*പ്രഭാത വാർത്തകൾ*2024 | മാർച്ച് 8 | വെള്ളി |

◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുര്‍ എന്നീ സംസ്ഥാനങ്ങളിലെ 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളത്തിലെ 16 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യത. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍.

◾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തെത്തി, ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പത്മജാ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്നും, കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി മാറ്റിയതാണെന്നും പത്മജ പ്രതികരിച്ചു.

◾ ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളു. അത്രയേ ഞാനും ചെയ്തുള്ളൂ. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റാണിത്. പണികൊടുത്തത് ഫെയ്സ്ബുക്ക് അഡ്മിനാണ്. പത്മജയുടെ നിര്‍ദേശപ്രകാരം നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു.

◾ എല്ലിന്‍ കഷ്ണം ഇട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ 11 മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിയിലാണെന്നും ഇനിയും എത്രയോ പേര്‍ നിരന്നു നില്‍ക്കുന്നുവെന്നും പിണറായി പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസ് ആയി നില്‍ക്കുമോയെന്നും അങ്ങനെ ആര്‍ക്കെങ്കിലും ഗ്യാരണ്ടി പറയാന്‍ കഴിയുമോ എന്നും പിണറായി ചോദിച്ചു.  

◾ സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല.

◾ കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ.എം വി നാരായണനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിന് വിനയായത് സര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി ഉണ്ടായതാണ്. ഒറ്റപ്പേര് മാത്രം നിര്‍ദ്ദേശിച്ചതാണ് സംസ്‌കൃത വിസി ഡോ എംവി നാരായണനെ കുരുക്കിയത്.

◾ കോടതിയില്‍ നിന്നും രേഖകള്‍ കാണാതായതില്‍ അന്വേഷണം വേണമെന്ന് അഭിമന്യുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. വിചാരണ നടക്കാനിരിക്കേ രേഖകള്‍ കാണാതെ പോയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടന്‍ വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും രേഖകള്‍ കാണാതായത് പരിശോധിക്കുമെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചു.

◾ സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ് നടത്താമെന്നും ഒരുദിവസം ഒരുകേന്ദ്രത്തില്‍ 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിര്‍ദേശം പിന്‍വലിച്ചെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സ്ലോട്ട് ലഭിച്ച എല്ലാവര്‍ക്കും ടെസ്റ്റിന് അനുമതി നല്‍കണമെന്ന് ടെസ്റ്റിനെത്തിയവരും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ ടെസ്റ്റ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

◾ വനം വകുപ്പും സംസ്ഥാന സര്‍ക്കാരും 9 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വന്യജീവി ആക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനുമെതിരെ ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആന്‍സി സോജന്‍, ബേസില്‍ ജോസഫ്, കെ. അഖില്‍, അശ്വിന്‍ പറവൂര്‍, സജീഷ് കെ.വി, ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

◾ ജോലിയുടെ പേരില്‍ ആകര്‍ഷകമായ ശമ്പളം വാഗ്ദാനം നല്‍കി റഷ്യന്‍ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളില്‍ സിബിഐ റെയ്ഡ്. ദില്ലി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉള്‍പ്പെടെ 13 ഇടങ്ങളിലാണ് പരിശോധന. വിവിധ വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

◾ മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അനുമോള്‍, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപയും, റസ്റ്റത്തിന്റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല സമയങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരില്‍ കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

◾ പാര്‍ട്ടിയെ നിര്‍ണ്ണായകഘട്ടത്തില്‍ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നും ടിഎന്‍ പ്രതാപന്‍. ബിജെപിക്കും ആഎസ്എസിനുമെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപന്‍ വ്യക്തമാക്കി. ലീഡറുടെ സ്മൃതികുടീരത്തിലേക്ക് ഏതെങ്കിലും സംഘികള്‍ വന്നാല്‍ ലീഡര്‍ പൊറുക്കില്ലെന്നും പത്മജ അച്ഛനോടും അമ്മയോടും ആ ക്രൂരത ചെയ്യരുതെന്നും പ്രതാപന്‍ പറഞ്ഞു. എന്നാല്‍ സംഘികള്‍ പുഷ്പാര്‍ച്ചനയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ നില്‍ക്കില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

◾ വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി അകാരണമായി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതിന് ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നല്‍കി. 

