ദില്ലി : നരേന്ദ്രമോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്നും ആകര്‍ഷിച്ചിരുന്നുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പദ്മജ വേണുഗോപാൽ. ബിജെപിയിൽ ചേര്‍ന്നതിൽ വളരെ സന്തോഷം. ആദ്യമായാണ് പാർട്ടി മാറുന്നത്. ബിജെപി എന്ന പാർട്ടിയെ കുറിച്ച് കൂടുതൽ പഠിക്കണം. കോൺഗ്രസുമായി വര്‍ഷങ്ങളായി താൻ അകൽച്ചയിലായിരുന്നുവെന്നും പദ്മജ വിശദീകരിച്ചു. ഹൈക്കമാൻഡിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. താൻ നൽകിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയിൽ പരാമര്‍ശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളിലെത്തി. സമാധാന പരമായി പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ല. സോണിയ ഗാന്ധിയോട് വലിയ ബഹുമാനമാണ്. പക്ഷേ കാണാൻ പറ്റിയില്ല. കോൺഗ്രസ് പ്രവർത്തകരെ പറ്റി ആലോചിക്കുമ്പോൾ മാനസികമായ ബുദ്ധിമുട്ടുണ്ട്. പാർട്ടി പ്രവർത്തകരിൽ പലരും ഒപ്പമുണ്ട് എന്ന് പറയുന്നുണ്ടെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.