◾ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടു മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമും തൃശൂര്‍ പെരിങ്ങല്‍കുത്തില്‍ കാട്ടാന ആക്രമണത്തില്‍ വാച്ചുമരം കോളനിയില്‍ രാജന്റെ ഭാര്യ വത്സലയുമാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതിനെ തുടര്‍ന്നാണ് വത്സലക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. കൃഷിയിടത്തില്‍ കൊക്കോ പറിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എബ്രഹാമിനെ അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ഒമ്പത് പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്.
◾ പെരിങ്ങല്‍ക്കുത്തിലെ കാട്ടാന ആക്രമണത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചാലക്കുടി എം.പി ബെന്നി ബഹ്നാന്‍ ,എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കും. കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു ദിവസമായി കക്കയം മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
◾ വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കോഴിക്കോടും തൃശൂരും, വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു .അതേസമയം വന്യമൃഗങ്ങളുടെ ദയാവായ്പിന് സര്‍ക്കാര്‍ ജനങ്ങളെ വിട്ടു കൊടുക്കുകയാണെന്നും വനം വകുപ്പിന് ഒരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു . സര്‍ക്കാര്‍ പൂര്‍ണമായും നിഷ്‌ക്രിയമാണെന്നും രണ്ടിടങ്ങളിലെ കൊലപാതകത്തിലും സര്‍ക്കാരാണ് ഉത്തരവാദിയെന്നും സതീശന്‍ പറഞ്ഞു.
◾ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അതേസമയം തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വത്സലയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 5 ലക്ഷം രൂപ ഇന്ന് നല്‍കാനും തീരുമാനമായി.
◾ കക്കയത്ത് എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വനപാലകരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
◾ പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു. കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലെ പ്ലാവിയില്‍ വീട്ടില്‍ എലിസബത്തിനെ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.
◾ മാര്‍ച്ച് മാസം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ കഠിന വരള്‍ച്ചയുടെ മാസമാകാന്‍ സാധ്യതയെന്നു സൂചന നല്‍കി കാലാവസ്ഥാ പഠനങ്ങള്‍. കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തില്‍ ഏറ്റവും കുറഞ്ഞത് 14% വരെ കുറവ് അനുഭവപ്പെടാമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു. മാര്‍ച്ച് മുതല്‍ മേയ് വരെ അസാധാരണ ചൂട് രാജ്യത്ത് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
◾ കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനലിന്റെ സമര്‍പ്പണം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി രാവിലെ പത്ത് മണിക്ക് മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.
◾ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. മുന്നണി നേതൃത്വം പോരായെന്നും സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയം മാത്രമല്ലെന്നും സംസ്ഥാനത്തെ നികുതി പിരിവ് കാര്യക്ഷമമല്ലെന്നും സി ദിവാകരന്‍ വ്യക്തമാക്കി.
◾ മാത്യു കുഴല്‍നാടന്റേയും മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. കോടതി ജാമ്യാപേക്ഷയിലെ വാദം ഇന്ന് കേള്‍ക്കും. കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ദിരയുടെ മരണത്തില്‍ പ്രതിഷേധിച്ചതിനെതിരെ തിങ്കളാഴ്ച രാത്രിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ് വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
◾ ക്ലിഫ് ഹൗസില്‍ കയറിയ മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിച്ചാല്‍ അത് വിജയന്‍ ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും രാഹുല്‍ പറഞ്ഞു.
◾ തട്ടിപ്പുകേസില്‍ തന്നെ കൂട്ടുപ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ സുധാകരന്‍ എംപി . ഈ കേസില്‍ പ്രതിയാക്കി തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് ട്രെയിന്‍ യാത്രക്കിടെ മോശമായി പെരുമാറിയതിന് പിടിയിലായത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ നടന്ന സംഭവത്തില്‍, വിദേശ വനിത പരാതി നല്‍കിയിരുന്നു. റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.
◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീന്‍ എം.കെ. നാരായണനെയും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ്, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രന്‍ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.
◾ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍ എം കെ നാരായണന്‍,, അസി. വാഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരുടെ വീഴ്ച അന്വേഷിക്കാന്‍ നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് വിസി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇരുവരേയും ഇന്നലെ വിസി സസ്പെന്റ് ചെയ്തിരുന്നു. അതേസമയം നടപടി വൈകിപ്പോയെന്നും ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നുമാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം ആവശ്യപ്പെടുന്നത്.
◾ എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ബില്‍. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.
◾ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് മസാല ബോണ്ട് കേസില്‍ ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 12 ന് ഹാജരാകണം. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇഡി തുടര്‍ച്ചയായി സമന്‍സ് അയച്ച് അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് കാണിച്ച് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
◾ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ കോളനിയില്‍ കറുപ്പന്‍ (73) ആണ് കൊലപ്പെട്ടത്. മകന്‍ സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
◾ രാജ്യത്തെ ജനങ്ങള്‍ ദിവസം മുഴുവന്‍ മൊബൈലും നോക്കിയിരുന്ന് ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ സാരംഗ്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ ദിവസം മുഴുവനും സാമൂഹികമാധ്യമങ്ങളിലെ റീലുകള്‍ കണ്ട് നേരം കളയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
◾ ഡി.കെ. ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി. 2019 സെപ്തംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും അന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.
◾ ബെംഗളൂരുവില്‍ ബോംബ് സ്ഫോടന ഭീഷണി. ഇ-മെയില്‍ വഴി സന്ദേശം വന്നിരിക്കുന്നത് വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്. ഷഹീദ് ഖാന്‍ എന്ന് പേരുള്ള ഒരു ഐഡിയില്‍ നിന്ന്, ഇരുപത്തിയഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം എത്തിയിരിക്കുന്നത്. നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ അറസ്റ്റില്‍. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാള്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
◾ ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. രാജികത്ത് രാഷ്ട്രപതിക്കും, ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. സ്ഥാനം രാജി വെച്ച് സിറ്റിങ് ജഡ്ജി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അസാധാരണമാണ്.
◾ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റാരോപിതനായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാന്‍ വിസമ്മതിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറണമെന്ന് ബംഗാള്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
◾ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇസ്രയേലില്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ട്.
◾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനം സുഗമമായി. ഇന്നലെ രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളില്‍ തടസ്സം നേരിട്ടത്.
◾ ഹവായി ദ്വീപായ കവായിയില്‍ 1,400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റില്‍ മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വലിയൊരു ഭൂഗര്‍ഭ ബങ്കര്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 5,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏകദേശം 2000 കോടി രൂപ ചിലവിലാണ്് സക്കര്‍ബര്‍ഗ് ബങ്കര്‍ നിര്‍മിക്കുന്നതെന്നാണ് വിവരം.
◾ ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ടില്‍ മിസോറമിനോട് തോറ്റ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സെമി കാണാതെ പുറത്ത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ച മത്സരം സഡന്‍ഡത്തിലേക്ക് കടക്കുകയായിരുന്നു.
◾ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 29 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മലയാളി താരം സജന സജീവന്‍ 14 പന്തില്‍ 24 റണ്‍സെടുത്തെങ്കിലും മുംബൈയെ ജയിപ്പിക്കാനായില്ല.
