◾ ജലബോര്‍ഡുമായി ബന്ധപ്പെട്ട ഉത്തരവിറക്കി ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ കൃത്യനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതേസമയം കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
◾ ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിവശക്തി പോയിന്റ് എന്ന പേര് നിര്‍ദേശിച്ചത്. ഐഎയു അംഗീകാരം ലഭിച്ചതിനാല്‍ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗിക്കാo.
◾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 111 പേരടങ്ങുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. സിറ്റിങ് എംപിമാരായ മനേക ഗാന്ധിക്ക് സുല്‍ത്താന്‍പുരില്‍ സീറ്റ് നല്‍കിയപ്പോള്‍ മകന്‍ വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. ഹിമാചലിലെ മാണ്ഡിയില്‍ നിന്നും നടി കങ്കണ റണൗട്ട് മത്സരിക്കും. പട്ടികയില്‍ കേരളത്തിലെ വയനാട്, ആലത്തൂര്‍, എറണാകുളം കൊല്ലം എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍ കൊല്ലത്തും എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും.
◾ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശന്‍ ചോദിച്ചു. ബിജെപിയെ സഹായിക്കുകയാണ് സിപിഎം. സിപിഎം വംശനാശം നേരിടുകയാണ്, സിപിഎമ്മിന്റെ കാലനായി പിണറായി മാറിയെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മോദിയെയും പിണറായിയും ജനങ്ങള്‍ മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ചിഹ്നം നിലനിര്‍ത്താനാണ് വോട്ടുപിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെയാണ് സിപിഎമ്മിന് പറ്റിയ ഏറ്റവും ഉചിതമായ ചിഹ്നമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന എ. കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.
◾ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്ക് വെച്ച് വിദ്യാഭ്യാസ വകുപ്പ്. ഇന്നത്തോടെ എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കും. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചാണ് മൂല്യ നിര്‍ണയം നടത്തുക. നാളത്തോടെ പ്ലസ് ടു പരീക്ഷകളും അവസാനിക്കും.
◾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ തോമസ് ഐസക്കിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്.
◾ കുടുംബശ്രീയോഗം നടക്കുന്നിടത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. തോമസ് ഐസക്കിനെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.
◾ യാതൊരുവിധ ഇലക്ടറല്‍ ബോണ്ടും നല്‍കാതെ വ്യവസായങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും, ഓണ്‍ലൈനില്‍ അപേക്ഷയും നല്‍കി ആര്‍ക്ക് വേണമെങ്കിലും ഇവിടെ നിയമാനുസൃതം വ്യവസായം നടത്താമെന്നും മന്ത്രി പി രാജീവ്. കിറ്റക്സ് എംഡിയും ട്വന്റി20 നേതാവുമായ സാബു എം ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇലക്ടറല്‍ ബോണ്ട് വഴി ജനാധിപത്യ രീതിയില്‍ നിയമപരമായിട്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയതെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി അധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ് വിശദീകരണം നല്‍കിയിരുന്നു.
◾ മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാട് ശരിയല്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാരെന്നും, കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ലെന്നും അതുകൊണ്ട് പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കളെ ഡിസിസി ഭാരവാഹികളാക്കിയതില്‍ പ്രതിഷേധം. വൈസ് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദവി നല്‍കാതെ വന്നതോടെ ദേശീയ നേതൃത്വത്തിന് കൂട്ടമായി പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് നേതാക്കള്‍. ഷാഫി പറമ്പില്‍ പ്രസിഡന്റായ സംസ്ഥാന കമ്മിറ്റിയിലെ 16 ജനറല്‍ സെക്രട്ടറിമാരെയാണ് അവരവരുടെ ജില്ലയിലെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്. സംസ്ഥാന സെക്രട്ടറിമാരായിരുന്നവര്‍ക്കും ഭാരവാഹിത്വം നല്‍കിയില്ല. ഇത് അനീതിയെന്ന് കാട്ടിയാണ് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.
