*പ്രഭാത വാർത്തകൾ*2024 | മാർച്ച് 12 | ചൊവ്വ

◾ പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തില്‍ വന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തില്‍നിന്ന് 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

◾ 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎയുടെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാരിനു 4 വര്‍ഷവും 3 മാസവും വേണ്ടിവന്നുവെന്ന് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ധ്രുവീകരണം ലക്ഷ്യമിട്ടാണു കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിജ്ഞാപനം ഇറക്കിയതെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും ജയറാം രമേശ് കൂട്ടി ചേര്‍ത്തു.

◾ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കും. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

◾ സിഎഎയില്‍ പ്രക്ഷോഭമുണ്ടാകുമെന്നും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിന്റേതെന്നും തെരഞ്ഞെടുപ്പില്‍ അതിനെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിഎഎ പെട്ടെന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും അതിനാല്‍ തന്നെ കേന്ദ്ര വിജ്ഞാപനം നിലനില്‍ക്കാത്തതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

◾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പുറത്തെടുക്കുന്നതെന്നും പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നിയമം ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണെന്നും നിയമപരമായും ജനങ്ങളെ അണിനിരത്തിയും നിയമത്തിനെതിരെ മുന്നോട്ടു പോകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൗരത്വഭേദഗതി നിയമം ഇന്ത്യ സഖ്യം ഭരണത്തില്‍ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ ശരീരത്തില്‍ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.

◾ പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തില്‍ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരളത്തില്‍ ഡിവൈഎഫ്ഐയുടേയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രതിഷേധം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മലബാര്‍ എക്സ്പ്രസും മാവേലിയും തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

◾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

◾ ഇലക്ടറല്‍ ബോണ്ട് കേസില്‍ നരേന്ദ്രമോദിയുടെ ഡൊണേഷന്‍ ബിസിനസ് ഉടന്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി . ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് കേസില്‍ വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി, വിവരങ്ങള്‍ ഇന്ന് തന്നെ കൈമാറണമെന്ന് ഉത്തരവിട്ടിരുന്നു.

◾ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ പ്രഹര ശേഷിയുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരില്‍ എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരീക്ഷണം ഒരൊറ്റ മിസൈല്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ആക്രമിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി.

◾ കേരളത്തില്‍ റമദാന്‍ വ്രതം ഇന്ന് മുതല്‍. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

◾ മാര്‍ച്ച് 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ചെയ്യുമെന്ന് സംസ്ഥാന ധനവകുപ്പ്. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. 

◾ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രി കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ വന്നിട്ടില്ല.

◾ 2024 - 25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. പാഠപുസ്തകങ്ങള്‍ മെയ് മാസം ആരംഭത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.

◾ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മാര്‍ച്ച് 15-ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 19-ന് പാലക്കാട് നടക്കുന്ന റോഡ്ഷോയിലും അദ്ദേഹം പങ്കെടുക്കും. നേരത്തെ, മാര്‍ച്ച് 15-ന് പാലക്കാടും 17-ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.

◾ ബിജെപിയെ ഭയന്നാണ് പിണറായിയും കുടുംബവും ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വിറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും വി ഡി സതീശന്‍.

◾ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തി വെക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദേശം നല്‍കി. ഇനി മത്സരങ്ങള്‍ ഉണ്ടാവില്ല, കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

◾ തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം ആറുവരി പാതയിലൂടെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര നടത്തി സ്പീക്കര്‍ എ.എന്‍. ഷംസീറും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇവിടെ യാഥാര്‍ഥ്യമായത്.

◾ ആലപ്പുഴ വഴിയുള്ള കാസര്‍കോട്-തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. നിലവില്‍ രാവിലെ ഏഴിന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഇനി രാവിലെ 6.25-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുകയും ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്യും. തുടര്‍ന്ന് വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45-ന് കാസര്‍കോട്ടെത്തി 12.40-ന് മംഗളൂരുവില്‍ യാത്ര അവസാനിക്കും.

