മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണ് സിംന. ആശുപത്രിയില്‍ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാണ് സിംനയ്ക്ക് മരണം സംഭവിച്ചത്.