◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയര്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയര്‍ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം. പിഎം കെയറിന് ലഭിച്ച 12700 കോടി രൂപയുടെ സംഭാവന ആരുടേതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നും ചൈനീസ് കമ്പനികളുടേതടക്കം വിദേശ സംഭാവനയും പിഎം കെയറിലേക്ക് ലഭിച്ചുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. കടപ്പത്രം പോലെ തന്നെ അന്വേഷണം ഒഴിവാക്കുന്നതിനോ കരാര്‍ നേടുന്നതിനോ ഉള്ള ശ്രമം പിഎം കെയര്‍ സംഭാവനകളിലും നടന്നെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകന്‍ ആക്രോശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ആക്രോശിച്ചത്. ഇലക്ടറല്‍ ബോണ്ട് കേസ് ന്യായമായ പ്രശ്നമല്ലെന്ന് പറഞ്ഞ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കേസ് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെട്ടതോടെയാണ് മാത്യൂസ് നെടുമ്പാറ ആക്രോശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019-ല്‍ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്ന അഭിഭാഷകനാണ് മാത്യൂസ് നെടുമ്പാറ.
◾ 'ശക്തി' പരാമര്‍ശത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. താന്‍ പറയുന്നത് ആഴത്തിലുള്ള സത്യമാണ്, അതുകൊണ്ടാണ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത്. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്നണിയുടെയും സര്‍ക്കാരിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ കേസുകള്‍ പിന്‍വലിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചതോടെയാണ് ഈ നീക്കം.
◾ സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. മുംബൈയില്‍ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന പശ്ചാത്തലത്തിലാണ് ഹസന്റെ പരാമര്‍ശം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന സിപിഐ പോലും പ്രതിനിധിയെ അയച്ചപ്പോള്‍ സിപിഎം ചരിത്രദൗത്യം ആവര്‍ത്തിച്ചുവെന്നും പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും ഹസന്‍ ആരോപിച്ചു.
◾ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അഡൈ്വസറായിരുന്ന വൈദേകവും തമ്മില്‍ കരാറുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനും തമ്മില്‍ കണ്ടിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇരുവരും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. എന്നാല്‍ നിരാമയ റിസോര്‍ട്ടും വൈദേകവും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായതെന്നും ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോര്‍ട്ട് എന്നാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ പഴയ ചാക്കിനേക്കാള്‍ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് എന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സര്‍ക്കാര്‍ കക്കൂസ് നിര്‍മ്മിച്ചതെന്നും, മോദിയുടെ നടക്കാത്ത ഗ്യാരന്റികള്‍ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ പ്രലോഭനങ്ങളില്‍ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരമെന്ന് ഫേസ് ബുക്കില്‍ മന്ത്രി വീണാ ജോര്‍ജ്ജ്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരായ കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് പ്രതികരണത്തിനാധാരം. അതേസമയം മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത് കീചകവധമെന്നായിരുന്നു.
◾ മലയാള സിനിമാ താരം ടൊവിനോ തോമസിന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്റ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയില്‍ ചട്ടലംഘനം നടത്തിയ സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു. നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സുനില്‍കുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ ആവശ്യപ്പെട്ടതിന് പിന്നാലെ സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
◾ സുരേഷ് ഗോപി വിവാദത്തിനിടെ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി. കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
◾ പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായെന്നും ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നും എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
◾ 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക് മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
◾ സരസ്വതി സമ്മാന്‍ പുരസ്‌കാരം പ്രഭാവര്‍മ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌ക്കാരം ലഭിക്കുന്നത്.
◾ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. കാസര്‍കോട് മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്.
◾ തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് നാല്‍പ്പത്തിനാലുകാരന്‍ മരിച്ചു. പാലക്കാട് വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്.
◾ തമിഴ് സൂപ്പര്‍താരം വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ വിജയ് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. കാറിന്റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്.
◾ ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നൂറ് കോടി രൂപ കവിത നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മദ്യനയത്തില്‍ കവിതയുമായി ബന്ധമുള്ള വ്യവസായികള്‍ക്ക് അനൂകൂലമായ നടപടികള്‍ക്കാണ് കോഴ നല്‍കിയത്.
