◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. പക്ഷേ കേസിന്റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് വൈകിയതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. രേഖകള്‍ കൈമാറാന്‍ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.
◾ സിബിഐ അന്വേഷണ നടപടി വൈകിയതില്‍ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല വീഴ്ചയുണ്ടായതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. സിബിഐ അന്വേഷണത്തിനായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനുശേഷം 17 ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെയും നടപടി വേണമെന്നും ജയപ്രകാശ് പറഞ്ഞു. 16ന് കത്തയച്ചുവെന്നാണ് അഭ്യന്തര വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞത് എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ കുടുംബം വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരികയും പ്രതിപക്ഷം സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് ആയുധമാക്കുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കാന്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോപണമുണ്ട്.
◾ മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെയും ബന്ധുക്കളുടേയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്. അതേസമയം സ്വമേധയ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവം കോടതിയെ വേദനിപ്പിക്കുന്നുവെന്നും കേരളത്തില്‍ ഇത്തരം സംഭവം നടന്നുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
◾ കേരളത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എന്‍. സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
◾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടിയാണ് ആന്റണി പത്തനംതിട്ടയിലെത്തുക. കോണ്‍ഗ്രസിന് ഇത് ഡു ഓര്‍ ഡൈ ഇലക്ഷന്‍ ആണെന്നും ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്നും എ കെ.ആന്റണി പറഞ്ഞിരുന്നു.
◾ ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷത്തിന്റെ ചിഹ്നം നഷ്ടമാകുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു.
◾ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കല്‍പ്പറ്റയില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന് ഗംഭീര സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കി സന്തോഷത്തോടെ തിരിച്ചയക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. തനിക്ക് വയനാടിനെ കുറിച്ച് കൃത്യമായ കാര്യങ്ങള്‍ അറിയാമെന്നും ആവശ്യമായ എല്ലാ നടപടികളും താന്‍ സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ തൊഴില്‍ വകുപ്പ് | ബില്‍ഡിംഗ് സൈറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് നിയമം, കരാര്‍ തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.
◾ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡി നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന തോമസ് ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുന്നുവെന്നും, അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി ഹൈക്കോടതിയില്‍. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നും ഇഡി വ്യക്തമാക്കി.
◾ പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് തോമസ് ഐസക്. മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രതികരണവുമായി എത്തിയതാണ് തോമസ് ഐസക്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇവര്‍ പറയട്ടെയെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും നിയമ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ, ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്.
◾ മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്ന് വിഡി സതീശന്‍. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എതിര്‍ത്ത് സംസാരിക്കുന്നത്. സി എ എ വിരുദ്ധ സമരത്തിലെ ഒട്ടുമിക്ക കേസുകളും ഇതുവരെയും പിന്‍വലിച്ചിട്ടില്ല. പറയുന്നതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും വീഡി സതീശന്‍ കുറ്റപ്പെടുത്തി.
◾ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടെന്നും ബിജെപിയെ പോലെ തലയില്‍ ചെളിയുളള പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും കെ സുധാകരന്‍. പണം ഇല്ലെങ്കില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും ജനങ്ങളിലേക്ക് ഇറങ്ങിയാല്‍ അവര്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും സുധാകരന്‍ പറഞ്ഞു. നാരങ്ങാവെളളം കുടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ പാര്‍ട്ടിക്കില്ലെന്നും താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കും. 14 വര്‍ഷമായി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വീഴ്ച വിശദീകരിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജകരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയായ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരന്‍ വര്‍ഗീസിനെ ലഹരിയ്ക്കടിമയായ മകന്‍ പോള്‍ തലയ്ക്കടിച്ച് കൊന്നതാണെന്ന് കണ്ടെത്തി. പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.
◾ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ശനിയാഴ്ചവരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്.
◾ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഉത്തരവിറക്കുന്നത് തടയണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ്ങ് യാദവ് ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
◾ വരുണ്‍ ഗാന്ധി നല്ല പ്രതിച്ഛായയുള്ളയാളാണെന്നും ഗാന്ധിയായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിര്‍ രഞ്ജന്‍ ചൗധരി. വരുണിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഡിഎംകെക്ക് ഉറക്കം നഷ്ടമായി എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാര്‍ട്ടിക്കും ഉറക്കമില്ലെന്ന് ഉദയാനിധി പറഞ്ഞു. ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനാണ് ഉദയനിധി മറുപടി നല്‍കിയത്.
