ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 193 റൺസ് നേടി. 52 പന്തിൽ 82 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. റിയൻ പരാഗ് 43 റൺസ് നേടി പുറത്തായി. ലക്നൗവിനായി നവീനുൽ ഹഖ് 2 വിക്കറ്റ് വീഴ്ത്തി.മോശം തുടക്കമാണ് രാജസ്ഥാനു ലഭിച്ചത്. സ്കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോൾ രാജസ്ഥാന് ജോസ് ബട്ലറെ (11) നഷ്ടമായി. ബട്ലർ മടങ്ങിയതിനു ശേഷം കത്തിക്കയറിയ യശസ്വി ജയ്സ്വാൾ 12 പന്തിൽ 24 റൺസ് നേടി മടങ്ങി. നാലാം നമ്പറിൽ സഞ്ജുവിനു കൂട്ടായി റിയൻ പരാഗ് എത്തിയതോടെ രാജസ്ഥാൻ ഇന്നിംഗ്സ് ട്രാക്കിലായി. സാവധാനം ആരംഭിച്ച ഇരുവരും പിന്നീട് യഥേഷ്ടം ബൗണ്ടറികൾ നേടി രാജസ്ഥാനെ മുന്നോട്ടുനയിച്ചു. 33 പന്തിൽ സഞ്ജു ഫിഫ്റ്റിയടിച്ചു. 93 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 15ആം ഓവറിൽ അവസാനിച്ചു. 29 പന്തിൽ 43 റൺസ് നേടി പരാഗ് മടങ്ങി.
പിന്നീട് ഷിംറോൺ ഹെട്മെയർ (5) വേഗം പുറത്തായെങ്കിലും ധ്രുവ് ജുറേൽ ചില ബൗണ്ടറികൾ നേടി. 19 റൺസ് നേടി ജുറേൽ നോട്ടൗട്ടാണ്. അവസാന ഓവറുകളിൽ രാജസ്ഥാൻ ബാറ്റർമാരെ പിടിച്ചുകെട്ടിയ ലക്നൗ ബൗളർമാർ സ്കോർ 200 കടക്കാൻ അനുവദിച്ചില്ല.