ചെന്നൈ: പ്രമുഖ തമിഴ് ചലചിത്ര നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രിൽ മാസത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ ആരംഭം. കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സംസ്ക്കാരം ചെന്നൈയിലെ പുരസായിവക്കത്തെ വീട്ട് വളപ്പിൽ ഇന്ന് നടക്കും.