*പ്രഭാത വാർത്തകൾ*2024 | മാർച്ച് 16 | ശനി |

◾ ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടുകളെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബി.ജെ.പി. കമ്പനികളില്‍നിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ ഒരുദിവസം അധികാരത്തില്‍നിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നും അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കുമെന്നും ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ പറഞ്ഞു.

◾ ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ബി.ജെ.പിയുടെ അക്കൗണ്ട് മരവിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇ.ഡി അന്വേഷണമോ ആദായനികുതി പരിശോധനയോ മറ്റെന്തെങ്കിലും റെയ്‌ഡോ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ആളുകളും കമ്പനികളും ഈ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതെന്ന് ഖാര്‍ഗെ പറഞ്ഞു. ഇത് മോദിയുടെ സര്‍ക്കാരാണെന്നും ഇത് മോദിയുടെ പാര്‍ട്ടിയാണെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും സ്ഥിരം പറഞ്ഞുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയേയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

◾ വമ്പന്‍ കരാറുകള്‍ നേടിയെടുക്കാന്‍ വന്‍കിട കമ്പനികള്‍ കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ആരോപണം. ഈ ആരോപണത്തിന് ആക്കം കൂട്ടുന്നതില്‍ ഒന്ന് മാത്രമാണ് തെലങ്കാനയില്‍ നിന്നുള്ള കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന എംഇഎല്‍ നെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍. ഈ കമ്പനി 2019 നും 2023 നും ഇടയില്‍ 966 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയത്തിനടുത്തുള്ള സോജിലാ ടണല്‍ മുതല്‍ കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ കരാറുകള്‍ വരെ ഈ കമ്പനിക്കാണ് ലഭിക്കുന്നത് എന്നതാണ് ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടുന്നത്.

◾ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.

◾ ബിജെപി ഇത്തവണ കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍ണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. മലയാളത്തില്‍ ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നു പറഞ്ഞു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം കേരളത്തില്‍ പൊളിക്കണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാരെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസും പറയുന്നത്. ഇരുവര്‍ക്കും വിഷയത്തില്‍ ഒരേ സ്വരമാണെന്നും, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ വര്‍ഗ്ഗീയ ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് എംഎം ഹസ്സന്‍. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രീണനമാണ് ഈ പ്രസ്താവന. ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഉണ്ടിരുന്ന തമ്പ്രാന് ഉള്‍വിളി വന്നതു പോലെയാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആറന്മുള കണ്ണാടി നല്‍കി പ്രധാനമന്ത്രിയുടെ കൈയില്‍ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയാണോ രാഹുല്‍ ഗാന്ധിയാണോ ആര്‍എസ്എസിനെ നേരിടുന്നതെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദിച്ചു. 

◾ ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിലവില്‍ ഒരു ഗഡു തുക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷുവിന് മുന്‍പ് 3200 രൂപ കൂടി ലഭിക്കുമെന്നും, ഇതോടെ അടുത്തടുത്ത ദിവസങ്ങളിലായി 4800 രൂപ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

◾ കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് ഷാജിയെ മര്‍ദിക്കുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകന്‍ ജോമറ്റ് മൈക്കിള്‍. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അവര്‍ തങ്ങളെയും മര്‍ദ്ദിച്ചിരുന്നു. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകര്‍ വ്യക്തമാക്കി.

◾ കേരള സര്‍വകലാശാല കലോല്‍സവത്തിലെ വിധികര്‍ത്താവിന്റെ ആത്മഹത്യയില്‍ എസ്എഫ്ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആരോപിച്ചു. വിധികര്‍ത്താക്കള്‍ ചിലര്‍ ചില കോളേജുകളുമായി ബന്ധപ്പെട്ടതായി മനസ്സിലായിയെന്നും തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ വിജിലന്‍സിനെ അറിയിക്കുക മാത്രമാണ് യൂണിവേഴ്സിറ്റി ഭാരവാഹികള്‍ ചെയ്തതെന്നും ആര്‍ഷോ പറഞ്ഞു. കോഴവാങ്ങി എന്ന് ഒരു മാധ്യമങ്ങളോടും എസ്എഫ്ഐ പറഞ്ഞിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

◾ ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം എന്ന ഇപി ജയരാജന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു. ചൂട് കൂടിവരുന്ന അവസ്ഥ ആയതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സഹകരണവകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്ന് മന്ത്രി അറിയിച്ചു.