◾ തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമന്‍സിന് സ്റ്റേ ഇല്ല. സമന്‍സ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ പുതിയ സമന്‍സ് അയച്ചതില്‍ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

◾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണ ഉദ്ഘാടനം തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വോളിബോള്‍ കളിച്ച് പ്രതിഷേധം നടത്തി യുഡിഎഫ് കൗണ്‍സിലര്‍മാര്‍. സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരളയ്ക്ക് കൈമാറി ജില്ലാ സ്റ്റേഡിയം ഉന്നതനിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കും എന്നായിരുന്നു എല്‍ഡിഎഫിന്റെ വാഗ്ദാനം. എന്നാല്‍ നഗരസഭയെ നോക്കുകുത്തിയാക്കി ഊരാളുങ്കല്‍ വഴി വന്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു.

◾ സീസണായാല്‍ പ്രവാസിയുടെ നടുവൊടിക്കുന്ന വിധമുള്ള അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താന്‍ തീരുമാനിച്ച് പ്രവാസി സംഘടനകള്‍. അബുദാബിയില്‍ കെ എം സി സി വിളിച്ചുചേര്‍ത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം ഉണ്ടായത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാര്‍ലമെന്റ് ഉപസമിതി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് നീക്കം.

◾ സംസ്ഥാനത്ത് അതികഠിന ചൂട് തുടരും. എട്ട് ജില്ലകളില്‍ 3 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ കനത്ത ചൂട് മാത്രമല്ല അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂര്‍ , കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് ഈ കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പില്‍ പറയുന്നത്.

◾ ഇന്ന് മഹാശിവരാത്രി. ആഘോഷങ്ങള്‍ക്കൊരുങ്ങി ശിവക്ഷേത്രങ്ങള്‍. ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ ഇന്നും നാളേയും ഗതാഗത നിയന്ത്രണം.

◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. അഞ്ച് വര്‍ഷത്തേക്ക് 10,372 കോടി രൂപയുടെ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം. രാജ്യത്തിന് സ്വന്തമായി ഒരു എഐ സിസ്റ്റം വികസിപ്പിക്കാനും രാജ്യത്തിന്റെ കംപ്യൂട്ടേഷണല്‍ ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കംപ്യൂട്ട്-ആസ്-എ സര്‍വ്വീസ് വാഗ്ദാനം ചെയ്യാനുമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

◾ ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന 14.2 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിനുള്ള 300 രൂപ സബ്‌സിഡി 2025 മാര്‍ച്ച് വരെ നീട്ടാന്‍ കേന്ദ്രമന്ത്രി സഭാ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നാല് ശതമാനം ഡി.എ. വര്‍ധിപ്പിച്ചത്.

◾ 30ലക്ഷം സര്‍ക്കാര്‍ ജോലി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി, ബിരുദധാരികള്‍ക്ക് അപ്രന്റിസ്ഷിപ്പ് എന്നിങ്ങനെ വമ്പന്‍ വാഗ്ദാനങ്ങളുമായി യുവാക്കള്‍ക്കായുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

◾ കഴിഞ്ഞ മാസം 21ന്ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കര്‍ഷകന്റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബിനെ കോടതി വിമര്‍ശിച്ചു. എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചതെന്ന് ചോദിച്ച കോടതി ഹരിയാന സര്‍ക്കാരിനോട് ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

◾ പത്തു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഡല്‍ഹി സര്‍വകാലശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ ജയില്‍ മോചിതനായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ബോംബെ ഹൈക്കോടതി ഇദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതാണ്. 2022 ല്‍ കേസിലെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വീണ്ടും വാദം കേട്ടതിനുശേഷം ആണ് കോടതി വെറുതെ വിട്ടത്.

◾ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം നടന്ന് മമത ബാനര്‍ജി. വനിതാ ദിനത്തോടനുബന്ധിച്ച് തൃണമൂല്‍ സംഘടിപ്പിച്ച റാലിയിലാണ് സ്ത്രീകള്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിനു ശേഷമാണ് മമതാ ബാനര്‍ജി ഇന്നലെ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്തത്.

