*പ്രഭാത വാർത്തകൾ*2024 | മാർച്ച് 5 | ചൊവ്വ

◾ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മാര്‍ച്ച് ആറിന് മുമ്പ് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നാണ് നേരത്തേ സുപ്രീം കോടതി എസ്.ബി.ഐയോട് നിര്‍ദേശിച്ചിരുന്നത്. ഈ വിഷയം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ബാധിക്കാതിരിക്കാനാണ് സമയം നീട്ടി ചോദിച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

◾സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക അമ്പതിനായിരമാണ്. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിര്‍ത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.

◾കേരളത്തിലെ പൂച്ചകള്‍ക്ക് പ്രസവിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുകയെന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. മൂന്നാം ദിവസവും ശമ്പളം കിട്ടാതിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. മന്ത്രിമാര്‍ക്കെല്ലാം ശമ്പളം കിട്ടി. മാന്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ശമ്പളം വാങ്ങിക്കരുതായിരുന്നു. അനാവശ്യ ചെലവ്, ധൂര്‍ത്ത്, നികുതി പിരിവില്ലായ്മ ഇവയെല്ലാമാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവഴിച്ച് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് കെ-സ്‌പേസ് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉന്നതവിദ്യാഭ്യാസ ഗവേഷണത്തിനുള്ള സങ്കേതമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം. നേരത്തെ മാത്യു കുഴല്‍നാടന്‍ എം എല്‍ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎല്‍എ അടക്കമുള്ളവരെ സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഡീന്‍ കുര്യാക്കോസ് എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയില്‍ ആക്രമണം നടത്തല്‍, മൃതദേഹത്തോട് അനാഥരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

◾കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി ഡീന്‍ കുര്യാകോസ് എം.പി., മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, ഡി.സി.സി അധ്യക്ഷന്‍ ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു സംഘര്‍ഷം. പോലീസ് പ്രതിഷേധക്കാരില്‍ നിന്നും മൃതദേഹം ഏറ്റെടുത്തു. മൃതദേഹം വിട്ടുതരില്ലെന്ന നിലപാടില്‍ ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചുനിന്നെങ്കിലും പോലീസ് ഇവര്‍ക്കെതിരെ ബലപ്രയോഗം നടത്തി. ഇന്ദിരയുടെ മകനെ ഉള്‍പ്പെടെ വലിച്ചിഴച്ച് മാറ്റിയാണ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജനപ്രതിനിധികള്‍ക്കെതിരേയും പോലീസ് ബലം പ്രയോഗിച്ചു. ഡീന്‍ കുര്യാകോസ് ഉള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി.

◾മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

◾കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികള്‍. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ജനങ്ങള്‍ വൈകാരികമായി പെരുമാറുന്നത് സ്വാഭാവികമാണ് . ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

◾കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

◾പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120 ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

◾പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളോ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എ യുമായ സി.കെ ശശീന്ദ്രന്‍. തികച്ചും സ്വതന്ത്രമായാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. പ്രതികള്‍ക്ക് ഒരു വിധത്തിലുള്ള പിന്തുണയും നല്‍കരുതെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

◾സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളേജില്‍ മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ റെഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ലെന്ന് അക്കാദമിക്ക് ഡയറക്ടര്‍ അറിയിച്ചു. വെറ്ററിനറി കോളേജിന്റെ ലേഡീസ് ഹോസ്റ്റലും അടച്ചു.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്ന് പറഞ്ഞ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്തുത വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങാണെന്ന് അഭിപ്രായപ്പെട്ടു.

◾സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. പ്രതികളെ ഹാജരാക്കിയപ്പോള്‍ വിവരം അന്വേഷിക്കാന്‍ പോയെന്ന് മുന്‍എംഎല്‍എ സി.കെ ശശീന്ദ്രന്‍ സമ്മതിച്ചെങ്കിലും ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് .സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പി ഗഗാറിന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പേരില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാന്‍ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിന്‍ ആരോപിച്ചു.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപസിലേക്ക് കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

◾സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുമ്പോള്‍ കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെഎസ് യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം, അല്ലെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിദ്യാഭ്യാസ ബന്ദില്‍ നിന്ന് കെഎസ് യു നേതാക്കളെ പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 
 
◾കൊയിലാണ്ടി ആര്‍ ശങ്കര്‍മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ അമല്‍ എന്ന വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് എഫ്ഐആറില്‍ സൂചിപ്പിച്ചിട്ടുള്ളത്.

