*പ്രഭാത വാർത്തകൾ*2024 | മാർച്ച് 7 | വ്യാഴം*

◾ വന്യജീവി ആക്രമണം മൂലമുള്ള സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. ഈ സമിതി സംസ്ഥാന തലത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും.

◾ കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ എബ്രഹാമിനെയാണ് കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബവും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ആവശ്യപെട്ടിരുന്നു.

◾ മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സഭാനേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്കെതിരെയാണെന്നും വന്യജീവികളെ പ്രകോപിപ്പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

◾ വന്യമൃഗ ശല്യം തുടര്‍ന്നാല്‍ വെടി വച്ച് കൊല്ലുമെന്നും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാന്‍ വരേണ്ടെന്നും പ്രസംഗിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍. മലയോര മേഖലയിലെ ഭരണം ഏറ്റെടുക്കാന്‍ മടിയില്ലെന്നും അതിനുള്ള സംവിധാനവും ശക്തിയും തങ്ങള്‍ക്ക് ഉണ്ടെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

◾ കോതമംഗലത്തെ സംഘര്‍ഷത്തില്‍ ജാമ്യം കിട്ടി കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോല്സ്. അറസ്റ്റ് തടയാന്‍ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടി. പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 വരെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.

◾ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ പൊലീസ് പിടിച്ചുകൊണ്ടു പോയത്. കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പോലീസ് പുറത്ത് കാത്തു നിന്നത്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി. സിദ്ധാര്‍ഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേരളത്തിലെ ക്യാംപസില്‍ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് ഖേദകരമാണെന്നും. ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നീതി കിട്ടണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◾ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകള്‍ കാണാനില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ വിവരം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത്. സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി.

◾ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും. ഇന്ന് ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് ഡല്‍ഹിയിലുള്ള പത്മജ വേണുഗോപാല്‍ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു.

◾ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്നും പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.  

◾ പുതിയ വിവരാവകാശ കമ്മീഷണറുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. രാജഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവരും പരസ്പരം ഉപചാരം ചൊല്ലി. ചടങ്ങിനു ശേഷം ചായ സല്‍ക്കാരം നടത്തിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും യാത്രയാക്കിയത്.

◾ സ്ത്രീ പങ്കാളിത്തം ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കരിയര്‍ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത് എന്നും മന്ത്രി പറഞ്ഞു  

◾ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറഞ്ഞ മദ്യത്തിന് നൂറില്‍ താഴെ നികുതിയാക്കാനാണ് ശ്രമം നടത്തുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നടപടിയാണെന്നും പുതിയ ഉദ്യോഗസ്ഥന് ചാര്‍ജ് കൊടുത്ത് അഴിമതി നടത്താനാണ് നീക്കമെന്നും വി ഡി സതീശന്‍ പറഞ്ഞു.

◾ റവന്യൂ കുടിശ്ശിക നിവാരണത്തിന് ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റവന്യൂ വരുമാനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിശ്രമിക്കണം. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിയമസഭാ മണ്ഡലം തലത്തില്‍ എംഎല്‍എമാരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

◾ തൃശ്ശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന ഫ്ലൈ 91 വിമാന കമ്പനിക്ക് സര്‍വീസ് നടത്താന്‍ അനുമതി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് എയര്‍ ഓപ്പറേറ്റര്‍ അനുമതി നല്‍കിയത്.

◾ ശബരിമലയില്‍ അരവണ പായസം തയ്യാറാക്കുന്നതിനായി മായം കലര്‍ന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹര്‍ജി കേരള ഹൈകോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

◾ പൂഞ്ഞാര്‍ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈരാറ്റുപേട്ടയില്‍ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന ഹുസൈന്‍ മടവൂരിന്റെ പരാമര്‍ശത്തിനെതിരെ മുഖാമുഖം പരിപാടിക്കിടയിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഈരാറ്റുപേട്ടയില്‍ നടന്നത് തെമ്മാടിത്തം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ പിറവം പേപ്പതിയില്‍ കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് മൂന്ന് പശ്ചിമ ബംഗാള്‍ തൊഴിലാളികള്‍ മരിച്ചു.ഗൗര്‍, സുബ്രധോ, സുകുമാര്‍ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

◾ തിരുവനന്തപുരം പൂജപ്പുരയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന ഡിഎന്‍എ ഫലം വന്നതോടെയാണ് പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.

