സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ആദ്യമായി അരലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണത്തിന്റെ കുതിപ്പിനാണ് ഇന്ന് നേരിയ ആശ്വാസമുണ്ടായിരിക്കുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,200 രൂപയും ഒരു ഗ്രാമിന് 6275 രൂപയുമായി. ഇന്നലെ പവന് 50,400 ആയിരുന്നു വില. ഗ്രാമിന് 130 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. 6300 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.