നോമ്പുതുറക്കാനായി സാധാരണ ജനങ്ങള്‍ക്കൊപ്പം ഇരുന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഇന്നലെ നോമ്പുതുറയ്ക്കെത്തിയവരെ ഞെട്ടിച്ചായിരുന്നുയുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദർശനം.മലയാളികടക്കമുള്ള നൂറുകണക്കിന് പേര്‍ പള്ളിയങ്കണത്തില്‍ നോമ്പുതുറയ്ക്ക് എത്തിയിരുന്നു. സുഖമാണോ എന്ന് എല്ലാവരോടും അറബികിൽ ചോദിച്ചു കൊണ്ട് അദ്ദേഹം കടന്നുവന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍ ഇരുന്നോളൂ എന്ന് അദ്ദേഹം പറയുകയും ചെയ്തു. 13 മണിക്കൂറും 33 മിനിറ്റും നീണ്ട ഉപവാസം അവസാനിപ്പിച്ച് എല്ലാവരും ഇഫ്താർ ആരംഭിച്ചപ്പോൾ ശൈഖ് മുഹമ്മദും സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു.
വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോടൊപ്പമാണ് യുഎഇ പ്രസിഡന്‍റ് നോമ്പുതുറക്കാനെത്തിയത്.
പൊതുജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി പോലെ അരിയും മാംസവും ചേര്‍ത്ത് പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ വിഭവം, ഹരീസ, വെള്ളം, ലബൻ(യോഗട്ട്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിനുള്ളിലെ വിശ്വാസികളുമായും പ്രസിഡന്റ് സംസാരിച്ചു.