ആറ്റിങ്ങൽ: നഗരസഭ സാക്ഷരതാമിഷൻ്റെ പ്ലസ്ടു തുല്യതാ റാങ്ക് ജേതാവും കേരള സർവ്വകലാശായിൽ സോഷ്യോളജി വിദ്യാർത്ഥി കൂടിയായ അനിതകുമാരിയാണ് ജില്ലാ വയോജന കലോത്സവ വേദിയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത്. സാമൂഹ്യനീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ കലോത്സവത്തിൽ കഥാപ്രസംഗം, കഥാരചന, പദ്യപാരായണം, എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും കവിതാ രചന, ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനവും ഇവർ കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാലിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. വേലാംകോണം സൗപർണ്ണികയിൽ ജോൺ.ഡി.രാജിൻ്റെ ഭാര്യയാണ് 66 വയസുള്ള അനിതകുമാരി.