◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കസ്റ്റഡിയില്‍ തുടരും. അരവിന്ദ് കെജ്രിവാളിനെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഉപഹര്‍ജിയില്‍ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇഡിക്ക് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയവും കോടതി അനുവദിച്ചു. കേസ് വീണ്ടും ഏപ്രില്‍ 3നു പരിഗണിക്കും.
◾ എക്‌സാലോജിക്കിനെതിരേ ഇ.ഡി. അന്വേഷണത്തിന് വഴിതുറന്നത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അതിവേഗ റിപ്പോര്‍ട്ടാണെന്ന് വിലയിരുത്തലുകള്‍. എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇന്നലെ കേസെടുത്തത്. ഈ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേന്ദ്രസര്‍ക്കാരിനായതിനാല്‍ ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കേസെടുത്തതെന്നാണ് സൂചന.
◾ ഇഡിയെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അപഹസിക്കാനുള്ള നീക്കമാണ് ഇ.ഡി ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
◾ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 2ന് തോമസ് ഐസക്കിനോട് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെ മനപ്പൂര്‍വ്വം ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
◾ മസാല ബോണ്ട് കേസില്‍ ഏഴാം തവണ അയച്ച ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തോമസ് ഐസകിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്നും ഇഡി ആവശ്യപ്പെട്ട രേഖകള്‍ കിഫ്ബി നല്‍കിയിട്ടുണ്ടെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നും ഐസക് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
◾ മാസപ്പടിയില്‍ ഇ.ഡി കേസെടുത്തത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒന്നിച്ചല്ലെന്നു കാണിക്കാനുള്ള സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരുവന്നൂരിലെയും സ്വര്‍ണക്കള്ളക്കടത്തിലെയും ലൈഫ് മിഷന്‍ കോഴയിലേയും ഇ.ഡി അന്വേഷണങ്ങള്‍ എവിടെയെത്തിയെന്നും കേരളത്തില്‍ എത്തുമ്പോള്‍ ഇ.ഡിയുടെ രീതിതന്നെ മാറുകയാണെന്നും സതീശന്‍ പറഞ്ഞു
◾ നരേന്ദ്രമോദിയുടെ ഭരണത്തില്‍ അഴിമതി കാട്ടിയവര്‍ കണക്ക് പറയേണ്ടി വരുമെന്നും, മാസപ്പടി ആരോപണത്തില്‍ ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
◾ വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. തുടര്‍ന്ന് നടക്കുന്ന റോഡഷോക്കു ശേഷം രാഹുല്‍ അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും.
◾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് ഡോക്ടര്‍ കെ എസ് അനിലിനെ നിയമിച്ചത്.
◾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിലുള്ള സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ സമരവും തിരഞ്ഞെടുപ്പും ഭയന്നാണ് സി.ബി.ഐ അന്വേഷണത്തിന് തയാറായതെന്നും സതീശന്‍ പറഞ്ഞു.
◾ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിന് ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. കഥകളിയില്‍ വനിതകള്‍ക്ക് പ്രവേശനം നടപ്പാക്കിയ കലാമണ്ഡലം പക്ഷെ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തിരുന്നില്ല.
◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023 ല്‍ നടന്ന റാഗിങിന്റെ പേരില്‍ ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിന് പിന്നാലെയാണ് സസ്‌പെഷന്‍ റദാക്കിയത്. സംഭവത്തില്‍ 13 പേര്‍ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയതിന് പിന്നാലെ 13 പേരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
◾ കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എല്‍ഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി . യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് എല്‍ഡിഎഫ് ആരോപണം. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
◾ കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന് അനില്‍ ആന്റണി. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും, രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത് എന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി പ്രതികരിച്ചു .
◾ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് മേഘ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
◾ കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ തിരിച്ചടച്ചു. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പണം തിരിച്ചടച്ചത്. മസാല ബോണ്ടില്‍ ക്രമക്കേട് ആരോപിച്ച് തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് കിഫ്ബി തുക മുഴുവനായി തിരിച്ചടച്ചത്.