◾ ലോകത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ഏറെക്കാലമായി കുത്തകയാക്കി വച്ച ഇലോണ്‍ മസ്‌കിന് വന്‍ തിരിച്ചടി. മസ്‌കില്‍ നിന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആ പട്ടം പിടിച്ചെടുത്തു. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ സൂചിക പ്രകാരം 20,000 കോടി ഡോളര്‍ (16.60 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് 60കാരനായ ബെസോസ് ഒന്നാംസ്ഥാനം നേടിയത്. 19,800 കോടി ഡോളറാണ് (16.43 ലക്ഷം കോടി രൂപ) 52കാരനായ മസ്‌കിന്റെ നിലവിലെ ആസ്തി. ടെസ്ലയുടെ ഓഹരിവില 7.2 ശതമാനം ഇടിഞ്ഞതാണ് മസ്‌കിന്റെ ആസ്തിയും കുറയാനിടയാക്കിയത്. 2021ന് ശേഷം ആദ്യമായാണ് ബെസോസ് ഒന്നാംസ്ഥാനം സ്വന്തമാക്കുന്നത്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍ണോയാണ് മൂന്നാംസ്ഥാനത്ത് (ആസ്തി 19,700 കോടി ഡോളര്‍). മെറ്റ (ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം) മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് (17,900 കോടി ഡോളര്‍) നാലാമതും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (15,000 കോടി ഡോളര്‍) അഞ്ചാമതുമാണ്. ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ 11,500 കോടി ഡോളര്‍ (9.54 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്. തൊട്ടടുത്ത് 12-ാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. 10,400 കോടി ഡോളറാണ് അദാനിയുടെ ആസ്തി, അതായത് 8.63 ലക്ഷം കോടി രൂപ. 500 ശതകോടീശ്വരന്മാരുള്ള ബ്ലൂംബെര്‍ഗ് പട്ടികയിലെ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ്. 468-ാം സ്ഥാനമാണ് അദ്ദേഹത്തിന്. ആസ്തി 597 കോടി ഡോളര്‍ (49,551 കോടി രൂപ).
◾ പേരിലും ലുക്കിലും നിഗൂഢത നിറച്ച് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന 'അഞ്ചക്കള്ളകോക്കാന്‍' മാര്‍ച്ച് 15ന് തിയററ്ററുകളിലേക്ക്. ചെമ്പന്‍ വിനോദിന്റെ നിര്‍മാണ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചെമ്പന്‍ വിനോദും ലുക്ക്മാനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 1980കളുടെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഉല്ലാസ് ചെമ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.
◾ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. സംവിധാനം നിര്‍വഹിക്കുന്നത് വിനയ് ഗോവിന്ദാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. നിഖില വിമലാണ് നായിക. ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ ഗെറ്റ് സെറ്റ് ബേബിയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന കരുത്തുറ്റ നായികാ കഥാപാത്രമായിട്ടാണ് നിഖില വിമല്‍ എത്തുക. ശ്യാം മോഹനും ജോണി ആന്റണിക്കുമൊപ്പം ചിത്രത്തില്‍ മീര വാസുദേവ്, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, വര്‍ഷ രമേഷ്, ജുവല്‍ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.
◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സ്യുവി300 സബ്‌കോംപാക്റ്റ് എസ്യുവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പ്രതീക്ഷിച്ചാണ് ഈ നടപടി. ഈ തീരുമാനം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും രാജേഷ് ജെജുരിക്കര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്സ്യുവി300 ഫേസ്ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ആഴ്ചകളില്‍ ഇത് ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത തഡഢ300ല്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളില്‍ ഫീച്ചറുകളിലും സ്റ്റൈലിംഗിലും മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്നു. എഞ്ചിന്‍ ലൈനപ്പ് പ്രീ-ഫേസ്ലിഫ്റ്റ് മോഡലില്‍ നിന്ന് മാറ്റമില്ലാതെ തുടരുമെങ്കിലും, കോംപാക്റ്റ് എസ്യുവി ഒരു ഐസിന്‍-സോഴ്‌സ്ഡ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ട്രാന്‍സ്മിഷന്‍ നിലവിലുള്ള 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാകും. പുതുക്കിയ പതിപ്പില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, പിന്‍ എയര്‍-കോണ്‍ വെന്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടാം.