◾ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ പരാതി. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതിയാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

◾ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

◾ വന്‍തുക ലോണെടുത്ത് കരുവന്നൂര്‍ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കില്‍ നിന്ന് 18 കോടി തട്ടിയെടുത്തുവെന്നുമുള്ള ആരോപണത്തിന്‍ മേല്‍ തൃശ്ശൂര്‍ സ്വദേശി കെ.ബി അനില്‍കുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

◾ പ്രിയങ്കാ ഗാന്ധിയോടൊപ്പം കാറില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജ വേണുഗോപാലെന്നും, പത്മജയുടെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും മുന്‍ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സന്റ്. തൃശൂരിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷമാണ് ചോദിച്ചതെന്നും 22 ലക്ഷം നല്‍കിയെന്നും, അന്ന് വാഹനപര്യടനത്തില്‍ പ്രിയങ്കക്കൊപ്പം തുറന്ന വാഹനത്തില്‍ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെട്ടുവെന്നുമായിരുന്നു പത്മജയുടെ ആരോപണം.

◾ സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ച് നിര്‍മിത ബുദ്ധിയില്‍ പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളില്‍ എഐ ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളില്‍ നിന്നാണ് എ ഐ ലാബുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തില്‍ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

◾ 2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരo പി.കെ. രാധാമണിയ്ക്ക്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമൃതാപ്രീതം; അക്ഷരങ്ങളുടെ നിഴലില്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.മലയാളം കഥകള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്‌കാരമുണ്ട്.

◾ കോഴിക്കോട് കോര്‍പ്പറേഷന്റെ ഷീ ലോഡ്ജ് പ്രവര്‍ത്തന സജ്ജമായി. സ്ത്രീകള്‍ക്ക് 100 രൂപ മുതല്‍ ചെലവില്‍ ഷീ ലോഡ്ജില്‍ താമസിക്കാം. ഡോര്‍മെറ്ററി കൂടാതെ എസി, നോണ്‍ എസി മുറികളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 120 പേര്‍ക്ക് ഇവിടെ താമസിക്കാം. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്.

◾ കട്ടപ്പനയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. പ്രതികള്‍ മൊഴി നല്‍കിയതനുസരിച്ച് സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന നടത്തുന്നത്.

◾ വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിന്റെ പേരില്‍ പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീനെ ബാംഗ്ലൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ സിനിമാ സംവിധായകനും മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. തെലുങ്കില്‍ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സൂര്യകിരണ്‍.

◾ ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ച് അഞ്ച് മരണം. ഇലക്ട്രിക് വയറില്‍ തട്ടി തീ പിടിക്കുകയും തുടര്‍ന്ന് ബസിലൊന്നാകെ തീ പടരുകയും ചെയ്യുകായിരുന്നു.

◾ ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബല്‍ദേവ് സിംഗ് എന്ന കര്‍ഷകന്‍ മരണപ്പെട്ടു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇതോടെ ചലോ ദില്ലി പ്രതിഷേധത്തിനിടെ അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം ഏഴായി. 

◾ 2008 ല്‍ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നല്‍കിയത്.

◾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ ഇടിവ്. ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐ ഓഹരികളില്‍ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

◾ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ബെംഗളൂരുവിലെ ഐബിസി നോളജ് പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജൂസ് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ നീക്കം അതിര്‍ത്തിവിഷയം സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ്, ദക്ഷിണ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം.

◾ വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ യുപി വാരിയേഴ്‌സിന് 8 റണ്‍സിന്റെ തോല്‍വി. ഗുജറാത്ത് ജയന്റ്‌സ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 144 റണ്‍സെടുക്കാനേയായുള്ളൂ.

◾ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം നിലനിര്‍ത്തി ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ 4-1ന് പരമ്പര ജയിച്ചതോടെയാണ് ഓസീസിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കിവീസിനെ തോല്‍പ്പിച്ചിട്ടും ഓസീസിന് ഒന്നാമതെത്താനായില്ല. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.

◾ കാല്‍ക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.  

