തിരുവനന്തപുരം. പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് ഇന്ന് പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് നടത്തും. നിരവധി കേസുകളിൽ പ്രതിയായ ഹസൻകുട്ടി എന്ന കബീർ ആണ് കേസിൽ അറസ്റ്റിൽ ആയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്താൽ പിന്നാലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതി പിടിയിലായെങ്കിലും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ രാത്രി പുലരും മുൻപ് തന്നെ കുട്ടിയെ പ്രതി ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കിട്ടിയ സ്ഥലത്ത് പകൽസമയത്ത് പരിശോധന നടത്തിയിരുന്നു. അപ്പോൾ സംശയാസ്പദമായി ഒന്നും ഉണ്ടായിരുന്നില്ല. പിന്നാലെ സന്ധ്യയ്ക്കാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയിൽ നിന്ന് തന്നെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും.