*പ്രഭാത വാർത്തകൾ*2024 | മാർച്ച് 4 |

◾കര്‍ഷക സമരത്തില്‍ ഇനി തുടര്‍ സമരങ്ങള്‍. ബുധനാഴ്ച ദില്ലിയില്‍ ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പത്തിന് രാജ്യ വ്യാപകമായി തീവണ്ടികള്‍ തടയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

◾സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നില്‍ക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചക്കും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

◾സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം. ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത് 
◾ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിന് തടസമില്ലാത്തത് കാരണം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ക്ക് ശമ്പളം ലഭിച്ചെന്ന് സൂചന. ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് ജീവനക്കാര്‍ പ്രതിസന്ധിയിലായത്.

◾രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസില്‍ പ്രതി. 2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്. ഹസന്‍ കുട്ടി എന്ന പ്രതി കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞുവെന്നും അതോടെ വായ് പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ ആക്രമിച്ച കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി.

◾സിന്‍ജോ ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥിനെ ആക്രമിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
◾സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ ഡീന്‍ എംകെ നാരായണന്‍. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ലെന്നും മരണം സ്ഥിരീകരിച്ച് 10 മിനിറ്റിനുള്ളില്‍ സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചറിയിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നെന്നും നാരായണന്‍ പറഞ്ഞു.

◾പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.  

◾സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും, ഈ സംഭവങ്ങള്‍ക്കെല്ലാം ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ കൂട്ടുനിന്നത് വളരെ ഗൗരവമുള്ളതാണെന്നും കത്തില്‍ പറയുന്നു.  

◾പൂക്കോട് കോളേജിലെ ഹോസ്റ്റലില്‍ അലിഖിത നിയമങ്ങളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഈ അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചുവെന്ന് സസ്പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ തന്നോട് പറഞ്ഞതെന്നും റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

◾സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്നും, പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമം നടത്തുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

◾സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാപ്പ് അപേക്ഷിച്ച് എസ്എഫ്‌ഐ. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണെന്നും സംഘടന തെറ്റ് സമ്മതിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തുമെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നും അത് ഞങ്ങളുടെ സംഘടനയുടെ പോരായ്മയാണെന്നും കുടുംബത്തോട് മാപ്പ് ചോദിക്കുകയാണെന്നും അഫ്‌സല്‍ കൂട്ടി ചേര്‍ത്തു. 

◾എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നുമുതല്‍. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◾കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നത് ജനങ്ങളാണ് നോക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.  

◾ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിക്ക് സീറ്റ് നല്‍കിയതില്‍ നേതൃത്വത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കര്‍ഷക മോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെതിരെ നടപടി. അനിലിന്റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും ശ്യാമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു.

◾മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നു. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്നും, സ്വയം ചികിത്സ ഒഴിവാക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

◾റാഗിംഗ് നടത്തി എന്നാരോപിച്ച് കൊയിലാണ്ടി കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്ന് പരാതി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നായിരുന്നു ആക്രമണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമടക്കം 20 പേര്‍ക്ക് എതിരെ പോലിസ് കേസെടുത്തു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി വൈരാഗ്യമാണ് മര്‍ദ്ദന കാരണം എന്ന് എഫ്ഐആറില്‍ പറയുന്നു.

◾കോഴിക്കോട് ദേവഗിരി സേവിയോ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മെഡിക്കല്‍ കോളേജ് കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

◾ജനലക്ഷങ്ങള്‍ പങ്കെടുത്ത ഇന്ത്യ സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ബിഹാറില്‍ നിന്ന് തുടങ്ങിയ ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവന്‍ വീശിയടിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണകളുടെ രാജാവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാറ്റ്‌നയില്‍ നടന്ന ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ബിഹാറിലെ മഹാസഖ്യത്തിലേക്ക് ഇനിയൊരിക്കലും നിതീഷ് കുമാറിനെ തിരിച്ചെടുക്കരുതെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

◾പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും രാഹുല്‍ വിമര്‍ശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.

◾ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മധ്യപ്രദേശിലെ 29 മണ്ഡലങ്ങളില്‍ 24 ഇടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാല്‍ സിറ്റിങ് എംപിയായിരുന്ന വിവാദ നേതാവ് പ്രഗ്യ സിങ് ഠാക്കൂറിനെ ഒഴിവാക്കി. 2019-ല്‍ 29 ല്‍ 28 സീറ്റുകളും ബിജെപി നേടിയിരുന്നു.  

◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 30 വര്‍ഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ് വര്‍ധന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താന്‍ രാഷ്ട്രീയം മതിയാക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

◾ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. ഇന്നലെ മന്ത്രിസഭ യോഗത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ മന്ത്രിമാരായ രോഹിത്ത് താക്കൂര്‍, ജഗത് നേഗി എന്നിവര്‍ ഇറങ്ങിപ്പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തേക്ക് വീണ്ടും നിരീക്ഷകരെ അയച്ചേക്കും.

