◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴ കെ.സി വേണുഗോപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹ്നാന്‍, തൃശൂരില്‍ കെ.മുരളീധരന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂര്‍ കെ.സുധാകരന്‍, വയനാട് രാഹുല്‍ ഗാന്ധി, കാസര്‍കോട് രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക.
◾ ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. ഇടതുമുന്നണിയെ നിലംപരിശാക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കരുണാകരന്റെ മകള്‍ ബിജെപിയില്‍ പോയി എന്ന് വലിയ പ്രചാരണം കൊടുക്കുന്ന ഇടതുമുന്നണിക്ക് കോണ്‍ഗ്രസ് കൊടുത്ത അടിയാണ് തൃശ്ശൂരിലെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
◾ ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് തങ്ങളുടെ നയമെന്നും കേരളത്തിലവര്‍ക്ക് നിലം തൊടാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ എംപി. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. ബിജെപി വെല്ലുവിളി ഏറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നില്‍ നിര്‍ത്തിയാല്‍ അത്രയും പണി കുറയുമെന്നും മുരളീധരന്‍ പരിഹസിച്ചു.
◾ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമെന്നും വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വ്യക്തിപരമായ കാര്യങ്ങള്‍ക്കപ്പുറം രാജ്യത്തെ ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും കോണ്‍ഗ്രസിന്റെ ഓരോ സീറ്റും നിര്‍ണായകമാണെന്നും ഷാഫി വിശദമാക്കി.
◾ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിന്റെ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് നഷ്ടമായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
◾ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വൈകുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനമുന്നയിച്ച് സിപിഐ. പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഐ പങ്കുവെച്ചത്. അതേസമയം, ക്ഷേമ പെന്‍ഷന്‍ എത്രയുംവേഗം നല്‍കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.
◾ ക്ഷേമപെന്‍ഷന്‍ കുടിശിക തെരഞ്ഞെടുപ്പിന് മുന്‍പ് കൊടുത്ത് തീര്‍ക്കുമെന്ന് ഇ.പി.ജയരാജന്‍. വന്യ ജീവി ആക്രമണത്തെ ചെറുക്കാന്‍ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്നും ഇതരസംസ്ഥാനങ്ങളിലെ പ്രവണത കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഹ്ലാദകരമായ കാര്യമല്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ മിതത്വം പുലര്‍ത്തുന്നത് അതുകൊണ്ടാണ്. നേതാക്കള്‍ മറുകണ്ടം ചാടുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ തന്റെ മാതാവിനെ വരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണു ഗോപാല്‍. അതേസമയം പത്മജ വേണുഗോപാല്‍ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണ് പത്മജക്കെതിരെ കേസുകൊടുക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും, കെ കരുണാകരന്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാന്‍ പത്മജയ്ക്കിനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി.
◾ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്ലെന്നും വിരമിച്ചശേഷവും കേരളത്തില്‍ സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹമാണു പത്മജയുടെ ബിജെപി പ്രവേശത്തിന് ഇടനിലക്കാരനായതെന്നും ഈ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും സതീശന്‍ തുറന്നടിച്ചു.
◾ കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുന്നത് അഴിമതിയും തൊഴുത്തില്‍കുത്തും മടുത്തിട്ടാണെന്ന് വി മുരളീധരന്‍. പത്മജാ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരാനുള്ള മടിയും കൊണ്ടാണ് കോണ്‍ഗ്രസില്‍ ഇത്രയും കൊഴിഞ്ഞുപോക്കെന്നും അദ്ദേഹം പറഞ്ഞു.
◾ കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ഇനി ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ മലപ്പുറം നിലമ്പൂരില്‍ പത്മജയ്ക്കും മോദിക്കും ഒപ്പം, മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ച് ബിജെപി. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡില്‍ നിന്നും കെ കരുണാകരന്റെ ചിത്രം മാറ്റണമെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി.
