവും ചോറ് കഴിഞ്ഞാൽ വീടുകളിൽ ഏറ്റവുമധികം വിളമ്പുന്ന ഭക്ഷണങ്ങളിലൊന്ന് ചപ്പാത്തിയാണ്.