◾ 2022ല്‍ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വവലിച്ചത്. അതേസമയം ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്.

◾ കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലയില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. പുറത്താക്കപ്പെട്ട വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

◾ ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു.

◾ ജസ്ന തിരോധാനക്കേസില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ അച്ഛന്‍ ജെയിംസ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും.പത്തനംതിട്ടയില്‍ നിന്നും ജസ്നയെ കാണാതായി അഞ്ചു വര്‍ഷത്തിന് ശേഷമാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

◾ മെയ് 1 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷ്‌കരണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. അതേസമയം അത്തരത്തിലൊരു നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു.

◾ വീടിനു മുന്നിലെ ഓടുകൊണ്ടുള്ള പഴയ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് തൃശൂരില്‍ ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യു.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ്.

◾ തിരുവനന്തപുരം പാലോട് വെച്ച് തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കോയമ്പത്തൂരില്‍ നടത്താന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പോലീസിന് നല്‍കിയത്. സുരക്ഷാക്രമീകരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചു.

◾ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് താന്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേസില്‍ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

◾ മദ്യനയ അഴിമതിക്കേസില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കവിതയുടെ വസതിയില്‍ നടത്തിയ ഇഡി- ഐടി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള മദ്യ വില്പനയുടെ ലൈസന്‍സ് 2012 ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നിരുന്നെന്നും, കള്ളപ്പണം വെളിപ്പിച്ചെന്നും ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.

◾ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് തമിഴ്നാട് സിപിഎം . മധുരയില്‍ സിറ്റിങ് എംപി സു.വെങ്കിടെശനും, ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനനന്ദനും മത്സരിക്കും. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്.
 
◾ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ തീപ്പിടുത്തമുണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്.

◾ പൗരത്വനിയമഭേദഗതിയില്‍ അമേരിക്കയുടെ അഭിപ്രായപ്രകടനം അനാവശ്യവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍. പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും നിയമം ഏത് രീതിയില്‍ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും ആയിരുന്നു യു.എസ് വിദേശകാര്യ വക്താവ് നേരത്തെ പ്രതികരിച്ചത്.

◾ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലില്‍. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞൊള്ളൂ. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എതിരാളികള്‍.

◾ വാള്‍ട്ട് ഡിസ്നിയുടെ ഓഹരി ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്. സബ്സ്‌ക്രിപ്ഷന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റാ പ്ലേയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഓഹരി വാങ്ങാനാണ് ടാറ്റാ ഗ്രൂപ്പ് ആലോചിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ടാറ്റാ പ്ലേയുടെ മൂല്യം ഏകദേശം 100 കോടി ഡോളര്‍ കടന്നേക്കും (8200 കോടി രൂപ). ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകളിലാണെന്ന് സൂചനയുണ്ട്. ടാറ്റാ സണ്‍സും നെറ്റ്വര്‍ക്ക് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ് എഫ്.ഇസഡ്-എല്‍.എല്‍.സി എന്ന ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സിന്റെ സ്ഥാപനവും തമ്മിലുള്ള 80:20 സംയുക്ത സംരംഭമായി ആരംഭിച്ച കമ്പനിയാണ് ടാറ്റാ പ്ലേ (മുമ്പ് ടാറ്റാ സ്‌കൈ). എഫ്.ഡി.ഐ ചട്ടപ്രകാരം ഫോക്സിന് ടാറ്റാ പ്ലേയില്‍ 20 ശതമാനം ഓഹരി മാത്രമേ കൈവശം വയ്ക്കാനാകൂ. പിന്നീട് ഫോക്‌സുമായി കരാര്‍ ഉണ്ടാക്കിയ ഡിസ്‌നി ടാറ്റാ പ്ലേയുടെ ഓഹരി ഉടമയായി. നിലവില്‍ ടാറ്റാ പ്ലേയില്‍ ടാറ്റ സണ്‍സിന് 50.2 ശതമാനം ഓഹരിയുണ്ട്. അതേസമയം ഡിസ്നിയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക്കും ബാക്കി ഓഹരികള്‍ കൈവശം വച്ചിരിക്കുകയാണ്. എന്നാല്‍ ടാറ്റാ പ്ലേയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഓഹരി മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗമായ വയാകോം 18 മീഡിയയുമായി വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ യൂണിറ്റ് ലയിപ്പിക്കാന്‍ ഫെബ്രുവരി അവസാനത്തോടെ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഡിസ്‌നിയുമായി ടാറ്റാ ഗ്രൂപ്പ് ചര്‍ച്ച നടത്തുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ഈ സംയുക്ത സംരംഭത്തില്‍ റിലയന്‍സ് 11,500 കോടി രൂപ നിക്ഷേപിക്കും. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയായിരിക്കും കമ്പനിയെ നയിക്കുക.

