റിയാദ്: റിയാദിലെ സുലയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഷാജിൻ. രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ. റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.