◾ തമിഴ്നാട്ടില്‍ പിഎംകെ എന്ന പട്ടാളി മക്കള്‍ കക്ഷി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കും. 10 ലോക്‌സഭാ സീറ്റുകളിലാണ് ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കുക. പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.
◾ തമിഴ്‌നാട്ടില്‍ ഇന്ത്യസഖ്യത്തില്‍ സീറ്റു ധാരണ. മണ്ഡലങ്ങള്‍ പുറത്തുവിട്ട് ഡിഎംകെ.. ഡി.എം.കെ. 21 സീറ്റില്‍ല്‍ മത്സരിക്കും. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം തമിഴ്നാട്ടിലെ ഒമ്പതുസീറ്റിലും പുതുച്ചേരിയിലെ ഏകസീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുക..
◾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഹാറിലെ എന്‍ഡിഎ യുടെ സീറ്റു വിഭജനം പൂര്‍ത്തിയായി. 40 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി 17ഉം ജനതാദള്‍ (യു) 16ഉം സീറ്റുകളും പങ്കിട്ടെടുത്തു. ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്) ന് 5 സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മഞ്ചിനും ഓരോ സീറ്റ് വീതവും ലഭിച്ചു.
◾ ഹിമാചലിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നല്‍കിയില്ല. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹിമാചല്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
◾ വീട്ടുജോലിക്കെത്തിയ 15 കാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ആസാമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗോലാഘട്ട് ജില്ലയിലെ ലജിത് ബോര്‍പുകന്‍ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരണ്‍ നാഥാണ് അറസ്റ്റിലായത്.
◾ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിര്‍ദേശം.
◾ അഫ്ഗാനിസ്ഥാന്ല്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍ മരിച്ചതായി താലിബാന്‍. വ്യോമാക്രമണം നടത്താന്‍ എന്താണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചതെന്നു വ്യക്തമല്ല. അടുത്തിടെയായി പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനില്‍നിന്നുള്ള ഭീകരരാണെന്നു പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.
◾ എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 ന് പുറപ്പെട്ട് രാവിലെ 8.05 മണിക്ക് ഇംഫാലിലെത്തും. രാവിലെ 8.35 ന് തന്നെ വിമാനം പുറപ്പെടുന്ന വിമാനം 10.20 ന് കൊല്‍ക്കത്തയില്‍ എത്തും. കൊല്‍ക്കത്ത-കൊച്ചി വിമാനം രാവില 11.25 ന് പുറപ്പെടും. 2.35 ന് കൊച്ചിയില്‍ എത്തിച്ചേരും. തിരിച്ച് കൊച്ചിയില്‍ നിന്ന് വൈകുന്നേരം 3.05 ന് പറുപ്പെടുന്ന വിമാനം 6.10 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും. നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന സൗകര്യവും പ്രഖ്യാപിച്ചിരുന്നു. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എന്നിവയ്ക്ക് പുറമേ എക്സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചിരുന്നു.
◾ എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുങ് ഫു പാണ്ട ഫ്രാഞ്ചെസിയിലെ പുതിയ ചിത്രം ഇറങ്ങിയത്. മാര്‍ച്ച് 15ന് ഇറങ്ങിയ ചിത്രം ബോക്സോഫീസില്‍ ആദ്യവാരത്തില്‍ രണ്ട് വാരം മുന്‍പ് ഇറങ്ങിയ ഡ്യൂണ്‍ 2നെ വാരാന്ത്യ കളക്ഷനില്‍ പിന്നിലാക്കിയിരിക്കുകയാണ്. പൂ എന്ന കുങ് ഫു പാണ്ടയുടെ ആത്മീയ യാത്രയിലെ പുതിയൊരു അധ്യായമാണ് മൈക്ക് മിച്ചലും സ്റ്റെഫാനി മാ സ്റ്റൈനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രാഗണ്‍ വാരിയറായ പൂ തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുതിയ ചിത്രത്തില്‍ നടത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഡ്യൂണ്‍: പാര്‍ട്ട് 2-നെ തോല്‍പ്പിച്ച് വാരാന്ത്യത്തില്‍ ഗ്രോസ് 30 മില്യണ്‍ ഡോളര്‍ യുഎസ് ഡൊമസ്റ്റിക് ബോക്സോഫീസില്‍ കുങ് ഫു പാണ്ട 4 നേടിയെന്നാണ് വിവരം. സ്റ്റുഡിയോ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഡ്യൂണ്‍: ഭാഗം 2 അതിന്റെ മൂന്നാം വാരാന്ത്യത്തില്‍ 29.1 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. ചിത്രം ഇറങ്ങിയിട്ട് ഇത്ര നാള്‍ ആയിട്ടും നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ ശക്തമായ സാന്നിധ്യം തന്നെയാണ്. ഡ്യൂണ്‍ 2 ആഭ്യന്തര ബോക്‌സ് ഓഫീസില്‍ മൊത്തത്തില്‍ 205.3 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. കുങ് ഫു പാണ്ട 4ആഭ്യന്തരമായി ബോക്‌സ് ഓഫീസ് മൊത്തത്തില്‍ 107.7 ദശലക്ഷമാണ് ഇതുവരെ നേടിയത് .
◾ നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയയുടെ മൂന്നാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിഖില്‍ സിദ്ധാര്‍ഥയുടേതായി കാര്‍ത്തികേയയുടെ രണ്ടാം ഭാഗവും വന്‍ ഹിറ്റായിരുന്നു. ഇനി കാര്‍ത്തികേയയുടെ മൂന്നാം ഭാഗവും വരും എന്നത് വ്യക്തമായതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. കാര്‍ത്തികേയ 3 ഒരുക്കുന്നത് 100 കോടി ബജറ്റിലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചന്ദ്രൂ മൊന്ദേടിയാണ് കാര്‍ത്തികേയയുടെ സംവിധാനം. നിഖില്‍ സിദ്ധാര്‍ഥയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയപ്പോള്‍ സ്വാതി റെഡ്ഡി നായികയായി. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. കാര്‍ത്തികേയ 3 2024ല്‍ തന്നെ തുടങ്ങും എന്നും റിപ്പോര്‍ട്ടുണ്ട്. നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്പൈ' ആയിരുന്നു.
◾ കഴിഞ്ഞ മാസം മഹീന്ദ്ര സ്‌കോര്‍പിയോ ഇടത്തരം എസ്യുവി സെഗ്മെന്റിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടി. ഈ കാലയളവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ 116.56 ശതമാനം വാര്‍ഷിക വര്‍ധനയോടെ 15,051 യൂണിറ്റ് എസ്യുവികള്‍ വിറ്റു. അതേസമയം, ടോപ്-10 ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീപ്പ് കോമ്പസിന് കഴിഞ്ഞ മാസം 204 ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്. ഇക്കാലയളവില്‍ ജീപ്പ് കോമ്പസിന്റെ വില്‍പ്പനയില്‍ 49.75 ശതമാനത്തിന്റെ വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. കൃത്യം ഒരു വര്‍ഷം മുമ്പ് 2023 ഫെബ്രുവരിയില്‍ മൊത്തം 406 യൂണിറ്റ് ജീപ്പ് കോമ്പസ് വിറ്റിരുന്നു. കോംപസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ജീപ്പ് ഇപ്പോള്‍ 1.15 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് വേരിയന്റുകളില്‍ ലഭ്യമാകുന്ന അഞ്ച് സീറ്റര്‍ കാറാണ് ജീപ്പ് കോമ്പസ് . 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ജീപ്പ് കോമ്പസിന് ഉണ്ട്, അത് പരമാവധി 170 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സുരക്ഷയ്ക്കായി, ഈ എസ്യുവിയില്‍ 6-എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ് സാങ്കേതികവിദ്യ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍-ഓവര്‍ മിറ്റിഗേഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.
