2016 മാർച്ച് 6 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധക ഹൃദയം കീഴടക്കി.
പ്രശസ്തിയുടെ മഹാമേരുക്കൾ കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്ത് പിടിച്ചു.
വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്‍റെ ജീവിതവും. മണി മലയാളിക്കും എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വച്ച ബഹുമുഖങ്ങളുള്ള കണ്ണാടി.