◾ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് 2028 - 29 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍ഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിരോധമേഖലയുടെ ആധുനികവത്കരണമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

◾ സന്തോഷ് ട്രോഫിയുടെ സെമിയില്‍ മണിപ്പുരിനെ തോല്‍പിച്ച ഗോവ ഫൈനലില്‍. ഒരു ഗോളിന് പിന്നിട്ട് നിന്ന ഗോവ ഇഞ്ചുറി ടൈമില്‍ മത്സരം സമനിലയിലാക്കിയതിനു പിന്നാലെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും വലകുലുക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ഫൈനലില്‍ സര്‍വ്വീസസാണ് ഗോവയുടെ എതിരാളികള്‍.

◾ വനിതാ ഐപിഎല്ലില്‍ യുപി വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപി വാരിയേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

◾ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 218-ല്‍ അവസാനിച്ചു. അഞ്ചുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാലുവിക്കറ്റ് നേടി 100-ാം ടെസ്റ്റ് ഗംഭീരമാക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 26 റണ്‍സെടുത്ത ശുഭമാന്‍ ഗില്ലുമാണ് ക്രീസില്‍.

◾ രാജ്യത്ത് പത്തില്‍ നാല് സ്ത്രീകളും നിക്ഷേപകരാണെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപങ്ങളില്‍ സ്ത്രീകള്‍ തുടക്കം മുതല്‍ നിക്ഷേപം ആരംഭിക്കുകയും വിരമിക്കലിന് മുന്‍ഗണന നല്‍കുന്നയായും റിപ്പോര്‍ട്ട് പറയുന്നു. എസ്‌ഐപി നിക്ഷേപത്തില്‍ സ്ത്രീകള്‍ക്ക് ശരാശരി 4,483 രൂപ നിക്ഷേപമുണ്ട്. ഈ വിഭാഗത്തില്‍ പുരുഷമാരുടെ നിക്ഷേപ ശരാശരി 3,992 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപ മാനേജ്മെന്റ് കമ്പനിയായ ഫിന്‍എഡ്ജിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഉയര്‍ന്ന ശരാശരി പ്രതിമാസ നിക്ഷേപങ്ങള്‍ക്ക് പുറമേ, സ്ത്രീകള്‍ അവരുടെ ലക്ഷ്യങ്ങള്‍ക്കായി കൂടുതല്‍ തുക സ്വരൂപിക്കുന്നു. വിവിധ എസ്‌ഐപികളില്‍ സ്ത്രീകളുടെ ശരാശരി പ്രതിമാസ നിക്ഷേപം 14,347 രൂപയും, പുരുഷന്‍മാരുടേത് 13,704 രൂപയുമാണ്. കൂടുതല്‍ നിക്ഷേപം നടത്തുന്നത് കൂടാതെ സ്ത്രീകള്‍ സമര്‍ത്ഥമായി നിക്ഷേപിക്കുന്നവരാണ്. 39.3 ശതമാനം സ്ത്രീകള്‍ 20 വയസിലും 41 ശതമാനം പേര്‍ 30 വയസിലും നിക്ഷേപം ആരംഭിക്കുമ്പോള്‍ 71 ശതമാനം പേര്‍ 5 വര്‍ഷത്തിലധികം നിക്ഷേപം തുടരുന്നു. 2023-ല്‍, ഫിന്‍എഡ്ജിലെ പുതിയ നിക്ഷേപകരില്‍ 41 ശതമാനം സ്ത്രീകളായിരുന്നു. 44 ശതമാനം സ്ത്രീകള്‍ റിട്ടയര്‍മെന്റിന് ലൈഫിന് മുന്‍ഗണന നല്‍കുമ്പോള്‍ 35 ശതമാനം പേര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുക നീക്കിവയ്ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

◾ ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന 'മനസാ വാചാ' തിയറ്ററുകളിലേക്ക്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തില്‍ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു മുഴുനീള ഫണ്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ്. മജീദ് സയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്‍ദോ ഐസക്ക് ആണ് ഛായാഗ്രഹണം. സുനില്‍കുമാര്‍ പി കെ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