◾ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍. ഇന്‍സ്റ്റഗ്രാമില്‍ കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ അധിക്ഷേപിക്കും വിധം പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി താന്‍ സിനിമാ കരിയറില്‍ പല തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സ്ത്രീകള്‍ക്കും ബഹുമാനത്തിന് അര്‍ഹത ഉണ്ടെന്നും കങ്കണ പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് വന്നതെന്നും ഉടന്‍ തന്നെ അത് പിന്‍വലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം.
◾ ഗാന്ധിജിയെയും ഗോഡ്‌സെയും കുറിച്ച് കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയും പശ്ചിമ ബംഗാളിലെ താംലുക് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. ഗാന്ധി, ഗോഡ്‌സെ- ഇവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അഭിജിത് ഗംഗോപാധ്യായ പറഞ്ഞതായി ഒരു ബംഗാളി ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
◾ മമത ബാനര്‍ജിക്കെിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. ദിലീപ് ഘോഷിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ടിഎംസി അറിയിച്ചു.
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അമേരിക്ക. കേസില്‍ സുതാര്യവും, നിഷ്പക്ഷവും, നീതിപൂര്‍വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു . നിയമനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. നേരത്തെ ജര്‍മ്മനിയും വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു.
◾ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകരാന്‍ ഇടയാക്കിയ ചരക്ക് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി. കപ്പല്‍ നിയന്ത്രണം വിട്ട ഉടന്‍ തന്നെ കപ്പലില്‍നിന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് സിഗ്നല്‍ നല്‍കിയത് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചെന്ന് പറഞ്ഞ മേരി ലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ ജീവനക്കാരെ പ്രശംസിച്ചു. മുന്നറിയിപ്പിനു പിന്നാലെ പാലത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കാനായത് അപകടത്തിന്റെ ആഘാതം കുറക്കാന്‍ ഇടയാക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
◾ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോല്‍വി. ആദ്യ പകുതിയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നല്‍കിയ മേധാവിത്വം ഇന്ത്യക്ക് നിലനിര്‍ത്താനായില്ല. എഴുപതു മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങി.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 63 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 51 റണ്‍സെടുത്ത ശിവം ദുബെയുടേയും 46 റണ്‍സ് വീതമെടുത്ത റുതുരാജ് ഗെയ്കവാദിന്റേയും രചിന്‍ രവീന്ദ്രയുടേയും ഇന്നിംഗ്സുകളുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ ബെയ്ജിങ്ങിനെ മറികടന്ന് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറായി ഉയര്‍ന്നതായും ഹുരുണ്‍ ആഗോള സമ്പന്ന പട്ടിക വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ വന്‍മുന്നേറ്റമാണ് കാഴ്ചവെച്ചത്. 271 ശതകോടീശ്വരന്മാരുമായി ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 84 ശതകോടീശ്വരന്മാരാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ വര്‍ധനയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആഗോള സമ്പന്ന പട്ടികയില്‍ 15-ാം സ്ഥാനത്തേയ്ക്കാണ് ഗൗതം അദാനി ഉയര്‍ന്നത്. ആസ്തിയില്‍ ഉണ്ടായ വര്‍ധനയാണ് ഗൗതം അദാനിക്ക് ഗുണമായത്. ഈ വര്‍ഷം ഗൗതം അദാനിയുടെ ആസ്തിയില്‍ 3300 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ 8800 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തി. 11500 കോടി ഡോളര്‍ ആസ്തിയുമായി ആഗോള സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ആസ്തിയില്‍ അടുത്തിടെ 40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി 167 പേര്‍ കൂടി എത്തിയതായും ഹുരുണ്‍ ആഗോള സമ്പന്ന പട്ടിക വ്യക്തമാക്കുന്നു. നിലവില്‍ ആഗോളതലത്തില്‍ 3279 ശതകോടീശ്വരന്മാരാണ് ഉള്ളത്. ഏറ്റവുമധികം ശതകോടീശ്വരന്മാര്‍ ഉള്ളത് ചൈനയില്‍ തന്നെയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 155 പേരുടെ കുറവുണ്ടായെങ്കിലും 814 ശതകോടീശ്വരന്മാരുമായാണ് ചൈന മുന്നിട്ട് നില്‍ക്കുന്നത്. അമേരിക്കയില്‍ 800 ശതകോടീശ്വരന്മാരാണ് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവാണ് ശതകോടീശ്വരന്മാരുടെ പുതിയ ആസ്തിയില്‍ പകുതിയും സംഭാവന ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍.
