◾ ഇലക്ട്രല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഇലക്ടറല്‍ ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഡിഎംകെ, ആംആദ്മി തുടങ്ങിയ പത്ത് പാര്‍ട്ടികള്‍ ആരില്‍ നിന്നെല്ലാമാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് വെളിപ്പെടുത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടികളായ ബി.ജെ.പിയോ കോണ്‍ഗ്രസോ ഇതുവരെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.
◾ തുടര്‍ഭരണം നേടുമെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സര്‍ക്കാരിന്റെ 100 ദിവസ കര്‍മ്മ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.
◾ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാര്‍ക്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇന്ത്യ മുന്നണി. ആയിരകണക്കിനാളുകള്‍ പങ്കെടുത്ത മഹാറാലിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ക്കൊപ്പം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വേദിയില്‍ അണിനിരന്നപ്പോള്‍ ഇടതുനേതൃത്വം മാത്രം വിട്ടു നിന്നു.
◾ നരേന്ദ്ര മോദി വെറും മുഖംമൂടിയാണെന്നും ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രാജാവി'ന്റെ ആത്മാവ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് കുടികൊള്ളുന്നതെന്നും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഇല്ലെങ്കില്‍ നരേന്ദ്രമോദി വിജയിക്കില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
◾ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സെര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷന്‍ വിതരണവും റേഷന്‍ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പുതിയ സെര്‍വര്‍ വാങ്ങാനുളള തീരുമാനം.
◾ ക്ഷേമ പെന്‍ഷന്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ നേരിട്ട് എത്തിക്കുന്ന സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവായി 12.88 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 22.49 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതിഫലമായാണ് ഇന്‍സെന്റീവ് നല്‍കുന്നത്.
◾ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടില്ലെന്ന ആരോപണം ശരിയല്ലെന്നും കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമുണ്ടെന്ന് എതിരാളികള്‍ പറഞ്ഞുപരത്തുന്ന കള്ളമാണെന്നും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
◾ രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ലെന്നും പത്രത്തില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ സതീശന് കൊടുക്കാന്‍ തയ്യാറാണെന്നും, മുദ്ര പേപ്പറുമായി വന്നാല്‍ സതീശന് എല്ലാം എഴുതിക്കൊടുക്കാമെന്നും ജയരാജന്‍ പറഞ്ഞു. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്, എന്നാല്‍ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
◾ ഇപി ജയരാജനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍. ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും താന്‍ മുന്‍തൂക്കം നല്‍കുന്നത് വികസന അജണ്ടയില്‍ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
◾ ഇപി ജയരാജന്‍ കേസ് കൊടുത്താല്‍ തെളിവ് പുറത്തുവിടാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം വിഡി സതീശന്‍ ആവര്‍ത്തിച്ചു. നിരാമയ റിസോര്‍ട്ട് ഉടമയുമായുള്ള ചിത്രങ്ങള്‍ പോലും ഉണ്ട്. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ലെന്നും ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് തന്നെ അറിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും ദല്ലാള്‍ നന്ദകുമാര്‍. പത്മജയെ ഇപി എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് വെളിപ്പെടുത്തിയ നന്ദകുമാര്‍ ഇക്കാര്യം ജയരാജന് നിഷേധിക്കാന്‍ കഴിയില്ലെന്നും ആവര്‍ത്തിച്ചു. ദീപ്തി മേരി വര്‍ഗീസിനെയും തന്റെ സാന്നിദ്ധ്യത്തില്‍ ഇ പി ജയരാജന്‍ കണ്ടിരുന്നു എന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
◾ 24 ന്യൂസ് ചാനലിനെതിരെ സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്ന് ഇപി ജയരാജന്‍. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് ഇവര്‍ വാര്‍ത്ത നല്‍കി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാര്‍ത്തയാണ്. വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടി വരാന്‍ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവര്‍ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
◾ എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. സമസ്തയുടെയും മുസ്ലിം ലീഗിന്റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണെന്നും, മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കള്‍ക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
◾ എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭന്‍. ഉദ്ഘാടകനെന്ന് പറഞ്ഞ് സികെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് സൂചന.
◾ ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍. ഉത്തരേന്ത്യയിലെപ്പോലെ കേരളരാഷ്ട്രീയത്തില്‍ ഊരുമൂപ്പന്‍മാരില്ലെന്നും മറ്റുപാര്‍ട്ടികളില്‍നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന യാഥാര്‍ഥ്യം ദേശീയ
നേതൃത്വം തിരിച്ചറിയണമെന്നും സി.കെ.പത്മനാഭന്‍ വ്യക്തമാക്കി.
◾ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കില്ല. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന.
◾ വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റുമായ് എന്റോള്‍ ചെയ്ത അഭിഭാഷകന്‍ മനു ജി രാജിന്റെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി. പ്രതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. കേരളാ ഹൈക്കോടതി അഭിഭാഷകന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജിനെതിരെ നേരത്തെ സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിരുന്നു. ബിഹാര്‍ മഗധ് യൂണിവേഴ്സിറ്റിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് 2013 ലാണ് എന്റോള്‍ ചെയ്തത്.
