കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു. ഇവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പി.സി ശശീന്ദ്രനെ പുതിയ വിസിയായി നിയമിച്ചത്. വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍റെ കൂടി ചുമതലയുള്ള ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടിയെടുക്കാത്തതില്‍ വലിയ രീതിയിലുള്ള വിമര്‍ശനമുണ്ടായിരുന്നു.ഇരുവര്‍ക്കും സംഭവത്തിൽ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരും മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. എന്നാല്‍, ഇരുവരുടെയും മറുപടി തൃപ്കികരമല്ലെന്നാണ് ഉത്തരവില്‍ വിസി വ്യക്തമാക്കിയിട്ടുള്ളത്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സുതാര്യമായ അന്വേഷണത്തിന് ഇരുവം തല്‍സ്ഥാനത്ത് തുടരുന്നത് തടസമാകുമെന്നും ഉത്തരവിലുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസില്‍ വിസി ഇരുവരോടും ചോദിച്ചിരുന്നത്. ഇതിന് ഇരുവരും തൃപ്തികരമായ മറുപടിയല്ല നല്‍കിയിരുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് ഇന്ന് രാവിലെ പത്തരവരെ സമയം നീട്ടി നൽകുകയായിരുന്നു. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടിയുണ്ടാകുകയെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.