◾മുന്നണിയില്‍ നിന്നുകൊണ്ട് ചതിക്കാന്‍ മാര്‍ക്സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. എസ്.എഫ്.ഐയുടെ പിതാമഹര്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് അവരുടെ കുട്ടികളും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയില്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇറക്കിയ രണ്ട് ചരക്കുകളാണ് ഇ.പി. ജയരാജനും കെ.ടി. ജലീലുമെന്നു മുനീര്‍ പരിഹസിച്ചു.

◾ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ച് പി സി ജോര്‍ജ്ജ്. അനിലിനോട് പിണക്കമില്ലെന്നും, പ്രചാരണത്തിന് ഉണ്ടാകുമെന്നും, സഭ നേതൃത്വങ്ങളില്‍ നിന്ന് അനില്‍ ആന്റണിക്ക് പിന്തുണ ലഭിക്കുന്നതിനുവേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് അറിയിച്ചു. പിസി ജോര്‍ജിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാന്‍ കഴിഞ്ഞത് സന്തോഷമെന്ന് അനില്‍ ആന്റണിയും വ്യക്തമാക്കി.

◾സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശ്ശൂരില്‍ എത്തിച്ചേര്‍ന്ന സുരേഷ് ഗോപിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. യുദ്ധമല്ല പോരാട്ടമാണ് തൃശ്ശൂരില്‍ നടക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ കിരീടം നല്‍കിയതില്‍ വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.

◾രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധന ഫലത്തില്‍ കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.

◾വിനോദസഞ്ചാരമേഖലകളില്‍ റെക്കോര്‍ഡ് നേട്ടവുമായി കേരളം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിരവധി പേര്‍ കേരളം സന്ദര്‍ശിക്കാന്‍ എത്തി എന്നും, 15.92 ശതമാനം വര്‍ദ്ധനവാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

◾മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

◾കൈക്കൂലി കേസില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥന്‍ എന്‍എല്‍ സുമേഷ് വിജിലന്‍സ് പിടിയിലായി . സ്വകാര്യ സ്‌കൂളിലെ പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നടത്തിയ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

◾പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം കൈമാറി എന്ന കേസില്‍ വാട്സ്ആപ്പ് സന്ദേശം കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുശേഷം മാത്രം വാദം കേള്‍ക്കുകയുള്ളൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ പരാമര്‍ശം പ്രചരിപ്പിച്ചെന്ന് കാട്ടി മൂന്നാര്‍ പൊലീസാണ് കേസ് എടുത്തത്.

◾ഇന്ത്യയെന്ന കുടുംബമാണ് തന്റേതെന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ജനങ്ങളും തന്റെ കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്യും എന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിനുള്ള മറുപടിയായാണ് റാലിക്കിടെ മോദി പറഞ്ഞത്. ഇതിനു പിന്നാലെ മോദിയുടെ കുടുംബം പ്രചാരണവുമായി ബിജെപി കളത്തിലിറങ്ങി. പ്രമുഖ നേതാക്കള്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം മോദിയുടെ കുടുംബം എന്ന് ചേര്‍ത്ത് പ്രചാരണം ശക്തമാക്കി.

◾ഇടപാടിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ആളുകളും യുപിഐ സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുപിഐ ഇടപാടിന് ഒരിക്കലോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവവും നിരവധിപ്പേര്‍ പങ്കുവെച്ചതായും ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു. 364 ജില്ലകളില്‍ നിന്നായി 34000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സര്‍വേ നടത്തിയത് എന്ന് ലോക്കല്‍സര്‍ക്കിള്‍സ് പറയുന്നു. ഇതില്‍ 73 ശതമാനം പേരും ഇടപാടിന് ഫീസ് ഏര്‍പ്പാടാക്കാന്‍ തുടങ്ങിയാല്‍ യുപിഐ ഉപേക്ഷിക്കുമെന്ന് പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ മാത്രമാണ് ഇടപാടിന് ഫീസ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സര്‍വേയില്‍ പങ്കെടുത്ത രണ്ടില്‍ ഒരാള്‍ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും ഇടപാടിന് ഫീസ് ഈടാക്കിയ അനുഭവം നേരിട്ടവരാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരിക്കല്‍ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇത്തരത്തില്‍ ഇടപാടിന് ഫീസ് ഈടാക്കിയതായാണ് ഇവര്‍ പ്രതികരിച്ചതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

