തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ അരുണും കുടുംബവും വർക്കലയിൽ പോയതായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലായിരുന്നു.
50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് വിവരം. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവികൾ പരിശോധിച്ചുവരികയാണ്.