◾ ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനും പ്രധാന വേഷത്തില്‍ അണിനിരക്കുന്ന ത്രില്ലറാണ് 'അഞ്ചക്കള്ളകോക്കാന്‍'. കേരള - കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴി ഇന്നലെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ വ്യൂസ് ആണ് ട്രെയ്ലര്‍ നേടിയിരിക്കുന്നത്. കോമഡി പശ്ചാത്തലമുള്ള കളര്‍ഫുള്‍ ആക്ഷന്‍ ത്രില്ലര്‍ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്ലര്‍. ഭാഷ അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുക്കുന്ന ഒരു പോലീസ് കോണ്‍സ്റ്റബിലിന്റെ വേഷമാണ് ഇതില്‍ ലുക്മാന്‍ അവറാന്‍ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന പോലീസുകാരന്റെ വേഷത്തില്‍ ചെമ്പന്‍ വിനോദും. അതോടൊപ്പം മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. വെസ്റ്റേന്‍ രീതിയിലാണ് ചിത്രത്തിന്റെ മുഴുനീള ട്രീറ്റ്മെന്റ് എന്നാണ് ട്രെയ്ലറില്‍ നിന്നും മനസിലാകാന്‍ സാധിക്കുന്നത്.

◾ ഹീറോ മോട്ടോകോര്‍പ്പ് 1.15 ലക്ഷം രൂപ വിലയില്‍ ഹീറോ വിഡ വി1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചു. ഇതില്‍ ഫെയിം 2 സബ്‌സിഡിയും പോര്‍ട്ടബിള്‍ ചേഞ്ചറും ഉള്‍പ്പെടുന്നു. വിദ വി1 സ്‌കൂട്ടറിന് വിദ വി1 പ്രോയെക്കാള്‍ 30,000 രൂപ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി പരിഗണിക്കുകയാണെങ്കില്‍ വിദ വി1 പ്ലസിന്റെ വില ഇനിയും കുറയും. 3.94 കിലോവാട്ട്അവര്‍ യൂണിറ്റുള്ള വി1 പ്രോയെ അപേക്ഷിച്ച് 3.44 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഹീറോ വിഡ വി1 പ്ലസ് വാഗ്ദാനം ചെയ്യുന്നത്. വിദ വി1 പ്ലസിന്റെ ക്ലെയിം ചെയ്ത ശ്രേണി 100 കിലോമീറ്ററാണ്. രണ്ട് സ്‌കൂട്ടറുകളിലെയും കണക്റ്റിവിറ്റി സവിശേഷതകള്‍ ഏതാണ്ട് ഒരുപോലെയാണ്. അതില്‍ വലിയ വ്യത്യാസമില്ല. പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍, റൈഡ് മോഡുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാഹന ഡയഗ്‌നോസ്റ്റിക്‌സ്, ലൈവ് ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു. രണ്ട് സ്‌കൂട്ടറുകളും രണ്ട് സീറ്റുള്ള സ്‌കൂട്ടറായോ സിംഗിള്‍ സീറ്റര്‍ മോഡലായോ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

◾ സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍. 'വാത്സ്യായനന്‍ പറയാത്തത്'. മാത്യൂസ് ആര്‍പ്പൂക്കര. എച്ആന്‍ഡ്സി ബുക്സ്. വില 142 രൂപ.

◾ രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആ ദിവസം തീരുമാനിക്കുകയെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രമാത്രം പ്രധാന്യമുണ്ട് പ്രഭാത ഭക്ഷണത്തിന്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും. പ്രഭാത ഭക്ഷണത്തിന്റെ ഈ പ്രധാന്യമറിയാതെ എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ദിവസം തുടങ്ങുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തത് എന്തൊക്കെ എന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കപ്പ് കാപ്പി മിക്കവരുടെയും ശീലമാണ്. എന്നാല്‍ കാപ്പി വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും അത് കാരണമാകും. വേവിക്കാത്ത പച്ചക്കറികള്‍ക്ക് പോഷകമൂല്യം കൂടുതലാണെന്ന് കരുതി വെറും വയറ്റില്‍ ക്യാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ കഴിച്ചാല്‍ അത് വിപരീത ഫലമാകും ഉണ്ടാക്കുക. വെറും വയറ്റില്‍ ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. വയറു കമ്പനത്തിലേക്കും ഇത് നയിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ മധുരം കൂടുതല്‍ അടങ്ങിയ പേസ്ട്രി, കേക്ക് തുടങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാന്‍ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും. ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രിസ് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു. വെറും വയറ്റില്‍ എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകളുണ്ടാക്കും. സോഡ, കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയ ഉയര്‍ന്ന് അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

