◾ കടമെടുക്കുന്നതിനുള്ള അനുമതി നല്‍കുന്നത് കേരളത്തെ പ്രതിസന്ധിയിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപകൂടി കടമെടുക്കാന്‍ അനുവദിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാകുമെന്ന് കണക്കുകള്‍ സഹിതം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. അതേസമയം കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നും അതിനാല്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സംസ്ഥാന സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു.
◾ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഇന്നാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ സമിതി യോഗം ചേരുന്നത്.
◾ 105 കോടി രൂപ നികുതി കുടിശ്ശിക സംബന്ധിച്ചുള്ള ആദായ നികുതി അപ്പീല്‍ ട്രൈബ്യുണലിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് .
◾ അക്കൗണ്ടുകളിലെ പണം മരവിപ്പിച്ചാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തമാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അറിയിപ്പ് പോലും നല്‍കാതെ ഇപ്പോള്‍ മരവിപ്പിച്ചതും 210 കോടി രൂപ പിഴ ചുമത്തിയതും.
◾ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം എസ്.ബി.ഐയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങളെല്ലാം കൃത്യസമയത്ത് പുറത്തുവിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
◾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
◾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു നിതിന്‍ ഗഡ്കരി, മനോഹര്‍ലാല്‍ ഘട്ടര്‍, പിയൂഷ് ഘോയല്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും..
◾ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായി എന്തുതരം ഇടപാടുകളാണ് നടത്തിയതെന്ന ചോദ്യവുമായി കേരളത്തിലെ 12 സ്ഥാപനങ്ങള്‍ക്ക് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ നോട്ടിസ്. എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് എസ് എഫ് ഐ ഒ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇടപാടുകളുടെ രേഖകളെല്ലാം 15ന് അകം ചെന്നൈ ഓഫിസില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്. നിര്‍ദേശം പാലിക്കാതിരുന്നാല്‍ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
◾ പത്മജക്ക് പിന്നാലെ മറ്റൊരു വനിത കൂടി കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസാണ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന് തീരുമാനിച്ചിരിക്കുന്നത്. പത്മിനിക്ക് പുറമേ തിരുവനന്തപുരത്തെ കര്‍ഷക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
◾ കേരളത്തില്‍ ബിജെപിക്ക് ഇത്തവണ രണ്ട് സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 സര്‍വേ ഫലം. യു.ഡി.എഫിന് 14 ഉം, എല്‍.ഡി.എഫിന് 4 ഉം സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ എ.ബി.പി ന്യൂസ് - സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം.
◾ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ് കൂട്ടി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി. സ്ഥിതി ഗുരുതരമായതോടെ വൈദ്യുതി മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബോര്‍ഡ് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയ്ക്ക് അനുപാതികമായി സര്‍ചാര്‍ജ് കൂട്ടാനാണ് നീക്കം. യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.
◾ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തുന്നു. ഈ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
◾ പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്ന് ആന്റോ ആന്റണി എംപി. 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നും ആന്റോ ആന്റണി പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ അത്രയും സ്‌ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചുവെന്നും എന്നാല്‍ സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആണെന്നും ആന്റോ ആന്റണി പറഞ്ഞു.
◾ പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിതെന്നും ആന്റോയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
◾ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി.സതീശനും മറുപടി നല്‍കി.
◾ അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാന്‍ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
◾ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 1000.28 ഹെക്ടര്‍ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം.
◾ കേരള സര്‍വകലാശാല കലോത്സവത്തിലുയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് സംഘാടക സമിതി പരാതി നല്‍കി. സംഘാടകര്‍ക്കെതിരയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എഫ്‌ഐ.
◾ കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവായ കണ്ണൂര്‍ മേലെചൊവ്വ സ്വദേശി ഷാജി ടി.എന്നിനെ വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തി. സര്‍വകലാശാല യൂണിയന്‍ ഉന്നയിച്ച കോഴ ആരോപണത്തില്‍ ഷാജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷാജി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
◾ കേരളത്തില്‍ ഏറെ ആരാധകരുള്ള യതീഷ് ചന്ദ്ര ഐ പി എസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ് പി ആയാണ് യതീഷ് ചന്ദ്ര തിരിച്ചെത്തുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
◾ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്‌സഭാമണ്ഡലത്തില്‍ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന.