◾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ സോബി ജോര്‍ജിന്റെ പേരില്‍ കലാഭവന്‍ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ കലാഭവന്‍ വാര്‍ത്താ കുറിപ്പിറക്കി. വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സോബി ജോര്‍ജിനെ കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് ബത്തേരി പൊലീസ് പിടികൂടിയിരുന്നു.
◾ കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ റോഡിലേക്ക് വീണു. തുടര്‍ന്ന് റോഡില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ദേശീയപാത നിര്‍മ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാന്‍സ് ഫോര്‍മറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
◾ കേരളത്തില്‍ നാലോ അഞ്ചോ ലോക്സഭാ സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണെന്നും, 94 വയസ് കഴിഞ്ഞ താന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കോട്ടയത്തു നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ പി.സി. ജോര്‍ജ് ബഹിഷ്‌കരിച്ചു. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാന്‍ പോകുന്ന പാരമ്പര്യം തനിക്കില്ലെന്നാണ് പി.സി.ജോര്‍ജ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.
◾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യത. മാര്‍ച്ച് 27നും അതേ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
◾ പ്രശസ്ത സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്റെ ഏറ്റവും ശ്രദ്ധ നേടിയ നോവല്‍ കൈകേയി ആയിരുന്നു. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്.
◾ തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പാല്‍ കറക്കുന്നതിനിടെ നാല് പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ഷോക്കേറ്റ് ചത്തത്. തൊഴുത്തില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.
◾ യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കെ ജാമിദയ്ക്കെതിരെ പൊലീസ് കേസെടുത്തു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വ്യക്തമാക്കി.
◾ നാല് സീറ്റിലും വിജയിച്ച ഇടതുപക്ഷ സഖ്യത്തിന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന മത്സരത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് എബിവിപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ഇടതു സഖ്യം വിജയം നേടിയത്.
◾ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് മലയാളിയായ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി കെ ഗോപിക ബാബു വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലറായാണ് ഗോപിക വിജയിച്ചത്. നാല് വര്‍ഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാര്‍ത്ഥിനിയാണ് ഗോപിക.
◾ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുന്‍പു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്.
◾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി ചോദ്യക്കോഴ കേസില്‍ സിബിഐ കുറ്റപത്രം. മഹുവയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കുറ്റപത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
◾ ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ റെയ്ഡ് നടത്തിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്ക് മാര്‍ഗരേഖ വേണമെന്നും, സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുന്ന കടുത്ത നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണന്‍ നടത്തിയ അസഭ്യ പ്രയോഗം വിവാദത്തിലായി. മന്ത്രിയെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ പരാമര്‍ശം സ്റ്റാലിന്റെ അനുവാദത്തോടെയെന്ന് കരുതേണ്ടിവരുമെന്നും ബിജെപി പ്രതികരിച്ചു. മോദിയേയും മോദിയുടെ അമ്മയെയും അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. മന്ത്രിക്കും വേദിയില്‍ ഉണ്ടായിരുന്ന കനിമൊഴിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും ബിജെപി വ്യക്തമാക്കി.
◾ ചെന്നൈ ഈറോഡ് എംപി എ.ഗണേശമൂര്‍ത്തിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എംഡിഎംകെ പാര്‍ട്ടി നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഗണേശമൂര്‍ത്തിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
◾ പള്ളിക്കുള്ളില്‍ വാണിജ്യ ഉല്‍പന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ സൗദിയിലെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തില്‍ ഒരാള്‍ പള്ളിക്കുള്ളില്‍ കച്ചവടവും പരസ്യവും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
◾ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകണമെന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഐഐടി ഗുവാഹത്തിയിലെ നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ഇമെയിലുകളിലൂടെയും താന്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ക്യാമ്പസില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
◾ മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. 2019 മുതല്‍ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾ രാജസ്ഥാനിലെ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുനില്‍ ശര്‍മയെ മാറ്റി. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനലായ 'ദി ജയ്പുര്‍ ഡയലോഗ് ഫോറ'വുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സുനില്‍ ശര്‍മയെ മാറ്റിയത്. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഉള്‍പ്പെടെ സുനില്‍ ശര്‍മക്കെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.