◾ പാലക്കാട് പട്ടാമ്പിയില്‍ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരി മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.
◾ കോതമംഗലത്തെ കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയില്‍ ജനവാസ മേഖലകളില്‍ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി നൂറുക്കണക്കിന് വാഴകള്‍ നശിപ്പിച്ചു. ഫെന്‍സിംഗിന് നടപടികള്‍ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
◾ വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
◾ കോഴിക്കോട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ പോലീസ് പിടിയില്‍. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിടിയിലായ പ്രതി മുജീബ് റഹ്‌മാന്‍ സ്ഥിരം കുറ്റവാളിയാണ്.
◾ കോയമ്പത്തൂര്‍ പേരൂര്‍ നഗരത്തില്‍ കാട്ടാനയുടെ പരാക്രമം. വനംവകുപ്പ് ജീവനക്കാര്‍ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയതോടെ ആന ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടെ മതിലിന് അപ്പുറത്ത് നില്‍ക്കുകയായിരുന്ന ഒരാളെ ആന ആക്രമിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയിറങ്ങിയത്.
◾ ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസര്‍ മനോജിന്റെ വീട്ടില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മനോജിന്റെ മരണത്തില്‍ ആര്‍ഡിഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടും വില്ലേജ് ഓഫീസറുടെ കുടുംബാംഗങ്ങള്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്താവും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറുക.
◾ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കേരളത്തില്‍ ഇപ്പോള്‍ ആരും പറയുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. മുന്നില്‍ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ടെന്നും 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ടെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സര്‍ക്കാര്‍ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടര്‍മാര്‍ക്കും അറിയാമെന്നും ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായി മാറ്റമുണ്ടാകാന്‍ പോവുകയാണെന്നും പ്രകാശ് ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
◾ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചില ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ കാരണം കൊണ്ടുതന്നെ അവര്‍ രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണെന്നും പക്ഷേ രാജ്യത്തിന് അവരോട് ഒരു അനുകമ്പയുമില്ലെന്നും മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കാലത്ത് കടലാസില്‍ കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ട് പ്രതിപക്ഷം സ്വപ്നങ്ങള്‍ നെയ്യുകയാണെന്നും എന്നാല്‍ മോദി സ്വപ്നങ്ങള്‍ക്കുമപ്പുറം 'ഗ്യാരണ്ടി'യിലേക്ക് പോയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
◾ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടി രൂപയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 383 കോടി രൂപയാണ് കിട്ടിയത്. ഡിഎംകെയ്ക്ക് 656.5 കോടി രൂപയുടെ ബോണ്ടും ലഭിച്ചു. ഇതില്‍ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്നായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 27 ന് ചായ്ബാസ കോടതിയിലെത്തണമെന്ന് ജാര്‍ഖണ്ഡ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പല തവണ കോടതി നോട്ടിസയച്ചിരുന്നുവെങ്കിലും രാഹുല്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഏത് കൊലപാതകിക്കും ബിജെപിയില്‍ അധ്യക്ഷനാവാം എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതാപ് കടാരിയ 2018 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
◾ രണ്ട് കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദില്ലി ജലബോര്‍ഡ് അഴിമതി കേസില്‍ ഇന്നും, മദ്യ നയ കേസില്‍ വ്യാഴാഴ്ചയും ഹാജരാകാനാണ് നോട്ടീസ്. അതേസമയം മോദിക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആംആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
◾ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ കേസെടുത്ത് സംസ്ഥാന പോലീസ്. വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റായ്പുര്‍ എക്കണോമിക് ഒഫെന്‍സെസ് വിങ് ബാഘേലിനെതിരെ മാര്‍ച്ച് നാലിന് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്.
◾ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകള്‍ ലഭിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. 23 വരെ ഇഡി കസ്റ്റഡിയില്‍ വിട്ട കവിതയെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ഇന്ന് മുതല്‍ ചോദ്യം ചെയ്യും.
◾ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ കര്‍ണാടക ബിജെപിയില്‍ മകന്‍ കെ ഇ കാന്തേഷിന് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ മകനെതിരെ ശിവമൊഗ്ഗയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.
◾ വന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെ പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് അനുകൃതി സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്.
◾ നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്നതുകൊണ്ട്, രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി. രണ്ട് സംസ്ഥാനങ്ങളിലെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മുന്‍ നിശ്ചയിച്ചത് പോലെ ജൂണ്‍ നാലിന് തന്നെ നടക്കും.
◾ മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് രാജ്ഭവന്‍ സ്റ്റാലിന് മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
◾ 200 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ കപ്പല്‍ ഗാസയിലെത്തി. ഗാസയിലെ ജനം പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് യുഎന്‍ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ 7ന് ശേഷമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഏറെക്കുറെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ് ഗാസ.
◾ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. 'ഈ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ വാക്കുകള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു.