◾ മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ആറ് ഗാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് പാട്ടുകള്‍ കൂടി ചിത്രത്തിലുണ്ട്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

◾ തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഗുഡ് ബാഡ് അഗ്ലി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. താരത്തിന്റെ മാനേജരായ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. അജിത്തിന്റെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അടുത്ത വര്‍ഷം പൊങ്കലിനാണ് ചിത്രം തിയറ്ററില്‍ എത്തുക. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ഈ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വന്‍ വിജയമായി മാറിയ വിശാല്‍ ചിത്രം മാര്‍ക് ആന്റണിയ്ക്ക് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. വിടാ മുയര്‍ച്ചിയാണ് പുതിയ ചിത്രം.

◾ 2024 മോഡല്‍ വര്‍ഷത്തേക്കുള്ള നെക്സോണ്‍ ഇവി, ടിയാഗോ ഇവി എന്നിവ ആകര്‍ഷകമായ ഓഫറുകളോടെ വിറ്റഴിക്കാന്‍ ടാറ്റ മോട്ടോഴ്സ്. അതേസമയം ഈ കിഴിവുകളും ആനുകൂല്യങ്ങളും 2023 മുതല്‍ വില്‍ക്കപ്പെടാത്ത സ്റ്റോക്ക് ക്ലിയര്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നു. പ്രീ-ഫേസ്ലിഫ്റ്റ് ടാറ്റാ നെക്സോണ്‍ ഇവി (മോഡല്‍ ഇയര്‍ 2023) 2.30 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി ലഭ്യമാണ്. 2.65 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്ന നെക്സോണ്‍ ഇവി മാക്സില്‍ വാങ്ങുന്നവര്‍ക്ക് 3.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ആസ്വദിക്കാം. ടാറ്റ നെക്‌സോണ്‍ ഇവിയുടെ 2024 മോഡല്‍ വര്‍ഷം 20,000 രൂപ ഗ്രീന്‍ ബോണസുമായി വരുന്നു. പുതുക്കിയ നെക്സോണ്‍ ഇവിയില്‍ എക്സ്ചേഞ്ച് ആനുകൂല്യങ്ങളോ ക്യാഷ് ഡിസ്‌കൗണ്ടുകളോ ഇല്ല. 2023 മോഡല്‍ വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ ടിയാഗോ ഇവിയില്‍ 65,000 രൂപ വരെ ലാഭിക്കാനാകും. ഇതില്‍ 50,000 രൂപയുടെ ഗ്രീന്‍ ബോണസും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ഉള്‍പ്പെടുന്നു. 2024 ടിയാഗോ ഇവി ഒരു എക്സ്ചേഞ്ച് ബോണസും യഥാക്രമം 25,000 രൂപയും 10,000 രൂപയും വാഗ്ദാനം ചെയ്യുന്നു. ടാറ്റ ടിഗോര്‍ ഇവി (മോഡല്‍ വര്‍ഷം 2023) നിലവില്‍ 1.05 ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്, അതില്‍ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

◾ മുഹമ്മദ് കുര്‍ദിന്റെ വല്യുമ്മയാണ് റിഫ്ക്ക. കുര്‍ദിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരും റിഫ്ക്ക എന്നാണ്. അധിനിവേശ പലസ്തീനിലെ ജറൂസലേമില്‍ 2020ല്‍ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരിക്കുമ്പോഴും സ്വതന്ത്ര പലസ്തീന്‍ എന്ന റിഫ്ക്കയുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ കിടന്നു. പലസ്തീന്റെ സയണിസ്റ്റ് കോളനൈസേഷനേക്കാള്‍ പ്രായമുണ്ട് റിഫ്ക്കയ്ക്ക്. പുതിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സെറ്റ്‌ലര്‍ കൊളോണിയല്‍ ശക്തി ഇസ്റായേല്‍ ആണ് എന്ന ചരിത്രപരമായ ശരിയുടെ അടിസ്ഥാനത്തില്‍ വേണം പലസ്തീനെതിരായ യുദ്ധത്തെ വിലയിരുത്താന്‍.മനുഷ്യ സംസ്‌കാരത്തിനു മുന്നില്‍ പലസ്തീന്‍ നിലവിളിക്കുമ്പോള്‍ ഭൂമുഖത്തു നിന്നും ഇല്ലാതാക്കപ്പെടുന്ന ഒരു ജനസൂഹത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനം ആഴത്തില്‍ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ ഒന്നിപ്പിക്കുന്നത്. 'പലസ്തീന്‍ ഇരകളുടെ ഇരകള്‍'. എഡിറ്റര്‍ - കമല്‍ റം സജീവ്. റാറ്റ് ബുക്സ്. വില 437 രൂപ.