◾ സംസ്ഥാനത്തെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ കണ്ണൂര്‍ പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനo ലഭിച്ചത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു.
◾ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.
◾ വയനാട് ചെന്നായ്ക്കവലയില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ 30 മരത്തിലധികം വെട്ടിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
◾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ എം.വി.ഗോവിന്ദന്‍ ജൂലൈ 2 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. ബി.ഗോപാലകൃഷ്ണന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ്.
◾ കോട്ടയം സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. കോളേജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പോലിസ് ലാത്തി വീശി. രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ പണമിടപാട് സംബന്ധിച്ച വിഷയത്തെതുടര്‍ന്ന് നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നറിയിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ തനിക്ക് അവസരം നല്‍കിയിരുന്നെന്നും ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം മത്സരിക്കാനില്ലെന്ന് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. ഇവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണെന്നും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍.
◾ കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോള്‍, ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി.
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
◾ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ദര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അന്‍ഗൂറല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾ അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്ന് ബിജെപി നേതാവും അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കുമെന്നും അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു.
◾ അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയിട്ടില്ല. ഇതോടെ അഞ്ചിടത്തും ബിജെപിക്ക് വിജയം ഉറപ്പായി.
◾ ചരക്ക് കപ്പലിലുണ്ടായ അപ്രതീക്ഷിതമായ വൈദ്യുതി തടസമാണ് യുഎസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തെ പ്രധാന പാലമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പല്‍ ദിശ മാറി പാലത്തില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍.
◾ ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 34 പന്തില്‍ 80 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും 23 പന്തില്‍ 63 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 24 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സെടുത്ത ചിം ഡേവിഡും മുംബൈക്ക് വേണ്ടി ഒരു ശ്രമം നടത്തിയെങ്കിലും ഐപിഎല്ലിലെ റെക്കോര്‍ഡ് സ്‌കോറിന് മുന്നില്‍ തളര്‍ന്ന് വീഴുകയായിരുന്നു.
◾ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ചില ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിക്, സില്‍വര്‍, ഗ്ലോബല്‍, കോണ്‍ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡുകളുടെ നിലവിലുള്ള വാര്‍ഷിക നിരക്കുകളും യുവ, ഗോള്‍ഡ്, കോംബോ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള വാര്‍ഷിക നിരക്കുകളുമാണ് ഉയരുക. 2024 ഏപ്രില്‍ മുതല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 200 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും. നിലവില്‍ 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വാര്‍ഷിക നിരക്ക് ചാര്‍ജായി ഈടാക്കിയിരുന്നത്. യുവ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അടുത്ത മാസം മുതല്‍ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവില്‍ 175രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് നിലവിലുള്ള ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ്. പ്രീമിയം ബിസിനസ് കാര്‍ഡ്‌പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപഭോക്താക്കളില്‍ നിന്നും ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ 350 രൂപയും ജിഎസ്ടിയുമാണ് നിലവില്‍ ഈടാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വാര്‍ഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും.
◾ ലോകസിനിമ ചരിത്രത്തില്‍ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചര്‍ച്ചാവിഷയമാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഓര്‍മയില്ലാത്തവര്‍ ഉണ്ടാവില്ല. അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ റോസിനെ രക്ഷിച്ചത് ഒരു 'വാതില്‍പ്പലക'യുടെ കഷണമാണ്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തില്‍ വിറ്റു പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തില്‍ പോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.