◾ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എകെ നസീറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
◾ ഞായറാഴ്ച വരെ അഞ്ചു ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പാലക്കാട് , കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
◾ കട്ടപ്പനയില്‍ നടന്നത് ഇരട്ട കൊലപാതകമെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സൂചന. മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരാവായത്. കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), സഹായി പുത്തന്‍പുരയ്ക്കല്‍ നിതീഷ്(31) എന്നിവര്‍ പിടിയിലായത്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ തിരുവനന്തപുരം ചൊവ്വരയില്‍ 4 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര എക്സൈസും മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ത മിഴ്നാട്ടില്‍ നിന്ന് കോവളത്തേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
◾ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 65-കോടിയോളം രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. പത്ത് ദിവസത്തേക്ക് ഹൈക്കോടതിയില്‍ പോകുവാന്‍ വേണ്ടി സ്റ്റേ ആവശ്യപ്പെട്ടെങ്കിലും, സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സ്റ്റേ തള്ളുകയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ആദായനികുതി അടയ്ക്കാന്‍ വൈകിയെന്ന് കാണിച്ചാണ് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണിതെന്നും ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുള്ള ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക ഭീകരതയാണിതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
◾ രവി നദിയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടയാന്‍ ഒരുങ്ങി ഇന്ത്യ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഘട്കരിയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് അവസാനിപ്പിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇവിടെ അവസാനിക്കുന്നത്.
◾ റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ജോലി വാഗ്ദാനത്തിലൂടെ കബളിപ്പിക്കപ്പെട്ട് എത്തിച്ചേര്‍ന്നതാണ് ഇവര്‍. റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇവരെ തിരികെ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
◾ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഒന്നാമതെത്തി ഇന്ത്യയുടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങളിലും ടിസിഎസിനെ മികച്ച തൊഴില്‍ദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ ആഗോള അംഗീകാരം.
◾ ദക്ഷിണ കൊറിയയില്‍ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍. ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപരോധിക്കാന്‍ ആലോചിക്കുന്നത്.
◾ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ യുപി വാരിയേഴ്സിസിന് ആവേശ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിനാണ് യുപി വാരിയേഴ്സ് മുട്ടു കുത്തിച്ചത്. യുപി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
◾ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാമിന്നിംഗ്സ് ലീഡിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 218 റണ്‍സിനെതിരെ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക് 255 റണ്‍സിന്റെ ലീഡുണ്ട്. 27 റണ്‍സെടുത്ത കുല്‍ദീപ് യാദവും 19 റണ്‍സെടുത്ത ജസ്പ്രിത് ബുമ്രയുമാണ് ക്രീസില്‍. 102 റണ്‍സെടുത്ത രോഹിത് ശര്‍മ, 110 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 65 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍, 56 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍ 57 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
◾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇപ്പോള്‍ നേപ്പാളിലും പ്രവര്‍ത്തിച്ചു തുടങ്ങിയതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ). ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്ത്യക്കാര്‍ക്ക് നേപ്പാളിലും പണം കൈമാറാന്‍ സാധിക്കുമെന്ന് എന്‍സിപിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍സിപിഐയും നേപ്പാളിലെ പേയ്‌മെന്റ് നെറ്റ്വര്‍ക്ക് ആയ ഫോണ്‍പേ പെയ്‌മെന്റ് സര്‍വീസും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുപിഐ നേപ്പാളിലും ഉപയോഗിക്കുന്നതിനു വഴി തെളിഞ്ഞത്. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യന്‍ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേപ്പാളി കച്ചവടക്കാര്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാനാവും. ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമാവുന്നതാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ ശക്തമാവാന്‍ ഇതുപകരിക്കുമെന്ന് എന്‍സിപിഐ പറഞ്ഞു.
◾ 'തൊട്ടപ്പന്‍' എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികാ നായകന്മാരായി പൂര്‍ണിമയും ഇന്ദ്രജിത്തും. 'ഒരു കട്ടില്‍ ഒരു മുറി' എന്നാണ് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍. പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആദ്യമായാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജോഡികളായി ഒരു ചിത്രത്തിലെത്തുന്നത്. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി, സ്വം, വാനപ്രസ്ഥം, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഘുനാഥ് പാലേരി ഒരു കട്ടില്‍ ഒരു മുറി എന്ന് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ പുതിയ പ്രോജക്ടുമായി മിഥുന്‍ മാനുവല്‍ തോമസ്. 'എബ്രഹാം ഓസ്ലര്‍' എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് ഒരു സീരിസ് ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് വേണ്ടി ഒരുക്കുന്ന സീരിസിന്റെ പേര് 'അണലി' എന്നാണ്. പാലായിലും പരിസരങ്ങളിലും ആയിട്ടാണ് സീരീസ് ചിത്രീകരിക്കുക. ഇതോടെ മിഥുന്‍ മാനുവല്‍ സിനിമകളുടെ പേരും ചര്‍ച്ചകളില്‍ നിറയുകയാണ്. 'ആട്', 'ആന്‍മരിയ കലിപ്പിലാണ്', 'അലമാര', 'ആട് 2', 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്', 'അഞ്ചാംപാതിര', 'എബ്രഹാം ഓസ്ലര്‍' എന്നിങ്ങനെ മിഥുന്‍ സംവിധാനം ചെയ്ത എല്ലാ സിനിമകളുടെ ടൈറ്റിലുകള്‍ എ എന്ന അക്ഷരത്തില്‍ തുടങ്ങുന്നവയാണ്. അതേസമയം, അണലി സീരിസ് കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ 'കറി ആന്‍ഡ് സയനൈഡ്' എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യൂമെന്ററിയും കൂടത്തായി എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും കേസ് ആസ്പദമായി ഒരുങ്ങിയിരുന്നു. മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും 'ജനമൈത്രി' എന്ന സിനിമയുടെ സംവിധായകനുമാണ് ജോണ്‍.