◾ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് എട്ടിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം ആദ്യ വാരത്തില്‍ തന്നെ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ബോക്സ്ഓഫിസില്‍ നിന്നും 40 കോടിയലധികം നേടുകയും ചെയ്തു. കേരളം ഏറെ ചര്‍ച്ച ചെയ്ത യഥാര്‍ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം ഒരുക്കിയിരിക്കുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിച്ച ചിത്രം കൂടിയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എസ്ഐ ആനന്ദ് നാരായണന്‍ എന്ന പൊലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നത്. ടൊവിനോയ്ക്കു പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകന്‍ഷ പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരന്‍, അര്‍ത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.

◾ജയറാം നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'എബ്രഹാം ഓസ്ലര്‍' ഒടിടിയിലേക്ക്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 20 മുതല്‍ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്റുകളില്‍ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേല്‍പാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്ലറില്‍ പ്രേക്ഷകര്‍ക്കു കാണാനാകുക. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട പൊലീസ് ഓഫിസറായ ഓസ്ലറിനു മുന്നില്‍ ഒരു സീരിയല്‍ കില്ലര്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. കഥയിലെ നിര്‍ണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ സര്‍പ്രൈസ് വേഷവും പ്രേക്ഷകരെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ രണ്ടാം പകുതിയിലെത്തുന്ന മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്ഷന്‍ ഉയരാന്‍ കാരണമായി. ഇമോഷനല്‍ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറില്‍ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസ്സനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

◾ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ കാറുകള്‍ക്ക് മാര്‍ച്ചില്‍ 43,000 രൂപ വരെ കിഴിവ് നല്‍കുന്നു. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഐ20, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളിലാണ് ഓഫറുകള്‍. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം 43,000 രൂപ വരെ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന് മൊത്തം ആനുകൂല്യങ്ങളുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എതിരാളിയായി വരുന്ന ഈ കാറിന് 5.92 ലക്ഷം മുതല്‍ 8.56 ലക്ഷം രൂപ വരെയാണ് വില. ഹ്യൂണ്ടായ് ശ20യില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ 25,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. 7.04 ലക്ഷം മുതല്‍ 11.21 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നീ കാറുകളുടെ എതിരാളിയായി വരുന്ന ഈ കാറിന്റെ വില. 33,000 രൂപ വരെ ഹ്യൂണ്ടായ് ഓറയ്ക്ക് മൊത്തം ആനുകൂല്യങ്ങളുണ്ട്. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമാണ്. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കുന്ന ഹ്യുണ്ടായ് ഓറയുടെ വില 6.49 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയാണ്. ജനപ്രിയ കാറായ ഹ്യൂണ്ടായ് വെന്യുവിന് മാര്‍ച്ചില്‍ 30,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. ടാറ്റ നെക്‌സണിന്റെയും മാരുതി സുസുക്കി ബ്രെസ്സയുടെയും എതിരാളിയായ ഈ കാറിന്റെ വില 7.94 ലക്ഷം മുതല്‍ 13.44 ലക്ഷം രൂപ വരെയാണ്.

◾പ്രീതയുടെ സ്മൃതിസഞ്ചയം കൊടുങ്ങല്ലൂരില്‍നിന്ന് തുടങ്ങുന്നു. വള്ളുവനാട്ടില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്കും അവിടെ നിന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലേക്കും മാറി മാറി പാര്‍ക്കാന്‍ വിധിക്കപ്പെട്ട തന്റെ ജീവിതത്തില്‍ അതത് ദേശങ്ങളിലെ പ്രകൃതിയും ചുറ്റുപാടുമുള്ള മനുഷ്യരും എന്തെന്തു സ്വാധീനങ്ങളുളവാക്കി എന്നതിന്റെ വാങ്മയം അങ്ങേയറ്റം ആര്‍ജ്ജവത്തോടെയാണ് പ്രീത രേഖപ്പെടുത്തുന്നത്. പരിസ്ഥിതിവിനാശത്തിന്റെയും അസ്തമിക്കുന്ന ഗ്രാമീണമഹിമകളുടെയും ക്ഷയിച്ചൊടുങ്ങുന്ന മാനുഷികതയുടെയും ഈ കാലയളവില്‍ 'സ്മൃതിതീരങ്ങളില്‍' ഉണര്‍വ്വിന്റെ സ്‌തോത്രം. ഹരിതരശ്മികളുടെ വീണ്ടെടുപ്പ്. പ്രകൃതിയുടെ മിടിപ്പുകളിലേക്കുള്ള തീര്‍ത്ഥയാത്ര. സ്‌നേഹബന്ധങ്ങളുടെ ധന്യത. നേരിന്റെ നൈര്‍മ്മല്യം. 'സ്മൃതിതീരങ്ങളില്‍'. പ്രീത രാജ്. മംഗളോദയം. വില 136 രൂപ.