◾ ഉത്തര്‍പ്രദേശിലെ മീററ്റില്‍ പല്ലവപുരം ഏരിയയിലെ ജനതാ കോളനിയിലെ ഒരു കുടുംബത്തില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ നാല് സഹോദരങ്ങള്‍ വെന്തുമരിച്ചു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
◾ ജോലിക്കും പഠനത്തിനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് കാനഡ. ഇന്ത്യാക്കരടക്കം എല്ലാ വിദേശികള്‍ക്കും വലിയ തിരിച്ചടി ആയിരിക്കും കാനഡയുടെ ഈ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കും.
◾ യുക്രൈനെതിരായ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈന്‍ തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യന്‍ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. ആളുകള്‍ മെട്രോ സ്റ്റേഷനുകളില്‍ അടക്കം അഭയം പ്രാപിച്ചതിനാല്‍ വലിയ രീതിയിലുള്ള ആള്‍നാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയത്. രാജസ്ഥാന്‍ മുന്നോട്ടുവച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലക്‌നൗവിന്, 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ആറ് റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്തിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ.
◾ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ വിദേശ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെയും ഹെഡ്ജ് ഫണ്ടുകളുടെയും മനം കവര്‍ന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പലതും ഇപ്പോള്‍ ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വലയുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന തുകയായ 800 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 90 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ലഭിച്ചത്. ബൈജൂസ്, പേടിഎം, ഒല കാബ്സ് തുടങ്ങിയ ഏറെ ആവേശം സൃഷ്ടിച്ച സംരംഭങ്ങളില്‍ മുതല്‍മുടക്കിയ വന്‍കിട ധനസ്ഥാപനങ്ങള്‍ക്ക് നിക്ഷേപം പൂര്‍ണമായും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. ബിസിനസ് വികസനത്തിനായി നേടിയ തുക മറ്റാവശ്യങ്ങള്‍ക്ക് വക മാറ്റിയതാണ് പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിനയായത്. യാഥാര്‍ത്ഥ്യ ബോധമില്ലാതെ വിപണിമൂല്യം പെരുപ്പിച്ച് കാട്ടി നിക്ഷേപം ആകര്‍ഷിച്ച സംരംഭങ്ങളാണ് നിലവില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപണി മൂല്യം രണ്ട് വര്‍ഷത്തിനിടെ കുത്തനെ ഇടിഞ്ഞു. 2022ല്‍ 2200 കോടി ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന വിദ്യാഭ്യാസ ടെക്ക് കമ്പനിയായ ബൈജൂസിന്റെ നിലവിലെ വിപണി മൂല്യം 20 കോടി ഡോളര്‍ മാത്രമാണ്. പേടിഎമ്മിന്റെ ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷം 80 ശതമാനം വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. ഒല കാബ്സിന്റെ വിപണി മൂല്യം മൂന്ന് വര്‍ഷത്തിനിടെ 74 ശതമാനം കുറഞ്ഞ് 190 കോടി ഡോളറിലെത്തി.
◾ പൃഥ്വിരാജ് നായകനായി എത്തുന്ന 'ആടുജീവിതം' റിലീസ് മാര്‍ച്ച് 28നാണ്. ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുന്‍കൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 'ആടുജീവിതം' സിനിമ ബ്ലസ്സി ഒരുക്കുന്നത്. വായിച്ച പുസ്തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‌മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.