◾ ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡ് ബില്ലില്‍ ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. ബഹുഭാര്യാത്വത്തിനും ശൈശവ വിവാഹത്തിനും നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
◾ തമിഴ്‌നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്നും ഇന്ന് തന്നെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തണമെന്നും ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് കത്തയച്ചു. കത്ത് ലഭിച്ചതിനു പിന്നാലെ ആര്‍എന്‍ രവി ദില്ലിക്ക് പോകുമെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ഇന്ന് രാവിലെ ദില്ലിയിലേക്ക് പോകുകയും ചെയ്തു. ഗവര്‍ണര്‍ ശനിയാഴ്ചയേ മടങ്ങൂവെന്നതിനാല്‍ ഈയാഴ്ച സത്യപ്രതിജ്ഞ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ മന്ത്രി ടി.എന്‍.അന്‍പരശനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി. താന്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദിയെ വെട്ടി കഷ്ണങ്ങളാക്കിയേനെയെന്ന് അന്‍പരശന്‍ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
◾ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എന്‍ഐഎ അറിയിച്ചു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
◾ മുംബൈയിലെ എട്ട് സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും.മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
◾ നിലവിലെ കപ്പലുകള്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്നും അതുകൊണ്ട് കോസ്റ്റ്ഗാര്‍ഡിലെ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കാനാകില്ലെന്നും കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, ഇതിനായി പുതിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
◾ അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ കളി കാണാനെത്തിയവരില്‍ ചിലര്‍ ബ്ലാക്ക് മങ്കിയെന്നു വിളിച്ചുവെന്നും കല്ലെടുത്ത് എറിഞ്ഞുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നും ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയര്‍. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു. അതേസമയം ഹസന്‍ ജൂനിയര്‍ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നും താരം നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 18 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്.
◾ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയന്റ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷട്ത്തില്‍ 126 റണ്‍സ് നേടി. രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മലയാളി താരം മിന്നു മണി ഗുജറാത്തിനായ് മിന്നി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു. ജയത്തോടെ ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി ഫൈനലില്‍ നേരിടും. ഞായറാഴ്ച്ചയാണ് ഫൈനല്‍.
◾ കുറഞ്ഞവിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാമെന്ന് അമേരിക്കയുടെ വാഗ്ദാനം. റഷ്യ-യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ അമേരിക്കയും യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനായിരുന്നു മുഖ്യ ഉപരോധം. റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ പരമാവധി വിലയും ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്യന്‍, അമേരിക്കന്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ട റഷ്യക്ക് തുണയായത് ഇന്ത്യയും ചൈനയുമാണ്. ഇരു രാജ്യങ്ങളും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രാജ്യവുമാണ് ഇപ്പോള്‍ റഷ്യ. ഇന്ത്യക്ക് റഷ്യ ക്രൂഡോയില്‍ വിലയില്‍ നേരത്തെ ബാരലിന് 15-20 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. ഇതിന് പിന്നീട് 10 ഡോളറിന് താഴെയായി റഷ്യ കുറച്ചു. റഷ്യന്‍ എണ്ണയുടെ ഡിസ്‌കൗണ്ട് കുറഞ്ഞെങ്കിലും ഫെബ്രുവരിയില്‍ ഇറക്കുമതി കൂടിയിട്ടുണ്ട്. പ്രതിദിനം 1.54 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയത്. ജനുവരിയേക്കാള്‍ പ്രതിദിനം 50,000 ബാരല്‍ അധികമാണിത്. എന്നാല്‍, 2023 ഫെബ്രുവരിയിലെ 1.84 മില്യണ്‍ ബാരലിനെ അപേക്ഷിച്ച് 16 ശതമാനം കുറവുമാണിത്. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയില്‍ 33 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്കാണ് ഒന്നാംസ്ഥാനവും. യൂറല്‍, സൊക്കോല്‍ എന്നീ റഷ്യന്‍ എണ്ണയിനങ്ങളാണ് ഇന്ത്യ കൂടുതല്‍ വാങ്ങിയത്.
◾ ഉര്‍വശി റൗട്ടേല, സിദ്ധാര്‍ഥ് ബോഡ്കെ, പിയൂഷ് മിശ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ശര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെഎന്‍യു: ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളും സമരങ്ങളും പൊട്ടിപുറപ്പെട്ട ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. 'ഒരു വിദ്യാഭ്യാസ സര്‍വകലാശാലയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ കഴിയുമോ? വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകള്‍ക്ക് പിന്നില്‍ രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്' എന്നുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. റഷമി ദേശായി, സൊണാലി സെയ്ഗാള്‍, രവി കിഷന്‍, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏപ്രില്‍ 5 നാണ് ചിത്രത്തിന്റെ റിലീസ്.