◾ മലയാള സാഹിത്യത്തിലെ ഇതിഹാസങ്ങളിലൊരാളാണ് ടി. പത്മനാഭന്‍. എഴുപത്തിയാറ് വര്‍ഷത്തെ സാഹിത്യ ജീവിതത്തില്‍ കഥകള്‍ മാത്രമെഴുതിയ ടി. പത്മനാഭന്‍ ഇന്നും കഥകള്‍ എഴുതികൊണ്ടേയിരിക്കുന്നു. ടി. പത്മനാഭന്റെ ജീവിതത്തെയും സാഹിത്യകൃതികളെയും ആസ്പദമാക്കി എഴുത്തുകാരനും, സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്ത് ഒരുക്കിയ 'നളിനകാന്തി' എന്ന ചിത്രം ഈ മാസമായിരുന്നു തിയേറ്ററുകളിലും ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശനത്തിനെത്തിയത്. സംഗീതപ്രേമി കൂടിയായ ടി. പത്മനാഭന്റെ ജീവിതം സിനിമയായപ്പോള്‍ സംഗീതത്തിനും വളരെയേറെ പ്രാധാന്യം നല്‍കികൊണ്ടാണ് സുസ്മേഷ് ചന്ത്രോത്ത് ചിത്രമൊരുക്കിയിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുദീപ് പാലനാട് സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ 'ആകെയിരുട്ടാണ്... കര്‍ക്കിടരാവാണ്..' എന്ന ഗാനം പുറത്തുവന്നിരിക്കുകയാണ്. അനഘ ശങ്കര്‍ കലാമണ്ഡലമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീവിതത്തില്‍ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേള്‍പ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ സുസ്മേഷ് ചന്ത്രോത്ത് വരച്ചിടുന്നു.
◾ കേരളത്തില്‍ മാത്രമല്ല തമിഴകത്തും 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ് ട്രെന്‍ഡ്. സോഷ്യല്‍ മീഡിയ റീല്‍സുകളിലും മഞ്ഞുമ്മല്‍ തരംഗമാണ്. 'കുതന്ത്രം' എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറല്‍ റീല്‍സ് വരെ ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ ചിത്രം ഏപ്രില്‍ 5ന് ആണ് ഒ.ടി.ടിയില്‍ എത്തുക. ഏപ്രില്‍ 5 മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജൂഡ് ആന്റണി ചിത്രം '2018'നെ പൊട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സ് മുന്നിലെത്തിയത്. 170.50 കോടി ആയിരുന്നു 2018ന്റെ കളക്ഷന്‍. കളക്ഷനില്‍ 'പുലിമുരുഗന്‍', 'ലൂസിഫര്‍' എന്നീ ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്സ് പിന്നിലാക്കി. ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു എന്നീ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
◾ റേഞ്ച് റോവറിന്റെ ആഡംബര എസ്യുവിക്ക് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്ന് മിനി കൂപ്പര്‍ എസ് ട്രാക് എഡിഷന്‍ വാങ്ങിയ വിവരം ലിസ്റ്റിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതം എത്തിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ റെഗുലര്‍ മോഡലില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ട് ട്രാക് എഡിഷന്. ട്രാക്ക് എഡിഷന് പ്രത്യേക നിറവും റെഡ് റൂഫുമാണ് നല്‍കിയിരിക്കുന്നത്. പുതുമയുള്ള ഡിസൈനിനൊപ്പം ജെസിഡബ്ല്യു വര്‍ക്ക്‌സ് ബാഡ്ജിങ്ങും നല്‍കിയാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ക്രോം ഇന്‍സേര്‍ട്ടുകള്‍ക്ക് പകരം ഗ്ലോസി ബ്ലാക് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. ബ്ലാക്ക് നിറത്തിലുള്ള സ്പോര്‍ട്ടി സീറ്റുകളും സ്പോര്‍ട്ടി ഇന്റീരിയറുമുണ്ട് വാഹനത്തിന്. മിനി കൂപ്പറിലുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ട്രാക് എഡിഷനിലും. 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് ഈ മോഡലിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് കാറില്‍. 49.9 ലക്ഷം രൂപയാണ് മിനി കൂപ്പര്‍ എസിന്റെ എക്സ്ഷോറൂം വില.