◾ ഒരു ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി. ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍ മനസ്സിലാക്കി. ആ പെണ്‍കുട്ടി പ്രോസോപാഗ്‌നോഷ്യ അഥവാ ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അപൂര്‍വമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അയാള്‍ക്ക് മുന്നില്‍ നിന്ന് മറയ്ക്കപ്പെടുന്നു. ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ധമായി വിളക്കിച്ചേര്‍ത്ത സസ്‌പെന്‍സ് ത്രില്ലര്‍ നോവല്‍. 'ഇന്‍സിഷന്‍'. മായ കിരണ്‍. മാതൃഭൂമി. വില 275 രൂപ.
◾ യുവാക്കള്‍ക്കിടയില്‍ ബിയര്‍ കുടിക്കുന്ന ശീലം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുകയാണ് . ബിയര്‍പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയര്‍ ലഭ്യമാണ്. എന്നാല്‍ ബിയര്‍ ശരീരത്തിന് അത്ര നല്ലതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാന്‍ കാരണം. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയര്‍ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നത്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നു. സ്ഥിരമായ ബിയര്‍ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറല്‍ കൊഴുപ്പ് എന്ന് വിളിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമായ ഒന്നാണ്.
*ശുഭദിനം*
കാട്ടിലൂടെ യാത്രചെയ്യുമ്പോഴാണ് ഒരു പാമ്പ് അയാളുടെ മുന്നിലെത്തിയത്. പേടിച്ച് വഴിമാറിപോകാന്‍ ഒരുങ്ങുമ്പോള്‍ പാമ്പ് പറഞ്ഞു: ഞാന്‍ ഒരു കഴുകന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തിയതാണ്. ഈ മലമുകളില്‍ വലിയ ചൂടാണ്. ഈ കാലാവസ്ഥ എനിക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. ഒരു പാട് ദൂരം താഴേക്ക് ഇഴഞ്ഞുനീങ്ങാനും എനിക്ക് സാധിക്കില്ല. എന്നെ ഒന്ന് താഴ്വരയില്‍ കൊണ്ടുവിടാമോ? അയാള്‍ പറഞ്ഞു: നീയൊരു പാമ്പല്ലേ.. എങ്ങാനും എന്നെ കടിച്ചാലോ? പാമ്പ് പറഞ്ഞു: ഞാന്‍ സഹായിക്കുന്നവരെ ഉപദ്രവിക്കാറില്ല.. അയാള്‍ പാമ്പിനെയടുത്ത് താഴ്വരയിലെത്തി. താഴ്വരയിലെത്തിയതും പാമ്പ് അയാളെ കടിച്ചു. വേദനകൊണ്ട് പുളയുമ്പോള്‍ അയാള്‍ ചോദിച്ചു: നീ ഉപദ്രവിക്കില്ലെന്ന് പറഞ്ഞിട്ട്? പാമ്പ് പറഞ്ഞു: ഞാന്‍ ഇങ്ങനെയാണെന്ന് നിനക്കറിയില്ലേ.. എന്നിട്ടും നീ എന്തിനാണ് എന്നെ ചുമന്നത്.. ഇതുംപറഞ്ഞ് പാമ്പ് ഇഴഞ്ഞുപോയി.. പലപ്പോഴും നമ്മുടെ ജീവിതത്തിലും പാമ്പിനെപോലെ അപകടകാരിയാണെന്നറിഞ്ഞും ചിലരെനാം ചുമന്നുകൊണ്ട് നടക്കാറുണ്ട്.. അനര്‍ത്ഥമുണ്ടാകുമെന്നറിഞ്ഞിട്ടും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് നമ്മള്‍. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ തിരുത്താം.. പക്ഷേ, മനഃപൂര്‍വ്വം പങ്കാളിയാകുന്ന ദുഷ്‌കര്‍മ്മളില്‍ നിന്നും പുറത്ത് വരുന്നത് പലപ്പോഴും ദുഷ്‌കരമാണ്. ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളില്‍ നിന്നും നമുക്ക് മാറി നടക്കാന്‍ ശീലിക്കാം.. മാനസിക അടിമത്തത്തില്‍ നിന്നും മുക്തിനേടാം - *ശുഭദിനം.*