◾ 10.5 കോടി രൂപ പ്രാരംഭ വിലയില്‍ ഫെരാരി പുരോസാങ്ഗ് എസ്യുവി അവതരിപ്പിച്ചു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കമ്പനിയുടെ ആദ്യ എസ്യുവിയാണിത്. ഫെരാരി പുരോസാങ്ഗ് എസ്യുവിയുടെ ആദ്യ ഡെലിവറി ഇതിനകം തന്നെ ബെംഗളൂരുവില്‍ നടന്നു. എസ്യുവിയുടെ ബുക്കിംഗ് അവസാനിപ്പിച്ചു. ഇത് 2026-ല്‍ വീണ്ടും തുറക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ് ആരംഭിക്കുമ്പോള്‍, വില 20 ശതമാനം വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 6.5 ലിറ്റര്‍ വി12 എഞ്ചിനാണ്, അത് വളരെ ശക്തമാണ് ഫെരാരി പുരോസാങ്ഗ് എസ്യുവിക്ക് കരുത്തേകുന്നത് . ഈ എഞ്ചിന്‍ പരമാവധി 725എച്പി കരുത്തും 716എന്‍എം ആണ് പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നത്. ആക്സിലറേഷന്റെ കാര്യത്തില്‍, എസ്യുവിക്ക് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയില്‍ 3.3 സെക്കന്‍ഡിനുള്ളില്‍ പോകാനാകും. ഡ്യൂവല്‍ ക്ലച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എസ്യുവിയില്‍ നല്‍കിയിരിക്കുന്നത്. ഒരു ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു. ഇത് എസ്യുവിയെ ഏറ്റവും ശക്തമായ എസ്യുവിയാക്കി മാറ്റുന്നു. ഫെരാരി ഒന്നിലധികം പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പുറോസാങ്ഗ് ആധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയോ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8യോ ഉപയോഗിക്കുന്നില്ല. നിറങ്ങളുടെ കാര്യത്തില്‍, എട്ട് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകള്‍ ലഭിക്കും, കറുപ്പ്, നീല, മഞ്ഞ, വെള്ള, ചാര, ഒന്നിലധികം ചുവപ്പ് വേരിയന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
◾ മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം . തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകള്‍ക്ക് മുന്നില്‍ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരില്‍ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകള്‍ നിറയുന്നു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു. 'കഥ പറയാനൊരു മുത്തശ്ശി'. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 187 രൂപ.
