◾ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം ഏപ്രില്‍ 19 നും, ഏപ്രില്‍ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. മെയ് 7, 13, 20, 25, ജൂണ്‍ 1 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ഘട്ടങ്ങള്‍. ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
◾ ആദ്യ ഘട്ടത്തില്‍ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും, നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
◾ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാകാരണങ്ങളാല്‍ നടത്തുന്നില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
◾ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമായെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി പറഞ്ഞു.
◾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ . പ്രശ്നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയില്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. നെറ്റ് വര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. എയര്‍പോര്‍ട്ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ എല്ലാ വോട്ടര്‍മാരും ഈ ചരിത്രത്തില്‍ പങ്കാളികളാകണമെന്നും, തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. 800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.കുടിവെള്ളം, ശൗചാലയം, വീര്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ സജ്ജമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും, 40%ത്തിലധികം വൈകല്യമുള്ളവര്‍ക്കും ആണ് വോട്ട് ഫ്രം ഹോം ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രായാധിക്യം മൂലം അവശനിലയില്‍ ആയവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാന്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുo ഈ സൗകര്യം ഏറെ പ്രയോജനപ്പെടും .
◾ രാഹുല്‍ ഗാന്ധി നയിച്ച രണ്ട് മാസത്തിലധികം നീണ്ടു നി്ന്ന ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം മുംബൈയില്‍ സമാപിച്ചു. മണിപ്പൂരില്‍ നിന്നും ജനുവരി 14 ന് ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെ പിന്നിട്ടാണ് പര്യടനം പൂര്‍ത്തിയാക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അഞ്ചു ന്യായ് പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. ഇന്ന് മുംബൈ ശിവാജി പാര്‍ക്കിലാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ഇന്ന് നടക്കുന്ന സമ്മേളനവും മെഗാ റാലിയും ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ശക്തിപ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
◾ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും, ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് നിയമം എതിരരാണെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു. മറ്റ് അപേക്ഷകള്‍ക്കൊപ്പം കേരളത്തിന്റെ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
◾ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ലോക്സഭാ മണ്ഡലത്തിലെ ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും വയനാടിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നോ? കഴിഞ്ഞതവണ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതുകൊണ്ടാണ് പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം മുഴങ്ങാതിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. വന്യമൃഗ ശല്യം രൂക്ഷമായ വയനാട് മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തതിലും, സര്‍ക്കാര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. പാര്‍ട്ടി പരിപാടിക്കെത്തുന്ന നേതാക്കള്‍ക്കുനേരെ, രാഷ്ട്രീയ മര്യാദ ലംഘിക്കുന്ന ഇത്തരം നടപടി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ കനത്തവില നല്‍കേണ്ടിവരുമെന്നും തെറ്റായ പ്രവണത തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ അതിനെ നേരിടാന്‍ സിപിഎം തയ്യാറാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു.
◾ കെഎസ്ആര്‍ടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാര്‍ . കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അദ്ദേഹം എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരാളേ ഉള്ളുവെങ്കില്‍പ്പോലും യാത്രക്കാര്‍ കൈ കാണിച്ചാല്‍ കൃത്യമായി ബസ് നിര്‍ത്തി അവരെ കയറ്റാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളെയും കുട്ടികളെയും അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണം. മോശമായ സമീപനമുണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കും എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
◾ ഇടതുപക്ഷം ജയിക്കണം ബിജെപിയെ തോല്‍പ്പിക്കണo എന്നാണ് താന്‍ പറഞ്ഞതെന്ന് ഇപി ജയരാജന്‍. കേരളത്തില്‍ മത്സരിക്കുന്ന പല ബിജെപി സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്ന് പ്രസ്താവന താന്‍ നടത്തിയിട്ടില്ല. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് ഇങ്ങനെ ഒരു വാര്‍ത്തയുണ്ടാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
◾ വെള്ളിയാഴ്ച പോളിംഗ് നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തും. ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. അതേസമയം ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില്‍ അയച്ചു.
◾ വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ചെറുത്ത് നില്‍പ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം. ബി.ജെ.പി സിപിഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നും, എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
◾ സപ്ലൈകോയുടെ പ്രതിസന്ധി തീര്‍ക്കാന്‍ 500 കോടി ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനമന്ത്രാലയത്തിന് കത്തുനല്‍കി. ഭക്ഷ്യവസ്തുക്കള്‍ തരുന്ന ഏജന്‍സികളും സ്ഥാപനങ്ങളും നിസ്സഹകരണത്തിലാണെന്നും 1500 കോടിരൂപ അവര്‍ക്ക് നല്‍കാനുണ്ടെന്നും ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യവസ്തുക്ഷാമം വലിയ തിരിച്ചടിയാകുമെന്ന് വകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐ. നേതൃത്വവും വിലയിരുത്തുന്നു.