◾ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിച്ച പ്രതിയെ തമിഴ്നാട് കുളച്ചലില്‍ നിന്നും പോലീസ് പിടികൂടി. ഒളിവില്‍ പോയ പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മന്‍സിലില്‍ ആരീഫിനെ (19) ആണ് പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

◾ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ തിരുവാണിയൂരിലെ ശാലിനിക്കാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

◾ കാസര്‍ഗോഡ് ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) ആണ് മരിച്ചത്. ആരിഫിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അതിശക്തമായ മര്‍ദ്ദനമേറ്റത് മൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  

◾ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് പ്രദീപ് സിംഘല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളവും തമിഴുമടക്കമുള്ള 8 ഭാഷകളില്‍ ഇനി സംസാരിക്കും. പാര്‍ട്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മിതബുദ്ധിയെ(എ.ഐ) കൂട്ടുപിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. വിവിധ ഭാഷകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനാണ് എ.ഐ.യിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.

◾ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവീന്‍ പട്‌നായിക് ബിജെഡി നേതാക്കളുമായും ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 2019-ലെ പൗരത്വ ഭേദഗതിനിയമം റദ്ദാക്കുമെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ഖേര. മുസ്‌ലിം വിഭാഗം ഒഴിച്ചുള്ള മറ്റു മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് സി.എ.എ.യിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

◾ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. എന്നാല്‍ വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും, പരാമര്‍ശം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഉദയനിധിയെ അയോഗ്യനാക്കാന്‍ നിലവില്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

◾ ബാംഗ്ലൂരിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാര്‍ച്ച് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്.

◾ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠ്യപുസ്തകങ്ങളുടെ അന്തിമരൂപമാണ് പ്രിന്റിങ്ങിന് തയ്യാറായിരിക്കുന്നത്.

◾ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ആചാരങ്ങള്‍ കോടതികളുടെ പരിപാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. മതപരമായ ചടങ്ങുകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

◾ സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസിലെ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സുപ്രീം കോടതിയുടെ തീരുമാനം വരട്ടേ എന്ന നിലപാടിലായിരുന്ന ബംഗാള്‍ പോലീസ്, ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറിയത്.

◾ സന്ദേശ്ഖാലിയിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും അനുയായികളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച സന്ദേശ്ഖാലിയിലെ യുവതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. യുവതിയും സംഘവും തങ്ങളുടെ കഷ്ടപ്പാടുകളും വേദനയും പ്രധാനമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം അത് പിതാവിനെ പോലെ ക്ഷമയോടെ കേട്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഷെയ്ഖ് ഷാജഹാനും അനുയായികളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. 

◾ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നീ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഒന്നര മണിക്കൂര്‍ പണിമുടക്കിയപ്പോള്‍ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനുണ്ടായത് 300 കോടി ഡോളറിന്റെ നഷ്ടം, അതായത് 23,127 കോടി രൂപ. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി.

◾ ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരം ഇന്ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ആരംഭിക്കും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ, പിന്നീടുള്ള വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി ടെസ്റ്റുകളില്‍ വിജയിക്കുകയായിരുന്നു. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്റെയും ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയുടെയും കരിയറിലെ 100-ാം ടെസ്റ് മത്സരം കൂടിയാണിത്.

◾ ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക്, കാര്‍ഡ് പുതുക്കുന്ന ഘട്ടത്തിലും ഇഷ്ടമുള്ള നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്നും ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് ഓപ്ഷന്‍ ഇല്ല. പൊതു താത്പര്യം കണക്കിലെടുത്താണ് ആര്‍ബിഐയുടെ ഇടപെടല്‍. അംഗീകൃത കാര്‍ഡ് നെറ്റ് വര്‍ക്കുകളുടെ പട്ടികയും ആര്‍ബിഐ പുറത്തുവിട്ടു. അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ്, മാസ്റ്റര്‍ കാര്‍ഡ്, റുപേ, വിസ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചത്. മറ്റു കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ക്ക് സേവനം നിഷേധിക്കുന്ന തരത്തില്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട കാര്‍ഡ് നെറ്റ്വര്‍ക്കുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം കരാറുകള്‍ ഉപഭോക്താവിന്റെ താത്പര്യത്തിന് എതിരാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

◾ മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'മലൈക്കോട്ടൈ വാലിബന്‍'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ യുഎസ്പി. മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്റെ ജീവിതവഴികള്‍ പറയുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രത്തിന്റെ റിലീസ് ജനുവരി 25 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങാതിരുന്ന ഒരു വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഫെബ്രുവരി 23 നാണ് ചിത്രം ഒടിടിയില്‍ റിലീസ് ആയത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ഇത്. പ്രേക്ഷക പ്രതീക്ഷകളുടെ അമിതഭാരവുമായെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒടിടിയില്‍ എത്തിയതിനുശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്ന് എന്‍ഡ് ടൈറ്റില്‍സില്‍ വരുന്ന ഗാനമായിരുന്നു. പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് മോഹന്‍ലാല്‍ ആണ്. സുഹൈല്‍ കോയ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

