തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ എത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകില്ലെന്ന് അറിയിച്ചു. തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം ഷാനവാസ് പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.