◾ കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളില്‍ ഗുരുതരമായേക്കാം. കേരളത്തില്‍ ഈ മാസം മാത്രം 2,205 കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. മുണ്ടിനീര് പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വൈറസ് സാധാരണഗതിയില്‍ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കില്‍ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ആണ്. ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ വൈറസ് ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് ഉണ്ടാകാം. മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്റെ ഒരു പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്. കഴുത്തിന് പിന്നീലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയും ഉണ്ടാകാം. രോഗം ഭേദമാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. വേദന നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും നോണ്‍-സ്റ്റിറോയിഡല്‍ വിരുദ്ധ മരുന്നുകള്‍ കഴിക്കാം. വളരെ സങ്കീര്‍ണ്ണവും കഠിനവുമായ കേസുകളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റിറോയിഡുകളും ഉപയോഗിക്കാം. നിലവില്‍, മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക, ദഹിക്കാന്‍ എളുപ്പമുള്ള മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക, ഉപ്പുവെള്ളം കൊള്ളുകയൊക്കെ ചെയ്താല്‍ രോഗ ലക്ഷണള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നും ചെറിയ മോചനം ലഭിക്കും. വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ ഒരു ഡോക്ടറെ സമീപിക്കണം.

*ശുഭദിനം*

അയാള്‍ നടക്കുന്നതിനിടെ ഒരു കുതിരക്കുളമ്പടി കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവ് കുതിരപ്പുറത്തു വരുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു: താങ്കള്‍ എങ്ങോട്ടാണ് വേഗത്തില്‍ പോകുന്നത്? യുവാവ് പറഞ്ഞു: അതെനിക്കറിയില്ല. കുതിരയോട് ചോദിക്കണം. ഇതും പറഞ്ഞ് ആ യുവാവ് യാത്ര തുടര്‍ന്നു. ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ് നാമെല്ലാവരും. ബോധമനസ്സില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും ഉപബോധമനസ്സ് പലയിടങ്ങളിലായി തളയ്ക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ആരെങ്കിലും ചെയ്യാറുണ്ടോ? ചെയ്യരുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങളും നാം ചെയ്യാതിരിക്കുന്നുണ്ടോ? വിദ്യ കൈവശമാക്കിയിട്ടും ജോലിക്ക് പോകാന്‍ കഴിയാതെ എത്രപേര്‍ വീടിനുള്ളില്‍ തന്നെ ജീവിതം കഴിച്ചുകൂട്ടുന്നുണ്ട്. എത്തിച്ചേരണമെന്ന് കരുതിയ സ്ഥലങ്ങളുടെ വിപരീതിദിശയില്‍ ജീവിക്കുന്നവരില്ലേ... ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്തതുകൊണ്ട് വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന തീരുമാനങ്ങളില്ലേ.. ആര്‍ക്കാണ് സ്വയം നിയന്ത്രണത്തിന്റെ സമ്പൂര്‍ണ്ണാവകാശം തീറെഴുതി ലഭിച്ചിരിക്കുന്നത്... നമ്മുടെ ഓരോ യാത്രയും സ്വന്തം ഇഷ്ടത്തോടെയാണോ എന്നും ശരിയായ ദിശയിലാണോ എന്നും ഇടയ്ക്ക് വിലയിരുത്തുന്നത് നല്ലതാണ്. നമ്മുടെ യാത്രകള്‍ കാര്യക്ഷമമാണോ എന്ന് സ്വയം തീരുമാനിക്കാന്‍ ഇത് നമ്മെ സഹായിക്കും - *ശുഭദിനം.*