◾ ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ്അറ്റ്‌ലസ്. ലോകത്തുള്ള 38 കാപ്പികളാണ് പട്ടികയില്‍ ഇടം നേടിയെടുക്കുന്നത്. ഇതില്‍ ഇക്കുറി സ്റ്റാറായിരിക്കുന്നത് രുചികരമായ ഇന്ത്യന്‍ കോഫി തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ കോഫി കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള പ്രീമിയം കോഫി ബീനാണ് ഇതിനായി ഉപയോഗിക്കുന്നത്. അതേസമയം, പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ക്യൂബയിലെ രുചിയൂറുന്ന കോഫിയായ ക്യൂബന്‍ എക്സ്പ്രസോ ആണ്. ക്യൂബന്‍ എസ്പ്രെസോ (ക്യൂബ), സൗത്ത് ഇന്ത്യന്‍ കോഫി (ഇന്ത്യ), എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്), ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്), കപ്പൂച്ചിനോ (ഇറ്റലി), ടര്‍ക്കിഷ് കോഫി (തുര്‍ക്കി), റിസ്ട്രെറ്റോ (ഇറ്റലി), ഫ്രാപ്പെ (ഗ്രീസ്), ഐസ്‌കാഫി (ജര്‍മ്മനി), വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം) എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികള്‍.

◾ നടനും സംവിധായകനും നിര്‍മാതാവുമായ ദിലീഷ് പോത്തന്‍ നായകനായെത്തിയ 'മനസാ വാചാ'യിലെ പ്രണയ ഗാനം പുറത്തിറങ്ങി. 'കഥ പറയും' എന്ന പേരിലൊരുങ്ങിയ ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സുനില്‍ കുമാര്‍ ഈണമൊരുക്കിയിരിക്കുന്നു. നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മനസാ വാചാ'. മജീദ് സയ്ദ് തിരക്കഥയെഴുതിയിരിക്കുന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചത്. ഒനീല്‍ കുറുപ് സഹനിര്‍മാതാവാകുന്നു. പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

◾ കേപ് ടൗണ്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. 'നല്ല തോഴന്‍' എന്നാരംഭിക്കുന്ന പാട്ടിന് ശ്യാം ഏനാത്ത് ആണ് വരികള്‍ കുറിച്ചത്. ദിലീപ് ബാബു ഈണമൊരുക്കിയ ഗാനം നവീന്‍ മാധവ് ആലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സായ ഒരു തടാകം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ എന്ന വ്യാജേന നടക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരുകൂട്ടും ചെറുപ്പക്കാരുടെ കഥ പറയുകയാണ് ചിത്രം. 8 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ 'കേപ് ടൗണ്‍' റിലീസിനു തയാറെടുക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

◾ ബ്രിട്ടീഷ് ആഡംബര വാഹന ബ്രാന്‍ഡായ റോള്‍സ് റോയ്സ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചു. ഏകദേശം 209 കോടി രൂപയാണ് ഈ കാറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സിംഗപ്പൂരിലെ ഒരു സ്വകാര്യ ചടങ്ങിലാണ് വെളിപ്പെടുത്തിയത്. ആര്‍ക്കാഡിയ ഡ്രോപ്‌ടെയില്‍ എന്നാണ് ഈ കാറിന്റെ പേര്. പുരാതന ഗ്രീക്ക് പുരാണങ്ങളില്‍ 'ഭൂമിയിലെ സ്വര്‍ഗ്ഗം' എന്ന് അറിയപ്പെട്ടിരുന്ന 'അര്‍ക്കാഡിയ' എന്ന സ്ഥലത്ത് നിന്നാണ് ഈ പേര് ലഭിച്ചത്. ഈ ആഡംബര കാറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയലാണ്. സാന്റോസ് സ്‌ട്രെയിറ്റ് ഗ്രീന്‍ ഷീഷാം ഹാര്‍ഡ് വുഡ് കഷണങ്ങളാണ് റോള്‍സ് റോയ്‌സ് ഇത് തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അതില്‍ ഉപയോഗിച്ചിരിക്കുന്ന തടി ഒരു തനത് ഇനം മരമാണെന്ന് അറിയുന്നത് രസകരമായിരിക്കും. റോള്‍സ് റോയ്‌സ് ഈ കാര്‍ തയ്യാറാക്കാന്‍ 8000 മണിക്കൂറിലധികം ചെലവഴിച്ചു. 209 കോടി രൂപയാണ് റോള്‍സ് റോയ്‌സ് ആര്‍ക്കാഡിയ ഡ്രോപ്‌ടെയിലിന്റെ വില. ഈ വില കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ കാറാണിത്. ആര്‍ക്കാഡിയ ഡ്രോപ്‌ടെയിലിന് 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിനാണുള്ളത്. ഈ ശക്തമായ എഞ്ചിന്‍ 593 എച്പി കരുത്തും 840 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും അഞ്ച് സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗതയില്‍ ഈ കാര്‍ എത്തുന്നു. 22 ഇഞ്ച് അലോയ് വീലുകളുണ്ട്.