◾ വനിതാ ഐപിഎല്‍ 2024 കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കന്നി കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി.
◾ ഉപഭോക്താക്കള്‍ക്ക് പുതിയ അറിയിപ്പ് പങ്കുവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. മൊബൈല്‍ ബാങ്കിംഗ് ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിംഗ് സേവനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ മുഖാന്തരം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇ-മെയിലിലെ വിവരങ്ങള്‍ അനുസരിച്ച്, നിര്‍ബന്ധമായും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യണം. നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതുവരെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുകയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ മൊബൈല്‍ വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്. മൊബൈല്‍ നമ്പര്‍ സ്ഥിരീകരണത്തിനായി ഉപയോക്താക്കള്‍ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്ഷനും നിലനിര്‍ത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കള്‍ അവരുടെ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്വേഡോ നല്‍കണം. തുടര്‍ന്ന് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് നിരവധി തരത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്ക് കൂടിയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
◾ ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണിത്. പോസ്റ്ററില്‍ 'എല്‍360' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷക ശ്രദ്ധ നേടിയ സൗദി വെള്ളയ്ക്കയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍360. എന്തായാലും ആരാധകര്‍ക്കിടയില്‍ ആവേശം തീര്‍ക്കുകയാണ് പ്രഖ്യാപനം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ എമ്പുരാന്റെ തിരക്കിലാണ് താരം.
◾ തമിഴ് സൂപ്പര്‍താരം വിശാല്‍ സംവിധാന രംഗത്തിലേക്ക്. സൂപ്പര്‍ഹിറ്റായി മാറിയ 'തുപ്പരിവാളന്‍' സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 25 വര്‍ഷത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്നാണ് താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിശാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. തുപ്പരിവാളന്‍ സിനിമയുടെ ആദ്യഭാഗം സംവിധാനം ചെയ്ത മിഷ്‌കിനോട് നന്ദി പറയാനും താരം മറന്നില്ല. 25 വര്‍ഷത്തെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ജോലികള്‍ ആരംഭിച്ചു. മെയില്‍ ഷൂട്ടിങ് ആരംഭിക്കണം. ലൊക്കേഷന്‍ നോക്കുന്നതിനായി ലണ്ടനിലേക്ക് പോവുകയാണ്. അവിടെനിന്നും അസര്‍ബൈജാനിലേക്കും മാള്‍ട്ടയിലും പോകണം. 2017ലാണ് തുപ്പറിവാളന്‍ റിലീസ് ചെയ്യുന്നത്. മിഷ്‌കിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. ക്രൈം ത്രില്ലറായാണ് ചിത്രം എത്തിയത്. വിശാല്‍, പ്രസന്ന, വിനയ് റായ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍ എത്തിയത്. രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചെങ്കിലും വിശാലുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മിഷ്‌കിന്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.
◾ ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജീപ്പ് മെറിഡിയന് 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം കോംപസിന് 1.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. മൂന്നു വര്‍ഷം വരെ സൗജന്യ അറ്റകുറ്റപ്പണികള്‍, രണ്ട് വര്‍ഷത്തെ വിപുലീകൃത വാറന്റി തുടങ്ങിയവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല, ചില കോര്‍പ്പറേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീപ്പ് കോമ്പസില്‍ 15,000 വരെയും ജീപ്പ് മെറിഡിയനില്‍20,000 വരെയും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 11.85 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ജീപ്പ് വേവ് എക്‌സ്‌ക്ലൂസീവ് ഉടമസ്ഥത പ്രോഗ്രാമിലേക്കുള്ള ആക്‌സസുമായി ഗ്രാന്‍ഡ് ചെറോക്കിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോംപസിന് 20.69 ലക്ഷം രൂപ മുതലാണ് ജീപ്പ് ഇന്ത്യ ശ്രേണി ആരംഭിക്കുന്നത്. മെറിഡിയന്‍ വില 33.60 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. റാംഗ്ലറിന് 62.65 ലക്ഷം രൂപ മുതലാണ് വില. ഗ്രാന്‍ഡ് ചെറോക്കിക്ക് 80.50 ലക്ഷം രൂപ മുതലാണ് വില. എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്.
◾ സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിര്‍മ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷന്‍ പരീക്ഷണം. 'ദേജാവു'. മായാ കിരണ്‍. ഡിസി ബുക്സ്. വില 304 രൂപ.
◾ ജപ്പാനില്‍ അപൂര്‍വവും അപകടകാരിയുമായ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന രോഗം ആശങ്ക പടര്‍ത്തി മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു. കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീന്‍സ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോമിനു കാരണമാകുന്നത്. കഴിഞ്ഞ ജൂലായ് മുതല്‍ ഡിസംബര്‍ വരെ രോഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരില്‍ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്നുപോകുമെങ്കിലും ഉയര്‍ന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം. പ്രായമായവരില്‍ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോള്‍ ടോണ്‍സിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങള്‍ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കല്‍ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം. ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ സ്ട്രെപ് എ വിഭാഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.