◾ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. അരികിലകലെയായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. വര്‍ക്കിയുടേതാണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്. സിനിമയുടേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്. താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകം ഉണര്‍ത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവുമാണ് ഗാനത്തിന്റേത്. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ഒരു കട്ടില്‍ ഒരു മുറി. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
◾ കീര്‍ത്തിചക്ര എന്ന ചിത്രത്തിലെ 'ഹുദാ സെ മന്നത്ത് ഹേ മേരി'... എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗായകനാണ് കൈലാഷ് ഖേര്‍. കശ്മീരിന്റെ സൗന്ദര്യം പാടിപുകഴ്ത്തുന്ന ആ ഗാനം ദേശാതിര്‍ത്തികള്‍ കടന്നു അക്കാലത്തു ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായകന്റെ പാട്ടുയാത്രകള്‍ക്കു ഇനി കൂട്ടാകുന്നത് ജാവ പെരക് ബോബറാണ്. പുതിയ വാഹനം ഗാരിജിലെത്തിച്ച സന്തോഷം ഗായകന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 2.13 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 30 എച്ച്പി പവറും 31 എന്‍എം ടോര്‍ക്കും ഉള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ വാഹനമാണ് ജാവ പെരക് ബോബര്‍. ആറു സ്പീഡ് ഗീയര്‍ ബോക്‌സാണ്. ജാവ 42 മായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം കൂടി ശേഷി കൂടുതലുണ്ടെന്നു പറയാം. റിയറില്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ സിസ്റ്റവും മുന്‍ഭാഗത്ത് ടെലിസ്‌കോപിക് യൂണിറ്റുമുണ്ട്. മുന്‍പിലും റിയറിലും ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. മറ്റൊരു എടുത്തുപറയേണ്ട സവിശേഷത ഡ്യൂവല്‍ ചാനല്‍ എബിഎസ് ആണ്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതും താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്നതുമായ ബോബര്‍ സ്റ്റൈല്‍ ഇരുചക്ര വാഹനമാണ് ജാവ പെരാക്. ജാവ 350, 42, 42 ബോബര്‍, പെരാക് എന്നിങ്ങനെ നിലവില്‍ നാലു മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്.
◾ കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് ''പറയാം നമുക്കു കഥകള്‍'' അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍. 'പറയാം നമുക്കു കഥകള്‍'. അഷിത. റെഡ്മി ബുക്സ്. വില 113 രൂപ.
◾ ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയര്‍പ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതില്‍ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയില്‍ അധിക നേരം കൊണ്ടാല്‍ സൂര്യാഘതമേല്‍ക്കാം. ചര്‍മത്തില്‍ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയര്‍ന്ന തോതില്‍ സൂര്യാഘാതമേല്‍ക്കുന്നത് ആരോ?ഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ശരീരം മുഴുവനും മറയുന്ന തരത്തില്‍ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയം തെരഞ്ഞെടുത്താന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. പകല്‍ 10 മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട, തൊപ്പി, സ്‌കാര്‍ഫ്, സണ്‍സ്‌ക്രീം എന്നിവ കരുതണം. വെയിലത്ത് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പ് സൂര്യപ്രകാശം തട്ടാന്‍ സാധ്യതയുള്ള എല്ലാ ശരീരഭാഗത്തും സണ്‍സ്‌ക്രീം പുരട്ടണം. കടുത്ത സണ്‍ബേണ്‍ ഉണ്ടാകുന്നതില്‍ നിന്നും സണ്‍സ്‌ക്രീമിന്റെ ഉപയോഗം ഒരുപരിധി വരെ ഗുണം ചെയ്യും. മറ്റൊന്ന് വിയര്‍പ്പ് ആണ്. വിയര്‍പ്പ് കാരണം ശരീരത്തില്‍ ചൂടുകുരുവും ഫംഗല്‍ ഇന്‍ഫെക്ഷനും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചുവന്ന നിറത്തില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ കാരണം വലിയ രീതിയില്‍ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ശരീരത്തിന്റെ മടക്കുകളില്‍ കൂടുതല്‍ നേരം വിയര്‍പ്പ് തങ്ങിയിരിക്കുമ്പോള്‍ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളില്‍, കാലില്‍ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്.