◾ലോക്കോ പൈലറ്റുകള്‍ മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മാച്ച് കണ്ടതാണ് 2023 ഒക്ടോബര്‍ 29ന് ആന്ധ്ര പ്രദേശില്‍ നടന്ന ട്രെയിന്‍ ദുരന്തത്തിന്റെ കാരണമെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തില്‍ 14പേരാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

◾രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ ടണല്‍ മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കം വഴി കൊല്‍ക്കത്ത മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

◾ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ 28 കാരിയായ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി 28കാരിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചു.

◾ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈഗീക കുറ്റകൃത്യമാണെന്ന് കല്‍ക്കട്ട കോടതി. വനിതാ പൊലീസിനെ ഡാര്‍ലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി. ലൈംഗിക ചുവയുള്ള പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷന്‍ 354 എ പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി.  

◾2022 ഒക്ടോബറില്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഇയാള്‍. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണം വ്യക്തമല്ലെന്ന് പാക് അധികൃതര്‍ അറിയിച്ചു.

◾പാകിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

◾ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ.

◾വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും യുപിഐ സേവനം തുടങ്ങി. യുപിഐ സേവനരംഗത്ത് മത്സരം കടുപ്പിച്ചാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ രംഗപ്രവേശം. ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് യുപിഐ സേവനം പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പേയ്‌മെന്റ് സേവനം ലഭ്യമാകുക. ഫ്‌ളിപ്പ്കാര്‍ട്ട് വിപണിക്ക് പുറത്തും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് യുപിഐ ഹാന്‍ഡില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിക്ക് 50 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ അവകാശവാദം. ഗൂഗിള്‍ പേ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ യുപിഐ സേവനങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് ഫ്ളിപ്പ്കാര്‍ട്ടും ഈ രംഗത്തേയ്ക്ക് വരുന്നത്. ഏത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം നല്‍കാനുള്ള ഓപ്ഷന്‍ ഇതില്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഫ്ളിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ചുള്ള ഫ്ളിപ്പ്കാര്‍ട്ടിന്റെ ആദ്യ ഓര്‍ഡറിന് 25 രൂപ കിഴിവ് പോലുള്ള ചില ഓഫറുകളും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ളിപ്പ്കാര്‍ട്ട് യുപിഐയിലെ സ്‌കാന്‍ ആന്റ് പേ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ ചെയ്യുന്ന ആദ്യ അഞ്ച് ഇടപാടുകള്‍ക്ക് 20 സൂപ്പര്‍ കോയിനും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

◾സുരാജ് വെഞ്ഞാറമൂട് തമിഴിലേക്ക്. ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. എസ് യു അരുണ്‍ കുമാറായിരിക്കും സംവിധാനം നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുമ്പോള്‍ റിയാ ഷിബുവാണ് നിര്‍മാണം. ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കലാന്‍' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

◾അപ്പാനി ശരത്, ജോസ്‌കുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഓഫ് റോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ഹരികൃഷ്ണന്‍, സഞ്ജു മധു, അരുണ്‍ പുനലൂര്‍, ഉണ്ണി രാജ, രാജ് ജോസഫ്, ടോം സ്‌കോട്ട് തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാല്‍ ജോസ്, അജിത് കോശി, നിയാസ് ബക്കര്‍, ഗണേഷ് രംഗന്‍, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഒട്ടേറേ പുതുമുഖങ്ങളും ഉണ്ട്. റീല്‍സ് ആന്‍ഡ് ഫ്രെയിംസിന് വേണ്ടി ബെന്‍സ് രാജ്, കരിമ്പുംകാലായില്‍ തോമസ്, സിജു പത്മനാഭന്‍, മായ എം ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി കാര്‍ത്തിക് നിര്‍വ്വഹിക്കുന്നു. ഷാജി സ്റ്റീഫന്‍, കരിമ്പുംകാലയില്‍ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകരുന്നു. ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരന്‍ തുടങ്ങിയവരാണ് ഗായകര്‍.