◾ 'ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്‍മയിലിരുന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.' പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോസ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹുവാന്‍ റൂള്ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ 'പെഡ്രോ പരാമോ' ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 'പെഡ്രൊ പാരാമൊ'. വിവര്‍ത്തനം - വിലാസിനി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 211 രൂപ.
◾ അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാല്‍ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, സലാഡുകള്‍ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളില്‍ ചിലപ്പോള്‍ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗര്‍ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാര്‍, പയര്‍, കടല എന്നീ മാംസ്യം അടങ്ങിയ കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുന്‍പു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക. കുറച്ചുനാള്‍ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിര്‍ത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക.
*ശുഭദിനം*
ഒരിക്കല്‍ മീന്‍ പിടുത്തക്കാരന്‍ തന്റെ വഞ്ചിയെല്ലാം ഒതുക്കിയിട്ട് മരച്ചുവട്ടില്‍ കിടന്ന് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ഒരു ബിസിനസ്സുകാരന്‍ വന്നു. അയാള്‍ പറഞ്ഞു: താങ്കള്‍ എന്താണ് ഇവിടെ വെറുതെ കിടക്കുന്നത്. ഈ സമയം മീന്‍ പിടിക്കാന്‍ പോയാല്‍ ഇനിയും ധാരാളം മീന്‍ ലഭിക്കില്ലേ? . ലഭിക്കും അതിന് : മീന്‍ പിടുത്തക്കാരന്‍ ചോദിച്ചു. ധാരാളം മീന്‍ ലഭിച്ചാല്‍ ധാരാളം പണം ലഭിക്കില്ലേ? ബിസിനസ്സ്‌കാരന്‍ ചോദിച്ചു. എന്നിട്ട്: അയാള്‍ വീണ്ടും ചോദിച്ചു. ധാരാളം പണം ലഭിച്ചാല്‍ ബോട്ട് വാങ്ങിക്കൂടെ? ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയാല്‍ ധാരാളം മീന്‍ ലഭിക്കും. അതില്‍ നിന്ന് ധാരാളം ധനം സമ്പാദിക്കാം.. എന്നിട്ട് : മീന്‍ പിടുത്തക്കാരന്‍ വീണ്ടും ചോദിച്ചു. ബിസിനസ്സ്‌കാരന്‍ തുടര്‍ന്നു. ധാരളം പണം ലഭിച്ചാല്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിച്ചുകൂടെ. അപ്പോള്‍ ആ മീന്‍പിടുത്തക്കാരന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞ സമാധാനം എനിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് ഞാന്‍ ഇത്രയും കഷ്ടപ്പെട്ടിട്ട് ആ സമാധാനം നേടാന്‍ പോകുന്നത്.. നമുക്ക് സന്തോഷവും സമാധാനവും ആവശ്യമുള്ളത് മറ്റുള്ളവരെ കാണിക്കാന്‍ അല്ല. സ്വയം അനുഭവിക്കാനാണ്. നമുക്ക് ഇപ്പോള്‍ ലഭ്യമായവ കൊണ്ട് ആ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് മറ്റുള്ളവരെ താരതമ്യം ചെയ്ത് സ്വന്തം സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നത്. നമ്മുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമെല്ലാം അളവുകോല്‍ നമ്മുടെ കൈയ്യില്‍ തന്നെയാകണം. മറ്റുള്ളവരെ കാണിക്കാനല്ല, നമുക്ക് അനുഭവിക്കാനുതകുംവിധമാകട്ടെ നമ്മുടെ സന്തോഷവും സമാധാനവും -
*ശുഭദിനം.*