◾ ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഡേ പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചു വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം പ്രിന്‍സിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കെ സുരേന്ദ്രന്‍. കാലഹരണപ്പെട്ട യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ മലയാളികള്‍ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോള്‍ കേന്ദ്രഭരണത്തില്‍ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാവാത്ത കെ.കെ. ശൈലജയ്ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ലെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. സിദ്ധാര്‍ഥന്റെ മരണത്തില്‍ അപലപിക്കാത്ത ഒരാള്‍ക്ക് എന്ത് ജനകീയതയാണുള്ളതെന്നും കല്‍പറ്റ നാരായണന്‍ ചോദിച്ചു. ടി.പി. കേസ് കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മോന്‍സന്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം.അന്വേഷണം. ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
◾ ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് 17, 22, 23 തീയതികളില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് കര്‍ശന നിബന്ധനകളോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.
◾ വാളൂര്‍ സ്വദേശിയായ അനുവിന്റെ മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. അനുവിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് ആളെ കണ്ടെത്തിയത് .
◾ ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എസ്എല്‍പുരം പുരം കെഎസ്ഇബി ഓഫിസിലെ 16 ജീവനക്കാര്‍ക്ക് അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞു.
◾ തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, മിനിമം വരുമാനം 400 രൂപയാക്കി ഉയര്‍ത്തും, യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഗ്യാരന്റി പദ്ധതി, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലാളി വിരുദ്ധമായ നിയമങ്ങള്‍ പുനഃപരിശോധിക്കും, ജാതി സെന്‍സസ് ഉറപ്പ് നല്‍കും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണപരിധി എടുത്ത് കളയും, ആദിവാസി വനസുരക്ഷാ നിയമങ്ങള്‍ സംരക്ഷിക്കും എന്നീ എട്ടിന പദ്ധതികള്‍ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപിച്ചത്.
◾ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവും മുന്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ മാര്‍ച്ച് 23 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് ഇ.ഡി അറസ്റ്റ് നടത്തിയതെന്നും ഡല്‍ഹി റോസ് ഗാര്‍ഡന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കവിത ആരോപിച്ചു.
◾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണത് പിന്നില്‍ നിന്നുള്ള തള്ളലിലാണെന്ന പ്രചരണങ്ങള്‍ തള്ളി കൊണ്ട് ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച. 'മമത ബാനര്‍ജിക്ക് ചെറുതായി തലകറക്കം അനുഭവപ്പെട്ടുവെന്നും പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഈ വീഴ്ചയിലാണ് പരുക്കേറ്റതെന്നും ശശി പഞ്ച പറഞ്ഞു.
◾ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ മാള്‍ട്ടീസ് കപ്പല്‍ 40 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ മോചിപ്പിച്ച് നാവിക സേന. കഴിഞ്ഞ ഡിസംബര്‍ പതിനാലിന് സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത മാള്‍ട്ടീസ് കപ്പലാണ് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.
◾ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം പരാമര്‍ശിച്ചിട്ടില്ല.
◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. 17-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി.
◾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേസ്. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവിലായി മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം ചരക്കുനീക്കം 1,512 മില്യണ്‍ ടണ്ണായിരുന്നു. നടപ്പുവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ കണക്കുകളെ മറികടക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇത് റെക്കോഡുമായിരിക്കും. നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെയുള്ള കണക്കുപ്രകാരം ചരക്കുനീക്കം, യാത്ര ടിക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നായി മൊത്തം 2.40 ലക്ഷം കോടി രൂപയുടെ വരുമാനം റെയില്‍വേ നേടിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) മൊത്തവരുമാനമായ 2.23 ലക്ഷം കോടി രൂപയേക്കാള്‍ 17,000 കോടി രൂപയുടെ വര്‍ധന. അതേസമയം, 2.26 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ഇതുവരെ റെയില്‍വേയുടെ മൊത്തം ചെലവ്. നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെ ട്രെയിന്‍ യാത്ര നടത്തിയത് 648 കോടിപ്പേരാണ്. കഴിഞ്ഞവര്‍ഷത്തെ 596 കോടിപ്പേരേക്കാള്‍ 52 കോടിപ്പേരുടെ വര്‍ധന. നടപ്പുവര്‍ഷം ഇതിനകം പുതുതായി 5,100 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാതകള്‍ സ്ഥാപിച്ചുവെന്നും ഓരോ ദിവസവും പുതുതായി നിര്‍മ്മിക്കുന്നത് ശരാശരി 14 കിലോമീറ്റര്‍ പാതയാണെന്നും റെയില്‍വേ വ്യക്തമാക്കി.