◾സ്‌കോഡ കുഷാക്ക് എക്‌സ്‌പ്ലോറര്‍ എഡിഷന്‍ കണ്‍സെപ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു, ഓഫ്-റോഡ് കേന്ദ്രീകൃത എസ്യുവി ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്യുവിയുടെ ഔട്ട്‌ഡോര്‍ ഘടകങ്ങള്‍ കുഷാക്കിന്റെ പതിവ് മോഡലിനെതിരെ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഇന്റീരിയറില്‍, സ്‌കോഡ കുഷാക്ക് എക്‌സ്‌പ്ലോറര്‍ പതിപ്പിന് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നു, ഇത് ടോപ്പ്-സ്പെക്ക് സ്റ്റൈല്‍ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്.സ്‌കോഡ കുഷാക്ക് എക്‌സ്‌പ്ലോറര്‍ പതിപ്പിന് ബോഡിയുടെ ചില സ്ഥലങ്ങളില്‍ ഓറഞ്ച് ഹൈലൈറ്റുകളുള്ള മാറ്റ് പച്ച നിറമുണ്ട്. പ്രത്യേക പതിപ്പായ കുഷാക്കിന് രണ്ട് എഞ്ചിന്‍ വേരിയന്റുകളാണ് ലഭിക്കുന്നത്- 1.0ലി 3സിലിണ്ടര്‍ ടിഎസ്ഐ, 1.5ലി 4സിലിണ്ടര്‍ ടിഎസ്ഐ. 1.0 എല്‍ വേരിയന്റ് 115 എച്ച്പി പവറും 175 എന്‍എം പരമാവധി ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, 1.5 എല്‍ വേരിയന്റ് 150 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എസ്യുവിയുടെ ഇന്ധന ടാങ്ക് കപ്പാസിറ്റി 50 ലിറ്ററും ബൂട്ട് സ്‌പേസ് 385 ലിറ്ററും ആണ്. മോണ്ടെ കാര്‍ലോയ്ക്കും മാറ്റ് എഡിഷനും ശേഷമുള്ള മൂന്നാമത്തെ പ്രത്യേക പതിപ്പാണ് സ്‌കോഡ കുഷാക്ക് എക്സ്പ്ലോറര്‍ എഡിഷന്‍.

◾ചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാന്‍ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോള്‍ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരന്‍ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്‌നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം. 'കാലപാശം'. പ്രഭാ വര്‍മ്മ.ഡിസി ബുക്സ്. വില 94 രൂപ.

◾വിറ്റാമിന്‍ സി, ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ദൈനംദിന ഭക്ഷണത്തില്‍ ദിവസവും ഒരു നെല്ലിക്ക ഉള്‍പ്പെടുത്തുക. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി സമ്പുഷ്ടമായ നെല്ലിക്ക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വിറ്റാമിന്‍ സി പ്രധാനമാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയത്തിലെ ധമനികളെ ശക്തിപ്പെടുത്തുകയും കട്ടിയാക്കുകയും ചെയ്യുന്നു. നെല്ലിക്ക 12 ആഴ്ച തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തില്‍ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (മോശം കൊളസ്ട്രോള്‍), മൊത്തത്തിലുള്ള കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാന്‍ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്രോമിയം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ പതിവായി നെല്ലിക്ക കഴിക്കുക. ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആശ്രമാധിപന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ അയാളും മുടങ്ങാതെ വരുമായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനകഴിഞ്ഞുപോകുമ്പോള്‍ അയാള്‍ ധാരാളം സ്വര്‍ണ്ണനാണയങ്ങള്‍ ഗുരുവിന് കൊടുത്തു. എന്നിട്ട് പറഞ്ഞു: അങ്ങ് ഇതെടുത്തുകൊള്ളൂ.. ഇതങ്ങേക്ക് ഉപകാരപ്പെട്ടേക്കാം.. ഗുരു അതെടുക്കാതെ നടന്നകന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അമൂല്യങ്ങളായ രത്‌നങ്ങളുമായി അയാള്‍ ഗുരുവിനെ സമീപിച്ചു. ഗുരു അതും അവഗണിച്ചു. എങ്ങനെ ഗുരുവിനെ പ്രീതിപ്പെടുത്താം എന്നായി അയാളുടെ ചിന്ത. ആ ആശ്രമത്തില്‍ വാര്‍ഷികപ്രാര്‍ത്ഥനയ്ക്കുള്ള ദിവസമടുത്തു. ആ നാടുമുഴുവന്‍ ആ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. അതിനായി വലിയ ഒരുക്കങ്ങള്‍ തന്നെ അവിടെ നടക്കുന്നുണ്ടായിരുന്നു. അയാളും രാത്രിമുഴുവനും അധ്വാനിച്ചു. അതിനിടയില്‍ ഗുരു അയാളോട് ചോദിച്ചു: ഭക്ഷണം കഴിച്ചോ? ഗുരു തന്നോട് സംസാരിച്ചതില്‍ അയാള്‍ സന്തോഷാശ്രുപൊഴിച്ചു. ഗുരു അയാളോട് പറഞ്ഞു: ഈശ്വരന് വേണ്ടത് പണമല്ല. താങ്കളുടെ സമര്‍പ്പണവും വിശ്വസ്തതയും സ്‌നേഹവുമാണ്. ഈശ്വരന്‍ കച്ചവടക്കാരനല്ല.. പണംകൊടുക്കുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന തോന്നല്‍ ഒരു അബദ്ധധാരണ മാത്രമാണ്. ഈശ്വരന് സ്വീകാര്യമായ കാര്യങ്ങളുടെ പട്ടിക നിരത്തിയാല്‍ അതില്‍ പൊന്നും ഉരുപ്പടികളും ഒന്നുമുണ്ടാകില്ല. നന്മയും നിഷ്‌കളങ്കതയും സദ്ഗുണങ്ങളുമായിരിക്കും അവിടം അലങ്കരിക്കുക. അതാണ് നമുക്ക് ഈശ്വരനുനല്‍കാനുളള സമ്മാനവും - ശുഭദിനം.
➖➖➖➖➖➖➖➖