◾ രാജ്കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല നിര്‍മിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പക വിമാനം' എന്ന ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് നടന്നു. സിസിഎല്ലില്‍ ചെന്നൈ റിനോസും കേരള സ്‌ട്രൈക്കേഴ്‌സും മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിജു വില്‍സന്‍, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരോടോപ്പം തുല്യവേഷത്തില്‍ മലയളത്തിലെ ഒരു പ്രമുഖ താരവും അതിഥി താരമായി എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹന്‍ സീനുലാല്‍, മനോജ്.കെ.യു, ജയകൃഷ്ണന്‍, ഹരിത് , മാസ്റ്റര്‍ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. എം.പത്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്.
◾ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ മാസം അവതരിപ്പിക്കും. 2021ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്. വാഹനപ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാര്‍ച്ച് 28നാണ് ചൈനയില്‍ കാര്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍. ഈ മാസം തന്നെ എസ്യു7 എന്ന പേരിലുള്ള ഇലക്ട്രിക് കാറിന്റെ വിതരണം ആരംഭിക്കും. ചൈനയില്‍ സ്മാര്‍ട്ടഫോണ്‍ വില്‍പ്പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഷവോമി രാജ്യമൊട്ടാകെയുള്ള 29 സ്റ്റോറുകള്‍ വഴി പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കും. 20 കിലോവാട്ട് റിയര്‍-വീല്‍ ഡ്രൈവ് മോട്ടോര്‍ ആണ് എസ് യു7ല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പരമാവധി മോട്ടോര്‍ സ്പീഡ് ആയി 27,200 ആര്‍പിഎം ആണ് ഇമോട്ടോറ്# ഹൈപ്പര്‍എന്‍ജിന്‍ വി8എസ് പ്രദര്‍ശിപ്പിക്കുന്നത്. 425കിലോവാട്ട് ഔട്ട്പുട്ടും 635എന്‍എം പീക്ക് ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നത്. വെറും 5.3 സെക്കന്‍ഡിനുള്ളില്‍ കാറിനെ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ലോകമൊട്ടാകെയുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് റെക്കോര്‍ഡ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.
◾ തിളക്കമാര്‍ന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വര്‍ണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകള്‍. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താല്‍ത്തന്നെ ചേതോഹരമായ ഓര്‍മ്മപ്പുസ്തകം. 'ഫന്റാസ് മിന്റ'. പ്രിയ എ.എസ്. ഗ്രീന്‍ ബുക്സ്. വില 188 രൂപ.
◾ കൂടുതല്‍ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതില്ലാത്ത ഇടങ്ങളിലെ നഗരവാസികളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം. ടെക്‌സാസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നഗരങ്ങളുടെ വായു നിലവാരം, ശബ്ദ, പ്രകാശ മലിനീകരണം, മരത്തലപ്പുകളുടെ വ്യാപ്തി എന്നിവയെല്ലാം അളക്കുന്ന നേച്ചര്‍ സ്‌കോര്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഈ സ്‌കോര്‍ 80 മുതല്‍ 100 വരെയുള്ള നഗര പ്രദേശങ്ങളെ പ്രകൃതിയുടെ ഉടോപ്യയായും പൂജ്യം മുതല്‍ 19 പോയിന്റ് ഉള്ള ഇടങ്ങളെ പ്രകൃതി സമ്പത്തില്‍ ന്യൂനതകളുള്ള ഇടമായും കണക്കാക്കുന്നു. നേച്ചര്‍ സ്‌കോറിനൊപ്പം 2014 മുതല്‍ 2019 വരെയുള്ള ടെക്‌സാസ് ഹോസ്പിറ്റല്‍ ഔട്ട് പേഷ്യന്റ് പബ്ലിക് യൂസ് ഡേറ്റ ഫയലുകളും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ഈ ഡേറ്റയില്‍ നിന്ന് വിഷാദരോഗം, ബൈപോളാര്‍ തകരാറുകള്‍, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ സംബന്ധിച്ച 6,13,91,400 ഒപി കേസുകള്‍ തിരഞ്ഞെടുത്തു. ഇതില്‍ ടെക്‌സാസ് നഗര ഭാഗങ്ങളിലെ 1169 സിപ് കോഡ് പ്രദേശങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ഉള്‍പ്പെടുന്നു. ഒരു പ്രദേശത്തെ നേച്ചര്‍ സ്‌കോര്‍ ഉയരുന്നതിന് അനുസരിച്ച് അവിടുത്തെ മാനസികാരോഗ്യ ചികിത്സകളുടെ തോത് കുറയുന്നതായി ഗവേഷകര്‍ ഇതില്‍ നിന്ന് നിരീക്ഷിച്ചു. ഒരു പ്രദേശത്തെ മരങ്ങളുടെയും ചെടികളുടെയും തോത് വര്‍ധിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവും പ്രദേശവാസികള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
ആ കര്‍ഷകന് ഒരു കുതിരയുണ്ടായിരുന്നു. കൃഷികാര്യങ്ങളില്‍ വലിയ സഹായമായിരുന്നു ഈ കുതിര. യാത്ര ചെയ്യാനും, തന്റെ കൃഷിയുപകരണങ്ങള്‍ കൊണ്ടുപോകാനുമെല്ലാം ഈ കുതിര വലിയ സഹായമായിരുന്നു. ഒരിക്കല്‍ ആ കുതിരയെ കാണാതായി. അയല്‍ക്കാരെല്ലാവരും വിവരമറിഞ്ഞ് അയാളുടെ അടുത്തെത്തി സഹതപിച്ചു. ഭാഗ്യക്കേട് അല്ലാതെന്താ.. അവര്‍ പറഞ്ഞു. ഇത് കേട്ട് അയാള്‍ പറഞ്ഞു: കുതിരപോയത് ഭാഗ്യമോ നിര്‍ഭാഗ്യമോ ആര്‍ക്കറിയാം.. പക്ഷേ ഈ തത്വചിന്ത നാട്ടുകാര്‍ക്ക് അത്ര പിടിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കാണാതായ കുതിര തിരിച്ചെത്തി, കൂടെയും കുറെ കുതിരകള്‍,. ഇപ്പോള്‍ അയാള്‍ക്ക് പത്ത് കുതിരകള്‍ സ്വന്തമായി! അപ്പോഴും അയല്‍ക്കാര്‍ പറഞ്ഞു: ഇതാണ് ഭാഗ്യം.. അയാള്‍ തന്റെ പഴയ പല്ലവി ആവര്‍ത്തിച്ചു. ഭാഗ്യമോ, നിര്‍ഭാഗ്യമോ ആര്‍ക്കറിയാം... പഠനാവശ്യത്തിനായി ദൂരെ പോയിരുന്ന അയാളുടെ മകന്‍ തിരിച്ചെത്തി. കൃഷികാര്യങ്ങളില്‍ അച്ഛനെ സഹായിക്കാന്‍ തുടങ്ങി. ഒരിക്കല്‍ കുതിരയുടെ മുകളില്‍ കയറുന്നതിനിടയില്‍ വീണ് കാലൊടിഞ്ഞു. അയല്‍ക്കാര്‍ അനുഭാവവുമായി പിന്നാലെ വന്നു.. കഷ്ടം.. ഭാഗ്യക്കേട് തന്നെ.. അയാള്‍ അപ്പോഴും പറഞ്ഞു: ഭാഗ്യമോ, നിര്‍ഭാഗ്യമോ ആര്‍ക്കറിയാം.. ആയിടക്കാണ് രാജ്യത്ത് യുദ്ധം വന്നത്. ആരോഗ്യവാന്മാരായ ചെറുപ്പക്കാരെല്ലാം പട്ടാളത്തില്‍ നിര്‍ബന്ധമായും ചേരണമെന്ന നിയമം അവിടെ വന്നു. യുവാക്കളെയെല്ലാം പട്ടാളത്തില്‍ ചേര്‍ക്കാന്‍ ഓഫീസര്‍മാര്‍ ഓരോ വീടും കയറിയിറങ്ങി. പക്ഷേ, മകന്റെ കാല്‍ ഒടിഞ്ഞിരുന്നത് കൊണ്ട് അവന് നിര്‍ബന്ധിത പട്ടാളസേവനം നടത്തേണ്ടി വന്നില്ല. അതുകണ്ട് അയല്‍ക്കാര്‍ വീണ്ടും പറഞ്ഞു: ഭാഗ്യം.. അപ്പോഴും അയാള്‍ പറഞ്ഞു : ഭാഗ്യമോ നിര്‍ഭാഗ്യമോ ആര്‍ക്കറിയാം.. ഓരോ നിമിഷവും ഓരോ ദിവസവും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം.. നമ്മെ തേടിവരുന്ന എല്ലാ സംഭവങ്ങളും ചിലപ്പോള്‍ നമുക്ക് ഭാഗ്യം സമ്മാനിക്കും.. ചിലപ്പോള്‍ നിര്‍ഭാഗ്യവും.. ഇന്നത്തെഭാഗ്യം നാളത്തെ നിര്‍ഭാഗ്യമാകാം. മറിച്ചും സംഭവിക്കാം.. ജീവിതാനുഭവങ്ങളെ അതിന്റെ തനിമയില്‍ സ്വീകരിക്കുക എന്നത് മാത്രമാണ് നമ്മുടെ ധര്‍മ്മം - *ശുഭദിനം.*