◾ രാജേഷ് മാധവന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രമായി റിലീസ് ചെയ്യാനുള്ളതും സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. മെയ് 16ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്ര പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായും എത്തുമ്പോള്‍ സുദീഷും ഉള്‍പ്പെടുന്ന നാടാകെ നാടകം എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിന്‍ ഊരാളുക്കണ്ടി. സംഗീതം ഡോണ്‍ വിന്‍സെന്റ്.
◾ ദിലീപ് നായകനായെത്തുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ അഞ്ച് നായികമാരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്ററിലൂടെ. ഈ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് തിയറ്റുകളില്‍ എത്തും. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്-റോഡ് എസ്യുവി മോഡല്‍ ലൈനപ്പിലേക്ക് ഒരു പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് നിറം അവതരിപ്പിച്ചു. ഇത് പഴയ നാപ്പോളി ബ്ലാക്ക് ഷേഡിന് ഒരു പുതിയ പേരായിരിക്കാനും സാധ്യതയുണ്ട്. നിലവില്‍, മഹീന്ദ്ര ഥാര്‍ ഡീപ് ഗ്രേ, റെഡ് റേജ്, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, ഡെസേര്‍ട്ട് ഫ്യൂറി എന്നിങ്ങനെ അഞ്ച് പെയിന്റ് സ്‌കീമുകളിലാണ് വരുന്നത് . മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിലും സമാനമായ നിറങ്ങളുടെ പേരുമാറ്റല്‍ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ എസ്യുവി മോള്‍ട്ടന്‍ റെഡ് റേജ്, എവറസ്റ്റ് വൈറ്റ്, ഗാലക്സി ഗ്രേ, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിങ്ങനെ നാല് ബാഹ്യ നിറങ്ങളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 11.25 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്ന ഥാര്‍ എസ്യുവിയുടെ വില പൂര്‍ണ്ണമായി ലോഡുചെയ്ത ടോപ്പ് എന്‍ഡ് ട്രിമ്മിന് 17.60 ലക്ഷം രൂപ വരെ ഉയരുന്നു. എസ്, എസ് 9 സീറ്റര്‍, എസ് 11 സീറ്റര്‍, എസ് 11 സീറ്റര്‍ 7സിസി എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ്യുവി മോഡല്‍ ലൈനപ്പ് 13.59 ലക്ഷം രൂപ, 13.84 ലക്ഷം രൂപ, 13.84 ലക്ഷം രൂപ, 17.35 ലക്ഷം രൂപ, 17.35 ലക്ഷം രൂപ എന്നിങ്ങനെ വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.
◾ നകുലിന്റെ കഥകള്‍ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതില്‍ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്മ കാണാം. കഥയില്‍ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിന്റെ കഥകള്‍ എത്തിനില്‍ക്കുന്നത് - എസ്. ഹരീഷ്. വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന, രതിയും മൃതിയും ഇഴചേരുന്ന കഥകള്‍ - അജയ് പി. മങ്ങാട്ട്. 'പേപ്പര്‍ പൂച്ച'. നകുല്‍ വി.ജി. എച്ച് & സി ബുക്സ്. വില 210 രൂപ.
