വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; 'സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല', ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ

തിരുവനന്തപുരം: വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പിബി നൂഹ്. സംഭവത്തില്‍ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് നാളെ സമർപ്പിക്കുമെന്നും പി.ബി.നൂഹ് വ്യക്തമാക്കി.

സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്നായിരുന്നു ഡിടിപിസിയുടേയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടേയും വാദം. എന്നാല്‍, ഇക്കാര്യം തള്ളിയാണിപ്പോള്‍ ടൂറിസം ഡയറക്ടര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.


ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണുള്ളതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണം. എന്ത് പരിശോധനയാണ് നടത്തിയത്? ഏത് കമ്പനിയാണ് ഇത് നിര്‍മിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തത്. രണ്ട് മാസം പോലും ആയിട്ടില്ല നിര്‍മിച്ചിട്ട്. ഒരുപാട് സ്വകാര്യ കമ്പനികള്‍ ടൂറിസം വകുപ്പിലേക്ക് കടന്നുവരുകയാണെന്നും വിഡി സതീശൻ ആരോപിച്ചു..