◾ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണ്. അതില്‍ തന്നെ 40 വയസ്സിനു താഴെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളില്‍ 20 ശതമാനം പേര്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ ആണ്. ജീവിതശൈലി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുന്‍ തലമുറയെക്കാള്‍ ആരോഗ്യം കുറവാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 40 വയസ്സില്‍ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവര്‍ഷം 2 ശതമാനം വീതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരില്‍ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാല്‍ ഇക്കൂട്ടത്തില്‍ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളില്‍ പറയുന്നു. ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരില്‍ കൊളസ്ട്രോള്‍ നില കൂടുതലാകാനും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാല്‍ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടുപേരും സാധാരണ കര്‍ഷകരായിരുന്നു. മരണശേഷം ദൈവം അവരോട് ചോദിച്ചു: നിങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തില്‍ നഷ്ടമായത് എന്താണ്? അടുത്ത ജന്മത്തില്‍ ആരാകണം? ഒന്നാമന്‍ പറഞ്ഞു: കഴിഞ്ഞ ജന്മത്തില്‍ അങ്ങെനിക്കൊരു മോശം ജീവിതമാണ് നല്‍കിയത്. മിക്കവാറും പട്ടിണിയായിരുന്നു. നല്ല വസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒന്നും മിച്ചംവെക്കാനുമായില്ല. അതുകൊണ്ട് ഇനിയുള്ള ജന്മത്തില്‍ എല്ലായിടത്തുംനിന്നും പണം ലഭിക്കുന്ന ആരെങ്കിലുമാകണം. രണ്ടാമന്‍ പറഞ്ഞു. ഞാന്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. ഒരു ദിവസം വീട്ടില്‍ ആഹാരം ചോദിച്ചുവന്നയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ എനിക്ക് സാധിച്ചില്ല. അതിനാല്‍ അടുത്തജന്മത്തിലെങ്കിലും ആരെയും നിരാശപ്പെടുത്താത്ത ആരെങ്കിലുമായാല്‍മതി. അങ്ങനെ അടുത്ത ജന്മത്തില്‍ ഒന്നാമന്‍ യാചകനും രണ്ടാമന്‍ സമ്പനനുമായിതീര്‍ന്നു എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപോലെ ജീവിക്കുന്നവരും ഒന്നുമില്ലാതിരുന്നിട്ടും എല്ലാമുളളവരെപോലെ ജീവിക്കുന്നവരുമുണ്ട്. ഉളളതിന്റെ സമൃദ്ധിയില്‍ ജീവിക്കാനറിയില്ല എന്നത് ഒരു കുറവ് തന്നെയാണ്. എപ്പോഴും ഇല്ലാത്തവയുടെ പട്ടികമാത്രമായിരിക്കും ഇത്തരക്കാരുടെ കയ്യില്‍. എന്നാല്‍ അധികമൊന്നുമില്ലാതിരുന്നിട്ടും ഉള്ളതെല്ലാം അതാതിന്റെ ഔചിത്യത്തില്‍ ഉപയോഗിക്കുന്നവരുണ്ട്.. അവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ ആഘോഷകരമാക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാണ് എല്ലാ പരോപകാരപ്രവൃത്തികളും ആരംഭിക്കുന്നത്. അതുകൊണ്ട് ഉളളതില്‍ സമ്പന്നരാകാം.. ആ സമ്പന്നതയെ ആഘോഷമാക്കാം - ശുഭദിനം.