◾ വിറ്റാമിന്‍ ബി3 അല്ലെങ്കില്‍ നിയാസിന്‍ അമിതമായി കഴിക്കുന്നത് ധമനികളില്‍ വീക്കം ഉണ്ടാകാനും ഹൃദ്രോഗം ഉണ്ടാകാനും സ്ട്രോക്ക് സാധ്യത വര്‍ധിക്കാനും കാരണമാകുമെന്ന് പഠനം. നേച്ചര്‍ മെഡിസിനില്‍ ആണ് പഠനഫലം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി, 1,100-ലധികം ആളുകളെ ഗവേഷകര്‍ നിരീക്ഷിച്ചു. 2പിവൈ, 4പിവൈ എന്നീ രണ്ട് തന്മാത്രകളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ശരീരത്തില്‍ അധികമുള്ള നിയാസിന്‍ വിഘടിപ്പിക്കുമ്പോള്‍ ഇവ രണ്ടും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. 2പിവൈ, 4പിവൈ എന്നിവയില്‍ ഏതെങ്കിലും തന്മാത്രയുടെ അളവ് ഉയര്‍ന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളത്തില്‍ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനാണ് വിറ്റാമിന്‍ ബി3 അഥവാ നിയാസിന്‍. സെല്ലുലാര്‍ മെറ്റബോളിസം, ഊര്‍ജ്ജ ഉത്പാദനം, നാഡീവ്യവസ്തയുടെ പ്രവര്‍ത്തനം എന്നിവയില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. മാംസം, കോഴി, മത്സ്യം, നട്സ്, സീഡുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ നിയാസിന്‍ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡില്‍ നിന്ന് ശരീരത്തിന് നിയാസിന്‍ സമന്വയിപ്പിക്കാന്‍ കഴിയും. വിറ്റാമിന്‍ ബി 3 യുടെ കുറവ് പെല്ലഗ്ര എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ത്വക്ക് വിണ്ട് കീറുക, പാടുകള്‍ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം, ഡിമെന്‍ഷ്യ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്താനും നിയാസിന്‍ സഹായിക്കും. എന്നിരുന്നാലും, ഉയര്‍ന്ന അളവിലുള്ള നിയാസിന്‍ ഹൃദയം, കരള്‍ എന്നിവയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
*ശുഭദിനം*
അയാളുടെ കഷ്ടപ്പാട് കണ്ട് സുഹൃത്ത് അയാള്‍ക്ക് ഒരു കടയില്‍ ജോലി വാങ്ങിക്കൊടുത്തു. ആദ്യമെല്ലാം ജോലി അയാള്‍ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അയാള്‍ അതില്‍ മിടുക്കനായി തീര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കടയിലെ എല്ലാ സെക്ഷനിലും പ്രഗത്ഭനായി അയാള്‍ മാറി. പക്ഷേ, അയാളുടെ ശമ്പളം കൂടിയതേയില്ല. ഇതറിഞ്ഞ കൂട്ടുകാരന്‍ മറ്റൊരു കടയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഒരു ജോലി വാഗ്ദാനം ചെയ്തു. പക്ഷേ, പുതിയ കടയിലെ പുതിയ സാഹചര്യത്തെ നേരിടേണ്ടിവരുമല്ലോ എന്നോര്‍ത്ത് അയാള്‍ ആ ജോലി സ്വീകരിക്കാതെ കാലം നീക്കി! മഹത്തായതിനെ സ്വന്തമാക്കണമെങ്കില്‍ ശരാശരിയെ ഉപേക്ഷിച്ചേ മതിയാകൂ. കൈവശമാക്കാന്‍ എളുപ്പമുളളവയെ പിന്തുടരാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അവര്‍ ജീവിതം തളളിനീക്കും. സന്തോഷം നല്‍കുന്നവയെല്ലാം അഭിവൃദ്ധി നല്‍കണമെന്നില്ല. ചിലരെങ്കിലും വളരാത്തതിന് കാരണവും ഇതാണ്. തങ്ങളുടെ നിലവിലുളള സന്തോഷാവസ്ഥയെ വിട്ടുകളായാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കാലത്തിനും പ്രായത്തിനുമനുസരിച്ച് സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും ക്രിയാത്മകമായ വ്യത്യാസം ഉണ്ടാകണം. അതില്ലാത്തവര്‍ അവനവനേയും കര്‍മ്മമണ്ഡലങ്ങളേയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ഒന്നാംക്ലാസ്സില്‍ സംഗീതത്തിന് കിട്ടിയ ഒന്നാം സ്ഥാനം കോളേജ് കാലഘട്ടത്തില്‍ വിലമതിക്കുമോ.. പക്ഷേ അത് കുട്ടിക്കാലത്തെ പ്രചോദനവും അതിവശിഷ്ടവുമായ ഒന്നായിരുന്നു. ഒരു നേട്ടത്തിനും എല്ലാകാലവും വിലയുണ്ടാകില്ല. കാലത്തിനും പ്രായത്തിനുമനുസരിച്ച് നേട്ടങ്ങളുടെ നിലവാരത്തിലും വ്യത്യാസമുണ്ടാകും. നാം വളരുകയാണ്.. ഒപ്പം നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും വളരട്ടെ.. കംഫര്‍ട്ട് സോണുകളെ നമുക്ക് ഉപേക്ഷിക്കാം. ജീവിതത്തെ ക്രിയാത്മകമാക്കി മുന്നേറാം - *ശുഭദിനം.*