◾ അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ചിത്രമാണ് 'ശെയ്ത്താന്‍'. വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ശെയ്ത്താന്‍. ശെയ്ത്താന്‍ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്ത്താന്‍ ആഗോള ബോക്സ് ഓഫീസില്‍ ആകെ 174 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
◾ ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി 2024 മാര്‍ച്ച് അഞ്ചിനാണ് സീല്‍ ഇലക്ട്രിക് സെഡാന്‍ പുറത്തിറക്കിയത്. 41 ലക്ഷം രൂപ, 45.55 ലക്ഷം രൂപ, 53 ലക്ഷം രൂപ വിലയുള്ള ഡൈനാമിക്, പ്രീമിയം, പെര്‍ഫോമന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ഇലക്ട്രിക് വാഹനം ലഭ്യമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ബിവൈഡി സീല്‍ ഇവിയ്ക്കായി 500-ലധികം ബുക്കിംഗുകള്‍ കമ്പനിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കള്‍ക്ക് പുതിയ ബിവൈ സീല്‍ ഇലക്ട്രിക് സെഡാന്‍ ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 1.25 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. 2024 മാര്‍ച്ച് 31-ന് മുമ്പ് സീല്‍ ഇവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഹോം ചാര്‍ജറിന്റെ സൗജന്യ ഇന്‍സ്റ്റാളേഷന്‍, 3കിലോവാട്ട് പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്സ്, 6 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ അധിക സേവനങ്ങള്‍ ലഭിക്കും. ബിവൈ സീല്‍ ഇലക്ട്രിക് സെഡാന്‍ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്.
◾ കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികള്‍ക്കായുള്ള സുധാ മൂര്‍ത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വര്‍ഷം എങ്ങനെയായിരുന്നു എന്നറിയാന്‍ ഭാവിതലമുറ ശ്രമിക്കുമ്പോള്‍, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകള്‍ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകള്‍ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കാന്‍ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. 'മാന്ത്രിക കുടുക്കയുടെ കഥ'. സുധ മൂര്‍ത്തി. വിവര്‍ത്തനം: രാജു നരന്‍. ഡിസി ബുക്സ്. വില 281 രൂപ.
◾ പത്ത് വയസ്സുപോലും തികയാത്ത കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സര്‍വേ നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന സര്‍വേയ്ക്ക് ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക. പത്ത് മുതല്‍ 13 വയസ്സിനുമിടല്‍ പ്രായമായ പെണ്‍കുട്ടികളിലാണ് ആര്‍ത്തവം തുടങ്ങുന്നത്. ആണ്‍കുട്ടികളില്‍ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്. നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങള്‍ അസ്ഥിക്ഷയം, ഉയരം കുറയല്‍ തുടങ്ങി കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
ആ മരക്കൊമ്പില്‍ ഒരു ആണ്‍കിളിയും പെണ്‍കിളിയും ഇരിക്കുകയായിരുന്നു. അപ്പോഴാണ് മരത്തിന് താഴെ ഒരു വേടന്‍ തങ്ങളെ തന്നെ ലക്ഷ്യം വെച്ച് അമ്പുമായി നില്‍ക്കുന്നത് കണ്ടത്. മുകളിലേക്ക് നമുക്ക് പറക്കാം എന്ന് പറഞ്ഞ് ആണ്‍കിളി മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു പരുന്ത് തങ്ങളെ ഉന്നംവെച്ച് പറക്കുന്നതു കണ്ടു. നമ്മളിലൊരാള്‍ ഇപ്പോള്‍ മരിച്ചുവീഴും.. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ.. ആണ്‍കിളി പരിതപിച്ചു. അപ്പോഴാണ് ഒരു പാമ്പ് വന്ന് അയാളുടെ കാലില്‍ കൊത്തിയത്. വേദനകൊണ്ട് ഞെട്ടിയപ്പോള്‍ എയ്യാന്‍ വെച്ച അമ്പ് ദിശതെറ്റി മുകളിലേക്ക് പോയി, താഴ്ന്ന് പറന്നിരുന്ന പരുന്തിന്റെ മേല്‍ തറക്കുകയും ചെയ്തു. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു വഴി വീണ്ടും തുറക്കുകയായിരുന്നു അവിടെ.. ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ്.. രക്ഷപ്പെടാന്‍ ഇനിയൊരു വഴിയുമില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴായിരിക്കും പുതിയ വെളിച്ചവും പുതിയ വഴികളും നമുക്ക് മുന്നിലേക്ക് തെളിയുന്നത്.. അതിജീവനത്തിന്റെ പ്രതീക്ഷയുടെ വഴികള്‍ നമുക്ക് ചുറ്റുമുണ്ടാകും.. അവ കണ്ടെത്താനുളള ശ്രമമാണ് പ്രധാനം. ആ ശ്രമം തളരാതെ തുടരാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.*