*ശുഭദിനം*
*കവിത കണ്ണന്‍*
തനിക്ക് കൂടുതല്‍ ശക്തനാകണം. എല്ലാവരും തന്നെ പേടിക്കണം, ബഹുമാനിക്കണം .. അതിനായി രാജാവ് സന്യാസിയെ കാണാന്‍ തീരുമാനിച്ചു. സന്യാസി പറഞ്ഞു: ഇവിടുന്ന് ഒരു അറുപത് കിലോമീറ്റര്‍ മുന്നോട്ട് നടക്കണം. അപ്പോള്‍ അവിടെ വലിയൊരു മരം നില്‍ക്കുന്നുണ്ടാകും. അതൊരു അത്ഭുതമരമാണ്. അതിലെ പഴം തിന്നാല്‍ നിങ്ങള്‍ക്ക് നൂറിരട്ടി ശക്തി ലഭിക്കും. പക്ഷേ, പോകുന്ന വഴിയില്‍ നിങ്ങള്‍ ദുര്‍ഭൂതത്തെ കാണും. അതിനെ അപ്പോള്‍ തന്നെ കൊല്ലണം. യാത്ര ആരംഭിച്ച രാജാവ് അധിക ദൂരമെത്തും മുമ്പേ ഭൂതത്തെ കണ്ടു. ഈര്‍ക്കില്‍ വലുപ്പമുളള അതിനെ കൊല്ലുന്നത് തനിക്ക് തന്നെ നാണക്കേടാണെന്ന് കരുതി രാജാവ് അതിനെ ശ്രദ്ധിക്കാതെ നടന്നു. യാത്രയ്ക്കിടയില്‍ ഇങ്ങനെ പലതവണ ഈ ഭൂതം പ്രത്യപ്പെട്ടുകൊണ്ടേയിരുന്നു. പക്ഷേ, അപ്പോഴെല്ലാം രാജാവ് ശ്രദ്ധിക്കാത്ത ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. ആ ഭൂതം ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും വലുപ്പം വെയ്ക്കുന്നുണ്ടായിരുന്നു. അവസാനം മരത്തിനടുത്തെത്തിയപ്പോഴേക്കും ഭൂതം ഭീമാകാര രൂപം പൂണ്ടു. ആ ഭൂതത്തെ കീഴ്‌പ്പെടുത്താന്‍ അദ്ദേഹം നന്നേ കഷ്ടപ്പെട്ടു. മുന്നറിയിപ്പുകളെ ഒരിക്കലും അവഗണിക്കരുത്. ചുവപ്പ് തെളിയുന്നതിന് മുമ്പ് മഞ്ഞവെളിച്ചമുണ്ടാകും. ആകസ്മിക അപകടങ്ങളുടെ സാധ്യത എല്ലാവരുടേയും മുന്നിലുണ്ടാകും. അവയെ യഥാസമയത്ത് തിരിച്ചറിയാനും പക്വതയോടെ തടുക്കാനുമുള്ള വകതിരിവാണ് അനാവശ്യസംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നത്. എല്ലാ പ്രലോഭനങ്ങളേയും പരിഗണിക്കേണ്ടതില്ല. പക്ഷേ, പടര്‍ന്നു പന്തലിക്കാന്‍ സാധ്യതയുളളവയെ വേരോടെ പിഴുതെറിയണം. എല്ലാ പ്രശ്‌നങ്ങളേയും നിസ്സാരവത്കരിക്കുന്നതാണ് തോറ്റുപോകുന്നവരുടെ അടിസ്ഥാന വിഢ്ഢിത്തം. പ്രതിയോഗിയുടെ തത്സമയ വലുപ്പവും കരുത്തുമല്ല, അവ ആര്‍ജ്ജിക്കാന്‍ സാധ്യതയുളള ആകാരവും പ്രാപ്തിയുമാണ് ഇതില്‍ പ്രധാനം. മുന്നറിയിപ്പുകളെ തള്ളാതെ, അവ ആയിരിക്കാന്‍ സാധ്യതയുളള അവസ്ഥകളെ കൂടി മുന്‍കൂട്ടി കാണാന്‍ നമുക്ക് ശ്രദ്ധിക്കാം - *ശുഭദിനം.*