◾ആള്‍ക്കൂട്ടത്തിലേക്കോ പൊതുവിടത്തിലേക്കോ പോകാന്‍ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കില്‍, ഇത് ഒരു മാനസികാരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്നു, കാരണം ഈ അവസ്ഥയില്‍ വ്യക്തി പലപ്പോഴും ആളുകളുടെ മുന്നില്‍ ഉത്കണ്ഠാകുലനാകും. ഇത്തരത്തിലുള്ള ഭയത്തില്‍ നിന്നും പുറത്തു കടക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ എങ്ങനെയാണോ സ്വയം അംഗീകരിക്കണമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ഈ ഭയത്തില്‍ നിന്ന് മുക്തി നേടാനാകൂ. പലപ്പോഴും, കുട്ടിക്കാലം മുതല്‍, ഒരു വ്യക്തിയുടെ മനസ്സ് തനിക്ക് ചില പോരായ്മകളുണ്ടെന്നും അതുമൂലം ഭാവിയില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു, കാരണം ആളുകള്‍ തന്റെ കുറവുകളുടെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തുമെന്ന് അയാള്‍ക്ക് തോന്നുന്നു. അത്തരമൊരു വ്യക്തി ആളുകളുടെ മുന്നില്‍ പോകാന്‍ ഭയപ്പെടുകയും മിക്കവാറും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ഭയവും ഏകാന്തതയും അവനെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പല രോഗങ്ങള്‍ക്കും ഇരയാക്കുന്നു. ഇത്തരം മാനസികാരോഗ്യ പ്രശ്നത്തിന് അടിമായണോ നിങ്ങളെന്ന് ഇങ്ങനെ കണ്ടുപിടിക്കാം. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ജീവിതത്തില്‍ ഏകാന്തത അനുഭവപ്പെടുന്നു. ആളുകളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും നോട്ടം ഒഴിവാക്കുന്നതും അവരോട് സംസാരിക്കാതിരിക്കുന്നതും മാനസികാരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്നു. ഏതൊരു ബന്ധത്തിലും, മറ്റൊരാള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, എന്നാല്‍ ആ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് അവഗണിക്കുക. ആരെങ്കിലും നിങ്ങളെ നിരസിക്കുന്നതിന് മുമ്പ് തന്നെ ആ ബന്ധത്തില്‍ അകലം സൃഷ്ടിക്കുന്നതും ഈ മാനസിക രോഗത്തിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍ ദൃശ്യമാണെങ്കില്‍, ആളുകളുടെ മുന്നില്‍ പോയി അവരെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ ഭയപ്പെടുന്നു എന്നാണ്. ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കാരണം നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ഇരയായേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം. പൂച്ചകളുമായി ഉടമസ്ഥര്‍ എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്‍ നല്‍കി. എല്ലാവരും ഓടി വന്ന് പാല് കുടിച്ചപ്പോള്‍ ഒരു പൂച്ചമാത്രം മണത്തുനോക്കിയിട്ട് തിരിഞ്ഞുനടന്നു. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ചെയ്യുന്ന പൂച്ചക്കാണല്ലോ സമ്മാനം. അങ്ങനെ ആ പൂച്ച വിജയിയായി മാറി. സംഘാടകര്‍ ഉടമസ്ഥനോട് ചോദിച്ചു: താങ്കളുടെ പൂച്ചമാത്രം എന്താണ് പാല് കുടിക്കാഞ്ഞത്? അയാള്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ തിളച്ചപാലാണ് അതിന് നല്‍കിയത്. അത് കുടിച്ച് നാവ് പൊള്ളിയതില്‍ പിന്നെ പാല് കണ്ടാല്‍ പൂച്ച തിരിഞ്ഞോടും അനുഭവബന്ധിതമാണ് ഓരോ പ്രവൃത്തിയും. നേരിട്ടനുഭവിച്ച പാഠങ്ങളെ ആയുസ്സുമുഴുവന്‍ പലപ്പോഴും മുറുകെ പിടിക്കും. പക്ഷേ, സന്തോഷാനുഭവങ്ങളെ കൂട്ടുപിടുക്കുന്നതിനേക്കാള്‍ ദുരനുഭവങ്ങളെ കൂട്ടുപിടിക്കുന്നതിനാണ് പലര്‍ക്കും താല്‍പര്യം. ഒരിക്കലുണ്ടായ അനിഷ്ടസംഭവത്തെ ന്യായീകരിച്ച് ജീവിതകാലം മുഴുവന്‍ അവ കൊണ്ടുനടക്കും. പക്ഷേ, അന്നത്തെ ആ അനുഭവം അപ്പോഴത്തെ സാഹചര്യം കൊണ്ട് മാത്രം ഉടലെടുത്തതായിരിക്കാം. ഓരോ സംഭവങ്ങളും നമ്മെ പഠിപ്പിക്കേണ്ടത്, ഒന്നില്‍ നിന്നും ഒളിച്ചോടാനല്ല, അവയെ കരുതലോടെ നേരിടാനാണ്. ഒരു പ്രശ്‌നമുണ്ടായാല്‍ വീണ്ടും അത് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികളും തരണം ചെയ്യാനുള്ള പ്രതിവിധികളുമാണ് കൈക്കൊള്ളേണ്ടത്. - *ശുഭദിനം.*