ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച‌ ഉണ്ടായേക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്‌ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് സൂചന.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജമ്മു കശ്‌മീർ സന്ദർശിക്കുകയാണ്. ഈ സന്ദർശനം പൂർത്തിയായാൽ ഉടൻ കമ്മിഷന്റെ സമ്പൂർണയോഗം ചേർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.



മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ചില വൻകിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് സി.എ.എ. ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യ്തേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വെള്ളിയാഴ്ച‌ ഡൽഹിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പത്തിനാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 2019-ലെ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കേരളത്തിൽ, ആദ്യ നാലുഘട്ടങ്ങളിൽ ഒന്നിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.