*ശുഭദിനം*

ഒരു ദിവസം അച്ഛന്‍ തന്റെ മകനോട് ഒരു ചന്ദനത്തിന്റെ കഷ്ണവും കരിക്കട്ടയും രണ്ടു കയ്യിലായി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവന്‍ അതനുസരിച്ചു. പിന്നീട് അച്ഛന്‍ പറഞ്ഞതുപോലെ ആ കരിക്കട്ടയും ചന്ദനകഷ്ണവും മേശമേല്‍ വെക്കുകയും ചെയ്തു. അവന്റെ രണ്ടുകയ്യിലും പിടിച്ച് അച്ഛന്‍ പറഞ്ഞു: ഈ കയ്യിലേക്ക് നോക്കൂ. ഇതിലെ കറുത്ത പാട് അങ്ങിനെതന്നെയുണ്ട്.. മറ്റേ കൈ മണത്തുനോക്കൂ.. ചന്ദനത്തിന്റെ സുഗന്ധവും അങ്ങിനെത്തന്നെയുണ്ട്. ഇതുപോലെ തന്നയാണ് സുഹൃത്തുക്കളും അവരെയും സൂക്ഷിച്ചു തിരഞ്ഞെടുക്കണം. ആരോടൊപ്പമായിരിക്കുന്നു എന്നതാണ് ആരായിത്തീരുന്നു എന്നതിന്റെ അടിസ്ഥാനം. ചിറകുളളവരുടെ കൂടെയായിരുന്നാല്‍ ആകാശത്ത് വിഹരിക്കാം, ഉരഗങ്ങളുടെ കൂടെയാണെങ്കില്‍ മണ്ണിലിഴയാം.. ഇരുകാലികളോടൊപ്പം വളര്‍ന്നാല്‍ നിവര്‍ന്നുനില്‍ക്കാം.. നാല്‍ക്കാലികളോടൊപ്പം നടന്നാല്‍ തലകുനിഞ്ഞേ നില്‍ക്കാനാകൂ.. ആരിലൂടെ ജനിക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പല്ല.. പക്ഷേ, ആരുടെ കൂടെ ജീവിക്കുന്നു എന്നത് സ്വയം തീരുമാനമാണ്.. ജന്മം നന്നായിട്ടും ജീവിതം പാഴാക്കുന്നവരും, ജന്മം അശുഭകരമായിട്ടും ജീവിതം അത്ഭുതമാക്കുന്നവരുമുണ്ട്.. സഹചാരികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.. നമ്മുടെ തല്‍സ്ഥിതിയെ അഭിവൃദ്ധിപ്പെടുത്താന്‍ അവര്‍ക്കാകണം, അവര്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നതാകണം.. സ്വത്വബോധവും സ്വതന്ത്രവഴികളും സമ്മാനിക്കാന്‍ അവര്‍ക്കാകണം.. മാലിന്യങ്ങള്‍ സ്വാഭാവികമാണ്.. അവ ചീഞ്ഞളിയുന്നത് പ്രകൃതിനിയമവുമാണ്.. കണ്ടുമുട്ടുന്നവരെല്ലാം അനുഭവങ്ങള്‍ നമുക്ക് സമ്മാനിക്കും.. എന്നാല്‍ ചിലര്‍മാത്രമേ അടയാളങ്ങള്‍ സമ്മാനിക്കൂ.. എല്ലാവരില്‍ നിന്നും പഠിക്കുന്നത് നല്ലതാണ്.. പക്ഷേ, സ്ഥിരരേഖകള്‍ കോറിയിടാന്‍ ആരേയും അനുവദിക്കരുത് - *ശുഭദിനം.*