സിം കാർഡുകൾ ഉപയോഗിച്ച് പലവിധങ്ങളായ തട്ടിപ്പുകൾ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ പേരിൽ വ്യാജ സിം കാർഡുകളെടുത്തും സിം കാർഡുകളുടെ നിയന്ത്രണം കൈക്കലാക്കിയുമെല്ലാം തട്ടിപ്പുകൾ നടക്കുന്നു. ഇപ്പോഴിതാ സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളും മാറുകയാണ്. ഉപഭോക്താവിൻ്റെ ഡേറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകൾ ഉപയോഗിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സാധാരണ സിംകാർഡുകൾക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിം ആണ് ഇ-സിമ്മുകൾ. ഐഫോണുകൾ ഉൾപ്പടെ പല ഫ്ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാൽ ഫോണിൽ ഫിസിക്കൽ സിംകാർഡുകൾ ഉപയോഗിക്കേണ്ടതില്ല. ഒരു ഫിസിക്കൽ സിംകാർഡ് സൗകര്യം മാത്രമുള്ള ഐഫോണിൽ രണ്ട് കണക്ഷനുകൾ ഉപയോഗിക്കാൻ ഇ-സിം സൗകര്യം പ്രയോജനപ്പെടുത്താനാവും.
ഉപഭോക്താവിന് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു ഇ-സിം കണക്ടിവിറ്റി എടുക്കാനാവും. ടെലികോം കമ്പനികൾക്ക് ദൂരെ നിന്ന് കൊണ്ട് തന്നെ അവ പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷൻ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഇ-സിമ്മിൻ്റെ നിയന്ത്രണം കൈക്കലാക്കാൻ ഹാക്കർമാർ മുതലെടുക്കുന്നത്.
ദൂരെ ഒരിടത്ത് നിന്ന് മറ്റൊരു ഇ- സിമ്മിലേക്ക് കണക്ഷൻ മാറ്റാനും ഫോൺ നമ്പർ ഹൈജാക്ക് ചെയ്യാനും ഹാക്കർമാർക്ക് സാധിക്കും. അതായത് ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈൽ എടുത്ത് ഹാക്കർക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈൽ നമ്പർ ഉപയോഗിച്ച് പലവിധത്തിലുള്ള വിവരങ്ങൾ കൈക്കലാക്കാനും സാധിക്കും. വിവിധ സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് ഇത്തരം കുറ്റവാളികൾ ലക്ഷ്യമിടുന്നത്. 2023 അവസാനം മുതൽ അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് റഷ്യൻ സൈബർ സുരക്ഷാ സ്ഥാപനമായ എഫ്.എ.സി.സി.ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓൺലൈൻ അക്കൗണ്ടുകളുടെ വിവിധ സുരക്ഷാസംവിധാനങ്ങൾ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചാണുള്ളത്. നമ്പറിൽ വരുന്ന ഒടിപികൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറാനും വിവരങ്ങളും, സമ്പത്തും മോഷ്ടിക്കാനും കഴിയും.
എന്തായാലും ഇ-സിം കണക്ഷനിൽ ഉപയോഗിക്കുന്ന നമ്പറിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അത്തരം അക്കൗണ്ടുകൾക്ക് ടൂ ഫാക്‌ടർ ഒതന്റിക്കേഷൻ ഉടൻ സെറ്റ് ചെയ്യുകയും ഒതന്റിക്കേറ്റർ ആപ്പുകളുമായി അക്കൗണ്ട് ബന്ധിപ്പിക്കുകയും ചെയ്യുക.