◾ നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ ശ്രദ്ധേയനായ ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'അഞ്ചക്കള്ളക്കോക്കാന്‍'. ചെമ്പന്‍ വിനോദ്, ലുക്ക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തും. കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ സിനിമ പോസ്റ്ററുകളില്‍ തന്നെ വ്യത്യസ്തത കാഴ്ചവച്ച സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാമ്പിച്ചി എന്ന ഹ്രസ്വ ചിത്രമാണ് ഉല്ലാസ് ചെമ്പന്റെ ആദ്യത്തെ സംവിധാന സംരഭം. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. മലയാളി പ്രേക്ഷകര്‍ക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്. മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

◾ 2024 -ല്‍ ഹ്യുണ്ടായി അയോണിക് 5 ഇവിയ്ക്ക് ഒരു ചെറിയ മുഖം മിനുക്കല്‍ നല്‍കിയിരിക്കുകയാണ്. 2024 ഹ്യുണ്ടായി അയോണിക് 5 ഫെയ്സ്ലിഫ്റ്റിനൊപ്പം, സ്‌പോര്‍ട്ടി അയോണിക് 5 എന്‍ മോഡലിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു പുതിയ അയോണിക് 5 എന്‍ -ലൈന്‍ പതിപ്പും കമ്പനി വെളിപ്പെടുത്തി. പ്രധാന എക്സ്റ്റീരിയര്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഒരു സ്‌പോര്‍ട്ടി ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ഫ്രണ്ട്, റിയര്‍ ബമ്പറുകളില്‍ മാത്രമായി ഒതുങ്ങുന്നു. ഒആര്‍വിഎം കള്‍ക്ക് പകരം അകത്ത് പ്രത്യേക സ്‌ക്രീനുകളുള്ള ക്യാമറകളുണ്ട്. ബമ്പറുകളിലേക്കുള്ള ഈ റിവിഷന്‍ 20 എംഎം നീളത്തില്‍ വര്‍ധനവിന് കാരണമാകുന്നു. എയറോ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി 50 എംഎം വലിയ റിയര്‍ സ്പോയിലറും ഇതില്‍ ഉണ്ട്. അകത്തളത്തിലേക്ക് നീങ്ങുമ്പോള്‍, ഹ്യുണ്ടായി കുറച്ച് ചെറിയ പരിഷ്‌കാരങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്. പതിവായി നാം ഉപയോഗിക്കുന്ന ഫംഗ്ഷനുകള്‍ക്കായി ഹ്യുണ്ടായി കുറച്ച് ഫിസിക്കല്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ സൗകര്യത്തിനും ഉപയോഗക്ഷമതയ്ക്കുമായി വയര്‍ലെസ് ചാര്‍ജിംഗ് പാഡ് റീ-പൊസിഷന്‍ ചെയ്തിട്ടുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍ സവിശേഷതകള്‍ നിയന്ത്രിക്കുന്നതിനുള്ള ഹ്യുണ്ടായിയുടെ ടച്ച് സെന്‍സിറ്റീവ് പാനലും ഇതില്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

◾ മലയാളികളുടെ നാട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ആത്മകഥ. സിനിമക്കും ജീവിതതിനുമിടയില് താന് വെറുമൊരു പെണ് ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവില്നിന്നു ഉയിര്ത്തെഴുന്നേറ്റു പറയുന്ന ജീവിത രഹസ്യങ്ങള്. സ്വകാര്യമായി തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരറിയാത്ത ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളും തനിക്കുണ്ടെന്ന് ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍. 'ഷക്കീല ആത്മകഥ'. ഷക്കീല. ഒലീവ് പബ്ളിക്കേഷന്‍സ്. വില 342 രൂപ.