◾ ഹിന്ദുസ്ഥാനിസംഗീതം പ്രാണനു സമമായി കണ്ട ശിഷ്യന്‍ മഹാഗുരു പണ്ഡിറ്റ് ജസ്രാജിനെക്കുറിച്ചെഴുതിയ ഹൃദയാവര്‍ജകമായ അനുഭവം. ഒരു കലാകാരന്റെ നിരന്തരമായ അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും അചഞ്ചലമായ അനുശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥ. 'ഗുരുപ്രസാദം'. രമേഷ് നാരായണ്‍. മനോരമ ബുക്സ്. വില 171 രൂപ.
◾ വേനല്‍ച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ ഉള്ളുതണുപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ചൂടില്‍ നിന്ന് ആശ്വാസം തേടാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വെള്ളരിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. അതിനാല്‍ ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മ്മത്തിനും ഏറെ നല്ലതാണ്. സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തൈരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 85% വെള്ളം അടങ്ങിയിട്ടുള്ള തൈര് കഴിക്കുന്നതും വേനിലിലെ ചൂടില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. ഇളനീരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. ഓറഞ്ചാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടു പക്ഷികള്‍ കടലിനരികില്‍ കൂട് കൂട്ടിയിരുന്നു. വേലിയേറ്റസമയത്ത് കടലില്‍ ആ കൂടുകള്‍ മുങ്ങിപ്പോയി. ആ കൂടിരുന്നിടത്ത് അവശേഷിച്ച മണല്‍ അതിലെ ഒരു പക്ഷി തന്റെ ചിറകില്‍ കോരിയെടുത്ത് കടലിലേക്കിട്ടു. എന്നിട്ട് തന്റെ കൊക്കില്‍ വെള്ളമെടുത്ത് കൂടിരുന്നിടത്തേക്ക് ഒഴിച്ചു. ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ട് രണ്ടാമത്തെ പക്ഷി ചോദിച്ചു: നീ എന്താണീ ചെയ്യുന്നത്? ആദ്യത്തെ പക്ഷി പറഞ്ഞു: എന്റെ കൂട് ഈ കടല്‍ നശിപ്പിച്ചു. ഞാന്‍ ഈ കടലിനെ വറ്റിക്കും. എന്നിട്ട് കരയെ കടലാക്കും. രണ്ടാമത്തെ പക്ഷി പറഞ്ഞു: ഒരു കൂട് പോയാല്‍ മറ്റൊരു കൂട് ഉണ്ടാക്കാം. എന്നാല്‍ ജീവന്‍ പോയാല്‍ പിന്നെ ഒന്നും തിരിച്ചുപിടിക്കാനാകില്ല.. എതിരാളികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആ എതിരാളി നശീകരണശേഷിയുള്ളയാളാണോ, പുനരുജ്ജീവനശേഷിയുള്ള ആളാണോ.. ഈ മത്സരത്തില്‍ ജയിച്ചാല്‍ എനിക്കെന്തുലഭിക്കും, ജയിക്കുമ്പോഴുളള ലാഭത്തേക്കാള്‍ വലുതാണോ ജയിക്കാന്‍ വേണ്ടിവരുത്തുന്ന നഷ്ടങ്ങള്‍... എല്ലാവരോടും മത്സരിക്കേണ്ടതില്ല. എതിരെ വരുന്നവരെല്ലാം എതിരാളികളാകണമെന്നും ഇല്ല. അവരില്‍ പലരും അവരുടെ സ്ഥിരവഴികളിലൂടെ യാത്രചെയ്യുന്നവരായിരിക്കും. അവരുടെ സഞ്ചാരപഥത്തിലേക്ക് നാം വന്നുകയറിയപ്പോള്‍ നമുക്ക് പരിക്കേറ്റതായിരിക്കാം.. കലിതുള്ളുന്നവരുടെ അതിവൈകാരികതയ്ക്ക് വിവേകമാകട്ടെ നമ്മുടെ മറുപടി -