ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയുടെ വിവിധയിനം വനിതാഘടക പദ്ധതികൾ എംഎൽഎ ഒഎസ്.അംബിക ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ : നഗരസഭ കുടുംബശ്രീയുടെ വനിതാഘടക പദ്ധതികളുടെ ഉദ്ഘാടനം ഒഎസ്.അംബിക എംഎൽഎ നിർവ്വഹിച്ചു. വലിയകുന്ന് താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച സ്വാദിമ വനിതാ ക്യാൻ്റീനും, കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനു സമീപം ആരംഭിച്ച റിവർവ്യൂ കഫേയും, നഗരസഭ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്ന സ്മാർട്ട് ബിൽഡിംഗ് പ്ലാൻ ഫെസിലിറ്റേഷൻ സെൻ്റെറും പൂർണ്ണമായും കുടുംബശ്രീയുടെ കീഴിലാണ്. 700 ചതുരശ്രയടിയിൽ നിർമ്മിച്ച താലൂക്കാശുപത്രി ക്യാൻ്റീനിൻ്റെ നിർമ്മാണത്തിന് 24 ലക്ഷം രൂപയും, 1260 ചതുരശ്രയടിയിൽ നിർമ്മിച്ച കൊല്ലമ്പുഴയിലെ ലഘുഭക്ഷണ ശാലക്ക് 35 ലക്ഷം രൂപയുമാണ് വിവിധയിനം വനിതാഘടക പദ്ധതികളിലൂടെ നഗരസഭ ചിലവഴിച്ചത്. നഗരപരിധിയിലെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പ്ലാൻ വരക്കുന്നതിനു വനിത സിവിൽ എഞ്ചിനീയറുടെ സേവനവും ഇനി മുതൽ കുടുംബശ്രീ മുഖേന ലഭ്യമാവും. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് ഇത്തരം പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി യോഗത്തിന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ എസ്.ഗിരിജ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, എസ്.ഷീജ, രമ്യാസുധീർ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, വാർഡ് കൗൺസിലർ എം.താഹിർ,ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതാസോമൻ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൻ എ.റീജ പരിപാടിക്ക് നന്ദിയും പറഞ്ഞു.