◾ ലോകത്തിലെ 100 കോടി ജനങ്ങള്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം. 1990 മുതലുള്ള കണക്ക് പരിശോധിച്ചതില്‍ 2022 ആയപ്പോഴേക്കും മുതിര്‍ന്നവരില്‍ പെണ്ണത്തടി ഇരട്ടിയായി വര്‍ധിച്ചു. അഞ്ച് മുതല്‍ ഒന്‍പതു വരെ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അത് നാലിരട്ടിയായെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2022ല്‍ 43 ശതമാനം മുതിര്‍ന്നവര്‍ക്ക് അമിതവണ്ണമുണ്ടെന്ന് കണ്ടെത്തി. പോഷകാഹാരക്കുറവിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തെക്ക്-കിഴക്കന്‍ ഏഷ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഇത് ഇപ്പോഴും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള പകുതി കുട്ടികളുടെയും മരണത്തിന് കാരണം പോഷകക്കുറവാണ്. അമിതവണ്ണം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സറുകള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2030 ഓടെ 100 കോടി പേര്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പോഷണ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക് കൂട്ടല്‍. പൊണ്ണത്തടി ഒരു സങ്കീര്‍ണ്ണമായ വിട്ടുമാറാത്ത രോഗമാണ്. ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആവശ്യമായ പരിചരണം എന്നിവയിലൂടെ അമിതവണ്ണം തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുതിയ പഠനം ചൂണ്ടികാണിക്കുന്നു.

*ശുഭദിനം*

അവര്‍ രണ്ടുപേരും കളിപ്പാട്ടകച്ചവടക്കാരായിരുന്നു. ഒരാള്‍ സൂത്രശാലിയും മറ്റേയാള്‍ സത്യസന്ധനുമായിരുന്നു. അന്ന് അവര്‍ അടുത്തഗ്രാമത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ യാത്രയായി. ആ ഗ്രാമീണരില്‍ പലരും വളരെ ദരിദ്രരായിരുന്നു. ഒന്നാമന്‍ കച്ചവടത്തിനായി ഒരു വീട്ടില്‍ കയറി. അവിടെ വയസ്സായ ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് തന്റെ പേരക്കുട്ടിക്ക് വേണ്ടി ഒരു കളിപ്പാട്ടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അവര്‍ വീട്ടിലുണ്ടായിരുന്ന ഒരു പാത്രം എടുത്ത് കൊണ്ട് വന്നിട്ട് ഇതിനു പകരമായി ഒരു കളിപ്പാട്ടം തരുമോ എന്ന് ചോദിച്ചു. അയാള്‍ കരിപുരണ്ട ആ പാത്രം ഉരച്ച് നോക്കിയപ്പോള്‍ പിച്ചളയാണെന്ന് മനസ്സിലാക്കി. ആ പാത്രത്തിന് നല്ല വില ലഭിക്കുമെന്ന് മനസ്സിലായെങ്കിലും അയാള്‍ അവരോട് ഇങ്ങനെ പറഞ്ഞു: ഇതിനൊന്നും വലിയ വില കിട്ടില്ല. എങ്കിലും ഞാനൊരു പാവ തരാം. അവര്‍ക്ക് സന്തോഷമായി. അയാള്‍ ഈ പാത്രത്തിന്റെ കഥ രണ്ടാമനോട് പറഞ്ഞു. രണ്ടാമന്‍ ഒന്നാമനേയും കൂട്ടി ആ വൃദ്ധയുടെ വീട്ടിലെത്തി. പാത്രത്തിന്റെ മൂല്യം അവരെ പറഞ്ഞ് മനസ്സിലാക്കിക്കുകയും ഒന്നാമനെക്കൊണ്ട് ആ പാത്രത്തിന്റെ മൂല്യത്തിനൊത്ത കളിപ്പാട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ബലഹീനതകള്‍ മുതലെടുക്കുന്നവരാണ് ഏറ്റവും വലിയ കുറ്റവാളികള്‍. ബുദ്ധിശക്തിയില്‍ തുല്യനിലവാരം പുലര്‍ത്തുന്നവരോട് എതിരിട്ട് അവരെ കീഴ്‌പ്പെടുത്തുക എന്നതില്‍ അന്തസ്സും അഭിമാനവുമുണ്ട്. നിസ്സഹായരുടെ ദയനീയതയ്ക്ക് വിലയിടുന്നവരെ നമ്മള്‍ എന്ത് ഏകകം കൊണ്ടാണ് അളക്കുക.. ഒരാളെ പറ്റിക്കാനും അവരുടെ ആത്മാഭിമാനം തകര്‍ക്കാനും എളുപ്പമാണ്. എന്നാല്‍ ഒരാളുടെ വിശ്വസ്തനായിമാറാനും അയാളെ കരുതലോടെ ചേര്‍ത്തുനിര്‍ത്താനുമാണ് ബുദ്ധിമുട്ട്. നമുക്ക് ചുററുമുള്ള ഒരാളെയെങ്കിലും കരുതലോടെ ചേര്‍ത്ത് പിടിക്കാനും ആവശ്യമറിഞ്ഞ് കൂടെ നില്‍ക്കാനും നമുക്ക് സാധിക്കട്ടെ - *ശുഭദിനം.*