◾ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍... ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍... ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍. 'ആന്‍ജൈന'. അമല്‍ പോള്‍. ഡിസി ബുക്സ്. വില 425 രൂപ.

◾ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സാല്‍മണ്‍ ഫിഷ്. സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സാല്‍മണ്‍ ഫിഷിലെ ഒമേഹ 3 ഫാറ്റി ആസിഡ് ആണ് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് സാല്‍മണ്‍ മത്സ്യം. അതിനാല്‍ സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി പോലെയുള്ള മറ്റ് മത്സ്യങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഗുണം ചെയ്യും. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് സാല്‍മണ്‍. ഇത് സ്ട്രോക്ക് സാധ്യതയെ തടയാനും സഹായിക്കും. വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. സാല്‍മണ്‍ മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓസ്റ്റിയോപൊറോസിസിസ് സാധ്യതയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഇവയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

*ശുഭദിനം*

ടീച്ചര്‍ ക്ലാസ്സില്‍ കുട്ടികളോട് അവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനത്തിന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി. . ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്? അവന്‍ പറഞ്ഞു: ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സമ്മാനം ഈ കൈകളാണ്. പ്രിയപ്പെട്ടവര്‍ ആരെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെയുണ്ടായാലും അവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയവര്‍ ഉള്‍പ്പെടാം. നമ്മുടെ ഓരോ ദിവസവും എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് തിരിച്ചറിയാന്‍ ദിനാന്ത്യം സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും. ഇന്ന് എത്ര പേര്‍ക്ക് ഒരു പുഞ്ചിരി നല്‍കാന്‍ സാധിച്ചു, അസ്വസ്ഥനായ ഒരാളോടെങ്കിലും എന്ത് പറ്റിയെന്ന് ചോദിക്കാന്‍ സാധിച്ചുവോ, കൈനീട്ടി യാചനയോടെ നിന്ന ആരുടെയങ്കിലും കണ്ണുകളിലേക്ക് ഒന്ന് നോക്കാന്‍ സാധിച്ചിരുന്നോ, ജോലി തിരക്കുകള്‍ക്കിടയിലും നല്ലതുചെയ്താല്‍ അവരെ അഭിനന്ദിക്കാന്‍ സാധിച്ചിരുന്നോ.. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തിയാല്‍ നമുക്ക് ഇന്നിനെ വിലയിരുത്താനാകും. സാമൂഹ്യപരിഷ്‌കര്‍ത്താവാകാനോ ആള്‍ക്കൂട്ടത്തില്‍ നായകനാകാനോ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. പക്ഷേ, ചില ജീവിതങ്ങളിലെങ്കിലും വഴിത്തിരിവുണ്ടാക്കാന്‍ നമുക്ക് സാധിക്കാനാകും. അതിന് അവരുടെ ജീവിതം മാറ്റിമറിക്കണമെന്നൊന്നുമില്ല. അവശ്യനേരത്ത് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. - *ശുഭദിനം.*